ഗള്‍ഫ് കത്ത്

വളരെ ശ്രദ്ധയോടെ, സുരക്ഷിതമായാണ് സൗദി അറേബ്യ ഇപ്പോൾ  രാജഭരണത്തിന്റെ പിന്തുടർച്ച ഉറപ്പിച്ചത്. സൗദി ഭരണാധികാരിയെ തിരുഗേഹങ്ങളുടെ (മക്ക, മദീന) സേവകൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. രണ്ടര വർഷം മുമ്പ് അധികാരത്തിലെത്തിയ സൽമാൻ രാജാവ് കിരീടാവകാശിയെ മാറ്റുന്നത് ഇത് മൂന്നാം തവണയാണ്. സൗദിയുടെ സമീപകാല നടപടികളിലെല്ലാം രാജാവിന്റെ ഏറ്റവും വലിയ ഉപദേഷ്ടാവായിരുന്നു  മകൻ മുഹമ്മദ് ബിൻ സൽമാൻ. മകൻ തന്നെയാണ് പുതിയ കിരീടാവകാശി എന്ന പ്രഖ്യാപനത്തിലൂടെ സൗദിയുടെ പിന്തുടർച്ചാവകാശിയെ കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമവുമായി. അതോടൊപ്പം തന്നെ സൗദി ഭരണനേതൃത്വത്തിലെ ഒരു യുഗപ്പകർച്ച കൂടിയാവുകയാണിപ്പോൾ.

ദീർഘവീക്ഷണമുള്ള യുവാവ്

അബ്ദുള്ള രാജാവ് അന്തരിച്ചതിനെ തുടർന്നാണ് 2015 ജനുവരിയിൽ സൽമാൻ രാജാവ്  അധികാരത്തിലെത്തുന്നത്. തൊട്ടുപിന്നാലെ തന്നെ മകൻ മുഹമ്മദ് ബിൻ സൽമാനും അധികാരകേന്ദ്രത്തിലെത്തി. പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റ മുഹമ്മദ് ബിൻ സൽമാനാണ്‌ സൗദി വിഷൻ 2030 എന്ന ദീർഘകാല പദ്ധതിക്ക് രൂപം നൽകിയത്‌. 2020 ആവുമ്പോഴേക്കും എണ്ണ വരുമാനത്തിൽ നിന്ന് പൂർണമായും മാറിനിന്നുകൊണ്ടുള്ള സാമ്പത്തിക വ്യവസ്ഥിതിക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ളതാണ് വിഷൻ 2030. സ്വകാര്യവത്‌കരണം ശക്തിപ്പെടുത്താനും സൗജന്യങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനുമുള്ള നീക്കത്തിനൊപ്പം തന്നെ സൗദി പിന്തുടരുന്ന മൂല്യങ്ങളിൽ നിന്നും ഇസ്‌ലാമിക തത്ത്വങ്ങളിൽ നിന്ന് വ്യതിചലിക്കാതെ വിനോദസഞ്ചാര വികസന പദ്ധതികളും അദ്ദേഹം നിർദേശിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരികൾ വിൽക്കാനുള്ള തീരുമാനവും ഇതോടൊപ്പം വന്നു. രണ്ടര ലക്ഷം കോടി ഡോളറാണ് അടുത്തവർഷം നടക്കാനിരിക്കുന്ന ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാൻ സൗദി ലക്ഷ്യമിടുന്നത്.  ഇതിനിടയിൽ തന്നെയാണ് മേഖലയിലെ വൻശക്തിയായി നിന്നുകൊണ്ട് െയമെനിൽ യുദ്ധം ചെയ്തും ഖത്തറിനോട് ഉപരോധം നടത്തിയും സൗദി മുന്നോട്ടുപോകുന്നത്. ഈ വിഷയങ്ങളിലെല്ലാം രണ്ടര വർഷമായി സൽമാൻ രാജാവിന്റെ വലംകൈയായും ബുദ്ധികേന്ദ്രമായും പ്രവർത്തിക്കുന്നുണ്ട് പുതിയ കിരീടാവകാശി.

