• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Features
More
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

എനിക്കുവേണ്ടത്‌ ഒരാല്‍മരം മാത്രം; അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്

Dec 23, 2020, 11:25 AM IST
A A A

പരിസ്ഥിതിനാശത്തിനെതിരേ മലയാളിയുടെ ബോധത്തെ തട്ടിയുണർത്തിയ, ഹരിതനാശം മനുഷ്യനാശത്തിന്റെ മുന്നോടിയാണെന്ന് വിലപിച്ച കവയിത്രി പക്ഷികൾക്കഭയമായി ആൽമരത്തോടു ചേരുന്നൊരു ഓർമയാകാനല്ലാതെ മറ്റെന്തുകൊതിക്കാനാണ്? മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി മനസ്സിന്റെ വാതായനങ്ങൾ തുറക്കുകയാണ്‌... മാതൃഭൂമി പ്രതിനിധി എസ്‌.എൻ. ജയപ്രകാശിന്‌ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ നിന്ന്‌...

sugathakumari
X

ഫോട്ടോ: പി. ജയേഷ്

ഒരാൽമരം. തന്റെ ഓർമയ്ക്ക് ജീവിതസായാഹ്നത്തിൽ സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം. ഒരുപാട് പക്ഷികൾ അതിൽവരും. തത്തകളൊക്കെവന്ന് പഴങ്ങൾ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുെവക്കരുത്. ആ ആൽമരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി അവർ പടുത്തുർത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..

എനിക്കുവേണ്ടാ ശവപുഷ്പങ്ങൾ, ഔദ്യോഗിക ബഹുമതിയും -സുഗതകുമാരി
എനിക്കുവേണ്ടാ ശവപുഷ്പങ്ങൾ, ഔദ്യോഗിക ബഹുമതിയും -സുഗതകുമാരി

സമയമായെന്ന് തോന്നൽ

ചിലത് പറയാനുണ്ട്. അത് മാതൃഭൂമിയോടുതന്നെ വേണമെന്ന് സുഗതകുമാരി ടീച്ചർ അറിയിച്ചതാണ്  ഈ സംഭാഷണത്തിന് സന്ദർഭമായത്.  ചെന്നപ്പോൾ പങ്കുവെച്ചത് മഹത്തായ ആ ജീവിതത്തിന്റെ ശേഷപത്രം.  എന്തേ ഇപ്പോൾ ഇങ്ങനെയൊക്കെപ്പറയാനെന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു: ‘‘വളരെ അടുത്തുവെന്ന് തോന്നുന്നു. സമയമായി. ഇപ്പോൾ രണ്ടാമതും ഹാർട്ട് അറ്റാക്ക് കഠിനമായി വന്നു. ഒരു ലക്ഷണവും ഇല്ലാതെ പെട്ടെന്ന്. മരണവേദന എന്തെന്ന് ആദ്യമായി ഞാനറിഞ്ഞു. ഒടുവിലത്തെ ഹൃദയാഘാതം വളരെ വേദനാജനകമായിരുന്നു. ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക്‌ ഇടിച്ചിടിച്ച് ഇറക്കുന്നതുപോലുള്ള വേദന. ശ്വാസംമുട്ട്. ഇരിക്കാനും കിടക്കാനും വയ്യ. വിയർത്തൊലിച്ച് കണ്ണുകാണാൻപോലുമായില്ല. അതിനുശേഷം ഞാനങ്ങോട്ട് ശരിയായിട്ടില്ല. വർത്തമാനം പറയാനും വയ്യ. അടുത്തിടെ എം.ടി. വാസുദേവൻ നായരെ വിളിച്ചിരുന്നു. വയ്യെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിനുമുണ്ട് വയ്യായ്ക.

