പ്രിയപ്പെട്ട മക്കൾക്ക്,
അമ്മ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. പക്ഷേ, അമ്മയ്ക്ക് ജോലി ചെയ്യാനാകുന്നില്ല. പക്ഷേ, അമ്മയ്ക്ക് ജോലിസംബന്ധമായ ഒരുപാട് ഭയങ്ങളുണ്ട്. അതൊന്നും ചെയ്തുതീർക്കാനാവുന്നില്ല. നിങ്ങളെയും ഒപ്പംകൂട്ടണമെന്നുണ്ട്. പക്ഷേ, അതിനുള്ള ധൈര്യവുമില്ല.
ഒരുപാട് സ്നേഹത്തോടെ അമ്മ...

പന്ത്രണ്ടുവയസ്സുകാരിയായ മൂത്തമകളുടെ സ്കൂൾ ഡയറിയിൽ ഈ കുറിപ്പെഴുതിവെച്ചാണ് കണ്ണൂർ കൂത്തുപറമ്പിലെ തൊക്കിലങ്ങാടി കനറാ ബാങ്ക് മാനേജരായ തൃശ്ശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്. സ്വപ്ന ആത്മഹത്യചെയ്തത്. ഭർത്താവ് രണ്ടുകൊല്ലംമുമ്പ്‌ മരിച്ച 38-കാരി. അനാഥരായത് പറക്കമുറ്റാത്ത രണ്ടുകുഞ്ഞുങ്ങൾ. ബാങ്കിനുള്ളിൽത്തന്നെ ജീവനൊടുക്കാൻ ആ  ജീവനക്കാരിയെ പ്രേരിപ്പിച്ചത്‌ തൊഴിൽപ്രശ്നങ്ങളോ വ്യക്തിപരമായ കാരണങ്ങളോയെന്നത് ഇപ്പോൾ തീർത്തുപറയാനാവില്ല. തൊഴിൽസമ്മർദത്തിന് ചെറുതല്ലാത്ത പങ്കുണ്ട് എന്നതിന് ആത്മഹത്യക്കുറിപ്പുതന്നെ തെളിവ്. എന്തായാലും സ്വപ്നയുടെ മരണത്തോടെ ബാങ്കിങ് മേഖലയിലെ ജോലിസമ്മർദം വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ബാങ്കിങ് രംഗത്ത് ജോലിസമ്മർദത്താൽ ജീവനൊടുക്കുന്നതും വിഷാദത്തിലേക്ക് വീഴുന്നതുമായ ആദ്യത്തെയാളല്ല സ്വപ്ന. ബാങ്കിങ് മേഖലയിലെ ആത്മഹത്യകളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ രാജ്യത്തുടനീളം ജീവനൊടുക്കിയിട്ടുള്ള ഒട്ടേറെപ്പേരുടെ വാർത്തകൾ നിരനിരയായി മുന്നിലെത്തും. ഭൂരിഭാഗവും യുവാക്കൾ.

മികച്ച വരുമാനം, ഉന്നതവിദ്യാഭ്യാസം, സമൂഹത്തിൽ ഉന്നതസ്ഥാനം, പ്രശ്നങ്ങളൊന്നുമില്ലാത്ത ജീവിതം-സ്വപ്നയെപ്പോലുള്ള ബാങ്കുദ്യോഗസ്ഥരെക്കുറിച്ച് സമൂഹത്തിനുള്ള പ്രതിച്ഛായ പൊതുവേ ഇങ്ങനെയായിരിക്കും. എന്നിട്ടും അവരെന്തിന് ആത്മഹത്യയിലും കൗൺസലിങ് റൂമുകളിലും അഭയംതേടണം? അതിനുള്ള ഉത്തരംതേടിയാൽ കഴിഞ്ഞ കുറച്ചുകൊല്ലങ്ങൾകൊണ്ട് മാറിമറിഞ്ഞ ബാങ്കിങ് രീതികളിലേക്ക് കണ്ണുകളെത്തും.
പ്രഷർകുക്കർപോലെയോ ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതംപോലെയോ ആണ് ബാങ്ക് ജീവനക്കാരുടെ ജീവിതം; പ്രത്യേകിച്ച് ഓഫീസർ കേഡറിലുള്ളവർക്ക്. ബാങ്ക് ജീവനക്കാർ ചുമക്കുന്ന അമിതഭാരം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. എന്നാൽ, ഇവ ചർച്ചയാകാൻ സ്വപ്നയെപ്പോലുള്ളവരുടെ ജീവത്യാഗമോ മറ്റെന്തെങ്കിലും അനിഷ്ടസംഭവങ്ങളോ ഉണ്ടാകണമെന്നുമാത്രം.

