123 വർഷം മുമ്പത്തെ ചട്ടങ്ങൾ ഇന്നും മാതൃക

കൊറോണയെപ്പോലെ, ചൈനയിൽനിന്നും പൊട്ടിപ്പുറപ്പെട്ട്  മറ്റ് ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പലേടത്തും പടർന്നുപിടിച്ച 1897-ലെ പ്ലേഗ് എന്ന മഹാമാരി ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ രംഗത്ത് ഉണ്ടാക്കിയ പ്രകമ്പനം കുറച്ചൊന്നുമായിരുന്നില്ല. മൂന്നു ദശാബ്ദംകൊണ്ട് ഇന്ത്യയിലെ ഒന്നേകാൽ കോടി മനുഷ്യരെയാണ് ഈ പകർച്ചവ്യാധി അപഹരിച്ചത്.

രോഗം തടയാൻ ബ്രിട്ടീഷ് സർക്കാർ കാട്ടിയ അനാസ്ഥയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നു. അതിന്റെ ഫലമായി പ്ലേഗ് നിവാരണത്തിന് നിയോഗിക്കപ്പെട്ട ഡബ്ല്യു.സി. റാൻഡ് എന്ന സിവിൽ  സർവീസുകാരനെയും  അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവെച്ചുകൊന്ന സംഭവം ബ്രിട്ടീഷ് സർക്കാരിനെ ഞെട്ടിച്ചു. അതോടെ അടിച്ചമർത്തൽ ശക്തമായി.

 ബ്രിട്ടീഷ് സർക്കാരിനെതിരേ ബാലഗംഗാധര തിലകൻ ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനവുമായി രംഗത്തെത്തി. തിലകൻ തന്റെ കേസരി പത്രത്തിലെഴുതിയ  ലേഖനം ജനങ്ങളെ ഇളക്കിവിടുന്നതാണെന്നാരോപിച്ച് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ  ജയിലിലടച്ചു. പട്ടിണി, പകർച്ചവ്യാധി, മരണം, തിലകന്റെ അറസ്റ്റ് തുടങ്ങിയവ സൃഷ്ടിച്ച കലുഷിതമായ അന്തരീക്ഷത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതിമ്മൂന്നാം സമ്മേളനം അമരാവതിയിലാരംഭിച്ചത്. അതിൽ അധ്യക്ഷത വഹിച്ച മലയാളിയായ സി. ശങ്കരൻനായർ ഇന്ത്യയിൽ പടർന്നുപിടിക്കുന്ന പ്ലേഗ് പകർച്ചവ്യാധിയിൽ സർക്കാർ കാട്ടുന്ന അലംഭാവത്തെയും  ബാലഗംഗാധര തിലകന്റെ അറസ്റ്റിനെയും നിശിതമായി വിമർശിച്ചു.

 പ്ലേഗ് കേരളത്തിൽ വന്നപ്പോൾ
ഉത്തരേന്ത്യയിൽ പ്ലേഗ് പടർന്നുപിടിച്ച് പതിനായിരക്കണക്കിന് ആളുകൾ രോഗബാധിതരായ സമയത്ത് തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നിങ്ങനെ വേർതിരിഞ്ഞു കിടന്ന കേരളത്തെ അത് കാര്യമായി ബാധിച്ചില്ല. ഇന്നത്തെപ്പോലെ അത്യന്താധുനിക വാർത്താ വിനിമയങ്ങളോ ടെലിഫോണോ ആശുപത്രികളോ മോട്ടോർ സർവീസോ തീവണ്ടി ഗതാഗതമോ റേഡിയോയോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്ലേഗിനെ തടയാൻ തിരുവിതാംകൂർ
സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ അറിയുമ്പോൾ അദ്‌ഭുതപ്പെട്ടുപോകും. അന്ന് ആകെയുണ്ടായിരുന്ന ആധുനിക സംവിധാനങ്ങൾ ടെലിഗ്രാമും അഞ്ചൽ സർവീസും ബ്രീട്ടീഷ് പോസ്റ്റൽ സർവീസുംമാത്രമാണ്. അന്ന് മലബാറിലെ കളക്ടറെപ്പോലെ തിരുവിതാംകൂർ ഡിവിഷനുകളിലെ മേധാവി പേഷ്കാർമാരായിരുന്നു. അവരുടെ നേതൃത്വത്തിൽ പരിമിതമായ സൗകര്യങ്ങളിലൂടെ ശക്തമായ പ്രതിരോധ മുൻകരുതലുകൾക്ക്  തിരുവിതാംകൂർ സർക്കാർ നടപടി സ്വീകരിച്ചു. ഒരു പക്ഷേ, ഇന്ന് കൊറോണയെ തടയാൻ സ്വീകരിച്ചതിനെക്കാൾ എത്രയോ കാർക്കശ്യമായിരുന്നു അന്നത്തെ നടപടികൾ.
  അന്നത്തെ തയ്യാറെടുപ്പുകൾ
ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ ചട്ടങ്ങൾ ചെണ്ടകൊട്ടിയും നോട്ടീസ് രൂപത്തിലും കവലകളിലും ആളുകൾ കൂടുന്ന ചന്ത ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും അറിയിച്ചിരുന്നു. 1897-ലെ  2-ാം വകുപ്പനുസരിച്ച് സംസ്ഥാനത്തെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്ലേഗ് മഹാമാരി ഉണ്ടാകാതെ തടുക്കുന്നതിനു നിശ്ചയിച്ച  ചട്ടങ്ങളിൽ ഒന്നാംഭാഗത്ത് മഹാമാരി ഉണ്ടാകുന്നതിനു  മുമ്പ് ചെയ്യേണ്ട ഏർപ്പാടുകളും രണ്ടാം ഭാഗത്ത് മഹാമാരി വന്നുകഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളുമാണ് നിർദേശിച്ചിട്ടുള്ളത്.