ഒരുവട്ടം കൂടി ആ കൃഷ്ണവനത്തിൻ

ടീച്ചറിന് ചില ആഗ്രഹങ്ങൾ ഇനിയുണ്ട്. നടക്കാൻ വാക്കർ വേണ്ട ഇക്കാലത്ത് ഒരിക്കലും നടക്കില്ലെന്ന്  തിരിച്ചറിയുന്ന ആഗ്രഹങ്ങൾ: ‘‘ഒന്നുകൂടി സൈലന്റ് വാലിയിൽ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ പോകണമെന്നുണ്ട്. നടക്കില്ല. എൻ.വി. കൃഷ്ണവാരിയരുടെ പേരിൽ ഞങ്ങൾ അവിടെ നട്ട കാട് ഇപ്പോൾ അതിനിബിഡവനമായി മാറിയിട്ടുണ്ട്. അവിടെനിന്ന്  ആദിവാസിപ്പെണ്ണുങ്ങൾ ചിലപ്പോൾ വിളിക്കും. അവിടെ തണ്ണിയിരിക്ക്, കായിരിക്ക്, പഴമിരിക്ക് എന്നൊക്കെ സന്തോഷമായിട്ട് പറയും. പക്ഷേ, കാട്ടിൽപ്പോകാൻ അവർക്ക് പേടി. കാട്ടി (കാട്ടുപോത്ത്) നിന്ന് കണ്ണുരുട്ടുമമ്മാ എന്നുപറയും. അതിന്റെ അർഥം, അത് വലിയ കാടായി എന്നാണ്. അവിടെ ഒരു പുതിയ കാട്ടുറവ ഉണർന്ന് താഴേക്ക്‌ ഒഴുകുന്നുണ്ട്.’’

ചുവപ്പുനാടയിൽക്കുരുങ്ങിയ സ്വപ്നം

സുഗതകുമാരിയുടെ ഒരു സ്വപ്നം സർക്കാരിന്റെ ചുവപ്പുനാടയിൽ പൊടിയടിച്ച് അമർന്നിരിപ്പുണ്ട്.

‘‘മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം അഞ്ചാറ് കേന്ദ്രങ്ങൾ സർക്കാർ സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല. മതസംഘടനകളും പള്ളികളും ചെയ്യുന്നതുപോലെയല്ല. സർക്കാർ മുൻകൈയെടുത്ത് രൂപവത്‌കരിച്ച് അതത് സ്ഥലത്തെ വിശ്വാസ്യതയുള്ള സന്നദ്ധസംഘടനകളും പഞ്ചായത്തുകളുമൊക്കെ നടത്തുന്ന ആലയങ്ങൾ. എത്രയോവട്ടം സർക്കാരിന് പ്രോജക്ട് കൊടുത്തു. ഹൈക്കോടതിക്കും കൊടുത്തു. അതുചെയ്യാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. ഒന്നുംചെയ്തില്ല.

കുറെദിവസം മുമ്പ് ഞാൻ മന്ത്രി കെ.കെ. ശൈലജയെ വിളിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനും വന്നു. ഞങ്ങളൊരു യോഗംപോലെ ചേർന്നു. മൂന്ന് തലമായിട്ട് ഇത് നടപ്പാക്കണം. ആദ്യത്തേത് പകൽവീട്. പകൽ ജോലിക്കുപോകുമ്പോൾ  മാനസികാസ്വാസ്ഥ്യമുള്ള പ്രായമായവരെയും കുട്ടികളെയും എന്തുചെയ്യുമെന്നറിയാതെ  ഒട്ടേറെപ്പേർ വിഷമിക്കുന്നു. ഇത്തരക്കാർക്കാണ് പകൽവീട്. പിന്നെ ഹ്രസ്വകാല വസതികൾ. കുറച്ചുനാൾ വീട്ടുകാർക്ക് എവിടെയെങ്കിലും പോകേണ്ടിവന്നാൽ വീട്ടിലുള്ള മാനസികാസ്വാസ്ഥ്യമുള്ളവരെ കൂടെക്കൊണ്ടുപോകാനാവില്ല. അവരെ പാർപ്പിക്കാനാണിവ. മൂന്നാമത് ദീർഘകാല വസതികൾ. ആളുകളുണ്ടെങ്കിലും പലകാരണങ്ങളാൽ നോക്കാനാകാത്തവർക്ക് മരണംവരെ സമാധാനമായി താമസിക്കാൻ. താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാർ ആഴ്ചയിലൊരിക്കൽ ഇവരെ നോക്കണം, അത്രയ്ക്ക് ആവശ്യമാണ് ഈ കേന്ദ്രങ്ങൾ.

