കാലാവസ്ഥാവ്യതിയാനങ്ങളെ അവഗണിച്ച്, സുസ്ഥിരമല്ലാത്ത ഊർജസ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ടും അനിയന്ത്രിതമായ ഊർജ ഉപഭോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടും ദീർഘവീക്ഷണമില്ലാത്ത കാര്യപരിപാടികൾ വഴി ഒരു രാജ്യം അവരുടെ വികസന അജൻഡകൾ 
നടപ്പാക്കുമ്പോൾ ഇത്തരം പ്രതിസന്ധികൾ നമ്മൾ പ്രതീക്ഷിച്ചേ മതിയാവൂ...

power scarcity
Photo: Mathrubhumi 

രാജ്യം ഇന്നൊരു ഊർജ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നുള്ള വാർത്തകൾ കേൾക്കുമ്പോൾ ഇതിനു കാരണം അപ്രതീക്ഷിതമായ ചില കാര്യങ്ങൾ ആണെന്ന തോന്നൽ പലരിലും ഉണ്ടാകാൻ ഇടയുണ്ട്. പക്ഷേ, ഈ പ്രതിസന്ധി ഒട്ടും അപ്രതീക്ഷിതമല്ല, കോവിഡ്-19 പോലെ. കണക്കുകൾപ്രകാരം വൈദ്യുതി മിച്ചമായ ഒരു രാജ്യത്ത് എങ്ങനെയാണ് പെട്ടെന്നൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടായത് എന്നത് പഠനവിഷയമാകേണ്ട ഒരു കാര്യംതന്നെയാണ്.

ഊർജവും വികസനസങ്കല്പവും

നമ്മുടെ അന്തരീക്ഷത്തിലെ വർധിച്ച ഹരിതഗൃഹ വാതകങ്ങളുടെ ശതമാനത്തിന്റെയും ഉറവിടം ഭൂമിയിലെ മനുഷ്യന്റെ ഊർജ ഉപഭോഗമാണ്. ഇവ തടഞ്ഞുനിർത്തുന്ന അധിക സൗരോർജമാണ് ഭൂമിയിലെ ചൂടു കൂടുന്നതിനും കാലാവസ്ഥാ മാറ്റത്തിനും കാരണമാവുന്നത്. ഭൂമിയെയും അതിലെ സർവചരാചരങ്ങളെയും ജീവനോടെ നിലനിർത്തുന്ന, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു ചാലകശക്തിയായി ഊർജത്തെ കാണാതെപോയതാണ് വ്യവസായ വിപ്ളവത്തിനുശേഷം സംഭവിച്ച ഏറ്റവും വലിയ അപചയം.
ഊർജം എന്നാൽ, അതിന്റെ സ്രോതസ്സുകളായ കൽക്കരിയായോ, പ്രകൃതിവാതകമായോ, പെട്രോളിയം ഉത്പന്നങ്ങളായോ, അതിന്റെ രൂപങ്ങളായ നീരാവിയായോ വൈദ്യുതിയായോ ലഘൂകരിക്കപ്പെട്ടു ഇക്കാലത്ത്! അതുകൊണ്ടുതന്നെ വ്യവസായ വിപ്ളവത്തിനുശേഷം ഊർജം ഒരു വാണിജ്യ വിഭവമായി കണക്കാക്കപ്പെടാനും അവയുടെ ക്രയവിക്രയത്തിനു മുകളിലുള്ള ആധിപത്യത്തിനുവേണ്ടി രാജ്യങ്ങൾ പരസ്പരം മത്സരിക്കാനും തുടങ്ങി. തന്മൂലം അമിതമായ, അനിയന്ത്രിതമായ ഊർജ ഉപഭോഗം വികസനത്തിന്റെ അളവുകോലായി മാറി. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നതിൽ ഗണ്യമായ പങ്കുവഹിച്ചു. ഇതിനു കാരണം മനുഷ്യൻ മാത്രമാണെന്നും നിലനിൽക്കുന്ന വികസന സങ്കല്പങ്ങളും രീതികളുമാണെന്ന ഒരു സമന്വയം ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടാകാൻ പിന്നെയും സമയമെടുത്തു. 

മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ഭൂമിയുടെ ആവാസവ്യവസ്ഥയുടെ മുകളിൽ സുപ്രധാനമായ സ്വാധീനം ചെലുത്താൻ ഇടവന്ന ഈ കാലഘട്ടത്തെ നാം ആന്ത്രോപോസിൻ എന്ന് ഓമനപ്പേരിട്ടു വിളിച്ചു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനകാരണം മനുഷ്യൻ തന്നെയാണ് എന്ന് ഐ.പി.സി.സി. (ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) 2021-ൽ ഇറക്കിയ പഠനങ്ങൾ അടിവരയിട്ടു പറയുകയും ചെയ്തു. ഊർജപ്രതിസന്ധിയും കാലാവസ്ഥാ പ്രതിസന്ധിയും പരസ്പര ബന്ധിതമാണെന്നു ചുരുക്കം.

വികസനമാതൃകകൾ ശരിയോ

ഈ പ്രതിസന്ധികൾക്ക് പരിഹാരം തേടുന്നതിന്റെ ഭാഗമായി നാം ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം ഇന്നുകാണുന്ന രീതിയിലുള്ള വളർച്ച ഊർജ ഉപഭോഗത്തിന്റെ കാര്യത്തിൽ അഭികാമ്യമാണോ എന്നതാണ്. ഭൂമിയുടെ ഇന്നത്തെ വികസന മാതൃകയുടെ അപകടകരമായ സഞ്ചാരപാതകൾ, നൂതനമായ സാങ്കേതികവിദ്യകൾ കൃത്യമായി കാണിച്ചുതരുന്ന ഈ കാലത്ത്, യുക്തിപരമായ തീരുമാനങ്ങളെടുക്കാൻ മനുഷ്യവർഗത്തിനുള്ള ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കഴിവുതന്നെ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.കഴിഞ്ഞ 200 കൊല്ലത്തെ മനുഷ്യരാശിയുടെ ചരിത്രമെടുത്താൽ ആദ്യകാലങ്ങളിൽ നമ്മുടെ ഊർജസ്രോതസ്സുകൾ ഏതാണ്ട് സമജാതികളായിരുന്നു (ഹോമോജിനസ്‌). പതിനെട്ടാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടിലെ മധ്യകാലംവരെ വിറക്, ജൈവമാലിന്യം മുതലായവയായിരുന്നു പ്രധാന ഊർജസ്രോതസ്സുകൾ. പിന്നീട്, വ്യവസായ വിപ്ലവത്തിനുശേഷം, കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ജലവൈദ്യുത പദ്ധതികൾ എന്നിവ ഗണ്യമായ സംഭാവനകൾ നൽകി. മുൻകാലങ്ങളെ അപേക്ഷിച്ച് ഊർജ ഉപഭോഗത്തിലും ഉത്പാദനത്തിലും മാറ്റങ്ങൾ വളരെ ദ്രുതഗതിയിലാണ് സംഭവിക്കുന്നത്. ഇന്നു നമുക്ക് വളരെ വ്യത്യസ്തമായ ഒട്ടേറെ ഊർജസ്രോതസ്സുകളുണ്ട്. എന്നിരുന്നാലും പ്രധാന ഊർജസ്രോതസ്സുകളിൽ പലതിന്റെയും ഉറവകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. പുനരുത്പാദനം നടക്കുന്നതിന്റെ പതിന്മടങ്ങു വേഗത്തിൽ വിഭവങ്ങൾ ഉപയോഗിച്ചുതീരുന്നു. ഇൗ പശ്ചാത്തലത്തിൽ അസന്ദിഗ്ധമായി നമുക്ക് പറയാൻകഴിയുന്ന ഒരു കാര്യം ഖനിജ ഇന്ധനങ്ങൾ പുതുക്കാൻ കഴിയാത്ത ഒന്നാണെന്നും അതിനുമുകളിലുള്ള ആശ്രയത്തിന് പരിധിയുണ്ട് എന്നുമാണ്. മാത്രമല്ല, ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം അതിന്റെ മൂർധന്യാവസ്ഥയിൽ -ടിപ്പിങ്‌ പോയന്റ് എത്തിക്കഴിഞ്ഞിരിക്കുന്നു.