ദിവാൻ മുതൽ താഴെത്തട്ടിലുള്ള പാർവത്യകാർ(വില്ലേജ് ഓഫീസർ)വരെയുള്ള എല്ലാ സർക്കാർ സംവിധാനങ്ങളും ഒത്തൊരുമിപ്പിച്ച സുശക്തമായ പ്രതിരോധ സംവിധാനമാണ് അന്ന് ഏർപ്പെടുത്തിയിരുന്നത്. പോലീസ്, റവന്യൂ, അഞ്ചലാഫീസ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. നാട്ടിൽ എവിടെയെങ്കിലും രോഗം ഉണ്ടെന്നറിഞ്ഞാൽ അഞ്ചലാഫീസുകാരാണ് അതിവേഗം തൊട്ടടുത്ത ബന്ധപ്പെട്ട കേന്ദ്രത്തിൽ അറിയിക്കേണ്ടിയിരുന്നത്.

  കർക്കശമായ നിയന്ത്രണങ്ങൾ
ഡിവിഷനുകളിലെ  പ്രധാന അതിർത്തികളിലും റോഡുകളിലും കായലുകളിലും തോടുകളിലും അതത് പേഷ്കാർമാരുടെ നേതൃത്വത്തിൽ രോഗികളെ കണ്ടുപിടിക്കാനും രോഗം വന്നവരെ ചികിത്സിക്കാനും  ഇൻസ്പെക്‌ഷൻ സ്റ്റേഷനുകളും  ഒബ്‌സർവേഷൻ കേന്ദ്രങ്ങളും സ്ഥാപിക്കാൻ ചട്ടങ്ങളിൽ പറഞ്ഞിരുന്നു. ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് പോകുന്നവർ പകർച്ചവ്യാധിയുള്ള സ്ഥലത്തുനിന്നല്ല വരുന്നതെന്ന് ബന്ധപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.  

