ഇന്ത്യ-ശ്രീലങ്ക സ്വതന്ത്രവ്യാപാരക്കരാർമുതൽ ഇന്ത്യൻ ഭരണകർത്താക്കൾ പറയുന്നത്‌ സ്വതന്ത്രവ്യാപാരക്കരാറുകൾ ഇന്ത്യക്ക്‌ ഗുണംചെയ്യുമെന്നാണ്‌. 1998 ഡിസംബർ 28-ന്‌ കരാർ ഒപ്പിടുന്നതിന്‌ ഒരു മാസംമുമ്പുമാത്രമാണ്‌ ഇതുസംബന്ധിച്ച വാർത്തകൾ പത്രങ്ങളിൽ വന്നത്‌. ഈ കരാർ അപകടംചെയ്യുമെന്ന്‌ നാളികേര വികസന ബോർഡിലെ ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആദ്യവാരത്തിൽ കോഴിക്കോട്ടുനടന്ന  കൺവെൻഷനായിരിക്കണം സ്വതന്ത്രവ്യാപാരക്കരാറിനെതിരായ ലോകത്തിലെ ആദ്യത്തെ കൺവെൻഷൻ. പ്രൊഫ. നഞ്ചുണ്ടസ്വാമിയും തോമസ്‌ കോച്ചേരിയും പങ്കെടുത്ത യോഗത്തിലാണ്‌ സ്വതന്ത്രവ്യാപാരക്കരാർ വിരുദ്ധസമിതിക്ക്‌ (Anti Free Trade Agrement Committee) രൂപംനൽകിയത്‌. ഇതിന്റെ ദേശീയസമിതിയിൽ ചുമതലകൾ ഏറ്റെടുത്തവരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേർ ഈ ലേഖകനും മലനാട്‌ കർഷകരക്ഷാസമിതിയുടെ രാജു സേവ്യറുമാണ്‌. 

ശ്രീലങ്കൻ കരാർ നമ്മോടുചെയ്തത്‌
ഇതിനുശേഷം െബംഗളൂരുവിൽ ഫാർമേഴ്‌സ്‌ റിലീഫ്‌ ഫോറം വർക്കിച്ചേട്ടൻ ഉൾപ്പെടെയുള്ള പ്രതിനിധിസംഘം രാമകൃഷ്ണഹെഗ്‌ഡെയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്‌ ‘നാം ശ്രീലങ്കയെ തകർക്കും’ എന്നായിരുന്നു. എന്നാൽ, സംഭവിച്ചത്‌ മറ്റൊന്നായിരുന്നു. ആർ.സി.ഇ.പി. കരാർ വരുമ്പോൾ നാമിത്‌ വിലയിരുത്തേണ്ടതാണ്‌. 1999 ഡിസംബറിൽ നുള്ളുതേയിലയ്ക്ക്‌ ചെറുകിട കർഷകന്‌ കിട്ടിയവില 16 രൂപയാണ്‌.  ഇത്‌  റെക്കോഡ്‌ വിലയായിരുന്നു. കരാർ നിലവിൽവന്ന്‌ നാലുവർഷം കഴിഞ്ഞപ്പോൾ 2004 ഡിസംബറിൽ ഇടുക്കി, വയനാട്‌ ജില്ലകളിലെ നുള്ളുതേയിലയ്ക്ക്‌  കർഷകന്‌ കിട്ടിയ വില കുത്തനെ കുറഞ്ഞ്‌ നാലുരൂപയായി. ഇതെന്തുകൊണ്ട്‌ സംഭവിച്ചെന്നത്‌ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്‌.  കരാർ വ്യവസ്ഥപ്രകാരം നിശ്ചയിക്കപ്പെട്ട ഇറക്കുമതിയുടെ പരിധി തേയിലയുടെ കാര്യത്തിൽ പ്രതിവർഷം 15 ദശലക്ഷം  കിലോഗ്രാമായിരുന്നു. 2000 മുതൽ 2015  ഏപ്രിൽവരെയുള്ള  കാലഘട്ടത്തിൽ ഒരിക്കലും ഇന്ത്യയിലേക്കുള്ള തേയിലയുടെ ഇറക്കുമതി ഇതിന്റെ  അഞ്ചുശതമാനത്തിൽപ്പോലും എത്തിയില്ല.

