ബാങ്കുകളിൽ സമർദങ്ങൾ വർധിക്കുന്നത്‌ എന്തുകൊണ്ടാവാം. വികസന ബാങ്കിൽനിന്നുള്ള ബാങ്കുകളുടെ പിന്മാറ്റം, കംപ്യൂട്ടർവത്കരണം, വൊളന്ററി റിട്ടയർമെന്റ്, ലാഭവർധന കാണിക്കാനുള്ള ബാങ്കുകളുടെ ത്വര, ബാങ്കിലെ തൊഴിലാളി യൂണിയനുകളുടെ അപചയം ഇവയൊക്കെ പരസ്പരബന്ധിതമായി നിൽക്കുന്ന കാരണങ്ങളാണ്. ഇവ മനസ്സിലാക്കാൻ അല്പം പിറകിലേക്ക് പോകേണ്ടതുണ്ട്.

1969 ബാങ്ക് ദേശസാത്കരണത്തിനുശേഷം ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ വലിയമാറ്റങ്ങൾ വന്നു. കൃഷിക്കും ചെറുകിട വ്യവസായങ്ങൾക്കും പ്രാമുഖ്യം കൊടുത്തുള്ള വികസനബാങ്കിങ് പുതിയ നയമായി മാറി. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിൽ എല്ലായിടത്തും എത്തിക്കാൻ രാജ്യത്താകമാനം പുതിയ ശാഖകൾ തുറന്നു. ബാങ്കുകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കുന്ന രീതിയും മാറി. ബാങ്കിങ് സർവീസ് റിക്രൂട്ട്‌മെന്റ് ബോർഡ് (BSRB) നടത്തുന്ന പരീക്ഷകളിലൂടെയാണ് ബാങ്ക് ജീവനക്കാർ തിരഞ്ഞെടുക്കപ്പെട്ടത്. വികസന ബാങ്കിന് വ്യത്യസ്തമേഖലകളിലുള്ള ആളുകളുടെ വൈദഗ്ധ്യം ആവശ്യമായിരുന്നു. അങ്ങനെയാണ് എൻജിനിയർമാരും കാർഷിക വിദഗ്ധരുമൊക്കെ ബാങ്കുകളിൽ സ്ഥാനം കണ്ടെത്തിയത്. കാലക്രമത്തിൽ ബാങ്കിലെ ജോലി എന്നത് യുവതീയുവാക്കൾക്ക് ആകർഷകമായ തൊഴിലവസരമായി മാറി. ബാങ്കുകളിലെ ശാഖകളുടെ എണ്ണം വർധിച്ചു എന്നുമാത്രമല്ല, ബ്രാഞ്ചുകളിൽ പണിയെടുക്കുന്ന ജോലിക്കാരുടെ എണ്ണവും വർധിച്ചു. ബാങ്കിലെ തൊഴിലാളി യൂണിയനുകൾ ശക്തമായി എന്നുമാത്രമല്ല, തൊഴിലാളിസംഘടനകൾ പലതരത്തിലുള്ള തൊഴിൽ നിയന്ത്രണങ്ങൾ (restrictive practices) ഏർപ്പെടുത്തുന്നതിലും വിജയിച്ചു.

വലിയ മാറ്റം വരുത്തിവെച്ചത്‌

എന്നാൽ, കാർഷിക ഗ്രാമീണ വികസന മേഖലകളിലേക്കുള്ള ബാങ്കുകളുടെ പ്രവേശനവും നടത്തിപ്പും പ്രയാസമുള്ള കാര്യങ്ങളായിരുന്നു. ചെറുകിട വ്യവസായങ്ങളുടെ ഘടനതന്നെ ബാങ്കുകൾ മനസ്സിലാക്കാൻ സമയമെടുത്തു. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ വർധിച്ചു. 1990-കളിലെ നവലിബറൽ സാമ്പത്തികനയങ്ങളും കംപ്യൂട്ടർവത്‌കരണവും ഏകദേശം ഒരേസമയത്താണ്‌ വരുന്നത്‌. വികസന ബാങ്കിങ്ങിൽനിന്ന്‌ ബാങ്കുകൾ പിന്മാറാൻതുടങ്ങി. ലാഭവും ലാഭക്ഷമതയുമായി ബാങ്കുകളുടെ പ്രവർത്തനത്തിന്റെ മുഖമുദ്ര. കംപ്യൂട്ടർവത്‌കരണം ഇതിന്‌ സഹായിയും.

