സ്വാതന്ത്ര്യം കിട്ടിയ സമയത്ത് പാശ്ചാത്യരാജ്യങ്ങളേക്കാള്‍ സാങ്കേതികമായി വളരെ പിന്നിലായിരുന്നു ഭാരതം. ശരിക്കുപറഞ്ഞാല്‍ അതിനുശേഷമാണ് ഇന്ത്യയില്‍ വ്യാവസായികവിപ്ലവം തുടങ്ങിയത്. അതായത് യൂറോപ്പിനെ അപേക്ഷിച്ച് രണ്ടു നൂറ്റാണ്ട് പിന്നില്‍. 

ഇന്ന് ജീവിച്ചിരിക്കുന്ന പലരുടെയും കുട്ടിക്കാലത്ത് കാളവണ്ടികളായിരുന്നു പ്രധാന വാഹനം. ഏതാണ്ട് രണ്ടുതലമുറകള്‍ കൊണ്ട് കാളവണ്ടിയില്‍നിന്ന് വിമാനയാത്രയിലേക്കും ബഹിരാകാശഗവേഷണത്തിലേക്കും വരെ നമ്മളെത്തി. കമ്പിത്തപാലില്‍നിന്ന് ഈമെയിലിലേക്കും വാട്ട്‌സാപ്പിലേക്കും, സ്റ്റീല്‍ പെന്നില്‍നിന്ന് വേഡ് പ്രോസസറുമൊക്കെയായി മാറി. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ സമൂഹത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു എന്നത് ഒരു കണക്കിന് അത്ഭുതകരമാണ്.

സാങ്കേതികവിദ്യയിലെ ഈ കുതിച്ചുചാട്ടം പക്ഷേ, അതിന്റേതായ പ്രശ്‌നങ്ങളുമുണ്ടാക്കി. സാങ്കേതികവിദ്യ മാറുമ്പോള്‍ പുതിയ സാങ്കേതങ്ങള്‍ പഠിക്കുക എന്ന കടമ്പയാണ് പെട്ടെന്ന് മനസ്സില്‍വരിക. അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ് പുതിയ സാങ്കേതികവിദ്യയിലെ ഗുണദോഷങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി പെരുമാറുക എന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത് സ്വാംശീകരിക്കുക എന്നത്. 

ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ. സൈക്കിള്‍ ചവിട്ടുന്ന അതേ ലാഘവത്തോടെയല്ലേ നമ്മളില്‍ പലരും മോട്ടോര്‍സൈക്കിളും ഓടിക്കുന്നത്? വാഹനത്തിന്റെ ഭാരവും വേഗവും മറ്റു പല സംഗതികളും വളരെ മാറി എന്നും, സൈക്കിളിനുണ്ടാകാവുന്ന അപകടം പോലെയല്ല മോട്ടോര്‍സൈക്കിളിനുണ്ടാകാവുന്നത് എന്നും മറ്റുമുള്ള ബോധം പലരിലുമില്ല. 

പുതിയ സാങ്കേതികവിദ്യയിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാത്തതിന്റെ ഫലമാണിത്. സൈക്കിള്‍ നീങ്ങുന്നത് വ്യക്തിയുടെ ശാരീരികാധ്വാനത്തിന്റെ ഫലമായാണ്. അതുകൊണ്ടും, സൈക്കിളിന്റെ ഭാരക്കുറവു മൂലവും ഒരാളുടെ നിയന്ത്രണത്തില്‍ അത് നില്‍ക്കുന്നു. എന്നാല്‍ മോട്ടോര്‍സൈക്കിളിന്റെ സ്ഥിതി അങ്ങനെയല്ല. പലപ്പോഴും വീണുകിടക്കുന്ന മോട്ടോര്‍സൈക്കിള്‍ ഉയര്‍ത്താന്‍പോലും പരസഹായം വേണ്ടിവരാം. 

സൈക്കിളോടിക്കുമ്പോള്‍ പെട്ടെന്ന് മുന്നില്‍ മറ്റൊരു സൈക്കിളോ മനുഷ്യനോ വന്നുപെട്ടാല്‍ താന്‍ ചവിട്ടുന്ന സൈക്കിളിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇനി അഥവാ രണ്ടു സൈക്കിളുകള്‍ കൂട്ടിയിടിച്ചാല്‍ത്തന്നെ കാര്യമായ അപകടമൊന്നും സംഭവിച്ചെന്നും വരില്ല.