ലാഭം ആരുണ്ടാക്കി ?
ഇനി ശ്രീലങ്കയുടെ കാര്യമെടുത്താൽ, ഇന്ത്യയിൽനിന്ന്‌ ശ്രീലങ്കയിലേക്കുള്ള കയറ്റുമതി 2001-ൽ നിശ്ചയിക്കപ്പെട്ട പരിധിയുടെ 4.1 ശതമാനവും 2002-ൽ 3.2 ശതമാനവും 2003-ൽ 2.9 ശതമാനവുമാണ്‌. എന്നാൽ, രണ്ടുരാജ്യത്തെയും നുള്ളുതേയിലയുടെ വില നാലിലൊന്നായി ചുരുങ്ങി. എന്നാൽ, ചായപ്പൊടി വിൽക്കുന്ന കുത്തകകൾ ഉത്‌പന്നത്തിന്റെ വിൽപ്പനവില കുറച്ചില്ല. ചെറുകിടകർഷകന്റെ നഷ്ടം കോർപ്പറേറ്റുകൾക്ക്‌ ഇവിടെ നാലിരട്ടി ലാഭമുണ്ടാക്കി. ശ്രീലങ്കയിലെ സ്ഥിതിയും മറിച്ചല്ല.  ഇതുതന്നെ കാപ്പിയുടെ കാര്യത്തിലും സംഭവിച്ചു. സംസ്കരിക്കാത്ത കാപ്പിക്കുരുവിന്റെ 1999 ഡിസംബറിലെ വില 63 രൂപയായിരുന്നത്‌ 2004 ഡിസംബറിൽ 18 രൂപയായി. കുത്തകക്കമ്പനി ഇറക്കിയ സംസ്കരിച്ച കാപ്പിപ്പൊടിയുടെ വിലയിൽ കുറവില്ലാത്തതിനാൽ അവരുടെ ലാഭം ഇരട്ടിച്ചു. തേങ്ങയുടെയും കുരുമുളകിന്റെയും ജാതിക്കയുടെയും കാര്യത്തിൽ ഇതുതന്നെ ആവർത്തിച്ചു. രണ്ടുരാജ്യത്തെയും കർഷകന്‌ നഷ്ടം സംഭവിച്ചപ്പോൾ കോർപ്പറേറ്റുകൾക്ക്‌ ലാഭം വർധിച്ചു. ഇറക്കുമതി മാത്രമല്ല ഇറക്കുമതി സാധ്യതയും കർഷകന്‌ കിട്ടുന്ന വിലയെ ബാധിക്കും. അതിനാൽ ഉയർന്ന ഇറക്കുമതിത്തീരുവ ആവശ്യമാണെന്ന സാമ്പത്തികസത്യം കോർപ്പറേറ്റുകളുടെ ലാഭവർധനമാത്രം ലക്ഷ്യംവെക്കുന്ന ഭരണാധികാരികൾ സൗകര്യപൂർവം മറക്കുന്നു.

കോർപ്പറേറ്റുകൾക്കൊപ്പം ഒരു സർക്കാർ
ആർ.സി.ഇ.പി. കരാർപ്രകാരം ഇറക്കുമതിത്തീരുവ കുറച്ചാലുണ്ടാകുന്ന അപകടം എത്ര വലുതാണെന്നതിന്‌ ഒരു ഉദാഹരണം പറയാം: 2019 ജനുവരി ഒന്നിന്‌ ആസിയാൻകരാർപ്രകാരം പാമോയിലിന്റെ ഇറക്കുമതിത്തീരുവ വീണ്ടും കുറച്ചു. കരാർ ഒപ്പിട്ടപ്പോൾത്തന്നെ 2019 ജനുവരി ഒന്നിന്‌ ഇറക്കുമതിത്തീരുവ കുറയ്ക്കുന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതുപ്രകാരം അസംസ്കൃതപാമോയിലിന്റെ ഇറക്കുമതിത്തീരുവ 44 ശതമാനത്തിൽനിന്ന്‌ 40 ആക്കി സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിത്തീരുവ 54 ശതമാനത്തിൽനിന്ന്‌ 45 ആക്കി. മറ്റ്‌ ആസിയാൻ രാജ്യങ്ങളിൽ ഇത്‌ 50 ശതമാനമാണ്‌.

