കേരളത്തിൽ കാലവർഷം തുടരുകയാണ്. കുട്ടികൾ പുതിയതോ പഴയതോ ആയ കുടകളുമെടുത്ത് സ്കൂളിലേക്കും തിരിച്ചുംപോകുന്ന കാഴ്ചയാണ് സാധാരണഗതിയിൽ ഈ സമയത്ത് കാണാൻകഴിയുക. എന്നാൽ, കഴിഞ്ഞവർഷത്തെ കാലവർഷം തൊട്ട് സ്ഥിതി മാറി. ഇപ്പോൾ കേരളം ലോക്ഡൗണിൽ ഇളവുകൾ വരുത്തിയിരിക്കുന്നു. ഇനിമുതൽ സ്ഥിതിമാറണം. സ്കൂളുകൾതുറക്കുന്ന കാര്യത്തിനായിരിക്കണം സർക്കാർ പ്രഥമ പരിഗണന നൽകേണ്ടത്.

ബോധനരീതി തകരുമ്പോൾ

വിദ്യാലയങ്ങൾ അടച്ചിട്ടപ്പോൾ, സർക്കാർ ഓൺലൈൻ-വിദൂരവിദ്യാഭ്യാസ രീതികൾ അവലംബിച്ചു. എന്നാൽ, യഥാർഥ ക്ലാസ് അനുഭവത്തിന് ബദലല്ല ഓൺലൈൻ ക്ലാസുകൾ എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. വിശദീകരിക്കുന്ന കാര്യം കുട്ടികൾ ഗ്രഹിക്കുന്നുണ്ടോ എന്ന് വേണ്ടവിധം ഉറപ്പിക്കാൻ അധ്യാപകർക്ക് കഴിയില്ല. ബ്ലാക്ക് ബോർഡിനെയും ക്ളാസിനെയും കൂട്ടിയിണക്കുന്ന ബോർഡിൽ ചിത്രങ്ങൾ വരച്ചുകൊണ്ടും കണക്കുകൾ കൂട്ടിക്കൊണ്ടുള്ള ബോധനരീതി പ്രയാസകരമാണ്. കുട്ടികളെ ഓൺലൈൻ ക്ലാസിൽ വെച്ചുതന്നെ പരിശീലിപ്പിക്കുന്നത് ഏറെ പ്രയാസകരവും. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞവർഷം സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മഹാവ്യാധികാരണം കുത്തനെ ഇടിഞ്ഞു.

പാഠ്യവിഷയങ്ങളിലെ പഠനപുരോഗതി മാത്രമല്ല സ്കൂൾ വിദ്യാഭ്യാസത്തിൽ പ്രധാനമായിട്ടുള്ളത്. കുട്ടികൾക്ക് കളിക്കാനും സൗഹൃദങ്ങളിൽ ഏർപ്പെടാനുമൊക്കെ സ്കൂളുകൾ തന്നെ വേണം. ഒരു കുട്ടിക്ക്, കുട്ടിയായിരിക്കുന്നതിനുതന്നെ സ്കൂൾ വേണമെന്നർഥം. കുറച്ചുകാലമായി നാം കുട്ടികളിൽനിന്ന്‌ ഈ അവസരം എടുത്തുമാറ്റിയിരിക്കുകയാണ്. കളികളിൽ ഏർപ്പെടുന്നതും മറ്റു കുട്ടികളുമായി ഇടപെടുന്നതും കുട്ടികളുടെ സാമൂഹികമികവുകൾ വർധിപ്പിക്കാനും അവരെ സാമൂഹികാവബോധമുള്ള വ്യക്തികളാക്കി മാറ്റാനും അനിവാര്യമാണ്. കുട്ടികളെ മികച്ച പൗരന്മാരായി വാർത്തെടുക്കുന്നതിൽ പ്രധാനപങ്ക് സ്കൂളുകൾക്കുണ്ട്. സ്കൂളുകളിലെ ഉച്ചയൂണ് സമയത്ത് മത, ജാതി ഭേദമെന്യേ എല്ലാ സാമൂഹിക പശ്ചാത്തലങ്ങളിൽനിന്നുമുള്ള കുട്ടികൾ ഒരുമിച്ചിരുന്ന്‌ ജനാധിപത്യപരമായ ആവേശത്തോടെ ആഹാരം കഴിക്കുന്ന പതിവും ക്ലാസുകൾ നിലച്ചതോടെ ഇല്ലാതായി.