എന്നാല്‍ മോട്ടോര്‍സൈക്കിളിന്റെ സ്ഥിതി ഇതാണോ? പെട്ടെന്ന് വെട്ടിത്തിരിച്ചു മാറാനോ അപകടം ഒഴിവാക്കാനോ കഴിയില്ല. മാത്രമല്ല, അങ്ങനെ പെട്ടെന്നു വെട്ടിത്തിരിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ വലിയ അപകടമുണ്ടാകാം. രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ചാല്‍ രണ്ടു യാത്രക്കാര്‍ക്കും മരണംവരെ സംഭവിക്കാം. 

നമുക്ക് തീരെ പരിചിതമല്ലാത്ത ചില കാര്യങ്ങള്‍ പുതുതായി പരിചയപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് മറ്റൊരു സംഗതി. ഒരുദാഹരണം കൊണ്ട് അതും വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ. ഏതാണ്ട് ഒരു മുപ്പതോ നാല്പതോ വര്‍ഷംമുമ്പ് വെല്‍ഡിങ്ങ് വേളയില്‍ മിക്ക പണിക്കാരും കണ്ണിന് രക്ഷയേകാനുള്ള ഗോഗ്ള്‍സ് (goggles) അഥവാ മാസ്‌ക് (mask) ധരിക്കാറില്ലായിരുന്നു. അവ ധരിക്കുന്നത് എന്തോ മോശപ്പെട്ട കാര്യമാണെന്ന ധാരണയുണ്ടായിരുന്നു. 

അവരില്‍ പലര്‍ക്കും അതിന്റെ ഭവിഷ്യത്തിനേപ്പറ്റി അറിയാമായിരുന്നു എങ്കില്‍പ്പോലും തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നോ മറ്റോ ഉള്ള വിശ്വാസത്തിലാണ് അവരത് ഉപയോഗിക്കാത്തത്. മറ്റുള്ളവരെല്ലാം മാസ്‌ക്കില്ലാതെ വെല്‍ഡ് ചെയ്യുമ്പോള്‍ താന്‍ മാത്രം ഗോഗ്ള്‍സോ മാസ്‌ക്കോ വച്ചാല്‍ മോശമല്ലേ എന്ന ചിന്തയുമുണ്ടാവാം. 

അവ ഉപയോഗിക്കാത്തതുകൊണ്ട് കണ്ണിനെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും പങ്കുവയ്ക്കാന്‍ വേറെ ആരുമുണ്ടാവില്ല എന്നൊന്നും അപ്പോള്‍ ചിന്തിക്കില്ല.

'ഓ, അത്രയൊക്കെ മതീന്നേ' എന്നു ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയുണ്ട്. സ്വയരക്ഷയുടെ കാര്യത്തില്‍ ഇത് തീരെ ശരിയാവില്ല. ഈ സ്വയരക്ഷാബോധം എന്‍ജിനിയര്‍മാരും മറ്റും സ്വാംശീകരിച്ചാല്‍ മാത്രം പോര. അവര്‍ സുരക്ഷാനടപടികള്‍ നിഷ്‌ക്കര്‍ഷിക്കുകയും പണിയെടുക്കുന്നവര്‍ അത് പാലിക്കുന്നുണ്ടെന്നു് ഉറപ്പുവരുത്തുകയും വേണം. 

ഇങ്ങനെ ചെയ്യാഞ്ഞതിനാലുണ്ടായ ദാരുണമായ മരണങ്ങളാണ് കോഴിക്കോട്ട് ഈയിടെ കണ്ടത്. കോഴിക്കോട്ടു് പാളയത്ത് ജയ ഹോട്ടലിന് എതിര്‍വശത്തുള്ള ഓട വൃത്തിയാക്കാനായി നിയോഗിക്കപ്പെട്ട് മാന്‍ഹോളിലിറങ്ങിയ രണ്ട് ആന്ധ്രസ്വദേശികളും അവരെ രക്ഷിക്കാന്‍ ശ്രമിച്ച് അതേ മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിന്റെയും കാര്യമാണ് ഉദ്ദേശിച്ചത്. 