2019 ജനുവരിമുതൽ ജൂൺ 30 വരെ സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിയിലുണ്ടായ വർധന 516 ശതമാനമാണ്‌. ക്രൂഡ്‌ പാമോയിലിന്റെയും സംസ്കരിച്ച പാമോയിലിന്റെയും ഇറക്കുമതിത്തീരുവയിലുള്ള വ്യത്യാസം അഞ്ചുശതമാനംമാത്രമായപ്പോൾ ക്രൂഡ്‌ പാമോയിൽ ഇറക്കുമതിചെയ്ത്‌ സംസ്കരിച്ചുവിൽക്കുന്ന അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക്‌ ലാഭം കുറഞ്ഞു. സോൾവന്റ്‌ എക്സ്‌ട്രാക്‌ഷൻ അസോസിയേഷന്റെ പേരിൽ വാണിജ്യമന്ത്രാലയത്തിലെ വ്യാപാരസംരക്ഷണ വിഭാഗത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ്‌ 26-ാം തീയതി  മലേഷ്യയിൽനിന്നുള്ള സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിത്തീരുവ അഞ്ചുശതമാനം വർധിപ്പിച്ച്‌ 50 ശതമാനമാക്കി. അസംസ്കൃതപാമോയിൽ ഇറക്കുമതിചെയ്ത്‌ സംസ്കരിച്ച്‌ വിറ്റ്‌ ലാഭമുണ്ടാക്കുന്ന കോർപ്പറേറ്റുകളുടെ ലാഭം ഉറപ്പാക്കിയ സർക്കാർ ഇറക്കുമതികൊണ്ട്‌ തകർന്ന്‌ ആത്മഹത്യചെയ്യുന്ന കർഷകനെ രക്ഷിക്കാൻ അസംസ്കൃത പാമോയിലിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയില്ല. കർഷകസംഘടനകൾ സോൾവന്റ്‌ എക്സ്‌ട്രാക്‌ഷൻ അസോസിയേഷന്റേതുപോലുള്ള എത്ര പരാതികളാണ്‌ ഇതിനുവേണ്ടി നൽകിയത്‌! അതൊന്നും പരിഗണിക്കപ്പെട്ടില്ല. ആർ.സി.ഇ.പി. കരാർചർച്ചയിൽ ആസിയാൻ രാജ്യങ്ങൾ പാമോയിലിന്റെ ഇറക്കുമതിത്തീരുവ 10 ശതമാനമാക്കണമെന്നും സോയാബീൻ ഓയിലിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനമാക്കണമെന്നും ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാൽ രാജ്യത്തിന്റെ സ്ഥിതിയെന്താകും?