വർഷങ്ങൾക്കുമുമ്പ് എന്നെയൊരു ഹൈക്കോടതി ജസ്റ്റിസ് വിളിച്ചു. തന്റെ മകളെയൊന്ന് കൊന്നുതരാൻ എന്തുവഴിയെന്ന് അദ്ദേഹം ചോദിച്ചു. മാനസികപ്രശ്നങ്ങളുള്ള ആ കുട്ടിയെ മുപ്പതുവർഷമായി അദ്ദേഹം ചികിത്സിക്കുന്നു. ഭാര്യ മരിച്ചുപോയി. ഒരു മകനുള്ളത് അമേരിക്കയിൽ വിവാഹംകഴിച്ച് താമസിക്കുന്നു. ജസ്റ്റിസിനും സുഖമില്ലാതായി. സ്വത്തും പണവുമുള്ള ഈ പെൺകുട്ടിയെ ബന്ധുക്കളെ ഏൽപ്പിച്ചാൽ അവർ പിച്ചിച്ചീന്തിക്കളയും. അതാണ് അദ്ദേഹം ഉപയോഗിച്ച വാക്ക്. ഇതേ ചോദ്യം ലക്ഷംവീടുകളിലും ചേരികളിലും താമസിക്കുന്ന അമ്മമാരൊക്കെ  എന്നോട് ചോദിക്കാറുണ്ട്. ഏത് പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെയുള്ള ദുഃഖമാണിത്. അത് സമൂഹവും സർക്കാരും ഏറ്റെടുക്കേണ്ടതാണ്.’’

എനിക്ക് വാരിക്കോരിത്തന്ന സ്നേഹത്തിനും വിശ്വാസത്തിനുമെല്ലാം നന്ദി. ഈ മഴയോട്, ഈ വെയിലിനോട്, ഈ മണ്ണിനോട്, തണലിനോട്, എനിക്ക് നിറച്ചുവിളമ്പിത്തന്ന അന്നത്തോട്, എന്റെ ശിരസ്സിൽ കൈവെച്ച അനുഗ്രഹങ്ങളോട്, എല്ലാം നന്ദിമാത്രം. ഇനി അടുത്തജന്മം ഈ മണ്ണിൽത്തന്നെ കഷ്ടപ്പെടാനും പാടുപെടാനും ഞാൻ വരും

സൈലന്റ് വാലിയെന്ന സന്തോഷം

കലുഷിതമായ കാലത്തെ നേരിടാൻ ദുഃഖവും രോഷവും നീതിബോധവും ആയുധങ്ങളാക്കിയ സുഗതകുമാരി ഇതുവരെ ചെയ്തതൊന്നും പോരായെന്ന് വിശ്വസിക്കുന്നു. ഒന്നും മുഴുവനാക്കാനോ ഉദ്ദേശിച്ചപോലെ ഭംഗിയാക്കാനോ സാധിച്ചിട്ടില്ലെന്ന തോന്നൽ. എങ്കിലും അവർക്ക് വലിയൊരു സന്തോഷമുണ്ട്. കേരളത്തിന്റെ മനസ്സിൽ പ്രകൃതിസംരക്ഷണമെന്ന ആശയത്തെ കുടിയിരുത്തിയ സൈലന്റ് വാലി സമരം.
‘‘അന്ന് ഇന്ദിരാഗാന്ധി കുറെ വനനിയമങ്ങളൊക്കെ കൊണ്ടുവന്നതുകൊണ്ടാണ് ഇന്ത്യയിൽ കുറച്ച് കാട് ബാക്കിയുള്ളത്. അല്ലെങ്കിൽ  ഈ രാഷ്ട്രീയക്കാർ അതെല്ലാം തുണ്ടുതുണ്ടാക്കി അവരുടെ അണികൾക്ക് വീതിച്ചുകൊടുത്തേനെ. കുറച്ച് ബാക്കിനിൽക്കുന്നതിന് കാരണക്കാർ  ഇന്ദിരാഗാന്ധിയും ടി.എൻ. ശേഷനുമാണ്. ശേഷനായിരുന്നു അന്ന് കേന്ദ്ര വനം സെക്രട്ടറി.