അതേപ്പറ്റി അനാവശ്യമായ ചില പരാമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായി എന്നത് സത്യം. പക്ഷെ മാധ്യമചര്‍ച്ചകളിലും മറ്റും പരിശോധിക്കേണ്ടിയിരുന്നത് അതെങ്ങനെ സംഭവിച്ചു, ആരാണ് ഉത്തരവാദി, ഇത്തരം അപകടങ്ങള്‍ എങ്ങിനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളായിരുന്നു. പകരം നൗഷാദ് ചെയ്തത് മണ്ടത്തരമാണോ, അതോ മനുഷ്യത്വപരമായ ധീരതയാണോ എന്നും മറ്റുമുള്ള ചര്‍ച്ചകളാണ് നടന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട സുരക്ഷാ നടപടികളേപ്പറ്റി പൊതുജനങ്ങളെ അറിയിക്കാന്‍ ലഭിച്ച വളരെ നല്ല ഒരവസരമാണ് അതിലൂടെ നഷ്ടപ്പെട്ടത്. 

ഓടയ്ക്കുള്ളിലും അതുപോലത്തെ ഇടുങ്ങിയ ഇടങ്ങളിലും പ്രവേശിക്കുന്നതിനു മുമ്പുതന്നെ അവ മനുഷ്യന് കടക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കിണറ്റില്‍ വീണ ആളെ രക്ഷിക്കാനായി ഇറങ്ങി ബോധംകെട്ടു പോകുകയും മരണപ്പെടുകപോലും ചെയ്യുകയും ചെയ്ത വാര്‍ത്തകള്‍ വായിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അവിടെയും സംഭവിക്കുന്നത് ഏതാണ്ടു് സമാനമായ കാര്യം തന്നെയാണ്. പിന്നീട് ഫയര്‍ഫോഴ്‌സുകാര്‍ വന്നപ്പോള്‍ ചെയ്തതും അതുതന്നെയായിരുന്നു. ഈ പണി ഏറ്റെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥരും മേല്‍നോട്ടം വഹിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശ്രദ്ധിക്കാതിരുന്നതിനാലാണ് മൂന്നുപേരുടെ ജീവന്‍ നഷ്ടപ്പെട്ടത്.

ഇതൊക്കെ മതി എന്നുള്ള ഈ മനസ്ഥിതിയാണ് പലപ്പോഴും വലിയ അപകടങ്ങളിലേക്കു നയിക്കുന്നത്. 

മറ്റൊരു ഉദാഹരണമാണ് ഉയരമുള്ള കെട്ടിടങ്ങളുടെ പുറത്തെ പണികള്‍ ചെയ്യുമ്പോള്‍ എടുക്കേണ്ട സുരക്ഷാനടപടികള്‍. വീതികുറഞ്ഞ ഒരു പലക തൂക്കിയിട്ടു് അതില്‍നിന്നുകൊണ്ട് തൊഴിലാളികള്‍ സിമന്റു തേയ്ക്കുകയോ പെയിന്റടിക്കുകയോ ചെയ്യുന്നത് സ്ഥിരമായി കാണുന്ന കാഴ്ചയാണ്. ഒരു ചെറിയ അബദ്ധം പറ്റി മറിഞ്ഞാല്‍ കഥ കഴിഞ്ഞതുതന്നെ. 

അങ്ങനെയൊരപകടം സംഭവിക്കുന്നത് തടയാനായി ഉറപ്പുള്ള കയറോ കേബിളോ ഉപയോഗീച്ച് കെട്ടിടത്തില്‍ ബന്ധിപ്പിച്ച ഒരുതരം കവചം (harness) ദേഹത്ത് ധരിക്കുന്ന പതിവ് പാശ്ചാത്യരാജ്യങ്ങളിലുണ്ട്. ഇവിടത്തെ ജോലിക്കാര്‍ അത്തരമൊരു സുരക്ഷാസംവിധാനവും ഉപയോഗിക്കുന്നത് ഈ ലേഖകന്‍ കണ്ടിട്ടില്ല. എന്നുമാത്രമല്ല, ഒന്നുരണ്ടുതവണ പണിക്കാരോടു ചോദിച്ചപ്പോള്‍ അവരത് തമാശയായി കണക്കാക്കുകയാണ് ചെയ്തത്. 

