സ്‌ഫോടനം കേട്ട് മാത്രമേ അവര്‍ക്ക് രാത്രി പുലരൂ. നിര്‍ത്താതെ ഭൂമി പൊട്ടിത്തെറിച്ചു കൊണ്ടേയിരിക്കും. മണ്ണ് മാറി ചിതറിത്തെറിക്കുന്ന പാറ എവിടേക്കും വീഴാം. ഒരു മനുഷ്യന് സാദ്ധ്യമാകുന്നതിലും വേഗത്തില്‍ വന്‍പാറകള്‍ ഉല്‍ക്കകള്‍ പോലെ പാഞ്ഞുവരും.
ഒരു വീട്ടില്‍, അഞ്ചുവയസിന് താഴെയുള്ള കുഞ്ഞുങ്ങളെ അമ്മ അടുക്കള സ്ലാബിനടിയില്‍ ഒളിപ്പിക്കും. ശബ്ദം നിലച്ചാലും അമ്മയ്ക്ക് പേടിയാണ്. എപ്പോഴാണ് ജീവനെടുക്കാന്‍ മടിക്കാത്ത പാറകള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ തേടിയെത്തുന്നത്?
രണ്ടാംവീട്ടില്‍, ഓടിട്ട മേല്‍ക്കൂര പാറ വീണ് പൊട്ടിപ്പൊളിഞ്ഞു കൊണ്ടേയിരിക്കുകയാണ്. പ്രതികരിക്കാനാകില്ല. പാറ പൊട്ടിക്കലിനെതിരെ സമരം ചെയ്തതിന് കേസുകള്‍ പലതുണ്ട്, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് പോലീസ് വകുപ്പില്‍ തിരികെ കയറിയിട്ടേയുള്ളൂ വീട്ടുകാരന്‍.
തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്ന മൂക്കുന്നിമലയുടെ താഴ്‌വാരത്താണ് ഇവരൊക്കെ പ്രാണന്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നത്. ഇവര്‍ മാത്രമല്ല, രാഷ്ട്രീയക്കാരൊഴികെ അന്നാട്ടിലെ എല്ലാ മനുഷ്യരും ഇവര്‍ക്കൊപ്പമുണ്ട്.
പാറ പൊട്ടിക്കല്‍ നാടിനെ കൊല്ലാക്കൊല ചെയ്യുന്നതിന്റെ നേര്‍സാക്ഷികള്‍. കാന്‍സര്‍ രോഗികള്‍ ഏറുന്ന നാടിനെ പൊതിഞ്ഞു സൂക്ഷിക്കാന്‍ ഒത്തുകൂടുന്നവര്‍.
മൂക്കുന്നിമലയിലെ അനധികൃത പാറ പൊട്ടിക്കലിനെതിരായ പ്രദേശവാസികളുടെ ഹര്‍ജിയില്‍ സര്‍വേ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കൊപ്പമിരുന്നു. സമരകേന്ദ്രമായ പ്രാവച്ചമ്പലം മൂക്കുന്നിമല പാതയിലെ ഇടയ്‌ക്കോടുള്ള മൂക്കുന്നിമല സംരക്ഷണ സമര സമിതി ഓഫീസില്‍ വട്ടം കൂടിയിരുന്ന് അവരാ ജീവിതം പറഞ്ഞു തുടങ്ങി. സുരേന്ദ്രകുമാര്‍, രാജശേഖരന്‍, മനു, രാധാഭായി.. പേരറിയാത്ത പിന്നെയും ചിലരും..
ഇത് മൂക്കുന്നിമല
മേല്‍മണ്ണ് മാറിയാല്‍ പിന്നെ പരന്നുകിടക്കുന്ന വന്‍ പാറ ശേഖരമാണ് ഈ നാടിന്റെ അനുഗ്രഹവും ശാപവും. പഠിപ്പുണ്ടെങ്കിലും ജോലിയില്ലാത്ത ചെറുപ്പക്കാര്‍ക്കും സ്വാതന്ത്ര്യസമര ഭടന്മാര്‍ക്കും റബര്‍ കൃഷി ചെയ്ത്, വീടുവച്ച് ജീവിക്കാനായി 1960ല്‍ സര്‍ക്കാര്‍ പട്ടയം നല്‍കിയ സ്ഥലമാണ് മൂക്കുന്നിമല. ഇന്നവിടെയുള്ളത് നാലു കുടുംബങ്ങള്‍ മാത്രം. ബാക്കിയുള്ളത് 15 ഓളം വന്‍കിടചെറുകിട ക്വാറികളാണ്.