നൂറ്റിയമ്പത് വർഷമായി അടഞ്ഞുകിടന്ന മാനസികരോഗാശുപത്രികളുടെ കവാടങ്ങൾ ‘അഭയ’ കേസ് നൽകി ഹൈക്കോടതിയെക്കൊണ്ട് തുറപ്പിച്ചതാണ് മറ്റൊരു സന്തോഷം. ഞങ്ങളാണ് ആദ്യമായി അത് ചെയ്തത്. അതോടെ അത് മനുഷ്യരുടെ ആശുപത്രിയായി. അതുവരെ അത് നരകമായിരുന്നു.  ഇപ്പോൾ അതുകൊണ്ട് അവിടെ ആഹാരമുണ്ട്. സ്ത്രീകളെ വിൽക്കുന്നില്ല. അന്തേവാസികൾ മലമൂത്രങ്ങളിൽ കിടക്കുന്നില്ല. ഇതിൽ ഇടപെടാൻ പോയതിന് കുറച്ചൊന്നുമല്ല എനിക്ക് ശകാരം കിട്ടിയത്. ‘‘വൈ ഷുഡ് ലേ മെൻ ഇന്റർഫിയർ?’’ എന്നായിരുന്നു അന്നത്തെ ഡോക്ടർമാരുടെയൊക്കെ ചോദ്യം. അച്യുതമോനോനൊക്കെ പങ്കെടുത്ത യോഗത്തിൽ ഞാൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അവിടെക്കഴിയുന്ന രോഗികളെ വസ്ത്രമുടുപ്പിക്കണമെന്നും വിസർജ്യങ്ങളിൽ കിടത്തരുതെന്നും വിശന്നുകരയിക്കാതെ അവർക്ക്  ആഹാരം നൽകണമെന്നും പറയാൻ ഞങ്ങൾ  ലേ മെൻ മതി. അന്ന് രാഷ്ട്രീയപ്പാർട്ടികളൊന്നും സഹായിച്ചില്ല. ഞങ്ങളുടെ സമരത്തിൽ  കൂടെയുണ്ടായിരുന്നത് കോഴിക്കോട് ഗാന്ധിഗൃഹത്തിലെ ഗാന്ധിയന്മാരും കെ. അജിതയോടൊപ്പമുള്ള നക്സലൈറ്റുകളും മാത്രം. മാനസികരോഗികൾക്ക് വോട്ടില്ലാത്തതുകൊണ്ട് മറ്റാർക്കും താത്പര്യമുണ്ടായിരുന്നില്ല.

പിന്നെ, ആറന്മുളയിൽ വിമാനത്താവളമുണ്ടാക്കുന്നതിനെതിരേ നടത്തിയ സമരം. ഈ വീടിന്റെ വരാന്തയിൽ തൂക്കിയിരിക്കുന്ന കതിർക്കറ്റയില്ലേ,  സമരം കഴിഞ്ഞ് ആറന്മുളയിലെ പാടങ്ങളിൽ ആദ്യം കറ്റ കൊയ്തപ്പോൾ അവിടത്തെ ആളുകൾ കൊണ്ടുവന്നതാണ്. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അവർ വന്നത്. ഒരുവട്ടി അരിയും കൊണ്ടുവന്നു. കുറെ അരിമണികൾ ഞാൻ ഒ.എൻ.വി.യുടെ വീട്ടിൽ അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിലും വെച്ചു. കേരളത്തിൽ ആദ്യമായി കോൺഗ്രസ്, സി.പി.എം., സി.പി.ഐ.,  ആർ.എസ്.എസ്.,  ബി.ജെ.പി., ജനതാദൾ, മറ്റു ചെറുപാർട്ടികൾ എന്നിവയെയൊക്കെ ഒരുമിച്ച് പങ്കെടുപ്പിക്കാൻ സാധിച്ച മാതൃകാസമരമായിരുന്നു അത്. അതുപോലെയൊന്ന് അതുവരെ നടന്നിട്ടില്ല. ഇനി ഉണ്ടാകുമോയെന്നും സംശയമുണ്ട്.’’