മാറിമറിഞ്ഞ ബാങ്കിങ് രീതി
നിക്ഷേപങ്ങൾ സ്വീകരിക്കുക, വായ്പനൽകുക (Accepting deposits for the purpose of lending) എന്ന അടിസ്ഥാന ബാങ്കിങ് സങ്കല്പത്തിൽനിന്ന് ബാങ്കിനെയും അതിന്റെ ഉത്പന്നങ്ങളെയും പ്രമോട്ട് ചെയ്യുകയെന്ന നവതലമുറ ബാങ്കുകളുടെ പാതയിലേക്ക് പൊതുമേഖലാബാങ്കുകളും വഴിമാറിയിട്ട് കാലമേറെയായി. 20 വർഷത്തിനിടെ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ബാങ്കിങ് മേഖലയിലുണ്ടായത്.സ്വകാര്യമേഖലയ്ക്ക് സമാനമായി തൊഴിൽസാഹചര്യങ്ങൾ പൊതുമേഖലാബാങ്കുകളിലേക്കും മാറിയത് ജീവനക്കാർക്കുണ്ടാക്കുന്ന സമ്മർദം ഭീകരമാണ്. അടിസ്ഥാന ബാങ്കിങ് ബിസിനസിനുപുറമേ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയവ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികളിൽനിന്ന് ബാങ്കുകൾ കരാർ സ്വീകരിക്കുകയും ആ ഉത്തരവാദിത്വംകൂടി ജീവനക്കാർക്ക്‌ നൽകുകയും ചെയ്തതാണ്‌ ബാങ്ക് ജീവനക്കാരുടെ തൊഴിൽ സമ്മർദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കോർ ബാങ്കിങ് ബിസിനസിനെക്കാൾ കൂടുതൽ ശ്രദ്ധ തേഡ് പാർട്ടി പ്രോഡക്ടുകൾ അല്ലെങ്കിൽ ക്രോസ് സെല്ലിങ്ങിലേക്ക് ചെലുത്തേണ്ട അവസ്ഥയിലാണ് ബാങ്ക് ജീവനക്കാർ. ഇൻഷുറൻസ് ഏജന്റുമാരുടെ അവസ്ഥയിലേക്ക് ബാങ്ക് മാനേജർമാരും അസിസ്റ്റന്റ് മാനേജർമാരുമെല്ലാം മാറിക്കഴിഞ്ഞെന്ന് എറണാകുളം ജില്ലയിലെ പ്രമുഖ ബാങ്കിലെ മാനേജർ പറയുന്നു.

ഇതിനുപുറമേ, പ്രധാൻമന്ത്രി ജൻധൻ യോജന, പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമ യോജന,  അടൽ പെൻഷൻ യോജന, പ്രധാൻമന്ത്രി മുദ്രാ യോജന, സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി, പ്രധാൻമന്ത്രി വയ വന്ദന യോജന, സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ പദ്ധതി, പ്രോവിഡന്റ് ഫണ്ട്, നാഷണൽ പെൻഷൻ സ്കീം മുതലായവ സർക്കാർപദ്ധതികൾ, ആധാർ, പാൻകാർഡ് എന്നിവ അക്കൗണ്ടുമായി ബന്ധിപ്പിക്കൽ, പരീക്ഷാ-സർവകലാശാലാ ഫീസുകൾ എന്നിവയടക്കം മാനേജർമാരുടെ ഉത്തരവാദിത്വങ്ങളുടെ പട്ടിക നീളുന്നു. ഇവയ്ക്കെല്ലാം ടാർഗറ്റുകളുമുണ്ട്.

