ദിവസങ്ങള്‍ക്കു മുന്‍പ് പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് മാല്‍കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് അസാധാരണമായ ഒരു കത്തെഴുതി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതിയില്‍ പലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രമേയത്തിന്മേല്‍ വോട്ടെടുപ്പുനടന്നപ്പോള്‍ ഇന്ത്യ വിട്ടുനിന്നതിലുള്ള പ്രതിഷേധമായിരുന്നു അതിന്റെ ഉള്ളടക്കം. മനുഷ്യാവകാശത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ഇന്ത്യയുടെ നിലപാടിനെ കത്തില്‍ വിമര്‍ശിക്കുന്നത്. മാല്‍കി പറയുന്നു: 'ഉത്തരവാദിത്വപൂര്‍ണവും നീതിയുക്തവും സമാധാനപരവുമായ പാതയിലേക്കുള്ള നിര്‍ണായക വഴിത്തിരിവില്‍, അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ചേരാനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തി' എന്ന്. ദീര്‍ഘകാലമായി സൗഹൃദം പുലര്‍ത്തുന്നതും പിന്തുണ നല്‍കുന്നതുമായ രാജ്യത്തോടുള്ള ആശയവിനിമയം എന്ന നിലയ്ക്ക് പലസ്തീന്‍ മന്ത്രിയുടെ ഭാഷ കടുപ്പമേറിയതുതന്നെ. 

ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളുടെ അസാന്നിധ്യത്തില്‍, ഒമ്പതിനെതിരേ 24 വോട്ടുകള്‍ക്ക് പ്രമേയം അംഗീകരിക്കപ്പെട്ടു. ഇതോടെ, ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചോ എന്ന് അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മിഷന്‍ നിലവില്‍ വരും. പക്ഷേ, മുന്‍പും സംഭവിച്ചിട്ടുള്ളതുപോലെ ഈ കമ്മിഷനോടും ഇസ്രയേല്‍ സഹകരിക്കില്ല. 

ഇന്ത്യയുടെ നയവ്യതിയാനം

വിഷയത്തില്‍ ഇന്ത്യയുടെ നയവ്യതിയാനം ഏറക്കുറെ സ്ഥിരീകരിക്കാന്‍ മനുഷ്യാവകാശസമിതിയിലെ ഈ അധ്യായം മതിയാകും. മേയ് 16-ന് യു.എന്‍. സുരക്ഷാ സമിതിയില്‍ ഇന്ത്യ നടത്തിയ ഇടപെടലിനും മേയ് 20-ന് പൊതുസഭയില്‍ നടത്തിയ പ്രസ്താവനയ്ക്കും ഇടയ്ക്ക് എന്തുസംഭവിച്ചെന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. പലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ പരമ്പരാഗത വീക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് സുരക്ഷാ സമിതിയില്‍ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി സംസാരിച്ചത്. റംസാന്‍ പ്രാര്‍ഥനയ്ക്കിടെ അല്‍ അഖ്സ പള്ളിയിലേക്ക് ഇസ്രയേല്‍ സൈന്യം അതിക്രമിച്ച് കയറിയതുകൊണ്ടാണ് പ്രദേശത്തെ ദുര്‍ബലമായ സമാധാനാന്തരീക്ഷം തകര്‍ന്നതെന്ന് തിരുമൂര്‍ത്തി അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രസക്തമായ ഇക്കാര്യം, വെറും മൂന്ന് ദിവസങ്ങള്‍ക്കുശേഷം പൊതുസഭയില്‍ നടത്തിയ പ്രസ്താവനയില്‍നിന്ന്  ഒഴിവാക്കപ്പെട്ടു. സുരക്ഷാ സമിതിയെ അപേക്ഷിച്ച് പൊതുസഭയില്‍ പലസ്തീന് കൂടുതല്‍ അനുകൂല അന്തരീക്ഷം ഉണ്ടെന്നിരിക്കേയാണിത്. ഇന്ത്യ പലസ്തീന് ശക്തമായ പിന്തുണനല്‍കുന്നുണ്ടെന്നും ദ്വിരാഷ്ട്ര പരിഹാരത്തില്‍ അചഞ്ചലമായി വിശ്വസിക്കുണ്ടെന്നുമുള്ള കാര്യങ്ങളും സുരക്ഷാ സമിതിയില്‍നിന്ന് പൊതുസഭയിലേക്ക് എത്തിയപ്പോഴേക്കും അപ്രത്യക്ഷമായി. ഇന്ത്യയുടെ എല്ലാ പിന്തുണയും ഇസ്രയേലിനാണെന്ന പ്രതീതിയാണ് പൊതുസഭയില്‍ ഉണ്ടായത്. സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ ഇസ്രയേലില്‍ ജോലിചെയ്തിരുന്ന മലയാളി നഴ്സ് സൗമ്യ സന്തോഷ് കൊല്ലപ്പെടുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തെ, അത് എത്രതന്നെ പ്രകോപനത്തിന്റെ പേരിലായാലും ഇന്ത്യ അപലപിക്കേണ്ടതുതന്നെയാണ്. പക്ഷേ, ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ അപ്പാടേ തിരസ്‌കരിച്ചുകൊണ്ടുള്ള നിലപാടിലേക്കാണ് ഇന്ത്യ പോയത്. 

ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സാധാരണക്കാരുടെ എണ്ണം കണക്കാക്കുമ്പോള്‍, കൂടുതല്‍ ശക്തവും സംഘടിതവുമായി സൈന്യം പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ എവിടെയും പറഞ്ഞുകേട്ടില്ല. വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഇസ്രയേല്‍ സൈന്യം മാധ്യമ സ്ഥാപനങ്ങള്‍ക്കുമേല്‍ നടത്തിയ ആക്രമണങ്ങളും നമ്മുടെ ഭാഗത്തുനിന്നുള്ള വിമര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടില്ല. മേയ് 27-ന് മനുഷ്യാവകാശ സമിതിയില്‍, അന്താരാഷ്ട്ര നിയമങ്ങളെ ശക്തിപ്പെടുത്തുന്നതും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളെ ഇസ്രയേല്‍ ഉള്‍ക്കൊള്ളണമെന്ന് ആവശ്യപ്പെടുന്നതുമായ പ്രമേയത്തില്‍നിന്ന് അകലംപാലിച്ചതോടെ ഇന്ത്യയുടെ നയംമാറ്റം സ്പഷ്ടമായി. അതുവരെ ഇസ്രയേലും പലസ്തീനുമായുള്ള ബന്ധം ട്രപ്പീസുകളിക്കാരുടെ വഴക്കത്തോടെയാണ് കൈകാര്യം ചെയ്തതെങ്കില്‍ ഇപ്പോള്‍ നമുക്ക് കാല്‍ വഴുതിയിരിക്കുന്നു. പലസ്തീനികളോടുള്ള ഇസ്രയേല്‍ സമീപനത്തിനെതിരായ പ്രസ്താവനകള്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സര്‍ക്കാര്‍ ലഘൂകരിച്ച് കൊണ്ടുവരികയാണ്.  