ഓൺലൈൻ സൃഷ്ടിക്കുന്ന അസന്തുലിതപ്രഭാവം

ഓൺലൈൻ വിദ്യാഭ്യാസത്തിന് കുട്ടികളിൽ അസന്തുലിതമായ പ്രഭാവമാണുള്ളത്. ആദ്യത്തെ പ്രശ്നം ഡിജിറ്റൽ അസമത്വത്തിന്റേതുതന്നെ. സർക്കാരിന്റെ തന്നെ കണക്കുകൾ അനുസരിച്ച് ഏതാണ്ട് 50,000 വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിൽനിന്ന്‌ പുറത്തുനിൽക്കുന്നവരായുണ്ട്. ടെലിവിഷൻ ക്ലാസുകൾ വഴിയും തുറന്ന പഠനകേന്ദ്രങ്ങൾ തുടങ്ങിയും ഈ കുറവ് പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇനിയും ഏറെദൂരം പോകാനുണ്ട്. ഇന്റർനെറ്റ് ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം. എ.ഐ.) 2019-ൽ പുറത്തിറക്കിയ ഒരു റിപ്പോർട്ടനുസരിച്ച് സർവേക്കു തൊട്ടുമുൻപത്തെ മാസത്തിൽ 12 വയസ്സിനും അതിനുമുകളിലുമുള്ള കുട്ടികളിൽ പകുതി മാത്രമേ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നുള്ളൂ. ഇന്റർനെറ്റിനും ഡിജിറ്റൽ വൈദഗ്‌ധ്യത്തിനുമുള്ള അവസരം ഒരുതരം സവിശേഷ അവകാശസൂചികതന്നെയാണ്. ഓൺലൈനിൽ മാത്രമായി വിദ്യാഭ്യാസം തുടരുന്നപക്ഷം, ഈ പ്രത്യേക വിഭാഗത്തിനായി അത് പരിമിതപ്പെടും.

രണ്ടാമത്തെ പ്രശ്നം വർഗപരമായ വിഭജനത്തിന്റേതാണ്. സ്കൂളുകളിലെ വിദ്യാഭ്യാസ സൗകര്യം കുറയുന്നതിനനുസരിച്ച്, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ട ബാധ്യത നേരിട്ട് വീട്ടുകാരിൽത്തന്നെ നിപതിക്കുന്നു. സമ്പന്നകുടുംബങ്ങൾക്ക് ഇത് പ്രശ്നമല്ല. കുട്ടികൾക്ക് വായിക്കാനായി പുസ്തകങ്ങൾ വിലകൊടുത്ത് വാങ്ങാനും അതുവഴി അവരുടെ ഭാഷാപരവും വൈജ്ഞാനികവുമായ കഴിവുകൾ ഒരുപരിധിവരെ വർധിപ്പിക്കാനും സമ്പന്നകുടുംബങ്ങൾക്ക് കഴിയും. സ്വകാര്യട്യൂഷൻ അടക്കുമുള്ള മറ്റുസൗകര്യങ്ങൾ ഏർപ്പെടുത്താനും അവർക്ക് കഴിയും. ചുരുക്കത്തിൽ സ്കൂളുകൾ തുറക്കാത്തതിന്റെ പേരിൽ ഉണ്ടാകുന്ന നഷ്ടം കൂടുതലായും ബാധിക്കുക പാവപ്പെട്ട കുട്ടികളെ ആയിരിക്കും.

