ന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന ആർ.സി.ഇ.പി. (റീജണൽ കോംപ്രിഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്) കരാറിന്റെ ദോഷവശങ്ങൾ ജനത്തിനുമുന്നിൽ അവതരിപ്പിക്കാൻ തയ്യാറായ ‘മാതൃഭൂമി’ക്കും വീരേന്ദ്രകുമാർ എം.പി.ക്കും അഭിനന്ദനം. ഒരു ചർച്ചയുമില്ലാതെ, കരാർവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെതിരേ സമൂഹത്തെ ബോധവത്കരിക്കുകയെന്ന മാധ്യമ ഉത്തരവാദിത്വം മാതൃഭൂമിയും ലേഖകനും ഏറ്റെടുക്കുന്നത് സന്തോഷംതരുന്നതാണ്. സെപ്‌റ്റംബറിൽ കരാർ സംബന്ധിച്ച് അവസാനവട്ട മന്ത്രിതലചർച്ചകൾ നടക്കുകയാണ്. അതുകൂടികഴിഞ്ഞാൽ കരാർ ഒപ്പിടുകയെന്ന ഔദ്യോഗികചടങ്ങുമാത്രമേ ബാക്കിയുണ്ടാവൂ. കേരളത്തിന്റെ കാർഷികമേഖലയിൽ ഇതുണ്ടാക്കുന്ന പ്രതിസന്ധി വളരെ വലുതായിരിക്കും. ഇതിനെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്.

 കർഷകർ ഇരുട്ടിലാവും

വിദേശരാജ്യങ്ങളുമായി ഒപ്പിടുന്ന സ്വതന്ത്ര വ്യാപാരക്കരാറുകൾ നമ്മെ എത്രത്തോളം പിന്നോട്ടടിക്കുമെന്ന് ഇതിനകംതന്നെ അനുഭവിച്ചറിഞ്ഞ ജനതയാണ് ഇവിടുള്ളത്. ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിവ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുമെന്നും ഇതിലൂടെ ദാരിദ്ര്യം തുടച്ചുനീക്കപ്പെടുമെന്നും നമ്മുടെ രാജ്യത്തിന് സാമ്പത്തികപുരോഗതി ഉണ്ടാകുമെന്നുമൊക്കെ സാധാരണജനത്തെ പറഞ്ഞുവിശ്വസിപ്പിച്ചാണ് 1990 മുതൽ കേന്ദ്രംഭരിച്ച സർക്കാരുകൾ ഇത്തരം കരാറുകൾക്കുപിന്നാലെ പോകുന്നത്. പക്ഷേ, പട്ടിണിമരണങ്ങളും കർഷക ആത്മഹത്യകളും നാൾക്കുനാൾ വർധിക്കുന്നു. കർഷകർ എന്ന വിഭാഗംതന്നെ തുടച്ചുനീക്കപ്പെടുന്നതിനുള്ള കളമൊരുങ്ങുന്നു. അവർ കൂട്ടത്തോടെ നഗരങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു. വിദേശകരാറുകളുടെ നല്ലവശങ്ങൾമാത്രം അധികാരികൾ പറയുമ്പോൾ മറുഭാഗം ബോധപൂർവം തമസ്കരിക്കപ്പെടുകയാണ്. ഈ ഇരുട്ടത്ത് നിൽക്കാൻ നിർബന്ധിക്കപ്പെടുകയാണ് കർഷകർ.

 രാജ്യത്തെ കാർഷികരംഗത്തിന്റെ ആഭ്യന്തരോത്പാദന വളർച്ച ഇപ്പോൾത്തന്നെ താഴോട്ടാണ്. ജി.ഡി.പി. സംബന്ധിച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഒ.) അടുത്തിടെ പുറത്തിറക്കിയ ഒന്നാംപാദ കണക്കനുസരിച്ച് കാർഷികമേഖലയുടെ വളർച്ച വെറും രണ്ടുശതമാനമാണ്. കഴിഞ്ഞവർഷം ആദ്യപാദത്തിൽ 5.1 ശതമാനമായിരുന്നു വളർച്ച. അതാണ് കുത്തനെ ഇടിഞ്ഞത്. കയറ്റുമതിയിലും വൻതിരിച്ചടിയാണ് നാം നേരിടുന്നത്. 2019 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഇന്ത്യയുടെ കാർഷികോത്പന്ന കയറ്റുമതി 60,614 കോടി രൂപയുടേതുമാത്രമാണ്. അരി, കാപ്പി, തേയില തുടങ്ങിയവയിലെല്ലാം കഴിഞ്ഞവർഷത്തെക്കാൾ കുറവാണ് ഇത്തവണത്തെ കയറ്റുമതി.

