ഓരോ ശബരിമല സീസണും ഒരു ദുരന്തനിവാരണ വിദഗ്ദ്ധന്‍ എന്ന നിലയില്‍ ഞാന്‍ ഏറെ പേടിയോടെ നോക്കിക്കാണുന്ന ഒന്നാണ്. കാരണം നൂറോ അതിലധികമോ ആളുകള്‍ മരിക്കുന്ന ഒരു ദുരന്തം ശബരിമലയില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ലക്ഷക്കണക്കിന് ആളുകള്‍ മല കയറുന്നു.  കാലാവസ്ഥ മുതല്‍ കാട്ടാന വരെ വില്ലനാവാം. റോഡപകടങ്ങള്‍ മുതല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം വരെ സംഭവിക്കാം. മനഃപ്പൂര്‍വം കുഴപ്പം ഉണ്ടാക്കുന്നതുതൊട്ട് ഒരു കുസൃതിയുടെ നുണബോംബാണെങ്കിലും മതി വന്‍തിരക്കും ആള്‍നാശവുമൊക്കെ ഉണ്ടാക്കാന്‍.

വലിയ തിരക്കുണ്ടാകുന്ന പരിപാടികള്‍ ലോകത്ത് അപൂര്‍വമല്ല. തീര്‍ത്ഥാടനം തൊട്ട് മ്യൂസിക് ഫെസ്റ്റിവല്‍ വരെ ഇത്തരത്തില്‍ ഉണ്ട്. പക്ഷെ, ശബരിമല പലതരത്തിലും അപൂര്‍വമാണ്. ദൈര്‍ഘ്യം തന്നെ പ്രധാന വ്യത്യാസം. ഏതാണ്ട് രണ്ട് മാസക്കാലം ആണ് ഇപ്പോള്‍ ശബരിമല സീസണ്‍. രണ്ടാമത്, എന്ന് എത്ര പേര്‍ വരുമെന്ന് മുന്‍കൂട്ടി പറയാന്‍ പറ്റില്ല. ആളുകൂടുന്ന ദിവസവും മോശം കാലാവസ്ഥാ ദിവസവും ഒന്നിച്ചുവന്നാല്‍ തന്നെ മതി കുഴപ്പമുണ്ടാവാന്‍. ഇവര്‍ വന്നു കൂടുന്ന സ്ഥലത്തില്‍ എളുപ്പത്തില്‍ സുരക്ഷിതമാക്കാന്‍ പറ്റുന്ന അതിരുകള്‍ ഇല്ല. പല നാട്ടുകാര്‍ ആയതിനാല്‍ ഒരേ ഭാഷയില്‍ അവരും ആയി സംവദിക്കാന്‍ പറ്റില്ല എന്നിങ്ങനെ പലതുണ്ട് പ്രശ്‌നങ്ങള്‍. ഇതൊന്നും പോരാത്തതിന് ആള്‍ക്കൂട്ടത്തെ അറിയാനും നിയന്ത്രിക്കാനും വികസിത രാജ്യങ്ങളില്‍ ലഭ്യമായ പല സംവിധാനങ്ങളും ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭ്യവുമല്ല.

ഇതൊക്കെ ആലോചിക്കുമ്പോഴാണ് അപകടമില്ലാതെ കടന്നുപോകുന്ന സീസണുകള്‍ അതിശയവും ഭാഗ്യവുമായി നമുക്ക് തോന്നുന്നത്. ഈ വര്‍ഷം യാതൊരു വന്‍അപകടങ്ങളും ഇല്ലാതെ സീസണ്‍ കടന്നുപോയതിന് പക്ഷെ ഭാഗ്യത്തിനും അപ്പുറം ചില കാര്യങ്ങള്‍ ഉണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നേരത്തേ തന്നെ ആസൂത്രണം ചെയ്ത ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അപകടം ഇല്ലാതാക്കാന്‍ വലിയ പങ്കു വഹിച്ചു. അതുകൊണ്ടുതന്നെ ശബരിമലയില്‍ അപകടം ഇല്ലെങ്കിലും ഇത്തവണത്തെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തയാവേണ്ടതാണ്.