വൈകിപ്പോയി മലയാളി

‘‘എത്രയോ പരിസ്ഥിതി സമരങ്ങളുണ്ടായി. പക്ഷേ, നമ്മൾ  വൈകിപ്പോയി. അത്രയ്ക്ക് സുഖത്തിന്റെയും ധൂർത്തിന്റെയും പിറകേ പോയിക്കഴിഞ്ഞിരിക്കുന്നു മലയാളി. അന്തരീക്ഷവായു മലിനമായിക്കൊണ്ടിരിക്കുന്നു. മഹാരോഗങ്ങൾ പടരുന്നു. എന്നിട്ടും ഒരു കൂസലുമില്ല മനുഷ്യന്. എനിക്ക് ഭയമാണ്. ഭാവിയിലെ കുട്ടികളെപ്പറ്റി എനിക്കൊരുപാട് ആശങ്കയുണ്ട്.

മലയാളികൾക്ക് ബുദ്ധിയും കഴിവുമൊക്കെയുണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്. ഒന്നിനെയും വകവെക്കില്ല. ഒന്നിനോടും ബഹുമാനവുമില്ല. നിയമം പാലിക്കുന്നത് മോശമാണെന്ന ധാരണയുണ്ട്.  പിന്നെ, മദ്യത്തിനോടുള്ള ആസക്തി. സ്വർണത്തോടുള്ള ആർത്തി. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വർഗം ഇങ്ങനെയല്ല ആവേണ്ടത്. കുടിവെള്ളത്തിൽപ്പോലും  മാലിന്യം തള്ളാൻ മലയാളി തയ്യാറാവുന്നതോർക്കുമ്പോൾ അതിശയം തോന്നുന്നു. തിരുനാവായയിൽ  ബലിയിടാൻ പോയപ്പോഴുണ്ടായ അനുഭവം ഒരാൾ പറഞ്ഞു. വെള്ളത്തിലൂടെ കുറെ ചെമ്പരത്തിപ്പൂക്കൾ ഒഴുകിവരുന്നതുകണ്ടു. എന്തായിത്രയും ചെമ്പരത്തിപ്പൂക്കൾ എന്ന് വിസ്മയിച്ച് അടുത്തുചെന്ന് നോക്കിയപ്പോൾ കോഴിത്തലകളായിരുന്നു അവ.’’

sugathakumari
ഫോട്ടോ: രാമനാഥ പൈ

കേട്ടത് കുറച്ചുപേർ മാത്രം

‘‘ഇനിയൊന്നും എഴുതാനില്ല. പറയാനുള്ളതൊക്കെ പറഞ്ഞു. ഒരേകാര്യം തന്നെ ആയിരംവട്ടം പറഞ്ഞു. കുറച്ചുപേർ കേട്ടു. തൊണ്ണൂറ് ശതമാനംപേരും കേട്ടില്ല. ബാക്കി യോഹന്നാൻ സ്നാപകൻ പറഞ്ഞതുപോലെ മരുഭൂമിയിൽനിന്ന് വിളിച്ചുപറയുന്നവന്റെ വാക്കുകൾ. ഇത്രയും കാലം ജോലിചെയ്യാൻ അനുവദിച്ചു. ഒന്നും ഉണ്ടാക്കിയില്ല. എന്റെ ഭർത്താവിനോടും മകളോടുമൊന്നും വേണ്ടത്ര നീതി പുലർത്താൻ സാധിച്ചിട്ടില്ല. സത്യം പറയുകയാണ്. അവർക്കൊന്നും സന്തോഷവും സംതൃപ്തിയും കൊടുക്കാൻ കഴിഞ്ഞില്ല. അതേസമയം, എന്റെ സഹോദരങ്ങൾക്ക് പൂർണ തൃപ്തിനൽകാനായി.

കുടുംബത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ചോദിച്ചാൽ ചെയ്തതുമുഴുവൻ സമൂഹത്തിനുവേണ്ടിയാണ്. ഒന്നും ഉണ്ടാക്കിയില്ല. നാമമാത്രമായി എന്തെങ്കിലും കിടപ്പുണ്ടാവും. അത്രതന്നെ.

