പ്രതിദിനം ശരാശരി 11 പേരാണു കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നത്. എന്നിട്ടു പോലും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ വരാപ്പുഴയും കാസര്‍കോടും ഉണ്ടായ അപകടങ്ങളില്‍ നാലാള്‍ വീതം മരിച്ചത് നമ്മെ വീണ്ടും നടുക്കുകയാണ്. മറ്റുള്ള അപകടങ്ങള്‍ ഒന്നോ രണ്ടോ പേരെയാണു കൊല്ലുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക വാര്‍ത്തകള്‍ക്കപ്പുറം അതു പോകുന്നില്ല. എന്നാല്‍ അപകടത്തില്‍ ഒരാള്‍ മരിച്ചാലും 10 പേര്‍ മരിച്ചാലും അവരുടെ കുടുംബങ്ങള്‍ക്കെല്ലാം ആഘാതം ഒരുപോലെയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതുമാണ്. മരിക്കുന്നതിലുമെത്രയോ അധികം പേര്‍ പരിക്കേറ്റു സ്വയവും കുടുംബത്തെയും ദുരിതത്തില്‍ ആഴ്ത്തുന്നു.
റോഡില്‍ മാത്രമല്ല, മലയാളികള്‍ അപകടത്തില്‍ മരിക്കുന്നത്. ഒരു വര്‍ഷം ആയിരത്തഞ്ഞൂറോളം പേര്‍ മുങ്ങിമരിക്കുന്നു, എഴുന്നൂറോളം പേര്‍ ഫ്‌ളാറ്റു പണിക്കിടയിലും മറ്റുമായി ഉയരത്തില്‍നിന്നു വീണു മരിക്കുന്നു, അഞ്ഞൂറോളം പേര്‍ ട്രെയിനില്‍നിന്നു വീണും റെയില്‍വേ ട്രാക്കിലുമൊക്കെയായി മരിക്കുന്നു. മുന്നൂറില്‍ താഴെ ആളുകള്‍ ഷോക്കേറ്റു മരിക്കുന്നു. മുപ്പതോളം പേര്‍ ആന കുത്തി മരിക്കുന്നു. ഒരു വര്‍ഷം അപകടത്തില്‍ മരിക്കാനുള്ള സാധ്യത മലയാളിക്ക് ഇപ്പോള്‍ മൂവായിരത്തില്‍ ഒന്നിലും താഴെ ആണ്. ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ഒരുമിച്ചു യുദ്ധം നടത്തിയിരുന്ന 2003-2011 കാലഘട്ടത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ അപകടത്തില്‍ മരിക്കാനുള്ള ശരാശരി സാധ്യത നാലായിരത്തില്‍ ഒന്നിലും മുകളില്‍ ആയിരുന്നു എന്നുകൂടി നാം കൂട്ടി വായിക്കണം. സൈന്യത്തില്‍ ചേരുന്ന അമേരിക്കക്കാരന്‍ യുദ്ധത്തില്‍ മരിക്കാനുള്ള സാധ്യതയേക്കാള്‍ കൂടുതലാണു ചുമ്മാ ജീവിച്ചു പോകുന്ന ഒരു ശരാശരി മലയാളിയുടെ അപകടത്തില്‍ മരിക്കാനുള്ള സാധ്യത എന്നതു നമ്മെ നടുക്കേണ്ടതാണ്.
ഇപ്പോള്‍ ലോകത്തില്‍ ലഭ്യമായ അറിവുകളും അനുഭവങ്ങളുംവച്ച് അതിലെ നല്ല പാഠങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കിയാല്‍തന്നെ മരണനിരക്ക് അടുത്ത അഞ്ചു വര്‍ഷത്തിനകം ഇപ്പോഴത്തേതിന്റെ പകുതിയാക്കാം. അതായത് അടുത്ത അഞ്ചു വര്‍ഷത്തിനകം ഇരുപതിനായിരം ജീവന്‍ നമുക്കു രക്ഷിച്ചെടുക്കാം. സുരക്ഷാശാസ്ത്രത്തിലെ ആധുനികചിന്തകള്‍ക്കനുസരിച്ച പുതിയ നിയമങ്ങള്‍, അത് നടപ്പാക്കാന്‍ വ്യാപകമായ അധികാരങ്ങളോടുകൂടിയ ഒരു വകുപ്പ്, അതില്‍ സുരക്ഷാവിഷയങ്ങളെപ്പറ്റി ശാസ്ത്രീയമായി അറിയുന്ന വിദഗ്ദ്ധന്മാര്‍, നഴ്‌സറി-സ്‌കൂള്‍ തലം തൊട്ടു തുടങ്ങുന്ന സുരക്ഷാബോധവല്‍ക്കരണം, എല്ലാ തൊഴില്‍ പരിശീലനത്തിന്റെയും ഭാഗമായ സുരക്ഷാ പരിശീലനം, ഓരോ അപകടമുണ്ടാകുമ്പോഴും അതിന്റെ മൂലകാരണം കണ്ടുപിടിക്കാനുദ്ദേശിച്ചുള്ള ഇന്‍സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍, ഒരപകടമുണ്ടായാല്‍ എങ്ങനെ പ്രഥമശുശ്രൂഷ നല്‍കും എന്ന കാര്യത്തില്‍ വ്യാപകമായ പരിശീലനം, അപകടത്തില്‍പ്പെട്ടവരെ ഏറ്റവും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സംവിധാനം... ഇതൊക്കെയുണ്ടെങ്കില്‍
ഈ കൂട്ടക്കുരുതിക്ക് നമുക്ക് അന്ത്യം കുറക്കാം.