പരിശോധനകേന്ദ്രത്തിൽ രോഗം കണ്ടെത്തിയാൽ അവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റും. അവരുടെ രോഗം ഭേദമായാൽത്തന്നെ അവർക്കു പോകേണ്ട സ്ഥലത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് റിപ്പോർട്ട് നൽകും. യാത്രക്കാർ വരുന്ന സ്ഥലവും പോകേണ്ട സ്ഥലവും കൃത്യമായി  ഇൻസ്പെക്‌ഷൻ കേന്ദ്രങ്ങളെ അറിയിക്കണം. ഓരോ ഡിവിഷണൽ പേഷ്കാർമാരും അവരുടെ അതിർത്തിയിലെ  രോഗബാധിതരെ കണ്ടെത്താനും രോഗികളെ ചികിത്സിക്കാനും സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. അക്കാലത്ത് മോട്ടോർവാഹനങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ ആംബുലൻസ് സ്റ്റാഫിലും ക്വാറന്റീൻ വിഭാഗത്തിലും ഏന്തൊക്കെ വേണമെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കിയിരുന്നു. മേലാപ്പുള്ള മഞ്ചൽ (ഇത് രോഗികളെ കിടത്തി ചുമന്നുകൊണ്ടുപോകാൻ), ചുമട്ടുകാർ, മെഡിക്കൽ സ്റ്റോർ,  സാംക്രമികരോഗം തടയാനുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, എന്നിവ പ്രധാന കേന്ദ്രങ്ങളിലുണ്ടായിരിക്കണം. ഇതുകൂടാതെ, നഴ്‌സുമാർ, വാർഡ് അറ്റൻഡർമാർ,  സ്ത്രീ- പുരുഷ അറ്റൻഡർമാർ,  ഡോളി ചുമട്ടുകാർ,  സ്ത്രീ, പുരുഷ തോട്ടികൾ,  വെളുത്തേടന്മാർ, സാനിറ്ററി ഇൻസ്പെക്ടർമാർ, കമ്പൗണ്ടർമാർ എന്നിവരേയും ആവശ്യത്തിന് ഒരുക്കിനിർത്തേണ്ടത് പേഷ്കാർമാരുടെ ചുമതലയിലാണ്.

ഗ്രാമത്തിലോ പട്ടണത്തിലോ മഹാമാരി ബാധിച്ചാൽ അവിടെ രോഗബാധിത പ്രദേശമായി പ്രഖ്യാപിക്കാനും  രോഗം ഇല്ലാത്തവരെ അവിടെനിന്ന് മാറ്റാനും ബന്ധപ്പെട്ടവർക്ക് അധികാരം ഉണ്ടായിരിക്കും. സംശയം ഉള്ള സ്ഥലങ്ങളിൽനിന്നു വരുന്നവരെ തടഞ്ഞുനിർത്തി   കാർബോളിക് ആസിഡ് ദ്രാവകം കലർത്തിയ വെള്ളത്തിൽ കുളിപ്പിക്കാനും അവരുടെ സാധനങ്ങൾ നീരാവിയന്ത്രത്തിൽ ചൂടുപിടിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട്.
അതേപോലെ ദീനമുള്ള വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക്, രോഗിക്ക് കാറ്റും വെളിച്ചവും കിട്ടത്തക്കവണ്ണം വേണ്ടിവന്നാൽ വീട്ടിൽ ചെറിയതോതിൽ പണി നടത്താനും അധികാരം ഉണ്ട്. അത്തരം വീടുകളിൽ കൂടുതൽ വെളിച്ചവും കാറ്റും കിട്ടാൻ നടപടി ആവശ്യമാണ്, രോഗികൾ തൊട്ട സാധനങ്ങൾ, കിടക്കമുറിയിലെ ചപ്പുചവറുകൾ എന്നിവ  മരുന്ന് തളിച്ചശേഷം ദൂരെ കൊണ്ടുപോയി കത്തിക്കേണ്ടതാണ്. നാട്ടിലുണ്ടാകുന്ന എല്ലാ മരണങ്ങൾക്കും സർട്ടിഫിക്കറ്റ് ആവശ്യമാണ്.

മരിച്ച് രണ്ടുമണിക്കൂറിനകം ഈ സർട്ടിഫിക്കറ്റ് നേടിയ ശേഷമേ മറവുചെയ്യാനോ, ദഹിപ്പിക്കാനോ പാടുള്ളു. അല്ലാതെവന്നാൽ മരിച്ച ആൾക്ക് അസുഖം ഉണ്ടെന്ന് സംശയിച്ച് ശവസംസ്കാരത്തിൽ പങ്കെടുത്തവരെയും മൃതദേഹത്തിൽ സ്പർശിച്ചവരെയും അകറ്റിനിർത്തി  പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.

ഈ ചട്ടങ്ങൾ പാലിക്കാത്തവരെ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ആരോപിച്ചാൽ ആറുമാസത്തെ തടവിനോ  ആയിരം രൂപ പിഴയ്ക്കോ, അതല്ലെങ്കിൽ രണ്ടുംകൂടിയോ വിധിക്കേണ്ടതാണെന്ന്  ദിവാൻ കൃഷ്ണസ്വാമി അയ്യർ പുറപ്പെടുവിച്ച ചട്ടങ്ങളുടെ അവസാനം പറഞ്ഞിട്ടുണ്ടായിരുന്നു.