കേരളത്തിലെ ഏറ്റവും വലിയ ഭരണഘടനാസ്ഥാപനമാണ് പി.എസ്.സി. ഏറ്റവും വലിയ വെള്ളാനയും മറ്റൊന്നല്ല. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെ പി.എസ്.സി. കളുമായി താരതമ്യം ചെയ്തു നോക്കുമ്പോഴാണ് കേരളത്തിലെ പി.എസ്.സി. എത്ര വലിയ ഐരാവതമാണെന്നു ബോധ്യപ്പെടുക. ആദ്യം കമ്മിഷൻ അംഗങ്ങളുടെ എണ്ണം തന്നെയെടുക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ എന്ന യു.പി.എസ്.സി.യിൽ ചെയർമാൻ ഉൾപ്പെടെ അംഗങ്ങളുടെ ആകെ എണ്ണം 11 ആണ്. സംസ്ഥാനങ്ങളിൽ ഇപ്രകാരവും: തമിഴ്‌നാട്-15, കർണാടക-9, ആന്ധ്രാപ്രദേശ്-7, മഹാരാഷ്ട്ര-6, ഗോവ-3, ഒഡിഷ-6, മധ്യപ്രദേശ്-4, ഗുജറാത്ത്-7, ബിഹാർ-4, പഞ്ചാബ്-11, യു.പി.-8, ബംഗാൾ-7, ത്രിപുര-2, ഹരിയാണ-9, രാജസ്ഥാൻ-8, ജാർഖണ്ഡ്-3, തെലങ്കാന-7, ഛത്തീസ്ഗഢ്‌-4, ജമ്മുകശ്മീർ-8, ഹിമാചൽപ്രദേശ്-5, ഉത്തരാഖണ്ഡ്-6, അസം-5, അരുണാചൽപ്രദേശ്-3, മണിപ്പുർ-3. നമ്മുടെ കൊച്ചു കേരളത്തിലോ-21.

ഇത്രയും നേതൃനിബിഡവും ആയിരക്കണക്കിന് ജീവനക്കാർ വിവിധ തസ്തികകളുടെ തരംതിരിവിൽ മരുവുന്നതുമായ കേരളാ പി.എസ്.സി.ക്ക് തുളസിക്കുന്നിലെ ആസ്ഥാനകാര്യാലയത്തിനു പുറമേ മൂന്നു മേഖലാകേന്ദ്രങ്ങളും പതിന്നാലു ജില്ലാ ഓഫീസുകളുമുണ്ട്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന കേരളസർക്കാരിന്റെ ജനാധിപത്യപരമായ ഔദ്യോഗികകൃത്യങ്ങൾ നടപ്പാക്കാനായി സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് ആവശ്യമായ ജീവനക്കാരെ സർക്കാരിന്റെ നിർദേശാനുസരണം മത്സരപ്പരീക്ഷ നടത്തി നിയമിക്കുക എന്ന ഒരേയൊരു കർമപരിപാടി മാത്രമാണ് പി. എസ്.സി.ക്കുള്ളത്. 

‘മാതൃഭാഷ ഭരണഭാഷ’ എന്നത് കേരളസർക്കാരിന്റെ പ്രഖ്യാപിതനയമാണ്. കേരള സർക്കാരിന്റെ ഉദ്യോഗസ്ഥഭരണപരിഷ്കാര വകുപ്പിന്റെ 26-04-2017-ലെ സ.ഉ.(അച്ചടി) നമ്പർ 6/2017 ഉത്തരവിലാണ് ‘മാതൃഭാഷ ഭരണഭാഷ’ എന്ന നയം പിൻപറ്റാത്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കും എന്നുകൂടി വ്യവസ്ഥ ചെയ്തിട്ടുള്ള ഭരണഭാഷാപ്രഖ്യാപനമുള്ളത്. 
ഇന്ത്യയിലെ മറ്റെല്ലാ പി.എസ്.സി.കളും അവരുടെ തൊഴിൽപ്പരീക്ഷകളെല്ലാം നടത്തുന്നത് ആ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷ കൂടിയായ മാതൃഭാഷയിലാണ്. ഘടനാസംവിധാനത്തിലെ ഐരാവതവലുപ്പംപോലെ ഇതിലും ഒരപവാദമാണ് കേരളാ പി.എസ്.സി. ഇവിടെ മാതൃഭാഷയായ മലയാളം ‘തുളസിക്കുന്നി’ന്റെ അടിവാരത്തിനും പുറത്താണ്‌.

മാതൃഭാഷാ വിരോധികൾ
ഇന്ത്യയിലെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അതതു പി. എസ്.സി.കൾ തൊഴിൽ പരീക്ഷ നടത്തുന്നത് ആ സംസ്ഥാനങ്ങളിലെ മാതൃഭാഷയിലും അവിടത്തെ ഭാഷാന്യൂനപക്ഷങ്ങൾക്കുവേണ്ടി ഇംഗ്ളീഷിലുമാണ്. എന്നാൽ, കേരളസർക്കാരിനുവേണ്ടി കേരളത്തിലെ മലയാളിജനതയെ സേവിക്കുന്നതിനായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ കേരളത്തിലെ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന തൊഴിൽപ്പരീക്ഷകളിൽനിന്ന് കേരളീയരുടെ മാതൃഭാഷയും സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയുമായ മലയാളത്തെ അയിത്തം കല്പിച്ച് മാറ്റി നിർത്തിയിരിക്കുന്നു. 
യു.പി.എസ്.സി. നടത്തുന്ന ഐ.എ.എസ്., ഐ.പി.എസ് തുടങ്ങിയ പരീക്ഷകൾ പോലും കേരളീയരുടെ മാതൃഭാഷയായ മലയാളത്തെ  ഉൾപ്പെടുത്തിയാണ് നടത്തുന്നത്. ആ നിലയിൽ കേരളാ പി.എസ്.സി.യുടെ മലയാളനിഷേധം തീർത്തും ജനാധിപത്യവിരുദ്ധവും മാതൃഭാഷാവിരുദ്ധവുമാണ്.