ഗോരക്ഷകരുടെ ഗോദ്രോഹങ്ങൾ
കോർപ്പറേറ്റുകളെ രക്ഷിക്കാൻ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി അനുവദിക്കുമ്പോൾ ഇതിന്റെ ദുരിതം മറ്റൊരുരീതിയിൽ നമ്മുടെ പശുക്കളെ ബാധിക്കുന്നു. ഇന്ത്യയിൽത്തന്നെ എണ്ണക്കുരുക്കളുണ്ടാക്കി അവ സംസ്കരിക്കുമ്പോഴുണ്ടാകുന്ന പിണ്ണാക്ക്  പശുക്കൾക്ക് പോഷകസമൃദ്ധമായ ഭക്ഷണമാണ്. സംസ്കരിച്ചതോ അസംസ്കൃതമോ ആയ എണ്ണയുടെ ഇറക്കുമതി അനുവദിച്ചാൽ പിണ്ണാക്കിന്റെ ലഭ്യതക്കുറവുണ്ടാകും. ഇത് പശുക്കളുടെ തീറ്റയുടെ വില വർധിപ്പിക്കുകയും പാലുത്പാദനം നഷ്ടത്തിലാക്കുകയുംചെയ്യും. പാലുത്‌പാദനം നഷ്ടത്തിലാകുമ്പോൾ പശുക്കളെ അറവുകാർക്ക് വിൽക്കും. ഗോമാംസം ഭക്ഷിക്കുന്നതിനെ എതിർക്കുന്നവർ ഗോമാംസത്തിന്റെ കയറ്റുമതി നിരോധിച്ചിട്ടുമില്ല. കയറ്റുമതിക്ക് സബ്സിഡിനൽകി സഹായിക്കുന്നുമുണ്ട്. ഇവർതന്നെ ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിത്തീരുവ എത്രതവണ കുറച്ചു! 2016 സെപ്റ്റംബർ 13-ന്‌ ക്രൂഡ് പാമോയിലിന്റെ ഇറക്കുമതിത്തീരുവ 12.5-ൽനിന്ന് 7.5 ശതമാനമാക്കി. സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിത്തീരുവ 20-ൽനിന്ന്‌ 15 ശതമാനമാക്കി ചരിത്രത്തിലെ ഏറ്റവും വലിയ ഇറക്കുമതിത്തീരുവ കുറയ്ക്കൽ നടത്തിയത് ഗോസംരക്ഷകരാണ്. കർഷകസംഘടനകൾ ശക്തമായ സമരം നടത്തിയിട്ടാണ് പിന്നീട് ഇറക്കുമതിത്തീരുവ വർധിപ്പിച്ചത്. 

2016 ഡിസംബറിൽ ഗോതമ്പിന്റെ ഇറക്കുമതിത്തീരുവ എടുത്തുകളഞ്ഞു. സ്വന്തം വിപണി സംരക്ഷിക്കാൻ രാജ്യങ്ങൾ വ്യാപാരയുദ്ധത്തിൽ ഏർപ്പെടുമ്പോൾ കോർപ്പറേറ്റുകളുടെ താത്പര്യത്തിനുവേണ്ടി ഇറക്കുമതിത്തീരുവ എടുത്തുകളയുന്ന നയമാണ് നമ്മുടേത്. ഉത്തരഭാരതത്തിലെ പശുക്കളുടെ ആഹാരത്തിന്റെ 23 ശതമാനം ഗോതമ്പിന്റെ ഉമി ഉൾപ്പെടെയുള്ള ഭാഗങ്ങളാണ്. ഗോതമ്പ് ഇറക്കുമതിചെയ്താൽ ഗോതമ്പുകർഷകർ കൃഷി നിർത്തേണ്ടിവരും. ഇത് പശുക്കളുടെ ആഹാരലഭ്യത വീണ്ടും കുറയ്ക്കും. ഇത് ഗോവംശത്തെ വീണ്ടും കൂട്ടമായി കശാപ്പുശാലകളിലെത്തിക്കും. ആർ.സി.ഇ.പി. കരാർ നിലവിൽവരുന്ന സമയത്ത് എല്ലാ കാർഷികവിഭവങ്ങളുടെയും ഇറക്കുമതിത്തീരുവ ഒറ്റയടിക്ക് കുറയ്ക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകും. അതിനാൽ ഗോതമ്പിന്റെ ഉൾപ്പെടെ ഓരോ വിഭവങ്ങളുടെയും ഇറക്കുമതിത്തീരുവ സർക്കാർ കുറച്ചുകൊണ്ടിരിക്കുന്നു. 