ഒരു ബഹുമതിക്കും വേണ്ടിയായിരുന്നില്ല. ഈ പ്രവർത്തനങ്ങൾ. സ്ത്രീകളുടെ പുനരധിവാസകേന്ദ്രം നടത്തുന്നത് വിഷമകരമാണ്. വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ. പീഡനത്തിന് ഇരയാവുന്നവർ.  ഇന്നലെയും രാത്രി രണ്ടരയ്ക്ക് വഞ്ചിയൂരിലെ പുനരധിവാസ കേന്ദ്രമായ അത്താണിയിൽ പോലീസ് വന്നിരുന്നു. വടക്കുനിന്ന് ഗർഭിണിയായ  ഒരു പെൺകുട്ടി വീടുവിട്ട് വന്നിരിക്കുന്നു.  പറയാനാണെങ്കിൽ എത്രയെത്ര ദുരന്തങ്ങൾ! എങ്കിലും ഇതൊക്കെ ചെയ്യുമ്പോൾ മനസ്സിന് ഒരു തൃപ്തി. ചെറിയ സന്തോഷം. ഒരു പെൺകുട്ടിയുടെ കണ്ണീർ തുടയ്ക്കാൻ സാധിക്കുമ്പോൾ, ഒരു മാനസികരോഗിയെ രക്ഷിക്കാൻ സാധിക്കുമ്പോൾ മനസ്സിന്റെ ചൂട് അല്പമൊന്ന് തണുക്കും. അത്രയേയുള്ളൂ.

കത്തിക്കാൻ ഏൽപ്പിച്ച കവിതകൾ

‘‘എന്റെ അനിയത്തികൂടി (സുജാത) പോയതോടെ പോകാൻ ധൃതിയായി. പന്ത്രണ്ട് വയസ്സിന് ഇളയവളായിരുന്നു അവൾ. കൊച്ചേച്ചിയുടെ അവസാനകാലംവരെ ഞാൻ കൂടെയുണ്ടാവുമെന്ന് പറഞ്ഞ് എന്നെ നോക്കാൻ ഇവിടെവന്ന് നിന്നതാണവൾ. അഞ്ചാറ് വർഷമായി ഇവിടെയായിരുന്നു താമസം. അവളുടെ കുറെ കവിതകൾ കൂട്ടിവെച്ചിരുന്നത് ഞാനെടുത്തു. ഒന്നുംവേണ്ട. എല്ലാം കത്തിച്ചുകളയണമെന്ന് പറഞ്ഞാണവൾ പോയത്. അവളുടെ അനുമതിയില്ലാതെ ഞാനത് പ്രസിദ്ധീകരിക്കാൻ പോകുന്നു. മാതൃഭൂമി അത് പ്രസിദ്ധീകരിക്കാൻ തയ്യാറായിട്ടുണ്ട്. അവ പുസ്തകമാക്കാൻ ആത്മാരാമൻ സഹായിക്കുന്നു. മാതൃഭൂമിയിൽ ദേവി എന്നപേരിൽ അവൾ കുറെ കവിതകൾ എഴുതിയിട്ടുണ്ട്. എത്ര ഷാർപ്പ് ആണെന്നോ ആ കവിതകൾ! മുമ്പ് ‘മൃൺമയി’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. മകന്റെ മരണത്തോടെ അവൾ വേദാന്തത്തിലേക്ക്‌ തിരിഞ്ഞു. ഒന്നും വേണ്ടെന്നായി.’’