 നയം മാറിയേതീരൂ

വർഷത്തിൽ മൂന്നുപ്രാവശ്യമായി 6000 രൂപ കർഷകർക്ക് നൽകുന്ന പ്രധാനമന്ത്രിയുടെ ‘വരുമാനപിന്തുണ പദ്ധതി’കൊണ്ടുമാത്രം കർഷകർ രക്ഷപ്പെടില്ല. നയത്തിലുള്ള മാറ്റമാണ് അതിന് പ്രധാനമായും വേണ്ടത്. രാസവളങ്ങളുടെ വില വർധിപ്പിച്ചും കൃഷിക്ക് നൽകിക്കൊണ്ടിരുന്ന സബ്‌സിഡികൾ ഇല്ലാതാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തുകൊണ്ടും കർഷകരിൽനിന്ന്‌ പിഴിഞ്ഞെടുത്ത ഭീമമായ സംഖ്യയിൽനിന്ന്‌ ചെറിയ പങ്കുമാത്രമാണ് ഇപ്രകാരം കർഷകർക്ക് തിരിച്ചുനൽകുന്നത്. 

സ്വതന്ത്രവ്യാപാര കരാറുകൾ അംഗീകരിക്കുകയും കൃഷിഭൂമിയുൾപ്പെടെ വിദേശകുത്തകകൾക്ക് കൈമാറുകയുംചെയ്യുന്ന നയത്തിൽ മാറ്റമുണ്ടായാലേ കൃഷിചെയ്തെങ്കിലും കർഷകർക്ക് ജീവിക്കാനാവൂവെന്ന യാഥാർഥ്യം വിസ്മരിക്കരുത്. കരാർ ക്ഷീരമേഖലയ്ക്ക് ഏൽപ്പിക്കുന്ന പ്രഹരം ചെറുതല്ല. ഫ്രാൻസിൽനിന്നുള്ള ലാക്റ്റാലിസ് ഡയറി ഗ്രൂപ്പ് ഇതിനകംതന്നെ തിരുമലൈ ഡയറി, അനിക് ഡയറി, പ്രഭാത് ഡയറി തുടങ്ങിയവയെ ഏറ്റെടുത്തുകഴിഞ്ഞു. സംസ്കരിച്ച പാൽ വളരെ കുറഞ്ഞവിലയ്ക്ക് കമ്പോളത്തിൽ അവർ എത്തിക്കുന്നുണ്ട്.

 ജീവിതമാർഗം ഇല്ലാതാവുക  600 ദശലക്ഷം ക്ഷീരകർഷകർക്ക്‌്

 അടുത്തതായി ചൂണ്ടിക്കാട്ടാനുള്ളത് എ2 പാലിലൂടെ ക്ഷീരവ്യവസായത്തിൽ വന്ന മാറ്റം ബഹുരാഷ്ട്രകമ്പനികൾ മുതലാക്കുന്നതിനെക്കുറിച്ചാണ്‌. നാഷണൽ ബ്യൂറോ ഓഫ്‌ അനിമൽ ജനറ്റിക്‌ റിസോഴ്‌സസിന്റെ പഠനമനുസരിച്ച് ഇന്ത്യയിലെ 22 ജനുസ്സുകളിൽ 100 ശതമാനം എ2 കണികകളുള്ള (Beta Casein) പാലുത്പാദിപ്പിക്കാൻ ശേഷിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനം ഗിർ, സാഹിവാൾ, റെഡ്‌സിന്ധി, താർപാക്കർ തുടങ്ങിയ ഇനങ്ങളാണ്. ഇത്തരം പശുക്കളെ ഏതാനും വർഷംമുമ്പ് ബ്രസീൽപോലുള്ള രാജ്യങ്ങളിൽ എത്തിക്കുകയും പ്രജനനത്തിലൂടെ യൂറോപ്പിലെമ്പാടും വ്യാപകമാക്കുകയും ചെയ്തു. സങ്കരയിനം പശുക്കളുടെ പാൽ ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കൊക്കെ കാരണമാകുമെന്ന മട്ടിലുള്ള പ്രചാരണം കമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞു. എ2 പാൽ ഉപയോഗിക്കുന്നതിലൂടെ സമ്പൂർണ ആരോഗ്യവും രോഗപ്രതിരോധശക്തിയും വർധിക്കും എന്നതരത്തിലാണ് എ2 പാലുത്‌പാദന കമ്പനികൾ പ്രചാരണംനടത്തി വിപണിയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ധവളവിപ്ലവത്തിന്റെ ഭാഗമായി സർക്കാർ നടത്തിയ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി ഇന്ത്യയിൽ സങ്കരയിനം പശുക്കളുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളത്. 90 ശതമാനം ക്ഷീരകർഷകരും സങ്കരയിനം പശുക്കളെയാണ് ഇപ്പോൾ വളർത്തുന്നത്. പതുക്കെ A2 ഉത്‌പാദനക്കമ്പനികൾ കമ്പോളം കൈയടക്കുമ്പോൾ രാജ്യത്ത്  ജീവിതമാർഗം നഷ്ടപ്പെടുക 600 ദശലക്ഷം  ക്ഷീരകർഷകർക്കായിരിക്കും.

നിലവിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറുകളുള്ള ആസിയാൻ രാജ്യങ്ങൾക്കും ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കും ഉദാരമായി നികുതിയിളവുകൾ നൽകി കരാറുകൾ നടപ്പാക്കാൻ ഇപ്പോൾത്തന്നെ ഇന്ത്യ ബാധ്യസ്ഥമാണ്. ആർ.സി.ഇ.പി. കരാർ ധാരണയാകുന്നതോടെ ആദ്യപടിയായി വാണിജ്യോത്‌പന്നങ്ങളുടെ 28 ശതമാനം ഇനങ്ങൾക്ക് ഇറക്കുമതിത്തീരുവ എടുത്തുകളയുമെന്നാണ് സൂചന. കാർഷികമേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ജർമനിയുടെ അഗ്രോ കെമിക്കൽ കമ്പനിയായ ബേയറും അമേരിക്കൻ വിത്തുകമ്പനിയായ മൊൺസാന്റോയും ലയിക്കുന്നതോടെ ഈ രണ്ടുമേഖലയിലുള്ള ഉത്‌പന്നങ്ങളുടെ ആഗോളകുത്തക ഇവ ലയിക്കുന്ന ഭീമൻ കമ്പനികളുടെ കൈകളിലാകും എന്നുള്ളതാണ്. ഇന്ത്യപോലെ കാർഷികരംഗത്തെമാത്രം ആശ്രയിച്ച്‌ ജീവിക്കുന്ന സാധാരണകർഷകർക്ക് ഇത്തരം കമ്പനികൾ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.

 ചെറുകിട കച്ചവടക്കാർ നാമാവശേഷമാകും

റീട്ടെയിൽ വ്യാപാരരംഗത്തെ വിദേശനിക്ഷേപം ചെറുകിട കച്ചവടക്കാരെ പൂർണമായും നിലംപരിശാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെത്തന്നെയാണ് ഓൺലൈൻ വ്യാപാരവും. ആമസോൺ, വാൾമാർട്ട്, ആലിബാബ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ പൂർണമായും വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ആഗോള വാണിജ്യ-വ്യാപാര ഭീമൻമാരെ ഇന്ത്യയിൽ കൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം കരാർ. 

വിദേശനിക്ഷേപവും സ്വകാര്യവത്കരണവും എല്ലാ മേഖലയിലും വ്യാപിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ അദാനി, അംബാനി ഉൾപ്പെടെയുള്ള വ്യവസായികളാണ്. ഇത്തരം വ്യവസായികൾക്കായി ബാങ്കുകൾപോലും തങ്ങളുടെ നയങ്ങൾ മാറ്റിമറിക്കുന്നു. കിട്ടാക്കടം പെരുകിയാലും വീഴ്ചവരുത്തിയവരെ പിടികൂടാതെ മാറിനിൽക്കുന്നു. എന്നാൽ, മറുവശത്ത് പാവപ്പെട്ട കർഷകരെ ബാങ്കുകൾ കിട്ടാക്കടത്തിന്റെ പേരിൽ ജപ്തിഭീഷണി മുഴക്കി ആത്മഹത്യയിലേക്ക് നയിക്കുന്നു.

കാര്യങ്ങൾ ഈ അവസ്ഥയിലെത്തിയിട്ടും വിഷയം ഏറ്റെടുക്കാനോ പ്രക്ഷോഭരംഗത്തിറങ്ങാനോ രാജ്യത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടികളോ കർഷകസംഘടനകളോ എൻ.ജി.ഒ.കളോ മുന്നോട്ടുവരുന്നില്ല എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ഏതായാലും ‘മാതൃഭൂമി’യുടെ ഈ ഉദ്യമം ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അവർ ശക്തമായി പ്രതികരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കട്ടെ.

(സംസ്ഥാന ജലവിഭവവകുപ്പ്‌ 
മന്ത്രിയാണ്‌ ലേഖകൻ)