വകുപ്പുകളുടെ സംയോജനം: പോലീസ് മുതല്‍ ആരോഗ്യം വരെ, വനം മുതല്‍ ജലസേചനം വരെ ഒരു ഡസനില്‍ അധികം വകുപ്പുകള്‍ ആണ് ശബരിമല തീര്‍ത്ഥാടനം നല്ല രീതിയില്‍ നടത്താനായി പമ്പയിലും സന്നിധാനത്തും ഒക്കെയായി പ്രവര്‍ത്തിക്കുക. അവ തമ്മില്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ദുരന്തലഘൂകരണത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇത്തവണ അത് ഫലപ്രദമായി നടിപ്പിലാക്കി.

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍: വകുപ്പുകളുടെ സംയോജനത്തിനും അപകടം ഉണ്ടായാല്‍ യോജിച്ചുള്ള പ്രവര്‍ത്തനത്തിനുമായി പമ്പയില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉണ്ടായിരുന്നു. ശബരിമല സീസണ്‍ തുടങ്ങും മുന്‍പേ തന്നെ മന്ത്രി അടൂര്‍ പ്രകാശ് ഇത് ഉദ്ഘാടനം ചെയ്തു. സമയാസമയത്ത് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാകളക്ടര്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 

സുരക്ഷായാത്ര: ശബരിമല സീസണിനു മുന്‍പുതന്നെ വിവധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പമ്പ മുതല്‍ സന്നിധാനം വരെ ഒരു യാത്ര നടത്തി. സുരക്ഷയില്‍ പ്രധാനമായ കാര്യങ്ങള്‍, തയ്യാറെടുപ്പുകള്‍ എല്ലാം സംഘം വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാനുള്ള നിര്‍ദ്ദേശം നല്കി.  ഒരുമിച്ചുള്ള യാത്ര ഒരു ഒത്തൊരുമക്കും ഉപകരിച്ചു.

സുരക്ഷിത പാത: ശബരിമലയിലേക്കുള്ള യാത്രയിലെ അപകടങ്ങള്‍ തുടങ്ങുന്നത് പമ്പയില്‍ അല്ല. തീര്‍ത്ഥാടകര്‍ അവരുടെ വീട്ടില്‍നിന്നും ഇറങ്ങുമ്പോളാണ്.  കേരളത്തിലെ പല റോഡുകളിലും തീര്‍ത്ഥാടനകാലത്ത് വാഹനങ്ങളുടെ എണ്ണം ഇരട്ടിക്കുകയോ പല മടങ്ങാവുകയോ ചെയ്യും. ഇതില്‍ പലരും കേരളത്തില്‍ വണ്ടി ഓടിച്ചിട്ടില്ലാത്തവര്‍ തന്നെയാകാം. ഇതെല്ലാം മുന്‍നിര്‍ത്തി ശബരിമലയിലേക്ക് സുരക്ഷിതയാത്രക്കുള്ള സുരക്ഷിതപാത എന്ന ഒരു ലഘുലേഖ ദുരന്തനിവാരണ വകുപ്പ് തയ്യാറാക്കി വിതരണം ചെയ്തു. യാത്രയില്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, അപകടം ഉണ്ടായാല്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ എല്ലാം ഒരു സ്ഥലത്തുതന്നെ ലഭ്യമാക്കി.

പമ്പയിലെ ജലനിരപ്പ്: ആളുകള്‍ ഇറങ്ങുന്ന സ്ഥലത്ത് പുഴയുടെ ആഴം മാര്‍ക്ക് ചെയ്തു വച്ചിരുന്നു. കൂടാതെ വൃഷ്ടി പ്രദേശത്തെ മഴയുടെ അളവനുസരിച്ച് പമ്പയിലെ ജലനിരപ്പ് ഉയരുന്നത് കണ്ട് മുന്നറിയിപ്പുകള്‍ വേറെയും നല്‍കിയിരുന്നു. 