മറ്റൊരു പ്രവര്‍ത്തിക്കും അനുമതിയില്ലാത്ത, റബര്‍ കൃഷിക്കായി നല്‍കിയ ഭൂമിയിലാണ് ഡെല്‍റ്റ ഗ്രൂപ്പിന്റെ മെട്രോ അഗ്രിഗേറ്റ്‌സ്, കണ്ണന്താനം ക്രഷേഴ്‌സ്, സതേണ്‍ ഗ്രാനൈറ്റ്‌സ്, വീണാ മെറ്റല്‍സ്, വി.എസ്.സി ബ്ലൂ മെറ്റല്‍സ്, കെ.കെ.റോക്ക്‌സ് എന്നിങ്ങനെ വന്‍കിട കമ്പനികളെ കൂടാതെ തദ്ദേശീയരുടേതുള്‍പ്പെടെ നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്.
അടുത്ത നൂറ് കൊല്ലത്തേക്ക്, വരും തലമുറയ്ക്ക് ആവശ്യമുള്ള പാറ മുഴുവന്‍ കഴിഞ്ഞ 15 കൊല്ലമായി ക്വാറികള്‍ പൊട്ടിച്ചു കടത്തി. (പഴയ രീതിയില്‍ തമിരടിച്ച് മരുന്നു നിറച്ച് തീ കൊളുത്തുന്ന രീതിയൊക്കെ എന്നേ പോയി. ബോംബ് വച്ച് റിമോട്ട് കണ്‍ട്രോളറാല്‍ പൊട്ടിക്കുകയാണിപ്പോള്‍).
അരിക്കടമുക്ക്ഇടയ്‌ക്കോട്മൂക്കുന്നിമല റോഡ് നിരന്തരമായ ലോറികളുടെ പാച്ചിലില്‍ മൂന്നു കൊല്ലത്തോളം തകര്‍ന്നു കിടന്നു. മണിക്കൂറില്‍ 220 ലോറി വരെ അങ്ങോട്ടുമിങ്ങോട്ടും പോയി. മാന്‍ ഉള്‍പ്പെടെ വമ്പന്‍ ലോറികളാണ് പൊയ്‌ക്കൊണ്ടിരുന്നത്. രണ്ടെണ്ണം എതിര്‍വഴി വന്നാല്‍ പ്രാവച്ചമ്പലം വരെയുള്ള പാത കുരുങ്ങും. (പാതയോരത്തെ പൈപ്പ് പൊട്ടല്‍ സ്ഥിരമായപ്പോള്‍ നിലവില്‍ ഉപയോഗിക്കാത്ത ഇരുമ്പ് പൈപ്പ് കൊണ്ടിട്ടത് രാഷ്ട്രസേവനത്തിന്റെ മറ്റൊരു മുഖം!)
അങ്ങനെ നശിച്ച റോഡിലും കുരുക്കിലും ഗതികെട്ട് ആകെയുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തി. (നെയ്യാറ്റിന്‍കര ആര്‍.ടി.ഒയില്‍ നടത്തിയ സമരത്തിന്റെ ഫലമായി അടുത്തിടെയാണ് വീണ്ടും പുതുതായി സര്‍വീസ് ആരംഭിച്ചത്). സ്‌കൂള്‍ ബസുകളും വരാതായി. രണ്ടു കിലോമീറ്റര്‍ അകലത്തുള്ള പ്രാവച്ചമ്പലത്ത് കുട്ടികളെ എത്തിക്കണമെന്നായി ആവശ്യം.
