കേരളത്തിന്റെ  ഊർജപ്രതിസന്ധിയെക്കുറിച്ച്‌ അറിയണമെങ്കിൽ ഇവിടത്തെ ഗാർഹിക, വ്യവസായ, വാണിജ്യ, കാർഷിക മേഖലകളിൽ എത്ര ഊർജം ഉപയോഗിക്കപ്പെടുന്നുണ്ട്, ഏറ്റവും കാര്യക്ഷമതയിൽ ഈ ഊർജ ഉപഭോഗം നടന്നാൽ എത്ര ഊർജം വേണ്ടിവരും എന്നൊരു കണക്ക്‌ ആദ്യംവേണം.

ലം, വായു, ഭൂമി, വിദ്യാഭ്യാസകേന്ദ്രങ്ങൾ, നീതിന്യായ വ്യവസ്ഥ, റോഡുകൾ, തോടുകൾ, പട്ടാളം, പോലീസ് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങളെ പൊതുസ്വത്തായി കാണുമ്പോഴും അവയുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുമ്പോഴും ഊർജദുർവ്യയം അവഗണിക്കപ്പെടുന്നതിന് ഒരു കാരണം  ഊർജത്തെ ഇനിയും ഒരു പൊതുസ്വത്തായി നാം കാണുന്നില്ല എന്നതുതന്നെയാണ്.

ഊർജം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വ്യവസായമേഖലയിൽ ഊർജസംരക്ഷണത്തിനായി നൽകുന്ന നിർദേശങ്ങൾ എന്തുകൊണ്ട് നടപ്പിൽവരുത്തുന്നില്ല എന്ന ഗവേഷണങ്ങൾ എവിടെയും എത്താത്തതിന് പ്രധാന കാരണം ഈ വിവരങ്ങൾ വെളിപ്പെടുത്താനുള്ള വിമുഖതയാണ്. ഊർജത്തിന്റെ കാര്യക്ഷമതകുറഞ്ഞ ഉപഭോഗം ശ്രദ്ധയിൽ വരണമെങ്കിൽ, ഈ വിമുഖത മാറാൻ വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്കപ്പുറം ഒരു സാമൂഹിക പ്രതിബദ്ധതാമാനവുംകൂടി ഉണ്ടാകണം.

ഇത് വ്യക്തികൾക്കുമാത്രമല്ല, സ്ഥാപനങ്ങൾക്കും ബാധകമാണ്. നാം നമ്മുടെ പണമിടപാടുകൾ ചില സർക്കാർ സംവിധാനങ്ങൾക്കുമുന്നിൽ സമർപ്പിക്കാൻ എങ്ങനെ ബാധ്യസ്ഥനാകുന്നുവോ അതേരീതിയിൽ നമ്മുടെ ഊർജ ഉപഭോഗവും രേഖപ്പെടുത്താൻ നിർബന്ധിതനായാൽ കാര്യക്ഷമതകുറഞ്ഞ, അനാവശ്യമായ ഒട്ടേറെ രീതികൾ മാറ്റപ്പെടും; ഒന്നുമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടും.

പ്രതിസന്ധിയും പരിഹാരങ്ങളും

ഏതൊരു പ്രതിസന്ധിക്കും പരിഹാരങ്ങൾ തേടുമ്പോൾ വേണ്ട സുപ്രധാന ഘടകങ്ങൾ ആ പ്രതിസന്ധിക്കുകാരണമായ നയപരിപാടികളും കാഴപ്പാടും വിശകലനംചെയ്യുക എന്നതാണ്. പരിഹാരമാർഗങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ രൂപവത്‌കരിക്കേണ്ടത് അത്യാവശ്യമാണെങ്കിലും സാധ്യമായ ചില ഹ്രസ്വകാലനിർദേശങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്.

ഒരു പ്രശ്നത്തിന് പരിഹാരംതേടുമ്പോൾ നാം ആദ്യംചെയ്യേണ്ടത് ആ പ്രശ്നത്തെ ആഴത്തിൽ മനസ്സിലാക്കുക എന്നതുതന്നെയാണ്. സമൂഹത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും എത്ര ഊർജം വേണം, അത് ഏതെല്ലാം സ്രോതസ്സുകളിൽനിന്ന് സ്വീകരിക്കാം, ഊർജപരിണാമങ്ങൾ നമ്മുടെ ചുറ്റുപാടുകളെ എങ്ങനെ ബാധിക്കും എന്നെല്ലാം സമഗ്രമായും ദീർഘവീക്ഷണത്തോടെയും മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇതിനായി വിവിധ മേഖലകളിൽ ഒരു വിഭവകാര്യക്ഷമതാപഠനം (Resource Efficiency Study) നടത്തേണ്ടതുണ്ട്. ഇന്ന് കൂടുതൽ പ്രചാരത്തിലുള്ള ഊർജ ഓഡിറ്റിനെക്കാൾ (Energy Audit) ഒരുപടി മുകളിലാണ് ഈ പഠനം. എന്തെന്നാൽ ഇവിടെ  ഊർജ ഉപഭോഗം മാത്രമല്ല, മറ്റുസുപ്രധാന വിഭവങ്ങളായ ജലം, അസംസ്കൃതവസ്തുക്കൾ, മാലിന്യം, എന്നിവകൂടി പഠനവിഷയമാക്കപ്പെടുകയും ഒാരോ വിഭവത്തിന്റെയും ഉത്പാദന, വിപണന, ഉപഭോഗ സമയത്ത് അവ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതവും (Environmental impact) പഠനവിഷയമാക്കപ്പെടും.