ആള്‍ക്കൂട്ടത്തിന്റെ നിയന്ത്രണം: ശബരിമലയിലെ ഏറ്റവും വലിയ ദുരന്തസാധ്യത മലമുകളില്‍ അനിയന്ത്രിതമായി ആളു കൂടുന്നതാണ്. ഇതിന്റെ പരിഹാരം മലയുടെ താഴെ തന്നെ വച്ച് തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുക എന്നതാണ്. ഇത്തവണ മലമുകളില്‍ ഒരു സമയത്ത് ഏതാണ്ട് ഒരു ലക്ഷത്തിനു മുകളില്‍ ആളുകള്‍ എത്തിയാല്‍ ശരണപാതയില്‍ മുന്‍കൂട്ടിതന്നെ തീര്‍ത്ഥാടകരെ പറഞ്ഞു മനസ്സിലാക്കി നിയന്ത്രിക്കുക എന്ന പദ്ധതി നടപ്പിലാക്കി. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ക്കും മറ്റുള്ളവര്‍ക്കും അനിയന്ത്രിതമായ സാഹചര്യങ്ങള്‍ ഉണ്ടായില്ല.

ഗതാഗത സംവിധാനങ്ങള്‍: ശബരിമലക്കാലത്ത് കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയ്യുന്ന സേവനങ്ങളെ നാം തീര്‍ച്ചയായും അഭിനന്ദിക്കേണ്ടതാണ്.  പതിവുപോലെ ഏതെങ്കിലും ഒരു ചെറിയ പ്രശ്‌നം ആയിരിക്കും വാര്‍ത്താപ്രാധാന്യം നേടുന്നത്. പക്ഷെ മകരവിളക്ക് കഴിഞ്ഞ് നടയിറങ്ങിയ ആയിരക്കണക്കിന് അയ്യപ്പന്‍മാരെ മൂന്നു മണിക്കൂറിനകം മുന്നൂറ്റി അന്‍പത് ചെയിന്‍ സര്‍വീസില്‍ മലയിറങ്ങി തിരക്ക് ഒഴിവാക്കിയതുപോലുള്ള കഥകളും വാര്‍ത്തയാകണം.

വാര്‍ത്താ വിനിമയം: മലയിലുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റകള്‍ തമ്മിലുള്ള വാര്‍ത്താവിനിമയം കൂടാതെ ഇതുമായി ബന്ധപ്പെട്ട ജില്ലാകളക്ടര്‍, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്, വകുപ്പ്മന്ത്രി എന്നിവര്‍ ചേര്‍ന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വാര്‍ത്തകള്‍ സമയാസമയം എല്ലാവരെയും അറിയിക്കുവാനും വേണ്ടപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാനും സഹായിച്ചു. ഈ ഗ്രൂപ്പിന്റെ ഭാഗമായതിനാല്‍ നിലക്കലില്‍ ആനയിറങ്ങിയതു മുതലുള്ള ശബരിമലയിലെ ഇത്തവണത്തെ എല്ലാ നീക്കങ്ങളും അറിയാനും എനിക്കും സാധിച്ചു.

ഇനിയും ഏറെ ചെയ്യാനുണ്ട്: ശബരിമലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം തിരക്ക് കുറവായിരുന്നു. തമിഴ്‌നാട്ടില്‍ ഉണ്ടായ വെള്ളപ്പൊക്കം ഇതിനൊരു കാരണം ആണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ വിജയത്തെ നമ്മള്‍ എളിമയോടെ അംഗീകരിച്ച് കൂടുതല്‍ ആളുകള്‍ വരുന്ന വര്‍ഷത്തേക്ക് തയ്യാറെടുക്കാനുള്ള പരീക്ഷണം (trial run) ആയി കാണണം. എന്നാല്‍ മുന്‍കൂട്ടിയുള്ള ആസൂത്രണത്തിന്റേയും സംയോജനത്തിന്റേയും സമയാസമയത്തുള്ള വാര്‍ത്താവിനിമയത്തിന്റേയും ഗുണം എല്ലാവരും മനസ്സിലാക്കിയിട്ടും ഉണ്ട്. അടുത്തവര്‍ഷത്തേക്ക് കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