പ്രത്യക്ഷവും പരോക്ഷവുമായി കംപ്യൂട്ടർവത്‌കരണം ധാരാളം ഗുണംചെയ്തിട്ടുണ്ട്‌. എല്ലാ ദിവസവും ബാങ്കിൽചെയ്യേണ്ട ‘ട്രയൽ ബാലൻസ്‌’ കംപ്യൂട്ടർ ചെയ്യും. മുമ്പ്‌ ബാങ്ക്‌ യൂണിയനുകളുടെ തുരുപ്പ്‌ ശീട്ടായിരുന്നു ‘ട്രയൽ ബാലൻസ്‌’. അതുപോലെ എല്ലാ ആഴ്ചകളിലും മാസങ്ങളിലും അയക്കേണ്ട റിട്ടേണുകൾ കംപ്യൂട്ടർ നിർവഹിക്കും. ബാങ്കുകൾ ജീവനക്കാരെ പരിച്ചുവിട്ടില്ല. എന്നാൽ, ആകർഷകമായ സ്വയംവിരമിക്കൽ പദ്ധതികളിലൂടെ ജോലിചെയ്യുന്നവരുടെ എണ്ണം സാരമായി കുറച്ചു. വർഷങ്ങളോളം പുതിയ നിയമനങ്ങൾ നടത്തിയില്ല. നിലവിലുള്ള ജീവനക്കാർക്ക്‌ വേതനവർധന നൽകുകവഴി യൂണിയനകളുടെ പിന്തുണ നേടി. യൂണിയനുകൾ ഈ പ്രക്രിയയ്ക്ക്‌ കൂട്ടുനിന്നു.
കംപ്യൂട്ടർവത്‌കരണം വഴിയും സ്വയംവിരമിക്കൽമൂലവും നിലവിലുള്ള ജീവനക്കാരുടെ അധ്വാനഭാരം വർധിക്കുകയും അതോടൊപ്പം തൊഴിലാളി യൂണിയനുകളുടെ ശക്തി കുറയുകയുമാണ്‌ ചെയ്‌തത്‌. ഇന്ന്‌ ജീവനക്കാരെ പരിരക്ഷിക്കാനുള്ള തൊഴിലാളി യൂണിയനുകളുടെ ശക്തി വളരെ കുറവാണ്‌. വർധിച്ച ജോലിഭാരം ബാങ്ക്‌ ജീവനക്കാരിൽ ധാരാളം ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്‌. ബാങ്ക്‌ ജീവനക്കാരുടെ മെഡിക്കൽബില്ലുകൾ പരിശോധിച്ചാൽ ഇവ മനസ്സിലാകും.

വൈദഗ്‌ധ്യവും നൈപുണ്യവും കുറഞ്ഞു

ബാങ്കുകളുടെ പ്രവർത്തനത്തിനുവേണ്ട വൈദഗ്‌ധ്യവും നൈപുണ്യവും കുറഞ്ഞിരിക്കുന്നു. കാരണം മുമ്പ്‌ വായ്‌പകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ വലിയഭാഗവും ബ്രാഞ്ചുകളാണ്‌ ചെയ്തിരുന്നെങ്കിൽ ഇന്ന്‌ ഇവ ഹെഡ്‌ ഓഫീസുകളിലാണ്‌ നടക്കുന്നത്‌. കൃഷിക്കും ചെറുകിട വ്യാപാരവ്യവസായങ്ങൾക്കുമുള്ള കടംനൽകുന്നത്‌ വളരെ കുറച്ചിട്ടുണ്ട്‌. വാഹനങ്ങൾ വാങ്ങുന്നതിനും വീടുവെക്കുന്നതിനുമുള്ള കടങ്ങളാണ്‌ ബാങ്കുകൾ കൂടുതലായി നൽകുന്നത്‌.

രോഗാതുരമായ അവസ്ഥ

സ്വപ്നയുടെ ആത്മഹത്യയിലേക്ക്‌ വരാം. ബാങ്കിൽ ഓഫീസറായി ചേർന്ന്‌ പതിനഞ്ചോളം വർഷങ്ങൾ ജോലിയെടുത്ത്‌ മാനേജറായ വ്യക്തിയാണ്‌. ഭർത്താവു നഷ്ടപ്പെട്ടു. രണ്ടുകുട്ടികളുടെ അമ്മ. വളരെ ദിവസങ്ങൾ അവർ മനഃക്ലേശത്തിലിരുന്നിരിക്കാം. ദിവസവും രാവിലെ ഒമ്പതുമുതൽ വൈകുന്നേരംഎട്ടുവരെ അവർ ഓഫീസിൽ പണിയെടുത്തിരുന്നു എന്നറിയുന്നു. അവർ തകർച്ചയുടെ വക്കത്താണ്‌ നിൽക്കുന്നത്‌ എന്ന്‌ മേലധികാരികൾ അറിഞ്ഞോ? എന്തെങ്കിലും കൗൺസലിങ്‌ സംവിധാനം ഉണ്ടായിരുന്നുവോ?
ഒരുവ്യക്തി ആത്മഹത്യ ചെയ്യുന്നെങ്കിൽ അതേകാരണങ്ങൾപോലെ ആത്മഹത്യ ചെയ്യുവാൻ തയ്യാറായി ധാരാളം ആളുകളുണ്ടാവും. സ്വപ്നയുടെ ആത്മഹത്യ ബാങ്കിങ്‌ എത്ര രോഗാതുരമായ ഒരു അവസ്ഥയിലേക്ക്‌ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ വിവിധ തസ്തികളിൽ രണ്ട്‌ ദശാബ്ദം ഓഫീസറായി ജോലിചെയ്ത ലേഖകൻ, ഗുവാഹാട്ടിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്ക്‌ മാനേജ്‌മെന്റിൽ
അസോസിയേറ്റ്‌ പ്രൊഫസറുമായിരുന്നു