തിളച്ച വെയിലത്തേ പയറ്റിയിട്ടുള്ളൂ

‘‘ഇതോടെ ശാന്തികിട്ടുമെന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. ഇനിയും കുറെ ജന്മങ്ങൾ ഞാൻ വന്ന് ഇതുപോലെ പാടുപെടണം. അപ്പോഴായിരിക്കും ശാന്തി കിട്ടുക. കർമത്തിലും പഴയ ജന്മങ്ങളുടെ കർമങ്ങളിലും പുനർ ജന്മത്തിലുമൊക്കെ സനാതനധർമമനുസരിച്ചുള്ള വിശ്വാസം എനിക്കുണ്ട്. ഇടയ്ക്ക് സക്കറിയ പറഞ്ഞു ഞാൻ ആർ.എസ്.എസിന്റെ ഒളിപ്പോരാളിയാണെന്ന്.  മറുപടിയൊന്നും പറയണ്ടായെന്ന് വിചാരിച്ചു. ഒരുപാട് അഭിപ്രായങ്ങളൊക്കെ വന്ന് സഹിക്കാൻ കഴിയാതെയായപ്പോൾ ‘എനിക്ക് രണ്ടാളേ ഗുരുക്കന്മാർ’  എന്നൊരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനെഴുതി. ഒരാൾ മുകളിലായി വിളക്കുകാട്ടുന്നു/ഒരാൾ വടിയൂന്നി നടക്കുന്നു മുന്നിൽ/ ഒളിപ്പോരെന്തെന്ന് പഠിപ്പീച്ചിലവർ/ തിളച്ച വെയിലത്തേ പയറ്റിയിട്ടുള്ളൂ...സ്വാമി  വിവേകാനന്ദനും ഗാന്ധിജിയും. ഈ രണ്ടു ഗുരുക്കൻമാരേ എനിക്കുള്ളൂ. ഏതെങ്കിലും പാർട്ടിയുടെ പിന്നാലെ പോകാനോ, ഒളിപ്പോര് നടത്താനോയൊന്നും അവരെന്നെ പഠിപ്പിച്ചിട്ടില്ല. തിളച്ച വെയിലത്ത് നേരിട്ടുനിന്നേ പയറ്റിയിട്ടുള്ളൂ. ഇടതിനോടായാലും വലതിനോടായാലും. എന്നുമെന്നുമെന്നും വഴക്കായിരുന്നു. ഒരു മന്ത്രിയുടെയും മുഖത്തുനോക്കി
പറയാനുള്ളത് പറയാതിരുന്നിട്ടില്ല. അതുകൊണ്ട് ആരുടെയും പ്രീതിയൊന്നും കിട്ടിയിട്ടില്ല. സാരമില്ല.’’

അന്നുമിന്നും മാതൃഭൂമി

‘‘കുട്ടിയായിരുന്നപ്പോൾ അച്ഛനും അമ്മയും മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കാൻ തരുമായിരുന്നു. സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും പറ്റിയൊക്കെ ഒരുപാട് പരിചയപ്പെട്ടത് അച്ഛന്റെയും അമ്മയുടെയും വാക്കുകളിൽനിന്ന് മാത്രമല്ല, മാതൃഭൂമിയിൽ നിന്നുകൂടിയാണ്. അന്നുതൊട്ടുള്ള ബന്ധം ഇന്നും തുടരുന്നു. ഞാൻ വേറെയൊന്നിലും കവിത എഴുതാറില്ല. എൻ.വി.(എൻ.വി. കൃഷ്ണവാരിയർ) മാതൃഭൂമി വിട്ടിറങ്ങിയപ്പോൾ എന്നോടുപറഞ്ഞു: ‘‘എന്തെഴുതിയാലും മാതൃഭൂമിക്ക് കൊടുക്കണം.’’ എൻ.വി എന്റെ  ഗുരുവാണ്. അന്നുതൊട്ട് ഇന്നുവരെ മാതൃഭൂമിക്കേ കവിത കൊടുക്കാറുള്ളൂ. മാതൃഭൂമിയിലെ മഹാപുരുഷൻമാരുടെ​െയല്ലാം അനുഗ്രഹം എക്കാലത്തും എനിക്ക് ഉണ്ടായിട്ടുണ്ട്.’’