ഇത്തരം കാര്യങ്ങൾ ഏറെ പ്രാധാന്യമുള്ളവയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ, ഒരാൾക്ക് എത്ര അറിവുണ്ട് എന്നതിനെക്കാൾ മറ്റുള്ളവരെക്കാൾ എത്രകണ്ട് അറിവുണ്ട് എന്നതാണ് പരിശോധിക്കപ്പെടുന്നത്. കേരളത്തിലെ എൻട്രൻസ് പരീക്ഷകൾ ഇക്കാര്യം വ്യക്തമാക്കുന്നു. പരീക്ഷാർഥിക്ക് എത്രമാർക്ക് കിട്ടുന്നുവെന്ന് ആരും നോക്കാറില്ല. എത്രാമത്തെ റാങ്ക് കിട്ടുന്നുവെന്നേ നോക്കാറുള്ളൂ. വിദൂരപഠനത്തിന്റെ കാര്യത്തിൽ സമ്പന്നകുടുംബത്തിലെ കുട്ടികളെ അപേക്ഷിച്ച് പാവപ്പെട്ടവരുടെ കുട്ടികൾക്കാണ് അടിതെറ്റാനുള്ള സാധ്യതകൂടുതൽ. ദരിദ്ര പശ്ചാത്തലത്തിൽനിന്നുള്ള പല കുട്ടികൾക്കും ഡോക്ടർ, എൻജിനിയർ തുടങ്ങിയ തൊഴിലുകൾക്കുള്ള മോഹങ്ങൾ എന്നേക്കുമായി ഇല്ലാതാക്കുന്നു. അവർക്കൊരു അവസരം നൽകണമെങ്കിൽ, അവരുടെ സ്വപ്നങ്ങൾക്ക് നാം വിലകല്പിക്കുന്നുവെങ്കിൽ ഇപ്പോൾത്തന്നെ പ്രവർത്തിച്ചുതുടങ്ങണം. സ്കൂളുകൾ അടിച്ചിട്ടതുകാരണം സ്വത്വം നഷ്ടപ്പെട്ട ഒരു തലമുറ ഉണ്ടായേക്കാമെന്ന യൂണിസെഫിന്റെ മുന്നറിയിപ്പ് കേരളം ശ്രദ്ധിക്കണം.

കോവിഡ്‌ വ്യാപനം: സമീപനം എന്തായിരിക്കണം

അടഞ്ഞ സ്കൂളുകൾ കുട്ടികളിൽ വലിയ ഭാരമാണ് അടിച്ചേൽപ്പിക്കുക. സ്കൂളുകൾ അടഞ്ഞുകിടന്നാൽ കുട്ടികൾക്ക് കോവിഡ്-19 ബാധിക്കുന്നത് തടയാൻ കഴിയും എന്നത് ശരിയാണ്. എന്നാൽ, കുട്ടികളിൽ കോവിഡ്-19 വളരെ കുറച്ചേ ബാധിക്കുന്നുള്ളൂ എന്നതാണ് ഇതുവരെയുള്ള അനുഭവം. പലപ്പോഴും 12 വയസ്സുള്ള കുട്ടിയിൽ കോവിഡ്-19ന്റെ തീവ്രത സാധാരണ ഇൻഫ്ളുവൻസ വൈറസിന്റേതുപോലെ മാത്രമായിരിക്കുമെന്ന്‌ ലാൻസറ്റ്‌ റെസ്പിനേറ്ററി മെഡിസിൻ ജേണൽ പറയുന്നു. എല്ലാ വർഷവും സ്കൂൾവിദ്യാർഥികളെ ഇൻഫ്ളുവെൻസ ബാധിക്കാറുണ്ട്. അതുകൊണ്ടുമാത്രം സ്കൂളുകൾ അടിച്ചിടാറില്ല. പ്രതിരോധശേഷി കുറഞ്ഞചില കുട്ടികളെ ഒഴിച്ചുനിർത്തിയാൽ, പൊതുവേ കുട്ടികളിൽ കോവിഡ്-19 നേരിയ അപകടസാധ്യത മാത്രമേ ഉയർത്തുന്നുള്ളൂ.

ഇതിനർഥം കുട്ടികളുടെ കാര്യത്തിൽ അലംഭാവം കാണിക്കണമെന്നല്ല. ബ്രസീലിൽനിന്ന്‌ ഈയിടെ വന്ന റിപ്പോർട്ടുകളനുസരിച്ച് അഞ്ച്‌ വയസ്സിനുതാഴെയുള്ള കുട്ടികളിൽ കോവിഡ്-19 ബാധ വലിയതോതിൽ വർധിച്ചതായി പറയുന്നുണ്ട്. കുട്ടികൾക്കുനേരെയുള്ള രോഗഭീഷണിയെ ഡോക്ടർമാർ ഏറെക്കാലം അവഗണിച്ചതിന്റെ ഫലമായിരുന്നു ആ അവസ്ഥ. അതിനാൽ നമ്മുടെ കുട്ടികളുടെ സ്ഥിതി സൂക്ഷ്മമായിത്തന്നെ നിരീക്ഷിക്കേണ്ടിവരും. എന്നാൽ, നിരീക്ഷിക്കുക എന്നുവെച്ചാൽ ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ അവഗണിക്കണമെന്നല്ല, അർഥം. ബ്രസീലിൽത്തന്നെയും, സ്കൂളിൽ ചേരുന്നതിനുള്ള പ്രായമെത്താത്ത കുട്ടികളെയാണ് കോവിഡ്-19 പ്രധാനമായും  ബാധിച്ചത്. കോവിഡിന്റെ മൂന്നാം തരംഗം സ്കൂൾ കുട്ടികളെയാണ് ബാധിക്കുക എന്ന ആകുലതയ്ക്ക് ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല. അത് കേവലം ഉഹാപോഹം മാത്രമാണ്. വിദ്യാലയങ്ങൾ അടച്ചിടുന്നതുവഴി കുട്ടികൾക്കുണ്ടാകുന്നത് കനത്തതും നീണ്ടുനിൽക്കുന്നതുമായ ദോഷഫലങ്ങളായിരിക്കും. ശാസ്ത്രീയ യുക്തിയുടെ പിൻബലമില്ലാതെ ഇത്തരമൊരു ദുരവസ്ഥ നാം ഉണ്ടാക്കാൻ പാടില്ല.