പക്ഷെ, തല്‍ക്കാലം ഇതൊന്നും നടക്കുന്ന മട്ടില്ല. 1971-ല്‍ കേരളത്തിലെ ജനസംഖ്യ 2.13 കോടിയായിരുന്ന സമയത്ത് ഒരു വര്‍ഷത്തില്‍ റോഡപകടത്തില്‍ മരണം 636 ആയിരുന്നു. എല്ലാ അപകടങ്ങളിലും കൂടിയുള്ള മരണം 1765 ആയിരുന്നു. 2011 ആയപ്പോള്‍ റോഡപകടത്തില്‍ മരണം 4000 കടന്നു. മൊത്തം അപകടസംഖ്യ എണ്ണായിരത്തിന് അടുത്തെത്തി. കേരളത്തിലെ ജനസംഖ്യയാകട്ടെ വെറും 50% വര്‍ദ്ധിച്ച് 3.32 കോടിയായി. അതായത് ജനസംഖ്യാ വര്‍ധദ്ധയുടെ പത്തിരട്ടി വേഗത്തിലാണു റോഡപകടങ്ങളിലെ മരണങ്ങളുടെ വളര്‍ച്ച. വേഗമേറിയ കാറുകളും ഉയരത്തിലുള്ള കെട്ടിടങ്ങളും നീന്തല്‍ പഠിക്കാത്ത പുതുതലമുറയും സുരക്ഷാബോധമില്ലാത്ത സമൂഹവുമെല്ലാം നമ്മുടെ അപകടസാധ്യതള്‍ പ്രതിദിനം കൂട്ടുകയാണ്. 2015-ല്‍ റോഡപകടങ്ങളിലെ 4196 മരണം ഉള്‍പ്പടെ 8635 പേരാണു കേരളത്തില്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന അപകടങ്ങളില്‍പ്പെട്ടു മരിച്ചത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതൊരു വിഷയം പോലുമായിരുന്നില്ല. ഇതിനെതിരെ സമഗ്രമായ ഒരു പദ്ധതിയും ഇല്ല. ഈ സമൂഹത്തിന് ഇതില്‍പ്പരം എങ്ങനെ ഷോക്ക് തെറാപ്പി കൊടുക്കാന്‍ പറ്റും?
തല്‍ക്കാലത്തേക്കെങ്കിലും തനിക്കു താനും പുരക്ക് തൂണും എന്ന സ്ഥിതിയാണു സുരക്ഷാ കാര്യങ്ങളില്‍ കേരളത്തിന്റേത്. അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളും ബോധവുമില്ലാത്ത ഈ സമൂഹത്തിലും ചില നിസാര മുന്‍കരുതലുകള്‍ കൊണ്ട് ഓരോ വ്യക്തിക്കും അവരവരുടെ അപകടസാധ്യത കുറക്കാന്‍ പറ്റും. അതിനായി ആദ്യം ചെയ്യേണ്ടത് അപകടമെന്നതു മറ്റുള്ളവര്‍ക്കു മാത്രം സംഭവിക്കുന്ന ഒന്നല്ല എന്നുറച്ചു വിശ്വസിക്കുകയാണ്. നാളത്തെ മരണവാര്‍ത്ത നിങ്ങളുടേതാകാം. അതിനുള്ള സാധ്യത കുറക്കാന്‍ ഇനി പറയുന്ന പത്തു കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ അങ്ങു ചെയ്യുക. സുരക്ഷിതരായിരിക്കുക.
1. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര അരുത്
2. കാറില്‍ കയറിയാലുടന്‍ മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും സീറ്റ് ബെല്‍റ്റിടുക. കുട്ടികള്‍ക്ക് ഒരു ഇന്‍ഫന്റ്‌സീറ്റ് വാങ്ങി ഉപയോഗിക്കുക.
3. ഡ്രൈവര്‍(അത് സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും) മദ്യപിച്ചിട്ടുണ്ടെന്ന് ഒരു സൂചന കിട്ടിയാല്‍പ്പിന്നെ ആ വാഹനത്തില്‍ യാത്ര ചെയ്യാതിരിക്കുക.
4. രാത്രി പത്തിനും രാവിലെ നാലിനുമിടയില്‍ റോഡ് യാത്ര ഒഴിവാക്കുക.
5. ജലസുരക്ഷയെപ്പറ്റി നല്ല ബോധമുള്ള ആരെങ്കിലും കൂടെയില്ലെങ്കില്‍ വെള്ളത്തില്‍ കുളിക്കാനോ കളിക്കാനോ പോകാതിരിക്കുക.
6. ഒരുകാരണവശാലും ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍നിന്നു ചാടിയിറങ്ങുകയോ ചെയ്യാതിരിക്കുക.
7. നമ്മള്‍ പരിചയിച്ചിട്ടില്ലാത്ത പണികള്‍ (ഇലക്ട്രിക് റിപ്പയറിംഗ്, കിണര്‍ വൃത്തിയാക്കല്‍ തുടങ്ങിയവ) ചെയ്യാന്‍ ശ്രമിക്കാതിരിക്കുക.
8. ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ മടി കൂടാതെ ഉപയോഗിക്കുക.
9. ഒരപകട സാഹചര്യം വന്നാല്‍ സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുക.
10. നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമുക്കപകടം ഉണ്ടാകാമെന്നതിനാല്‍ ഉടന്‍ തന്നെ ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും എടുത്തുവെക്കുക.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണു മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്, ഐക്യരാഷ്ട്ര സഭയുടേതാകണമെന്നില്ല)