ടാർഗറ്റുകളുടെ ഘോഷയാത്ര
ഒരു ബാങ്ക് മാനേജർക്ക് ഓരോ മാസവും തികയ്ക്കേണ്ട ടാർഗറ്റുകളുടെ എണ്ണം 28 മുതൽ മുപ്പതുവരെയാണ്. ഈ മുപ്പതോളം പാരാമീറ്ററുകളാണ് ഒരു ബാങ്ക് മാനേജരുടെ കാര്യക്ഷമതയും കഴിവും പ്രൊമോഷൻ സാധ്യതയും അളക്കുന്ന ഘടകം. യുക്തിക്കുനിരക്കാത്തതും അശാസ്ത്രീയവുമായ ടാർഗറ്റുകളാണ് തങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതെന്ന് വിവിധ ബാങ്കുകളിൽ മാനേജർപദവി വഹിക്കുന്നവർ ഒരേസ്വരത്തിൽ പറയുന്നു.
ഇതിനുപുറമേയാണ് ഇൻഷുറൻസും മ്യൂച്വൽഫണ്ടും അടക്കമുള്ള തേഡ് പാർട്ടി ഉത്പന്നങ്ങൾ വിൽക്കുന്നതിനും സർക്കാർ പദ്ധതികൾക്കുമുള്ള ടാർഗറ്റും. ഓരോ വർഷവും പൂർത്തിയാക്കേണ്ട ടാർഗറ്റുകൾ, ഓരോ മാസത്തിലും പൂർത്തിയാക്കേണ്ട ടാർഗറ്റുകൾ എന്നിവയ്ക്കുപുറമേ ഓരോ പ്രത്യേക ഉത്പന്നങ്ങൾക്കുമായുള്ള കാംപെയ്ൻ ടാർഗറ്റുകളും ലോഗിൻ ഡേ, മഹാ ലോഗിൻ ഡേ എന്ന പേരുകളിൽ ഒറ്റദിവസംകൊണ്ട് പരമാവധി ബിസിനസ് ലക്ഷ്യമിട്ടുള്ള ടാർഗറ്റ് ഉത്സവങ്ങൾ വേറെയും. പലപ്പോഴും കാമ്പയിൻ ടാർഗറ്റുകൾ ഒരു മാസത്തെ ടാർഗറ്റിനെക്കാൾ മുകളിലായിരിക്കുമെന്നതാണ് വസ്തുത.