മിനുക്കുപണികൾ പോരാ

ആഗോള കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമീപകാല പഠനങ്ങൾ ഇന്ത്യാ ഉപഭൂഖണ്ഡത്തെ ഇക്കാര്യത്തിൽ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഒന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കവും വരൾച്ചയും കൊടുങ്കാറ്റും കൂടുതലായി അനുഭവിക്കേണ്ടിവരും എന്ന മുന്നറിയിപ്പുകൾ അവഗണിച്ച്, സുസ്ഥിരമല്ലാത്ത ഊർജസ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ടും അനിയന്ത്രിതമായ ഊർജ ഉപഭോഗം പ്രോത്സാഹിപ്പിച്ചുകൊണ്ടും ദീർഘവീക്ഷണമില്ലാത്ത കാര്യപരിപാടികൾ വഴി ഒരു രാജ്യം അവരുടെ വികസന അജൻഡകൾ നടപ്പാക്കുമ്പോൾ ഇത്തരം പ്രതിസന്ധികൾ നമ്മൾ പ്രതീക്ഷിച്ചേ മതിയാവൂ.ചില മിനുക്കുപണികൾകൊണ്ട് പരിഹരിക്കാനാവുന്നതല്ല പുതിയ പ്രതിസന്ധി എന്നത് തീർച്ചയാണ്. കൂടുതൽ ആഴത്തിലുള്ള പഠനങ്ങളും മാനസിക, ബൗദ്ധിക തലത്തിലുള്ള മാറ്റങ്ങളും ഇവിടെ അനിവാര്യമാണ്. ഇതിനുള്ള തുടക്കം ഊർജമെന്നാൽ വൈദ്യുതി മാത്രമല്ലെന്നും വികസനമെന്നാൽ ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും കോണിൽ വൈദ്യുതി എത്തിച്ച്‌ സമ്പൂർണ വൈദ്യുതീകരണമാഘോഷിക്കുക എന്നതല്ലെന്നും ഓരോ വസ്തുവിന്റെയും ഉത്പാദനമെന്നാൽ അത് വിലയേറിയ ഊർജ ഉപഭോഗത്തിന്റെ അനന്തര ഫലമാണെന്നും വലിച്ചെറിയുന്ന ഓരോ ഉത്പന്നവും ഊർജത്തിന്റെ പാഴാക്കലാണെന്നും ഒരു പൊതുവസ്തുവിന്റെ നിരുത്തരവാദപരമായ ഉപഭോഗം സാമൂഹിക ദ്രോഹമാണെന്നും ഊർജപ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ ഊർജ ഉത്പാദനം മാത്രമല്ല പരിഹാരമെന്നുമുള്ള ഒട്ടേറെ തിരിച്ചറിവുകളിൽ നിന്നാണ്. 

അടുത്തകാലത്തെ ഒട്ടേറെ പഠനങ്ങൾ വഴി, ആഗ്രഹങ്ങൾക്കപ്പുറം ദുരാഗ്രഹങ്ങളുടെ പിറകെയുള്ള പ്രയാണം ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും എന്നു നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുണ്ട്. വികസനം എന്നത് റോഡുകളും പാലങ്ങളും വേഗത്തിലുള്ള യാത്രയും അല്ലെന്നും ഇനിയുള്ള കാലത്ത് ഇവയുടെ പ്രസക്തി കുറയുകയേ ഉള്ളൂവെന്നും കോവിഡ് നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. അതിനിടയിൽ വളരെ വലിയതോതിൽ ഊർജം ആവശ്യമുള്ള, ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി മാറി പുനരുപയോഗ സാധ്യതകൾ അന്വേഷിക്കാതെ എല്ലാം വലിച്ചെറിയുന്ന സംസ്കാരമുണ്ടാക്കുന്ന പാഴ്‌വസ്തുക്കളാണ് ഇന്നത്തെ ഒരു പ്രധാന ഊർജപ്രതിസന്ധി. കേന്ദ്രിതമായ ഉത്പാദന-വിതരണ രംഗത്തുനിന്നു മാറി ഓരോ ഉപഭോക്താവും ഉത്പാദകനാകുന്ന വികേന്ദ്രിതമായ പുതിയ വികസന രീതികൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് ഈ രംഗത്തെ ഒരു പ്രധാന പോരായ്മ. ഈ തിരിച്ചറിവുകൾ അടിസ്ഥാനമാക്കി ഇപ്പോൾ നാം നേരിടുന്ന ഊർജപ്രതിസന്ധിക്കു ചില പരിഹാരമാർഗങ്ങൾ തേടുകയാണ് ഇവിടെ.