സമരം തുടങ്ങി, എണ്ണമില്ലാതെ തുടര്‍ന്നു. എതിര്‍ക്കാന്‍ വെളിച്ചത്തില്‍ അധികൃതരും ഇരുട്ടത്ത് ഗുണ്ടകളുമെത്തി. അടിയേറ്റിട്ടും കള്ളക്കേസില്‍ ജയിലിലായിട്ടും പിന്മാറിയില്ല സമരക്കാര്‍. ശക്തമായ പ്രതിഷേധം തുടര്‍ന്നു. അങ്ങനെ ഗതിയില്ലാതെ റോഡിലൂടെ ലോറികള്‍ പോവാതായി. റോഡ് നന്നാക്കാനായി സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികള്‍ സമരം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് മാത്രം റോഡ് ടാറിട്ടു. സ്‌കൂള്‍ വണ്ടികള്‍ തിരികെയെത്തി. പക്ഷേ, പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.
പ്രകൃതി, ജീവിതം
ശുദ്ധജലമെത്തിയിരുന്ന പന്ത്രണ്ടോളം ഉറവകളില്‍ മിക്കതും ഇന്നില്ല. ഉള്ളതില്‍ നാട്ടുകാര്‍ കാളിക്യം എന്ന് വിളിക്കുന്ന എം സാന്റ് മാലിന്യമാണ്. കറുത്ത കട്ടികളാണ് ഒഴുകി വരുന്നത്.
കരമനയാറ്റില്‍ ചേര്‍ന്ന് ജില്ലയുടെ ദാഹമകറ്റിയ ഉറവകളില്‍ പലതും വേനലില്‍ വറ്റി. ക്വാറികള്‍ക്കായി കുഴിച്ച വന്‍ കിണറുകള്‍ ഭൂഗര്‍ഭ ജലം പോലും ഊറ്റിയെടുത്തു. മലമുകളില്‍ വെള്ളമെത്തിക്കാന്‍ വന്‍ശേഷിയുള്ള മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചതിന്റെ ഫലം.
ഏതുനിമിഷവും ഉരുള്‍പ്പെട്ടലുണ്ടാകാവുന്ന അവസ്ഥയാണിവിടെ. ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ വെള്ളമില്ലാതായപ്പോള്‍ വന്‍ ഫാനുകള്‍ ഉപയോഗിച്ചപ്പോള്‍ ഭൂമി പാറപ്പൊടിയാല്‍ മൂടി.
സ്ഥിരമായ പാറ പൊട്ടിക്കലിന്റെ ഫലമായി പലര്‍ക്കും ത്വക്‌രോഗമുണ്ടായി, ഇപ്പോഴുമുണ്ട്. ഒരു വയസുള്ള കുട്ടിയ്ക്ക് പോലും സോറിയാസിസ് വന്നു. വൃക്ക,കരള്‍ രോഗങ്ങളും അത്ഭുതമല്ലാതായി. ശ്വസിക്കാനാകാത്ത രോഗങ്ങളാല്‍ ആളുകള്‍ മരിച്ച സാഹചര്യം പോലുമുണ്ടായി.
പ്രകടമായ പാരിസ്ഥിതിക വെല്ലുവിളികള്‍ക്കപ്പുറം, ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്നും കേസില്‍ പ്രതിയാകാമെന്നും കരുതി ജീവിക്കുന്ന മനുഷ്യരുടെ ഭയമാണ് എങ്ങും.
രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് ചിലരുടെയും (നി)സഹകരണം
ചെയ്യുന്നതെല്ലാം അനധികൃതമാണ്. അതിന് ആദ്യം വേണ്ടത് രാഷ്ട്രീയ പിന്തുണ. വന്‍തോതില്‍ പണമൊഴുകി. രാഷ്ട്രസേവനം ചോദ്യ ചിഹ്നമായി. സ്ഥലം എം.എല്‍.എയായിരുന്ന എന്‍.ശക്തനപ്പോലും സമരക്കാരില്‍ നിന്നകറ്റിയ സ്വാധീനം. പഞ്ചായത്ത് പ്രസിഡന്റ് ദല്ലാളായപ്പോള്‍ അനുമതി വഴിയേ വന്നു.
ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ ആരുമില്ലാതായ ജനം രാഷ്ട്രീയക്കാരെ മുന്നില്‍ നിര്‍ത്തി സമരപരിപാടികള്‍ ആരംഭിച്ചെങ്കിലും ഒന്നും നീണ്ടുനിന്നില്ല. രാഷ്ട്രീയക്കാരെ വിലയ്‌ക്കെടുക്കാന്‍ കഴിയുമെന്ന അവസ്ഥ വന്നതോടെ സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരില്ലാത്ത സമരമുന്നണി ഉണ്ടായി. 2014 ജനുവരിയില്‍ രൂപപ്പെട്ട ഇപ്പോഴത്തെ സമര സമിതിയുടെ ആദ്യ പൊതുപരിപാടി മാര്‍ച്ച് ഏഴിന് നടന്നു.
പിന്നീടിങ്ങോട്ട് സമര പരമ്പര തന്നെ നടന്നു. മൗലികാവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തില്‍ മേധാ പട്കര്‍ ഉള്‍പ്പെടെ പ്രമുഖരില്‍ പലരും പങ്കാളികളായപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനായുണ്ടായിരുന്നത് വി.എസ്.മാത്രം. കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക, സദസ്സില്‍ എത്രയാള്‍ വേണമെന്നും മാദ്ധ്യമശ്രദ്ധ വേണമെന്നും ആവശ്യമുന്നയിച്ചപ്പോള്‍ സമരക്കാര്‍ മനംനൊന്ത് അവരെ വേണ്ടെന്നുവച്ചു. പിന്നീട്, പരിസ്ഥിതിയെ പരിപാലിച്ചുള്ള മികച്ച ക്വാറി പ്രവര്‍ത്തകനുള്ള അവാര്‍ഡ് മൂക്കുന്നിമലയിലെ വന്‍കിട ക്വാറിയുടമ സ്വീകരിച്ചതും ഇതേ പരിസ്ഥിതി പ്രവര്‍ത്തകയില്‍ നിന്നായിരുന്നു.
(സംസാരിക്കുന്നതിനിടെ സ്ഥലത്തെ ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍ ദൂരെ മാറി നീരീക്ഷിക്കുന്നതു കണ്ടു. എവിടുന്നോ വന്ന ഓട്ടോയില്‍ തിക്കിത്തിരക്കി കയറി ഞങ്ങളെ മറികടന്നു പോവുകയും ചെയ്തു.)
വെടിയൊച്ച നിലയ്ക്കുന്നില്ല
2015 ഏപ്രില്‍ ഒന്നുമുതല്‍, ക്വാറി പ്രവര്‍ത്തിക്കാനുള്ള ഒരു ലൈസന്‍സും വിവിധ വകുപ്പുകള്‍ പുതുക്കി നല്‍കിയിട്ടില്ലെന്ന് സമര സമിതി പറയുന്നു. പാരിസ്ഥിതിക അനുമതിയില്ലാത്ത പാറഖനനം നിരോധിച്ച് 2012ല്‍ സുപ്രീംകോടതിയും 2015ല്‍ ഹൈക്കോടതിയും ഉത്തരവിറക്കിയിട്ടുണ്ട്. വിദഗ്ദ്ധരുടെ ആഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രം ലഭിക്കുന്ന പാരിസ്ഥിതിക സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ഇപ്പോഴും ക്വാറികളുടെ പ്രവര്‍ത്തനം.
സര്‍വേക്കായി 18 മുതല്‍ മൂന്നുമാസത്തേക്ക് പാറപൊട്ടിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയുള്ളതിനാല്‍ വരുംകാലത്തേക്ക് പൊട്ടിച്ചു തീര്‍ക്കാനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. തോറ്റ എം.എല്‍.എയുടെ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച മൊട്ടമൂട്മലയം റോഡിലൂടെയാണ് ഇപ്പോള്‍ ലോറികള്‍ പായുന്നത്.
മൂക്കുന്നിമല ഒരു ഒറ്റപ്പെട്ട പേരല്ല. കേരളത്തിലെ ഒട്ടുമിക്ക ക്വാറികള്‍ക്കും ഈ പേര് ചേരും. ജീവിതം സമരമാകുമ്പോള്‍, ഭരണകൂടം പോലും എതിരാകുമ്പോള്‍ മനുഷ്യന്‍ കരുത്താര്‍ജ്ജിക്കും. വഴിതെറ്റിയ ഭരണകൂടത്തിന് അവര്‍ വഴികാട്ടും.
ചിത്രങ്ങള്‍ : ഫെയ്‌സ്ബുക്ക്