സുരക്ഷാനടപടികള്‍ തമാശയായി കാണാനുള്ള ഈ പ്രവണതയാണ് കുഴപ്പങ്ങളുടെ തുടക്കം. സ്വയരക്ഷയുടെ കാര്യങ്ങള്‍ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യേണ്ടവയാണ്. അതിനു ചുമതലപ്പെട്ടവര്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ ഹെല്‍മെറ്റിന്റെ കാര്യത്തില്‍ ചെയ്തതുപോലെ കര്‍ശനമായ നടപടികള്‍ എടുക്കേണ്ടതുമാണ്. എങ്കിലേ നമ്മള്‍ സ്വയരക്ഷയേപ്പറ്റി ശരിയായി മനസ്സിലാക്കുകയും അത് ഗൗരവമായി കാണാന്‍ തുടങ്ങുകയും ചെയ്യുകയുള്ളൂ.

പൊക്കമേറിയ കെട്ടിടങ്ങളും അവയിലുള്ള മനുഷ്യരും അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന തീപിടിത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആവശ്യമെന്ന് നിര്‍ഷ്‌ക്കര്‍ഷിക്കപ്പെട്ട സംവിധാനങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞപ്പോഴല്ലേ അതിനുത്തരവാദിയായ ഉദ്യോഗസ്ഥനെ കേരളത്തിലെ അധികാരികള്‍ മാറ്റിയത്. അത് ആരുടെ താല്‍പ്പര്യത്തിനായിരുന്നു? 

1997 ജൂണ്‍ 13 വെള്ളിയാഴ്ച മൂന്നുമണിയുടെ ഷോ കാണാനായി ഡല്‍ഹിയിലെ ഉപഹാര്‍ സിനിമയില്‍ കയറിയവരില്‍ 59 പേരാണ് അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തത്തില്‍ മരണമടഞ്ഞത്. ഇത്രയുംപേര്‍ മരിക്കാന്‍ കാരണമെന്തായിരുന്നെന്നോ? തിയേറ്ററിന് ഒരു വാതിലേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, അവിടെനിന്നു പുറത്തുകടന്നാല്‍ വീതി കുറഞ്ഞ ഒരു ഇടവഴിയായിരുന്നു. 

സിനിമാശാലകള്‍ പണിയുമ്പോള്‍ പാലിക്കേണ്ട പല മാദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് ആ തിയേറ്റര്‍ നിര്‍മിച്ചിരുന്നത്. അതിന്റെ ഉടമസ്ഥര്‍ 60 കോടി രൂപ പിഴയടച്ച് ജയില്‍വാസത്തില്‍നിന്നുപോലും രക്ഷപ്പെട്ടു. നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനകള്‍. 

ഇതുപോലെ എത്രയെത്ര അപകടങ്ങളാണ് ഈ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ കേള്‍ക്കുന്ന വാര്‍ത്തയാണ് തുറന്നുകിടന്ന കുഴല്‍ക്കിണറില്‍ വീണു കുട്ടി മരിച്ചു എന്നത്. 

കിണര്‍ കുഴിച്ചുകഴിഞ്ഞാല്‍ കുഴി അടച്ചിടുക എന്നത് ഇത്ര വളരെ പ്രയാസമുള്ള കാര്യമാണോ? അല്ലല്ലോ. പിന്നെന്തുകൊണ്ട് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിച്ചുണ്ടാകുന്നു? മുകളില്‍ സൂചിപ്പിച്ചതുപോല, 'ഓ...ഇത്രയൊക്കെ മതി' എന്ന ചിന്തയല്ലേ ഇതിന് പ്രധാന കാരണം? 

ചൊവ്വയിലേക്ക് വിജയകരമായി പേടകമയച്ച ഈ രാജ്യത്ത് ഇങ്ങനെയൊക്കെ മതിയോ? ഇതാണോ ഒരു ലോകശക്തിയാകാന്‍ പോകുന്ന രാജ്യത്തു നടക്കേണ്ടത്? ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)