പാൽപ്പൊടിയുൾപ്പെടെ പാലുത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ പൂർണമായും എടുത്തുകളയണമെന്ന് ന്യൂസീലൻഡും ഓസ്ട്രേലിയയും 13-ാംവട്ട ചർച്ചമുതൽ ആവശ്യപ്പെട്ടുതുടങ്ങി. പാലുത്പന്നങ്ങളുടെ ഇറക്കുമതിയെ ന്യായീകരിക്കുന്ന രീതിയിൽ വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സി.ആർ.ടി. (Centre for Regional Trade)  എന്ന ഗവേഷണസ്ഥാപനത്തിലെ െപ്രാഫസറെക്കൊണ്ടാണ് പ്രചാരണം നടത്തുന്നുണ്ട്. കാലാവസ്ഥാവ്യതിയാനംകൊണ്ട് പാലുത്‌പാദനം കുറയുമെന്ന കാരണം പറഞ്ഞാണ് ന്യൂസീലൻഡിൽനിന്ന്‌  പാലുത്‌പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കണമെന്ന്‌ പറയുന്നത്. 
പാലുത്പാദനം വർധിപ്പിച്ച് മഹാരാഷ്ട്രയിലും പഞ്ചാബിലും കർഷകനുകിട്ടുന്ന പാലിന്റെ വില കുപ്പിവെള്ളത്തിന്റെ വിലയിലും കുറഞ്ഞപ്പോൾ പാലിന്‌ തറവില നിശ്ചയിക്കണമെന്ന ആവശ്യവുമായി കർഷകർ സമരം നടത്തുമ്പോഴുമാണ് വാണിജ്യമന്ത്രാലയത്തിന്റെ ഗവേഷണസ്ഥാപനത്തിലെ പ്രൊഫസർ ന്യൂസീലൻഡിൽനിന്ന്‌ പാലുത്‌പന്നങ്ങൾ ഇറക്കുമതിചെയ്യണമെന്ന്‌ പറയുന്നത്. 

പശുക്കൾ അറവുശാലയിലേക്ക്‌
പാലുത്‌പന്നങ്ങളുടെ ഇറക്കുമതിയുടെ ദുരന്തപൂർണമായ ചരിത്രം നമുക്കുണ്ട്. ലോക വ്യാപാരസംഘടനയിൽ അംഗമാകുമ്പോൾ പാലുത്പന്നങ്ങൾക്ക് നാം നിശ്ചയിച്ച ഇറക്കുമതിത്തീരുവ പൂജ്യമായിരുന്നു. ഈ അവസരം മുതലാക്കി പാൽപ്പൊടിയും വെണ്ണയും ഇറക്കുമതിചെയ്ത് വെള്ളത്തിൽ കലർത്തി പാലാക്കി വിൽക്കാൻ തുടങ്ങി. 2008 എത്തുമ്പോൾ പാൽപ്പൊടിയുടെ ഇറക്കുമതി 20,000 ടണ്ണിലെത്തി വെണ്ണയുടെ ഇറക്കുമതി 15,000 ടണ്ണിലെത്തി. ഇത് 75,000 ടൺ പാലുണ്ടാക്കി വിൽക്കാൻ കോർപ്പറേറ്റുകൾ ഉപയോഗിച്ചു. 2009-ൽ പാൽപ്പൊടിയുടെ ഇറക്കുമതി 21,000 ടണ്ണായും വെണ്ണയുടേത് 17000 ടണ്ണായും വർധിച്ചു. ന്യൂസീലൻഡിൽനിന്നുള്ള  ഇറക്കുമതിയുടെ പ്രതിവർഷവർധന 57 ശതമാനവും ഓസ്‌ട്രേലിയയിൽനിന്നുള്ളത്‌ 25 ശതമാനവുമായി. മഹാരാഷ്ട്രയിലെയും പഞ്ചാബിലെയും കർഷകരെ സംഘടിപ്പിച്ച്‌ വൻ കർഷകസമരങ്ങൾ ഉണ്ടാക്കിയപ്പോൾ യു.പി.എ. സർക്കാർ 2012-ൽ പാൽപ്പൊടിയുടെ ഇറക്കുമതിത്തീരുവ 65 ശതമാനമാക്കി നിശ്ചയിച്ചു. ഇതോടെ പാൽപ്പൊടി ഇറക്കുമതി ഏതാണ്ട്‌ നിലച്ചു. ആർ.സി.ഇ.പി. കരാർപ്രകാരം ഇറക്കുമതിത്തീരുവ കുറച്ചാൽ പാലുത്‌പാദനം നഷ്ടത്തിലായാൽ പശുക്കൾ അറവുശാലകളിലേക്ക്‌ തള്ളപ്പെട്ട്‌ കയറ്റുമതി ചെയ്യപ്പെടും.