റിയാദ് കിങ് സൗദ് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയശേഷം 2009 മുതൽ പിതാവിനൊപ്പം നിന്ന് ഭരണ പരിചയം നേടുകയായിരുന്നു അദ്ദേഹം. 2009-ൽ സൽമാൻ രാജാവ് റിയാദ് ഗവർണറായപ്പോൾ പ്രത്യേക ഉപദേഷ്ടാവായിട്ടായിരുന്നു തുടക്കം. 2011-ൽ സൽമാൻ രാജാവ് പ്രതിരോധ മന്ത്രിയായപ്പോഴും ഉപദേഷ്ടാവായി മകൻ തുടർന്നു. പിതാവ് കിരീടാവകാശിയായപ്പോൾ കൊട്ടാരകാര്യ മേധാവിയായി. പിതാവ് രാജാവായപ്പോൾ അദ്ദേഹം വഹിച്ച പ്രതിരോധ മന്ത്രി പദത്തിലേക്ക് മകൻ നടന്നുകയറി. ഇപ്പോൾ പ്രതിരോധ മന്ത്രി എന്ന പദവിക്കൊപ്പം തന്നെ ഉപപ്രധാനമന്ത്രി സ്ഥാനവും സാമ്പത്തിക വികസന സമിതി അധ്യക്ഷസ്ഥാനവും ആരാംകോയുടെ ചെയർമാൻ പദവി  കൂടി പുതിയ കിരീടാവകാശി നിലനിർത്തുമ്പോൾ ഒരു കാര്യം ഉറപ്പായി- സൗദിയുടെ തീരുമാനങ്ങളെല്ലാം ഇനി കിരീടാവകാശിയുടേതു തന്നെയാവും എന്നതുതന്നെ. 

സ്വദേശിവത്‌കരണവും സാമ്പത്തിക പരിഷ്കാരങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോൾ തന്നെയാണ് തീവ്രവാദത്തിന് എതിരായുള്ള സൗദിയുടെ പ്രഖ്യാപിത നടപടികളും ഊർജിതമാവുന്നത്. െയമെനിൽ ഹൂതി വിമതർക്കെതിരെയുള്ള പോരാട്ടം തുടരുന്നതിനിടയിലാണ് മുസ്‌ലിം ബ്രദർഹുഡിനും ദായിഷിനും ഐ.എസിനുമെതിരെയുള്ള പോരാട്ടവും അവർ ഏകോപിപ്പിച്ചത്. മിക്ക ഗൾഫ് നാടുകളെയും സൈനിക സഖ്യത്തിൽ സൗദി പങ്കാളികളാക്കിയിട്ടുണ്ട്. ഖത്തറിനെതിരായ ഉപരോധത്തിൽ ഒമാനും കുവൈത്തും ഇതുവരെ മനസ്സ് തുറന്നിട്ടില്ലെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ തന്നെയാണ് സൗദി. ഇതിലെല്ലാം സൗദി രാജാവിനെ കൈമെയ് മറന്ന് സഹായിച്ചത് മകൻ തന്നെയാണ്. പുതിയ ആഭ്യന്തരമന്ത്രിയായി അബ്ദുൾ അസീസ് ബിൻ സൗദ് അൽ നായിഫിനെ നിയോഗിച്ചതും കിരീടാവകാശിയുടെ  കൂടി താത്‌പര്യം കണക്കിലെടുത്താണ്. മുപ്പത്തിമൂന്നുകാരനായ പുതിയ ആഭ്യന്തരമന്ത്രികൂടി എത്തുന്നതോടെ സൗദിയുടെ ഭരണനേതൃത്വത്തിൽ പിന്തുടർച്ച മാത്രമല്ല, യുവത്വത്തിന്റെ തിളക്കം കൂടി പ്രകടമാവും.  

