മുംബൈയിലെ ലോക്മാന്യതിലക് ടെർമിനസിൽ (എൽ.ടി.ടി.)നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്‌പ്രസ് (16345) ഇപ്പോൾ ഓടുന്നത് ശരാശരി മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ്. 1996-ൽ വണ്ടി കൊങ്കൺ പാതയിലേക്ക് മാറ്റിയപ്പോഴുള്ളതാണ് ഈ വേഗക്രമീകരണം. കേരളത്തിൽ പലഭാഗത്തും വർഷങ്ങൾക്കുമുമ്പുതന്നെ പാതയിരട്ടിപ്പിച്ചിട്ടും ഇതിന്റെ വേഗം വർധിപ്പിക്കാൻ ആരും ശ്രമിച്ചില്ല. ഇന്ന് മംഗലാപുരംമുതൽ തിരുവനന്തപുരംവരെയുള്ള പാതയിരട്ടിപ്പിക്കൽ 99 ശതമാനവും പൂർത്തിയായി. എന്നിട്ടും കാര്യങ്ങൾ പഴയപടിതന്നെ.

ഒരു വണ്ടി സൂപ്പർ ഫാസ്റ്റാകണമെങ്കിൽ ശരാശരി വേഗം ചുരുങ്ങിയത് മണിക്കൂറിൽ 55 കിലോമീറ്ററെങ്കിലും ആയിരിക്കണം. വേഗം വർധിപ്പിച്ച് നേത്രാവതി എക്സ്‌പ്രസ് സൂപ്പർ ഫാസ്റ്റിലേക്ക് മാറ്റിയാൽ മൂന്നുമുതൽ നാലുമണിക്കൂറെങ്കിലും നേരത്തേ  ലക്ഷ്യസ്ഥാനത്തെത്തിക്കാം. തിരിച്ചുള്ള യാത്രക്കാർക്കും സമയലാഭം. ഇതിനുള്ള സാഹചര്യം പൂർണമായും ഇവിടെയുണ്ടെന്നിരിക്കെ ആർക്കാണ് ഇതിൽ എതിർപ്പ് എന്നതാണ് ചോദ്യം.

ലാഭമേകുന്ന കൂട്ടിക്കെട്ട്
നേത്രാവതി, മത്സ്യഗന്ധ എക്സ്പ്രസുകളെ ഇന്റർലിങ്ക് ചെയ്ത് ഈ പ്രശ്നം പരിഹരിക്കാമോ എന്ന് മധ്യറെയിൽവേ ചിന്തിക്കുന്നുണ്ട്. വൈകീട്ട് 4.40-ന് എൽ.ടി.ടി.യിൽ(മുംബൈ) എത്തുന്ന നേത്രാവതി എക്സ്പ്രസ് അടുത്തദിവസം കാലത്ത് 11.40-നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 19 മണിക്കൂറാണ് നേത്രാവതിയുടെ റേക്ക് (വണ്ടി) മുംബൈയിൽ വെറുതേ കിടക്കുന്നത്. ഇതേരീതിയിൽ എൽ.ടി.ടി.-മംഗലാപുരം മത്സ്യഗന്ധ എക്സ്‌പ്രസ്  ഒമ്പതുമണിക്കൂറോളം എൽ.ടി.ടി.യിൽ കിടക്കുന്നു. രാവിലെ 6.35-ന് എത്തുന്ന വണ്ടി വൈകീട്ട് 3.20-നാണ് പുറപ്പെടുന്നത്. മത്സ്യഗന്ധ എക്സ്പ്രസിന്റെ അതേ റേക്കാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരം എക്സ്പ്രസായി (16347-16348) ഓടുന്നത്. ഈ മൂന്നുസർവീസും യോജിപ്പിച്ച് കൂടുതൽ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് പരിപാടി.  

രാവിലെ 9.50-നാണ് തിരുവനന്തപുരത്തുനിന്ന് നേത്രാവതി ഇപ്പോൾ പുറപ്പെടുന്നത്. ഇവിടെനിന്ന്‌ മൂന്നുമണിക്കൂർ നേരത്തേ പുറപ്പെട്ട്  (കാലത്ത് 6.50-ന്) അടുത്തദിവസം ഉച്ചയ്ക്ക് 1.10-ന് വണ്ടിയെ എൽ.ടി.ടി.യിൽ എത്തിക്കുന്നു. ഈ വണ്ടി മത്സ്യഗന്ധയായി വൈകീട്ട് 3.20ന് ഇവിടെനിന്ന് തിരിച്ച് അടുത്തദിവസം കാലത്ത് 7.30-ന് മംഗലാപുരത്തെത്തുകയും തുടർന്ന് തിരുവനന്തപുരം എക്സ്‌പ്രസായി ഓടുകയും ചെയ്യുന്നു. റേക്കുകൾ വെറുതേ പിറ്റ്‌ലൈനിൽ കിടക്കുകയുമില്ല.