ഇനിയിപ്പോൾ കേരളഭരണസർവീസും വരാൻ പോകുന്നു. ഈ പരീക്ഷകളിലൊക്കെ പങ്കെടുക്കാനും ചോദ്യങ്ങൾ മനസ്സിലാക്കി ഉത്തരമെഴുതാനും നഗരകേന്ദ്രിതമായി വിദ്യാഭ്യാസം ലഭിച്ചവർക്കു മാത്രമല്ല അവകാശമുള്ളത്. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ മാതൃഭാഷാമാധ്യമത്തിൽ പഠിച്ച് സാധാരണക്കാർക്കും അവകാശമുണ്ട്.  ഭാഷാടിസ്ഥാനത്തിൽ രൂപവത്‌കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ കേരളത്തിലാണ് ഒരേ ഭാഷ ഏറ്റവും അധികം ശതമാനം ജനങ്ങൾ ഉപയോഗിക്കുന്നത്. 2011-ലെ സെൻസസ് അനുസരിച്ച്‌ കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്. അവരിൽ മലയാളം മാതൃഭാഷയായുള്ളവർ 3,24,13,213 (97.028 ശതമാനം) ആണ്. സംസ്ഥാനത്തു ജീവിക്കുന്ന ജനങ്ങളിൽ മലയാളം നല്ലവണ്ണം അറിയുന്നവരും സംസാരിക്കുന്നവരുമായ ആൾക്കാരുടെ ആകെ എണ്ണം 3,30,66,392 (98.983 ശതമാനം) അത്രേ. ഈ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ ഇംഗ്ലീഷറിയുന്നവരുടെ എണ്ണം 70,23,676 ആണ്. 35,86,925 പുരുഷന്മാരും 34,36,751 സ്ത്രീകളും. ഇത് ആകെ ജനസംഖ്യയുടെ 21.2411 ശതമാനം മാത്രമാണ്. (censusindia.gov.in 2011 സെൻസസ് ഡേറ്റാ  ലാംഗ്വേജ് ആൻഡ്‌ മദർ ടങ്‌  ഇ 16, 217 പട്ടികകൾ). ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തെ 2019-ലെ ജനസംഖ്യ 3,47,42,592 ആണ്. എട്ടുവർഷം കൊണ്ടുള്ള ജനസംഖ്യാവർധന 13,36,531. ഇവർക്കെല്ലാം ഇംഗ്ലീഷറിയാമെന്നുെവച്ചാൽത്തന്നെയും ആകെ എണ്ണം 83,60,207 മാത്രമേയുള്ളൂ. അതായത് 24.063 ശതമാനം.

ഇതെന്ത്‌ സാമൂഹിക ബോധം
ദരിദ്രരും സാധാരണക്കാരുമായ മലയാളികളാണ് പി.എസ്.സി.യുടെ ഭാഷാവിവേചനത്തിലൂടെ പുറത്താക്കപ്പെടുന്നത്. മൂന്നു ശതമാനം മാത്രം വരുന്ന ഭാഷാന്യൂനപക്ഷത്തിന്റെ മറപിടിച്ചാണ് പി.എസ്.സി. കേവലം 24 ശതമാനം ജനങ്ങൾക്കായി പരീക്ഷ നടത്തുന്നത്. ചോദ്യങ്ങൾ മലയാളത്തിലും ഭാഷാന്യൂനപക്ഷത്തിനായി ഇംഗ്ളീഷിലും അത്യാവശ്യമെങ്കിൽ മൂന്നു ശതമാനത്തിന്റെ മാത്രം  ന്യൂനപക്ഷഭാഷകളായ കന്നഡയിലും തമിഴിലും ചോദിക്കുമ്പോഴാണ് പരീക്ഷാ നടത്തിപ്പ് കേരളത്തിനു വേണ്ടിയാവുക. 

ഹിന്ദി സംസ്ഥാനങ്ങളിലോ തമിഴ്‌നാട്ടിലോ ബംഗാളിലോ പഞ്ചാബിലോ ഉള്ളതിനെക്കാൾ  ഔദ്യോഗികഭാഷ തന്നെ ഏറ്റവും വലിയ ശതമാനം ജനഭാഷയായിരിക്കുന്നത് കേരളത്തിലാണ്. അതുകൊണ്ടുതന്നെ എല്ലാ പി.എസ്.സി. പരീക്ഷകളും മലയാളമാധ്യമത്തിൽ നടത്താനുള്ള നടപടിയുണ്ടാവണം. മലയാളം അറിയാമോ എന്ന് പരിശോധിക്കുകയും വേണം. ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമായ തൊഴിൽ പരീക്ഷകളിലും ഇംഗ്ലീഷ് മാധ്യമമാക്കുകയല്ല, മലയാളമാധ്യമത്തിൽ പരീക്ഷ നടത്തി ഇംഗ്ലീഷിലുള്ള അറിവ് പരിശോധിക്കുന്നതിനായി അതിനുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തുകയാണ് വേണ്ടത്. മാതൃഭാഷയോടു കൂറുള്ളവർക്കേ ഉദ്യോഗത്തിലിരുന്നാലും സാമൂഹികബോധമുണ്ടാകൂ. അല്ലെങ്കിൽ സർക്കാരാണ് അവിടെ പരാജയപ്പെട്ടുപോവുക. 

(ഐക്യമലയാള പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമാണ് ലേഖകൻ)