വ്യാപാരക്കമ്മി പെരുകും
ചൈനയിൽനിന്നും ജപ്പാനിൽനിന്നും ദക്ഷിണകൊറിയയിൽനിന്നുമുള്ള വ്യാവസായിക ഉത്‌പന്നങ്ങളുടെ ഇറക്കുമതി വർധിച്ചുകൊണ്ടിരിക്കയാണ്‌. ജപ്പാനും ദക്ഷിണകൊറിയയുമായി സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിട്ടശേഷം ആ രാജ്യങ്ങളിൽനിന്നുള്ള വ്യാവസായിക ഉത്‌പന്നങ്ങളുടെ ഇറക്കുമതി വർധിപ്പിച്ച്‌ വ്യാപാരക്കമ്മി വർധിച്ച്‌ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ചൈനയുമായുള്ള വ്യാപാരക്കമ്മി 2016-‘17 സാമ്പത്തികവർഷത്തിൽ ഇത്‌ 51.1 ദശലക്ഷം ഡോളറായി വർധിച്ചു. ഇന്ത്യ തുടർച്ചയായി വ്യാപാരക്കമ്മി കുറയ്ക്കാൻ ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക്‌ ചൈന ഏർപ്പെടുത്തിയ ഇറക്കുമതിത്തീരുവയും നിയന്ത്രണങ്ങളും കുറയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ ഇന്ത്യയിലേക്കുള്ള കയറ്റുമതി ഹോങ്‌കോങ്‌വഴി ചൈന തിരിച്ചുവിടാൻ തുടങ്ങി. യഥാർഥത്തിൽ ഇന്ത്യയിലെത്തുന്ന ചൈനീസ്‌ ഉത്‌പന്നങ്ങളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യാപാരക്കമ്മി 2017-‘18-ൽ 60.8 ദശലക്ഷം ഡോളറും 2018-19-ൽ 61.4 ബില്യൻ ഡോളറുമാണ്‌. ഇന്ത്യയിൽ ഉപയോഗിക്കുന്ന വ്യാവസായികോത്‌പന്നങ്ങളുടെ നാലിലൊന്ന്‌  ഇന്ന്‌ ചൈനയിൽനിന്ന്‌ വരുന്നു. 

യഥാർഥത്തിൽ നമ്മുടെ വ്യവസായ തൊഴിലവസരങ്ങളുടെ നാലിലൊന്ന്‌ ചൈന കൈയടക്കി. ആർ.സി.ഇ.പി.യുടെ ഭാഗമായി ചൈനയിൽനിന്നുള്ള വ്യാവസായികോത്‌പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുറച്ചാൽ നമ്മുടെ വ്യവസായങ്ങളുടെ സ്ഥിതി തരിപ്പണമാകും.വിയറ്റ്‌നാം, കംബോഡിയ, ലാവോസ്‌ എന്നിവയൊഴിച്ചുള്ള എല്ലാ രാജ്യവുമായുമുള്ള വ്യാവസായികോത്‌പന്നങ്ങളുടെ വ്യാപാരത്തിൽ നമുക്ക്‌ നഷ്ടം നേരിടുന്നു. വിയറ്റ്‌നാമിൽനിന്നുള്ള വ്യാവസായികോത്‌പന്നങ്ങളുടെ ഇറക്കുമതി വർധിക്കുന്നു. സാംസങ്‌ കമ്പനി ഇന്ത്യയിലെ ടി.വി. നിർമിക്കുന്ന എല്ലാ പ്ലാന്റും അടച്ച്‌ ഉത്‌പാദനം വിയറ്റ്‌നാമിലേക്ക്‌ മാറ്റി. തൊഴിൽനിയമങ്ങൾ ശക്തമല്ലാത്ത, ജനാധിപത്യമില്ലാത്ത വിയറ്റ്‌നാമാണ്‌ കോർപ്പറേറ്റുകളുടെ പുതിയ നിർമാണകേന്ദ്രം. ആർ.സി.ഇ.പി.കരാർ നിലവിൽവന്ന്‌ എല്ലാ രാജ്യത്തുനിന്നുമുള്ള കുറഞ്ഞ ഇറക്കുമതിത്തീരുവയോടുകൂടി ഉത്‌പന്നങ്ങൾ ഇന്ത്യയിലെത്തിയാൽ രാജ്യം വ്യവസായങ്ങളുടെ ശവപ്പറമ്പാകും.