സ്കൂളുകൾ തുറക്കണമെന്ന വാദത്തിന് പിൻബലം നൽകുന്ന മറ്റൊരു പഠന റിപ്പോർട്ടുണ്ട്. പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ മെഡിക്കൽ ജേണലായ ‘ലാൻസറ്റ് ഇൻഫെക്ഷ്യസ് ഡീസീസസ്’ പ്രസിദ്ധീകരിക്കുകയുണ്ടായി. അതനുസരിച്ച് സ്കൂൾ കുട്ടികളിൽ രോഗം പിടിപെടുന്നതും പകരുന്നതും ഏറെ വിരളമാണ്. കുട്ടികളിൽനിന്നും കുട്ടികളിലേക്ക് പകരുന്നത് ജീവനക്കാർക്കിടയിൽ പകരുന്നതിന്റെ തോതിനെ അപേക്ഷിച്ച് ഏറെ കുറവാണ്. നോർവേയിൽനിന്നുള്ള പഠനങ്ങളും ഇക്കാര്യം ശരിവെക്കുന്നു.

തുറന്ന ക്ലാസിലേക്ക് തിരിച്ചുപോവണം

സ്കൂളുകളിലെ രോഗവ്യാപനസാധ്യത കുറയ്ക്കുന്നതിനും നടപടികൾ സ്വീകരിക്കാവുന്നതാണ്‌. മാസ്ക് ധരിക്കലും സോപ്പുപയോഗിച്ച് കൈകഴുകലും അകലം പാലിക്കലും തുടരാം. കേരളത്തിന്റെ ഒരു സൗഭാഗ്യം, മെച്ചപ്പെട്ടതും സുഖകരവുമായ ‘കാലാവസ്ഥ’യാണ്. അതിനാൽ ചില കാലയളവുകളിൽ എങ്കിലും കെട്ടിടത്തിനു പുറത്തും ക്ലാസുകൾ നടത്താം. ചുറ്റുപാടും കാലാവസ്ഥയുമൊക്കെ പരിഗണിച്ചുകൊണ്ട് ഈ രീതിയിലുള്ള ഇടപെടൽ കോവിഡ് അപകടസാധ്യത കാര്യമായിത്തന്നെ കുറയ്ക്കും. വെന്റിലേഷൻ കൂടുന്നതിനനുസരിച്ച് വൈറസ്‌വ്യാപന സാധ്യതയും കുറയും. അടച്ചിട്ട മുറികളെ അപേക്ഷിച്ച് ഇരുപതിൽ ഒന്ന് മാത്രമാണ് തുറന്നയിടങ്ങളിലെ വൈറസ്‌വ്യാപന സാധ്യത. ലോകത്ത് മൊത്തത്തിൽ ഉണ്ടായ വൈറസ് ബാധയിൽ പത്തുശതമാനത്തിൽതാഴെ മാത്രമാണ് തുറന്ന സ്ഥലങ്ങളിൽവെച്ച് ഉണ്ടായിട്ടുള്ളത്. അതിനാൽ ക്ലാസ് മുറികളിലേക്കും തുറന്ന ക്ലാസുകളിലേക്കും തിരിച്ചുപോവുകയാണ് അഭികാമ്യം. അതിനായിരിക്കണം പ്രഥമ പരിഗണന. 

അമേരിക്കയിലെ റഡ്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിൽ ജൈവ നൈതികതാ വിഷയത്തിൽ ഗവേഷകനാണ് ലേഖകൻ