നാലുപതിറ്റാണ്ട് വിദേശകാര്യം നോക്കിയിരുന്ന മന്ത്രി സൗദ് അൽ ഫൈസലിനെ മാറ്റി ആദിൽ അൽ ജുബൈറിനെ നിയമിച്ചതും  21 വർഷം എണ്ണകാര്യ മന്ത്രിയായിരുന്ന അലി അൽ നുഐമിയെയും 20 വർഷം ധനകാര്യമന്ത്രിയായിരുന്ന ഇബ്രാഹിം അൽ അസാഫിനെയും മാറ്റിയതും സൗദിയിൽ തലമുറ മാറ്റത്തിന്റെ ആദ്യ ഘട്ടങ്ങളായിരുന്നു. ആദ്യം മുഖ് രിൻ രാജകുമാരനെയും ഇപ്പോൾ മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെയും മാറ്റിയാണ് മകനെ തന്നെ കിരീടാവകാശിയായി സൽമാൻ രാജാവ് കൊണ്ടുവന്നിരിക്കുന്നത്. സൽമാൻ രാജാവ് സൗദിയുടെ നയങ്ങളിൽ കൊണ്ടുവരുന്ന നിരവധി പരിഷ്കരണങ്ങളോട് ചേർന്നു നിൽക്കുന്നതാണ് ഭരണരംഗത്തുണ്ടായ ഇപ്പോഴത്തെ മാറ്റങ്ങളും. സൗദി സ്ഥാപകൻ അബ്ദുൾ അസീസ് രാജാവിന്റെ ഇളയ മകനായിരുന്നു മുഖ് രിൻ രാജകുമാരൻ. ഇപ്പോൾ പുറത്തായ കിരീടാവകാശിയാകട്ടെ രാജാവിന്റെ മരുമകനും അന്നത്തെ ആഭ്യന്തരമന്ത്രിയും കൂടിയായിരുന്നു. യാതൊരു അധികാര സ്ഥാനങ്ങളും ഇല്ലാതെയാണ് കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിൻ നായിഫിന്റെ മടക്കം. അധികാരം കൈയാളുന്ന അൽസൗദ് കുടുംബത്തിലെ  പിന്തുടർച്ചാവകാശ സമിതിയിലെ  34 അംഗങ്ങളിൽ 31 പേരും പിന്തുണച്ച നടപടികളാണ് സൽമാൻ രാജാവിന്റെ ഉത്തരവായി പുറത്തുവന്നത്. അധികാരത്തർക്കങ്ങളോ വടംവലികളോ ഇല്ലാതെയുള്ള സുഗമമായ  പിന്തുടർച്ച ഉറപ്പിക്കാനായെന്നതും മറ്റ് തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിടാനായെന്നതും ഇതിന്റെ ബാക്കിപത്രം. പ്രത്യേക സാഹചര്യത്തിലാണ് പെട്ടെന്നുണ്ടായ ഈ തീരുമാനങ്ങൾ എന്ന വ്യാഖ്യാനവും സൗദിയിലെ ഉന്നത കേന്ദ്രങ്ങളിൽ നിന്നുണ്ടായതായി  പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

നയങ്ങൾ മാറില്ല

പുതിയ കിരീടാവകാശിയുടെ ഉദയത്തെ  സൗദിയിലെ യുവത്വം ഏറെ പ്രതീക്ഷകളോടെയാണ് ഉറ്റുനോക്കുന്നത്. ലോകത്തിന് മുന്നിൽ സൗദി ഇപ്പോഴും യാഥാസ്ഥിതിക മനോഭാവവും ഇസ്‌ലാമിക തത്ത്വങ്ങളിലെ  കടുംപിടിത്തവും വെച്ചുപുലർത്തുന്ന രാജ്യമാണ്. ലോകഗതിക്കനുസരിച്ച് നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ പുതിയ കിരീടാവകാശി മുൻകൈ എടുക്കുമെന്ന വിശ്വാസമാണ് യുവത്വം വെച്ചുപുലർത്തുന്നത്. എന്നാൽ, രണ്ടര വർഷമായി സൽമാൻ രാജാവ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളിൽ നിന്ന് വലിയ മാറ്റമൊന്നും പുതിയ കിരീടാവകാശിയിൽ നിന്നുണ്ടാവില്ലെന്നും അതിന്റെ തുടർച്ചയ്ക്കും ശരിയായ പ്രയോഗവത്‌കരണത്തിനും പക്ഷേ, ഗതിവേഗം ഏറുമെന്നുമാണ് പ്രമുഖ സാമ്പത്തിക വിദഗ്‌ധരുടെ നിഗമനം. 

