റിട്ട് ഹര്‍ജികള്‍ നിരസിക്കപ്പെട്ടില്ല എന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം താത്കാലികമായി ആശ്വാസം നല്‍കുന്ന ഒരു തീരുമാനമാണ്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിന് എതിരായി കോടതിയുടെ ചട്ടങ്ങള്‍ പ്രകാരം പുനഃപരിശോധനാ ഹര്‍ജിയാണ് ഫയല്‍ ചെയ്യേണ്ടതെന്നിരിക്കെ, ചട്ടപ്രകാരം അതിന് അനുവദിക്കപ്പെട്ട, 30 ദിവസം കഴിയുന്നതിനുമുമ്പ് വന്ന, റിട്ട് ഹര്‍ജികള്‍ സാധാരണ പ്രവേശനഘട്ടത്തില്‍ തന്നെ നിരസിക്കപ്പെടാറുണ്ട്. ഹര്‍ജിയില്‍ ഉത്തരവ് വന്നതിനുശേഷം റിട്ട് ഹര്‍ജികള്‍ കേള്‍ക്കാംഎന്ന് പറഞ്ഞു നീട്ടിവെച്ചത്, ഒരുപക്ഷേ റിട്ട് ഹര്‍ജികള്‍ മെറിറ്റുള്ളതെങ്കില്‍ പ്രത്യേകമോ പുനഃപരിശോധനാ ഹര്‍ജികളോടൊപ്പമോ കേട്ട് തീര്‍പ്പാക്കാനുള്ള സാധ്യതകള്‍ നിലനിര്‍ത്തുന്നു. 

പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ ചേംബറില്‍ എടുത്ത തീരുമാനം പുതുതായി കേസില്‍ കക്ഷിയാകാന്‍ പുനഃപരിശോധനാ ഹര്‍ജികള്‍ മുഖേന വന്നവര്‍ക്ക് താത്കാലികമായി ആശ്വാസം പകരുന്നു. വിശ്വാസസംബന്ധമായ ഒരു വിഷയമായതിനാല്‍ തങ്ങളുടെ വാദമുഖങ്ങള്‍ കോടതി ശ്രവിക്കാന്‍ തയ്യാറായില്ല എന്ന് തോന്നാതിരിക്കാന്‍ പ്രസ്തുത ഉത്തരവ് ഉതകും. 

ഒരു ഭരണഘടനാ ബെഞ്ച് തീരുമാനം ചോദ്യം ചെയ്തുകൊണ്ട് വന്ന ഹര്‍ജികള്‍ നിരാകരിച്ചില്ല എന്നത് കുറച്ചെങ്കിലും ആശയ്ക്കുവകനല്‍കുന്നു. ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ച നിയമം സ്റ്റേ ചെയ്യണമെങ്കില്‍ ആ വിധിന്യായത്തില്‍ ശരികേടുണ്ട് എന്നും അതിന്റെ നടപ്പിലാക്കല്‍ തിരുത്താനാകാത്ത സംഭവവികാസങ്ങളിലേക്ക് നയിക്കുമെന്നോ കോടതിക്ക് ബോധ്യപ്പെടണം. ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ച നിയനം, പുനഃപരിശോധനാ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനുമുമ്പ് കോടതി തന്നെ മരവിപ്പിക്കുകയോ തത്സ്ഥിതി നിലനിര്‍ത്തുകയോ ചെയ്താല്‍, അത് സ്ഥാപനത്തിന്റെ മഹനീയതയ്ക്ക് നിരക്കുന്നതാവില്ല. അതുകൊണ്ട് ഉത്തരവ് മരവിപ്പിക്കാത്തത് ഒരു തിരിച്ചടിയല്ല. എന്നാല്‍, ഒരു വ്യവഹാര അദ്ഭുതത്തില്‍ കുറഞ്ഞതൊന്നും തന്നെയും ശബരിമല വിധിയെ ആത്യന്തികമായി മാറ്റിമറിക്കാന്‍ പ്രാപ്തമാകുകയില്ല എന്നതാണ് യാഥാര്‍ഥ്യം.

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകന്‍)