ഏഴ്‌ റേക്കിൽ മൂന്നുവണ്ടി
രാവിലെ 6.50-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന നേത്രാവതി എക്സ്‌പ്രസ്‌ ഷൊർണൂർവരെ ശബരി എക്സ്പ്രസിനുമുമ്പായും മംഗലാപുരംവരെ പരശുറാം എക്സ്‌പ്രസിന് മുമ്പായും ഓടിയാൽ അടുത്ത ദിവസം ഉച്ചയ്ക്ക് 1.30-ന് എൽ.ടി.ടി.യിൽ എത്താമെന്നാണ് കണക്കുകൂട്ടൽ. നേത്രാവതി എക്സ്‌പ്രസ് ഓടുന്നത് 22 കോച്ചുവീതമുള്ള നാലുറേക്കുകൾ ഉപയോഗിച്ചാണ്. മത്സ്യഗന്ധയും തിരുവനന്തപുരം എക്സ്‌പ്രസും ഓടുന്നതും നാലുറേക്കുകളിലാണ്. ഇവയെല്ലാം കൂട്ടിച്ചേർക്കുമ്പോൾ ഏഴുറേക്കുകൊണ്ട് ഈ  മൂന്നുവണ്ടിയും ഓടിക്കാമെന്നാണ് മധ്യറെയിൽവേ പറയുന്നത്. ഒരു റേക്ക് മാറ്റുന്നതിലൂടെ റെയിൽവേയ്ക്ക് ലാഭം ഏകദേശം 58 കോടിയോളം. 19 മണിക്കൂറോളം പിറ്റ്‌ലൈനിൽ കിടക്കുന്ന നേത്രാവതി വഴിമാറുന്നതോടെ കൊങ്കൺപാതയിലൂടെ പുതിയ വണ്ടിയും ഓടിക്കാം.  

ആഴ്ചയിലൊരോട്ടം കൊങ്കൺവഴി
മുംബൈ സി.എസ്.ടി.യിൽനിന്ന് തിരുവനന്തപുരത്തേക്ക്‌ ഓടുന്ന പ്രതിവാരവണ്ടി (16331, എല്ലാ തിങ്കളാഴ്ചയും) തിരുവനന്തപുരം എക്സ്‌പ്രസ് കൊങ്കൺപാതവഴി തിരിച്ചുവിടണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. ഈ മാറ്റത്തിനുവേണ്ടി മധ്യറെയിൽവേ പലതവണ നിർദേശംവെച്ചെങ്കിലും ദക്ഷിണറെയിൽവേ എതിർക്കുകയായിരുന്നു.
മുംബൈ-തിരുവനന്തപുരം പ്രതിവാരവണ്ടിയുടെ അതേ പാത്തിലാണ് (സമയക്രമം) ബാക്കി ആറുദിവസം മുംബൈയിൽ (സി.എസ്.ടി.) നിന്ന് നാഗർകോവിൽ എക്സ്പ്രസുകൾ ഓടുന്നത്. വണ്ടിയുടെ വേഗം വർധിപ്പിച്ചാൽ നാലുറേക്കുകൊണ്ട് ഏഴുദിവസവും മുംബൈ-നാഗർകോവിൽ എക്സ്‌പ്രസ്‌ ഓടിക്കാൻ കഴിയും.

സമയക്രമം പുതുക്കിയേക്കും

സി.എസ്.ടി.-തിരുവനന്തപുരം വണ്ടി എൽ.ടി.ടി.യിൽനിന്ന് പുറപ്പെടാനുള്ള നീക്കമാണ് മധ്യറെയിൽവേ നടത്തുന്നത്. ഉച്ചയ്ക്ക് 12.25-ന്  എൽ.ടി.ടി. വിടുന്ന വണ്ടി അടുത്ത ദിവസം വൈകീട്ട് 6.15ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് നിർദിഷ്ട സമയക്രമം. നിർദിഷ്ട എൽ.ടി.ടി.-തിരുവനന്തപുരം എക്സ്‌പ്രസിന് കൊങ്കൺവഴി പുതിയ പാത്ത് ലഭിക്കാൻ ദക്ഷിണറെയിൽവേയുടെ സഹായം കിട്ടുമോ എന്നതാണ് പ്രശ്നം. പുണെ-എറണാകുളം എക്സ്‌പ്രസ് (11097) വേഗംകൂട്ടി തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള ആലോചനയും മധ്യറെയിൽവേയിൽ നടക്കുന്നുണ്ട്.

cksanthosh@yahoo.co.in

കൂടുതൽ വണ്ടികൾ കൂടുതൽ വേഗത്തിൽ......

സെക്രട്ടേറിയറ്റിലേക്കുള്ള വണ്ടി...... 

നേത്രാവതി അഥവാ മത്സ്യഗന്ധ കൂകിപ്പായാത്ത കേരളം

വെറുതേ കിടക്കുന്ന വണ്ടികൾ......

വേണം നമുക്ക് ‘മെമു’ വണ്ടികൾ കൂകിപ്പായാത്ത കേരളം 

കേരളമേ, മാറി ചിന്തിക്കാൻ സമയമായി......