അതേസമയം, വിദേശനയങ്ങളിൽ  അമേരിക്കയുമായുള്ള സൗഹൃദം കൂടുതൽ ദൃഢമാവുകയും ഇറാനുമായുള്ള പ്രശ്നങ്ങളിൽ കർശന നിലപാട് പുലർത്തുകയും ചെയ്യുന്നതാവും പുതിയ നിയമനങ്ങൾ എന്നാണ് സൂചന. ഒബാമയുടെ കാലത്ത് അമേരിക്കയുമായുള്ള ബന്ധം അത്രമേൽ മെച്ചമായിരുന്നില്ലെന്ന പശ്ചാത്തലത്തിലാണ് ഈ നിഗനമം. അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്  ഷിയാ മുസ്‌ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇറാനിൽ നിന്ന് കൂടുതൽ അകലം പാലിക്കുകയും സുന്നികൾക്ക് മേധാവിത്വമുള്ള രാജ്യങ്ങളുമായി കൂടുതൽ സൗഹൃദം പുലർത്തുന്നതുമാണ് ഈ നിഗമനങ്ങൾക്ക് പശ്ചാത്തലമായി കാണുന്നത്. അതുകൊണ്ട് തന്നെ സിറിയ, ഇറാഖ്, യെമെൻ എന്നിവിടങ്ങളിലെ സംഘർഷത്തിലും ഗൾഫ് നാടുകളിലെ പുതിയ പ്രതിസന്ധിയിലും അമേരിക്ക ഏറെ ആശ്രയിക്കുന്നതും പങ്കാളിയായി സ്വീകരിക്കുന്നതും  കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനെ തന്നെയായിരിക്കുമെന്ന് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. അതേസമയം റഷ്യൻ പ്രസിഡന്റ്‌ പുതിനുമായും കിരീടാവകാശി നല്ല സൗഹൃദവും നയതന്ത്രബന്ധവും വെച്ചുപുലർത്തുന്നുണ്ട്. 

സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുവാദം നൽകാത്ത സൗദിയുടെ നടപടി ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പരമ്പരാഗത നിലപാടുകളിൽ നിന്ന്  വ്യതിചലിക്കുന്നതിൽ സൗദിയിൽ എതിർപ്പ് ശക്തമാണ്. 'സൗദിയിലെ പൊതുസമൂഹം ഇതിനോട് ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല. സമൂഹമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അവർക്ക് മേൽ ഇത്തരം കാര്യം അടിച്ചേൽപ്പിക്കാനാവില്ല'-ഇതായിരുന്നു കഴിഞ്ഞവർഷം സ്ത്രീകളുടെ ഡ്രൈവിങ്‌ വിഷയം സംബന്ധിച്ച് മുഹമ്മദ് ബിൻ സൽമാന്റെ പ്രതികരണം. വ്യക്തിപരമായി ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തിന് കടുംപിടിത്തമില്ലെന്ന സൂചന ആ വാക്കുകളിൽ ഉണ്ടെന്ന് നിരീക്ഷകർ വ്യാഖ്യാനിക്കുന്നു. വിഷൻ 2030 യാഥാർഥ്യമാകുന്നതിനിടയിൽ ഇത്തരം കാര്യങ്ങളൊക്കെ നടന്നുകൂടാനിടയില്ലെന്ന് അവർ പ്രതീക്ഷിക്കുന്നുമുണ്ട്. 