ഭീഷണിയായി ചൈനീസ്‌ വ്യാളി

അമേരിക്ക തങ്ങളുടെ സോഫ്‌റ്റ്‌വേർ കുത്തകകളിലൂടെ ചാരപ്രവർത്തനം നടത്തുമ്പോൾ ചൈന ഹാർഡ്‌വേർ ഉപയോഗിച്ച്‌  ചാരപ്രവർത്തനം നടത്തുന്നു. രാജ്യസുരക്ഷയുടെ പേരിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉത്‌പന്നങ്ങൾക്കും ഇന്ത്യൻ സോഫ്‌റ്റ്‌വേറുകൾക്കും കടുത്ത നിയന്ത്രണം ചൈന ഏർപ്പെടുത്തുമ്പോൾ വിവരസാങ്കേതിക വിദ്യ-കമ്യൂണിക്കേഷൻ ഉപകരണങ്ങളുടെ അനിയന്ത്രിമായ ഇറക്കുമതി ഇന്ത്യ അനുവദിക്കുന്നു.  

ഇന്ത്യൻവിപണി കീഴടക്കാൻ വ്യാപാരലാഭത്തിൽനിന്ന്‌ ചൈന ഈ കമ്പനികൾക്ക്‌ സബ്‌സിഡി നൽകുന്നു. ഉത്‌പാദനച്ചെലവിലും കുറഞ്ഞവിലയ്ക്ക്‌ ഉത്‌പന്നങ്ങൾ വിറ്റ്‌ മൊബൈൽ, ലാപ്‌ടോപ്‌, കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇന്ത്യൻ ഉത്‌പാദകരെ ഇന്ത്യൻമണ്ണിൽ ചൈനീസ്‌ കമ്പനികൾ തകർക്കുന്നു. ഒരു വെടിയുണ്ടപോലുമുതിർക്കാതെ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെ നിലംപരിശാക്കാൻ ചൈനയ്ക്ക്‌ സാഹചര്യമൊരുക്കിയവർ ‘ഭാരത്‌ മാതാ കീ ജയ്‌’ വിളിച്ച്‌ കപട ദേശീയവാദികളായി വോട്ടുബാങ്കുകൾ വർധിപ്പിക്കുന്നു.

ആർ.സി.ഇ.പി.കരാർ ഒപ്പിടൽ ഒരു കീഴടങ്ങലാകും-ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ, ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിന്റെ,  രാജ്യസുരക്ഷയുടെ കീഴടങ്ങൽ.  പത്തരലക്ഷത്തോളം പേരുടെ ജീവൻനൽകിയും അതിലേറെപ്പേരുടെ ചോരനൽകിയും നാം സ്വാതന്ത്ര്യംനേടിയത്‌ കപട ദേശീയവാദികൾക്ക്‌, അവരെ സഹായിക്കുന്ന അദാനിപോലുള്ള കമ്പനികളുടെ ലാഭത്തിനുവേണ്ടി രാജ്യത്തെ അടിയറവെക്കാനല്ല എന്ന്‌ തിരിച്ചറിഞ്ഞ്‌ ദേശസ്നേഹികൾ രാജ്യത്തെ രക്ഷിക്കാൻ തെരുവിലിറങ്ങണം.

(സ്വദേശി ആന്തോളൻ അഖിലേന്ത്യാ സംഘടനാസെക്രട്ടറിയും  രാഷ്ട്രീയ കിസാൻ മഹാസംഘ്‌ നാഷണൽ കോ-ഓർഡിനേറ്ററുമാണ്‌ ലേഖകൻ)

Content Highlights: RCEP Agreement