1. എല്ലാ വകുപ്പുകളും കൂടെ ഒരു ഡിബ്രീഫിംഗ് സെഷന്‍ നടത്തുക. ഏതുകാര്യങ്ങള്‍ നന്നായി നടന്നു, എവിടെ കുറച്ചുകൂടി ശ്രദ്ധിക്കണം, ഇതെല്ലാം ചര്‍ച്ചചെയ്ത് തീരുമാനങ്ങള്‍ എടുക്കണം. അടുത്ത വര്‍ഷത്തേക്ക് ഇത് നടപ്പിലാക്കാമല്ലോ.

2. ശബരിമലയില്‍ നടപ്പിലാക്കിയ പദ്ധതി ഒരു Standard Operating Procedure ആയി പ്രസിദ്ധീകരിക്കണം. അപ്പോള്‍ വ്യക്തികള്‍ മാറിയാലും സംവിധാനം നിലനിലക്കുമല്ലോ.

3. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിനെ കുറച്ചുകൂടി വിപുലമായ സംവിധാനങ്ങള്‍ ഒക്കെ ഉള്ള ഒരു സ്ഥലം ആക്കണം. പ്രത്യേകിച്ചും തിരക്കില്ലാതെ എപ്പോഴും എത്തിപ്പറ്റാന്‍ കഴിയുന്നതും, സ്വന്തമായി ജനറേറ്റര്‍ ഒക്കെ ഉള്ളതും ആയിരിക്കണം ഇത്. എല്ലാ ആളുകള്‍ക്കും എപ്പോഴും കയറിവരാന്‍ പറ്റാത്ത തരത്തില്‍ രണ്ടാമത്തെ നിലയിലോ മറ്റോ സെക്യൂരിറ്റിയോടു കൂടിയുള്ളതായിരിക്കണം ഇത്.

4. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല സംഘാംഗങ്ങളും മണ്ഡലകാലം മുഴുവന്‍ 24/7 ജോലി ചെയ്യുന്ന ഒരു സംവിധാനമാണ് ഉള്ളത്. ഇതു മാറ്റിവച്ചിട്ട് പരമാവധി ഒറ്റയടിക്ക് 14 ദിവസവും (7 ദിവസം ആണ് കൂടുതല്‍ ശരി) ദിവസത്തില്‍ 12 മണിക്കൂര്‍ മാത്രം ഡ്യൂട്ടി  നല്‍കണം. സമയവും ജോലിയും കൂടുന്ന സമയത്ത് ജോലിയില്‍ തെറ്റുകള്‍ ഉണ്ടാക്കാനുള്ള സാധ്യത എല്ലാവര്‍ക്കും ഉണ്ട്. അത് എമര്‍ജന്‍സി അംഗങ്ങള്‍ക്കും ബാധകമാണ്. പക്ഷെ എമര്‍ജന്‍സിക്കാര്‍ തെറ്റുവരുത്തിയാല്‍ അതിന്റെ പ്രത്യാഘാതം വലുതാണല്ലോ.

5. എമര്‍ജന്‍സി ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലകാലത്തിനു മുന്‍പുതന്നെ ഡ്യൂട്ടിയില്‍ വരാനിടയിലുള്ള എല്ലാവരേയും പറഞ്ഞു പഠിപ്പിക്കണം അതവരുടെ ജോലിയുടെ (TOR ) ഭാഗമാകുകയും വേണം.

6. എമര്‍ജന്‍സി ടീമില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പടെ ശബരിമലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ആരോഗ്യപരമായി ജോലി ചെയ്യാനും വിശ്രമിക്കാനുമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.