കൽക്കരിക്ഷാമം

2011-'12ൽ ഇന്ത്യയുടെ ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിന്റെ 58 ശതമാനം (612,497 GWh) കൽക്കരിയെ ആശ്രയിച്ചായിരുന്നുവെങ്കിൽ 2018-19ൽ അത് 66 ശതമാനമായി (1,021,997 GWh) വർധിക്കുകയാണുണ്ടായത്. കൽക്കരിയുടെ ഉപഭോഗത്തിലെ ഈ ഭീമമായ (67%)വർധന ലോകത്തിന്റെ പൊതുവേയുള്ള ഗതിക്ക് വിരുദ്ധമായിരുന്നു. ലോകത്താകമാനം കൽക്കരിയുടെ ഉപഭോഗം 2010-ൽ 41 ശതമാനമായിരുന്നത് 2019-ൽ 35 ശതമാനത്തിനടുത്തേക്ക് കുറയുകയാണുണ്ടായത്. 2019-'20ൽ കോവിഡ് കാരണം ഉത്പാദനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി ഉത്പാദനത്തിൽ കൽക്കരിയുടെ പങ്ക്‌ ഇന്ത്യയിൽ 72 ശതമാനമായി വർധിക്കുകയാണുണ്ടായത്.നാം ഇന്ന് ചർച്ചചെയ്യുന്ന വൈദ്യുതിപ്രതിസന്ധിക്ക് ഗുലാബ് ചുഴലിക്കാറ്റിനോടനുബന്ധിച്ച്‌ ഉത്തരേന്ത്യയിൽ ലഭിച്ച ശക്തമായ മഴയും വെള്ളപ്പൊക്കവും ഒരു കാരണമായിട്ടുണ്ട്. ഏകദേശം ഒരു ദശാബ്ദംമുമ്പ് (2012-ൽ) രാജ്യത്തെ വടക്ക്‌, വടക്കു-കിഴക്കു സംസ്ഥാനങ്ങളെയെല്ലാം ഇരുട്ടിലാക്കിയ ബ്ലാക്ക് ഔട്ടിന് വഴിതെളിച്ചത് കാലവർഷം വൈകിയതുമൂലമുണ്ടായ അമിതമായ ചൂടും വരൾച്ചയും തത്ഫലമായി ഉണ്ടായ ഊർജ ഉപഭോഗ വർധനയുമായിരുന്നു. കാലാവസ്ഥയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ചെറിയ മാറ്റങ്ങൾപോലും നമ്മുടെ വൈദ്യുതിമേഖലയെ തകിടംമറിക്കുമെങ്കിൽ ഒരു കാര്യം ഉറപ്പ്, ഈ പ്രതിസന്ധിക്ക്‌ പരിഹാരമായി, ഒറ്റമൂലികൾ നിർദേശിക്കാനാവില്ല -കോവിഡിന് വാക്സിൻ എന്നപോലെ.