ഇവിടെ പിറക്കാനായത് പുണ്യം

എന്റെ അച്ഛനെയും അമ്മയെയും (സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനും പ്രൊഫ. വി.കെ. കാർത്യായനിയമ്മയും) ചേച്ചിയെയും അനുജത്തിയെയും ( പ്രൊഫ. ഹൃദയകുമാരിയും സുജാതയും)  ഓർത്താൽ... ഒരുപാട് പുണ്യമാണ് ഈ കുടുംബത്തിൽ എനിക്ക് പിറക്കാൻ കഴിഞ്ഞത്. അച്ഛനമ്മമാരായാലും ചേച്ചിയായാലും അനിയത്തിയായാലും വ്യത്യസ്തമായ വ്യക്തിത്വമുള്ളവർ. വായനയെ ഒരുപാട് ഇഷ്ടപ്പെടുന്നവർ. ആദർശങ്ങളുള്ളവർ. സാഹിത്യത്തിലും വേദാന്തത്തിലും ഒരുപാട് താത്പര്യമുള്ളവർ. എന്റെ ഭർത്താവും (പരേതനായ ഡോ. കെ. വേലായുധൻ നായർ) അങ്ങനെത്തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ പ്രവർത്തനങ്ങൾക്ക് ഇറങ്ങാനൊക്കുമായിരുന്നോ?   ശ്രീ അരവിന്ദന്റെ ശിഷ്യനായിരുന്നു അദ്ദേഹം. അങ്ങനെയൊരു ചുറ്റുപാടുണ്ടായിരുന്നു. അതെത്ര അനുഗ്രഹമായിരുന്നുവെന്ന് ഞാനിപ്പോൾ ഓർക്കുകയാണ്.

‘‘നന്ദി, നന്ദി മാത്രം.’’

ആത്മവിശകലനത്തിൽ എന്താണീ ജീവിതമെന്ന ചോദ്യത്തിന് ടീച്ചർ പ്രിയപ്പെട്ട വൈലോപ്പിള്ളിയുടെ വരികൾ ഓർത്തു: ‘‘ഒരു ചെറിപ്പൂവിലൊതുങ്ങും അതിൻചിരി/കടലിലും കൊള്ളില്ലതിന്റെ കണ്ണീർ.’’ പിന്നെ ധ്യാനത്തിലെന്നോണം ഇങ്ങനെ പറഞ്ഞു: ‘‘എനിക്ക് വാരിക്കോരിത്തന്ന സ്നേഹത്തിനും വിശ്വാസത്തിനുമെല്ലാം നന്ദി. ഈ മഴയോട്, ഈ വെയിലിനോട്, ഈ മണ്ണിനോട്, തണലിനോട്, എനിക്ക് നിറച്ചുവിളമ്പിത്തന്ന അന്നത്തോട്, എന്റെ ശിരസ്സിൽ കൈവെച്ച അനുഗ്രഹങ്ങളോട്, എല്ലാം നന്ദിമാത്രം. ഇനി അടുത്തജന്മം ഈ മണ്ണിൽത്തന്നെ കഷ്ടപ്പെടാനും പാടുപെടാനും ഞാൻ വരും.’’ 



(പുനഃപ്രസിദ്ധീകരണം)

 

Content Highlights: poet sugathakumari speaks to mathrubhumi 

PRINT
EMAIL
COMMENT
Read in English

Talking about death and last wish- Sugathakumari

Renowned Malayalam poet and environmentalist Sugathakumari spent her entire life .. 

Read More
 

Related Articles

അരമണിക്കൂറുകൊണ്ട് തിരക്കഥ വായിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ജോഷിയില്‍ പിറന്ന 'നിറക്കൂട്ട്'-ഡെന്നീസ് ജോസഫ്
Books |
Books |
കുടുംബം മുങ്ങിത്താഴാതിരിക്കാന്‍ ആശാന്‍ പ്രാപ്തയാക്കിയ ആ സ്ത്രീത്വത്തിലുണ്ട് ആധുനികതയുടെ കാവ്യനിക്ഷേപങ്ങള്‍
Books |
മത്സരം കഴിഞ്ഞപ്പോൾ സി.ഐ. എന്നോട് ചോദിച്ചു; 'ഖാദറിന് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?'
Books |
ഹിപ്പൊപൊട്ടോമൻസ്ട്രോസെസ്ക്യുപെഡലോഫോബിയയേക്കാൾ വലുതെന്തോ വരാനിരുന്നതാണ്
 
  • Tags :
    • Sugathakumari
    • Sugatha Kumari
    • Poet Sugathakumari
    • Mathrubhumi
More from this section
financial report
സാമ്പത്തിക അവലോകന റിപ്പോർട്ട്‌ പറയുന്നത്‌
നവസാധാരണ ചിന്തകൾ
cash
വ്യാപാരികളും മനുഷ്യരാണ് | കടക്കെണിയിലായ കച്ചവടം പരമ്പര- 3
youth
യൗവന രാഷ്ട്രീയം...
cash
കടക്കെണിയിലായ കച്ചവടം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.