ഇവിടെ ഓഡിറ്റർമാർ കണ്ണടച്ച്‌ ചില നിദേശങ്ങൾ(snapshot solutions)നൽകുന്ന സാങ്കേതിക വിദഗ്ധരുടെ നിലയിൽനിന്ന് ഒരു ഉപദേശകന്റെ (കൺസൾട്ടൻറ്) നിലയിലേക്ക്‌ ഉയരുകയെന്നത് അനിവാര്യമാണ്. തങ്ങൾ നൽകിയ നിർദേശങ്ങൾ നടപ്പിൽവരാത്തപക്ഷം അതിന്റെ കാരണങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുന്ന ഒരു ഗവേഷകൻകൂടിയാകണം ഒരു വിഭവകാര്യക്ഷമതാ ഓഡിറ്റർ.
 

കേരളത്തിന്റെ കാര്യം

കേരളത്തിന്റെ  ഊർജപ്രതിസന്ധിയെക്കുറിച്ച്‌ അറിയണമെങ്കിൽ ഇവിടത്തെ ഗാർഹിക, വ്യവസായ, വാണിജ്യ, കാർഷിക മേഖലകളിൽ എത്ര ഊർജം ഉപയോഗിക്കപ്പെടുന്നുണ്ട്, ഏറ്റവും കാര്യക്ഷമതയിൽ ഈ ഊർജ ഉപഭോഗം നടന്നാൽ എത്ര ഊർജം വേണ്ടിവരും എന്നൊരു കണക്ക്‌ ആദ്യംവേണം. ഇതിൽത്തന്നെ ആവശ്യവും അത്യാവശ്യവും അനാവശ്യവുമായ ഊർജ ഉപഭോഗങ്ങൾ എന്തെല്ലാമാണെന്ന് തരംതിരിച്ച് അവയ്ക്ക് വ്യത്യസ്തനിരക്കിൽ പണം ഈടാക്കുകയോ അത്യാവശ്യഘട്ടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയോ വേണം.

ചില പ്രാഥമികപഠനങ്ങൾ കാണിക്കുന്നത് ഗാർഹികമേഖലയിൽ ഏറ്റവും കൂടുതൽ ഉൗർജം ഉപയോഗിക്കുന്നത് യാത്രകൾക്കുവേണ്ടിയാണെന്നാണ്. ഇത് ഒരു ഉദാഹരണംവഴി വ്യക്തമാക്കാം. 
പാചകത്തിന് ഒരു മാസം ഒരു സിലിൻഡർ എൽ.പി.ജി. ഉപയോഗിക്കുകയും കാറ്റ്, വെളിച്ചം, െറഫ്രിജറേഷൻ, പമ്പിങ്‌, വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുകയും യാത്രകൾക്ക് 20 ലിറ്റർ പെട്രോൾ വേണ്ടിവരികയും ചെയ്യുന്ന ഒരു വീട്ടിൽ വൈദ്യുതി-പാചക -യാത്രകൾക്ക് ആവശ്യമായ ഊർജത്തിന്റെ അനുപാതം 22:36:41 ആയിരിക്കും. ഇവിടെ ഈ വീട്ടിലെ ഊർജപ്രതിസന്ധി പരിഹരിക്കാൻ യാത്രയ്ക്കും പാചകത്തിനുംവേണ്ട ചെലവ് കുറയ്ക്കുക എന്നതുകഴിഞ്ഞിട്ടേ വൈദ്യുതി നിയന്ത്രണം വരുന്നുള്ളൂ.

ഇനി വൈദ്യുതിയുടെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ഊർജം വേണ്ടിവരുന്നത് വെളിച്ചത്തിനോ റെഫ്രിജറേറ്ററിനോ വാട്ടർ ഹീറ്ററിനോ അല്ല, ഫാനുകൾക്കാണ് എന്നും കാണാൻ സാധിക്കും, ബഹുഭൂരിപക്ഷം വീടുകളിലും. അപ്പോൾ, സബ്‌സിഡി നൽകേണ്ടത് എൽ.ഇ.ഡി. ബൾബുകൾ മറ്റാനല്ല, മറിച്ച് ഊർജക്ഷമതയുള്ള ഫാനുകൾക്കുവേണ്ടിയാണെന്ന് മനസ്സിലാകും. സമഗ്രമായ പഠനം സാമാന്യമായ ധാരണയ്ക്ക് വിരുദ്ധമായ രീതിയിൽ പരിഹാരമാർഗങ്ങളുടെ വഴി തെളിക്കുന്നതെങ്ങനെയെന്നതിന് ഒരു ഉദാഹരണമായി ഇത് ചൂണ്ടിക്കാണിച്ചു എന്നുമാത്രം.  
(തുടരും.)