കാഴ്ചപ്പാടില്ലാത്ത ഊർജനയം

നമ്മുടെ രാജ്യത്തിലെ ഊർജനയത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ നമ്മെ എത്തിക്കുക നാഷണൽ ഇലക്‌ട്രിസിറ്റി പോളിസി അഥവാ NEP 2005-ലേക്കാണ്. ഉൗർജമെന്നാൽ വൈദ്യുതി മാത്രമാണെന്ന തെറ്റിദ്ധാരണപോലും തിരുത്താൻ തയ്യാറാകാത്തതിനാൽ പലരും-ഇന്റർനാഷണൽ എനർജി ഏജൻസി(IEA)പോലും എൻ.ഇ. പി.-യെ നാഷണൽ എനർജി പോളിസി ആയി കരുതിവരുന്നു. നമ്മുടെ ഊർജപ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഊർജത്തെ അതിന്റെ സമഗ്രമായ അർഥത്തിൽ മനസ്സിലാക്കാതെ വെറുമൊരു കച്ചവടവസ്തുവായി നിർവചിക്കുന്നതുകൊണ്ടു കൂടിയാണ് .

നീണ്ട പതിനാറുവർഷത്തിനുശേഷം ലോകത്തിലെ ഊർജ ഉത്പാദന-ഉപഭോഗ രംഗത്ത് വലിയ മാറ്റങ്ങൾ വന്നതിനു ശേഷവും എൻ.ഇ. പി. -2021 ഡ്രാഫ്റ്റ് രൂപത്തിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്. ലോകം മുഴുവൻ, ഊർജ ഉത്പാദനത്തിന്‌ കൽക്കരി, പ്രകൃതിവാതകം, പെട്രോളിയം തുടങ്ങിയ ഖനിജ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഇന്ത്യയുടെ ഇലക്‌ട്രിസിറ്റി പോളിസിയും വികസന പരിപാടികളും കൽക്കരി ഉപയോഗിച്ചുള്ള ഊർജ ഉത്പാദനത്തിന്റെ വർധനയ്ക്ക്‌ കാര്യപരിപാടികൾ തയ്യാറാക്കുകയും മറ്റു ഊർജ ഉത്പാദന മേഖലകളിൽ-പ്രത്യേകിച്ചും പുതുക്കാനാവുന്ന സ്രോതസ്സുകൾ ഉപയോഗിച്ചുള്ള, മെല്ലെപ്പോക്കു നയം സ്വീകരിക്കുകയും ചെയ്യുന്നത്. എൻ.ഇ.പി. അസന്ദിഗ്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു കാര്യം കോൾ ഇന്ത്യ ലിമിറ്റഡ് (CIL) അവരുടെ വാർഷികപദ്ധതിയിൽ വകയിരുത്തിയിട്ടുള്ള, ഉത്പാദന വർധനയ്ക്കുള്ള പ്രതിവർഷം 10 കോടിയിൽപ്പരം രൂപവരുന്ന വികസനപ്രവർത്തനങ്ങൾ, ഒരുതരത്തിലും ബാധിക്കപ്പെടരുത് എന്നാണ്. എന്നാൽ, പാരീസ് ഉടമ്പടിപ്രകാരമുള്ള ഉറപ്പുകൾ പാലിക്കാനായി 2022 ആകുമ്പോഴേക്കും പുതുക്കാനാവുന്ന ഊർജസ്രോതസ്സുകളുടെ പങ്ക്‌ 175 GW ആക്കാനും 2030 ആകുമ്പോഴേക്കും ഇത് 450 GW ആക്കാനും നമ്മുടെ രാജ്യം തീരുമാനിച്ചിരുന്നു. ഇതിൽ 100 GW മാത്രമാണ് 2021 ആകുമ്പോഴേക്കും പൂർത്തിയാക്കാൻ കഴിഞ്ഞത്! പരസ്പരവിരുദ്ധമായ, വ്യക്തതയില്ലാത്ത ലക്ഷ്യങ്ങളുള്ള ഒരു നയപരിപാടിയുടെ അന്തിമഫലം രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിച്ചില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.-(തുടരും.)

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും, ഊർജ കാര്യക്ഷമതയെക്കുറിച്ചും ഗവേഷണം നടത്തുന്ന ഇക്വിനോക്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ് ലേഖകൻ. 2018 -'19ൽ ഫുൾബ്രൈറ്റ് കലാം ക്ലൈമെറ്റ്ചേഞ്ച് ഡോക്ടറൽ ഫെലോഷിപ്പ് നേടിയ നാല് ഇന്ത്യക്കാരിൽ ഒരാൾ
 

content highlights: power scarcity in india