മിസ്റ്റർ എവരിതിങ്

'മിസ്റ്റർ എവരിതിങ്’ എന്ന വിളിപ്പേരുള്ള കിരീടാവകാശിയായ  രാജകുമാരൻ  മുഹമ്മദ് ബിൻ സൽമാൻ ലോകത്തിന്‌  ഒട്ടും അപരിചിതനല്ല. സൗദി അറേബ്യ ഇപ്പോൾ കടന്നുപോകുന്നത് അതിന്റെ ചരിത്രത്തിലെ സങ്കീർണമായ ചില പ്രതിസന്ധികളിലൂടെയാണ്. എണ്ണപ്പണം കൊണ്ട് സമ്പന്നമായിരുന്ന  ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് സൗദി. എന്നാൽ നാല് വർഷമായി ഇടിഞ്ഞുനിൽക്കുന്ന എണ്ണവില മറ്റു രാജ്യങ്ങളെ എന്ന പോലെ സൗദിയെയും പ്രയാസത്തിലാക്കിയിട്ടുണ്ട്. ആ പ്രയാസം തിരിച്ചറിഞ്ഞ് എണ്ണയിതര വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക വ്യവസ്ഥയിലേക്ക് കടന്നുകഴിഞ്ഞു അവർ. െയമനിലേക്ക് സൈന്യത്തെ അയച്ച് ഇപ്പോഴും സൈനികാഭ്യാസം നടത്തി ഹൂതി വിമതരെ നേരിടുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഇപ്പോൾ ഖത്തറിനെതിരായ ഉപരോധത്തിനും നേതൃത്വം നൽകുന്നതും സൗദി അറേബ്യയാണ്. യു.എ.ഇ.യും ബഹ്‌റൈനും ഈജിപ്തും ഉൾപ്പെടെ പന്ത്രണ്ട് അറബ് - ആഫ്രിക്കൻ രാജ്യങ്ങൾ സൗദിയോടൊപ്പം നിൽക്കുന്നു. ഇസ്‌ലാമിക ഭീകരവാദത്തിനും തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായവും ഐക്യദാർഢ്യവും നൽകുന്നു എന്നതാണ് സൗദിയും സഖ്യവും ഖത്തറിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഖത്തർ ഇത് മൊത്തം നിഷേധിക്കുന്നു. കുവൈത്തിന്റെയും അമേരിക്കയുടെയും സമവായ നീക്കങ്ങൾ നടക്കുമ്പോഴും വിഷയം ലോകമാകെ ചർച്ച ചെയ്യുമ്പോഴും ഉപരോധത്തിന് മാറ്റമൊന്നുമില്ലാതെ അവർ മുന്നോട്ടുപോകുന്നു. 

ഈ സന്നിഗ്‌ധഘട്ടത്തിൽ മകനെക്കാളും വലിയ വിശ്വസ്തനെ സൽമാൻ രാജാവിന് ലഭിക്കാനില്ല. മറ്റൊരു മകനെ അമേരിക്കയിലെ അംബാസഡറാക്കി അദ്ദേഹം നിയമിക്കുകയും ചെയ്തു. ഗൾഫ് പ്രശ്നങ്ങളിൽ എപ്പോഴും സജീവമായി ഇടപെടുന്ന അമേരിക്കയുടെ പുതിയ പ്രസിഡന്റിന്റെ ആദ്യ വിദേശ സന്ദർശനം തന്നെ സൗദിയിലേക്ക് ആക്കി മാറ്റിയതിന് പിന്നിൽ പുതിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും  അംബാസഡറായി സ്ഥാനമേറ്റ മകൻ ഖാലിദ് ബിൻ സൽമാന്റെയും  സ്വാധീനം ചെറുതല്ല. കഴിഞ്ഞ മാർച്ച് മാസം അമേരിക്കയിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിൽ വെച്ച് ട്രംപുമായി ചർച്ചകളും നടത്തിയിരുന്നു. സാമ്പത്തിക വ്യവസ്ഥിതി ഉൾപ്പെടെയുള്ള കാര്യത്തിൽ സമൂലമായ പരിവർത്തനത്തിനാണ് പുതിയ തലമുറ ലക്ഷ്യമിടുന്നത്. എൺപത്തിയൊന്നാം വയസ്സിൽ എത്തിനിൽക്കുന്ന സൽമാൻ രാജാവ് പുതിയ കിരീടാവകാശിയെ എല്ലാം അധികം വൈകാതെ തന്നെ ഏൽപ്പിക്കുമെന്നാണ് നിഗമനം. മൊത്തം ജനസംഖ്യയിൽ പാതിയും യുവാക്കളായ ഒരു രാജ്യത്ത് മുപ്പത്തിയൊന്നുകാരനായ കിരീടാവകാശി എത്തുന്നത് യുവതയ്ക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്.