വിഷാദത്തിലേക്ക്‌ വീഴുമ്പോൾ

പ്രമുഖ ബാങ്കിന്റെ എറണാകുളം ജില്ലയിലെ ഒരു ബ്രാഞ്ചിലേക്ക് മാനേജരായിവന്ന ജീവനക്കാരി ജോലിസമ്മർദം താങ്ങാനാവാതെ വിഷാദത്തിലേക്ക് വീണുപോയ അനുഭവം പറയുന്നു: ‘‘എറണാകുളം ജില്ലയിൽ, നഗരഹൃദയത്തിൽ എന്നുപറയാവുന്ന, ഒരാൾക്ക് കുറഞ്ഞത് രണ്ട് ബാങ്ക് അക്കൗണ്ടെങ്കിലുമുള്ള ഏരിയയിലായിരുന്നു ബ്രാഞ്ച്. ജോയിൻ ചെയ്തയുടൻ, ഒരു ദിവസം ആറ് അക്കൗണ്ടുകൾ തുറപ്പിക്കണം എന്നതായിരുന്നു ആദ്യംകിട്ടിയ ടാർജറ്റ്. ഇതുപോലൊരു സ്ഥലത്ത് ദിവസം ഇത്രയും അക്കൗണ്ടുകൾ കിട്ടുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളറിയിച്ചെങ്കിലും സ്കൂളിലും കോളേജുകളിലുമൊക്കെ ചെന്ന് സംഘടിപ്പിക്കൂവെന്നായിരുന്നു മേലധികാരികളുടെ മറുപടി. ഇതോടെ ഒരക്കൗണ്ടെങ്കിലും എടുക്കുമോയെന്ന് ചോദിച്ച് ഓരോരോ സ്ഥാപനങ്ങൾതോറും കയറിയിറങ്ങേണ്ട അവസ്ഥയായി. എന്നിട്ടും ആറ് അക്കൗണ്ടിലേക്ക് ഒരു ദിവസവും എത്താനായില്ലെന്നത് വേറൊരു കാര്യം. ഇതോടെ മനസ്സ് കൈവിട്ടുപോയപോലെയായി. മുഴുവൻ നേരവും കരച്ചിൽ. വീട്ടിലാരോടും സംസാരിക്കാതായി. ഭർത്താവിനോട്‌ കാര്യങ്ങൾ പറഞ്ഞതോടെയാണ് അദ്ദേഹം കൗൺസലിങ്ങിന് കൊണ്ടുപോകുന്നത്. ഒന്നരവർഷമായി ഡിപ്രഷന് മരുന്നുകഴിക്കുന്നു. ഇപ്പോഴും ബാങ്കിൽനിന്നുള്ള സമ്മർദത്തിന്‌ കുറവൊന്നുമില്ല. ഇതെന്റെമാത്രം അനുഭവമൊന്നുമല്ല. ഡിപ്രഷനിലേക്കെത്തിയ ഒരുപാട്‌ സഹപ്രവർത്തകരെ അറിയാം. ജോലിസുരക്ഷയോർത്തും ട്രാൻസ്ഫർപോലുള്ള പ്രതികാരനടപടികൾ ഭയന്നും ആരും പറയാറില്ലെന്നുമാത്രം’’.

കണ്ടില്ലെന്നു നടിക്കാനാവില്ല
ഈ സമ്മർദം യാദൃച്ഛികമല്ല. പൊടുന്നനെയുണ്ടായതുമല്ല. ഇത് ബാങ്കിങ് പരിഷ്‌കരണത്തിന്റെപേരിൽ സർക്കാർ തൊണ്ണൂറുകളിലാരംഭിച്ച സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമാണ്. കമ്പോളങ്ങൾക്ക് റാൻ മൂളുന്ന ആ നയത്തിന്റെ ബലിയാട് എവിടെയും അധ്വാനിക്കുന്നവരാണ്. അതിന്റെ ഭാഗമായാണ് ബാങ്കുകളിൽ റിക്രൂട്ട്‌മെന്റുകൾ മരവിക്കപ്പെട്ടത്. ജോലിഭാരം അമിതമായി കൂടുന്നു. ബാങ്കുകൾക്കുമേൽ ഇൻഷുറൻസിന്റെയും മ്യൂച്വൽ ഫണ്ടിന്റെയും എല്ലാം കാര്യസ്ഥപ്പണി ചെയ്യാനുള്ള സമ്മർദവുമേറിവരുന്നു. ഇതിന്റെയെല്ലാം ഇരകളാണ് ബാങ്ക് ജീവനക്കാർ. കണ്ണൂരിലെ ബാങ്ക് ഓഫീസറുടെ ആത്മഹത്യയെത്തുടർന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമന് ഞാനയച്ച കത്തിന് ഇതുവരെ പ്രതികരണം കണ്ടില്ല. അതിന് സംഘടിതമായ ജനകീയ സമ്മർദം ഉയർന്നുവരണം. 
-ബിനോയ് വിശ്വം എം.പി.

(തുടരും)