അവധിയെടുത്ത് ഇന്ത്യ

ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതോടെ അവരെ എതിര്‍ക്കുന്ന പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കുന്നതില്‍നിന്ന് ഇന്ത്യ അവധിയെടുത്തു. പക്ഷേ, അത്തരം പ്രമേയങ്ങള്‍ക്ക് അനുകൂലമായി വോട്ടുചെയ്യുന്നത് തുടര്‍ന്നുപോന്നു. ഇസ്രയേല്‍ വിരുദ്ധ പ്രമേയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മൃദുസ്വാധീനമായാണ് നിലപാടിനെ കണ്ടത്.ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ നയരൂപവത്കരണ വിദഗ്ധര്‍ക്ക് ഒട്ടേറെ ഘടകങ്ങള്‍ തുലനം ചെയ്യണം. അതില്‍ ആഭ്യന്തരമായ കാരണങ്ങളുമുണ്ട്. ഉദാഹരണത്തിന് പലസ്തീനെ പിന്തുണയ്ക്കുന്ന 19 കോടി മുസ്ലിങ്ങളുടെ വികാരത്തെ മാനിക്കാതെ പറ്റില്ല. അതുപോലെ അറബ് അനുകൂല നിലപാടിനുപിന്നിലും ആഭ്യന്തരമായ കാരണമുണ്ട്. ഏതാണ്ട് 60 ലക്ഷം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. അവര്‍ വഴി എത്തുന്ന വിദേശവരുമാനം അനിശ്ചിതത്വത്തിലാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എന്തായാലും ആഗ്രഹിക്കുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഇസ്രയേലിന്റെ കാര്യത്തില്‍ അറബ് ലോകംതന്നെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ഈജിപ്തിനോടൊപ്പം കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രയേലിനെ അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളില്‍നിന്നുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഇസ്രയേലിന്റെ സഹായം ഗുണം ചെയ്യുമെന്നാണ് പല അറബ് ഭരണകൂടങ്ങളും കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഇസ്രയേല്‍ അനുകൂല നിലപാടെടുത്താല്‍ അറബ് മേഖലയില്‍നിന്ന് ശക്തമായ പ്രതികരണമുണ്ടാകാനുള്ള സാധ്യത കുറയുന്നു.എല്ലാത്തിലും ഉപരിയായി, ഇനിയങ്ങോട്ട് ജൂതരാഷ്ട്രത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ മുന്‍പത്തെക്കാള്‍ വിലകൊടുക്കേണ്ടി വരും. പ്രത്യേകിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സുരക്ഷാകാര്യത്തിലുള്‍പ്പെടെ സഹകരണം ശക്തമായ സാഹചര്യത്തില്‍. ഇസ്രയേലിനൊപ്പം നിന്നതിന് നെതന്യാഹു പേരെടുത്തു പറഞ്ഞ് നന്ദിയറിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.  

സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്

ചുരുക്കത്തില്‍ ഐക്യരാഷ്ട്ര സഭയുടെ മൂന്നു യോഗങ്ങളില്‍ നിന്നുതന്നെ ഇസ്രയേല്‍ പക്ഷത്തേക്കുള്ള ഇന്ത്യയുടെ ചാട്ടം വ്യക്തമാണ്. പക്ഷേ, നമുക്ക് സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ട്. ബി.ജെ.പി. സര്‍ക്കാരിന്റെ ഹിന്ദുത്വ വാദത്തിനെതിരായി ആഗോളതലത്തില്‍ ആശങ്കകള്‍ ഉരുണ്ടുകൂടുന്ന സമയമാണിത്. ഏകപക്ഷീയമായി ഇസ്രയേലിനൊപ്പം നില്‍ക്കുമ്പോള്‍ ഇസ്ലാമിനെതിരായി ജൂത-ഹിന്ദു അച്ചുതണ്ട് രൂപപ്പെടുത്താന്‍ ഇന്ത്യ മുന്‍കൈ എടുക്കുന്നെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. അധികാരത്തില്‍ ആരുതന്നെയായാലും ഇത് രാജ്യതാത്പര്യമല്ല. 

കോണ്‍ഗ്രസിന്റെ അതൃപ്തി

ഇന്ത്യയുടെ നിലപാടുമാറ്റത്തില്‍ കോണ്‍ഗ്രസ് അതൃപ്തിയറിയിച്ചിട്ടുണ്ട്. പലസ്തീന്റെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഇസ്രയേലുമായി നയതന്ത്ര, സുരക്ഷാ, സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനാണ് അധികാരത്തിലുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. കിഴക്കന്‍ ജറുസലേമിനെ പലസ്തീന്റെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍നിന്ന് ഇന്ത്യ വ്യതിചലിക്കരുതെന്ന് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു. ഇരുവിഭാഗങ്ങളും ഹിംസ വെടിയണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് പരസ്പരം അവകാശങ്ങളെ അംഗീകരിക്കണമെന്നുമാണ് ഇന്ത്യ എക്കാലത്തും കൈക്കൊണ്ടിട്ടുള്ള നിലപാട്.