1967-ലാണ് നക്‌സല്‍ പ്രസ്ഥാനം ഇന്ത്യയില്‍ സാന്നിദ്ധ്യമറിയിച്ചത്. 50 വര്‍ഷം പിന്നിടുമ്പോള്‍ നക്‌സല്‍ മുന്നേറ്റം വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നില്ലെന്നും പ്രതിഭാശാലികളായ നൂറുകണക്കിന് യുവാക്കളെ ചുട്ടുചാമ്പലാക്കിയ കാട്ടുതീ ആയിരുന്നെന്നും നിരീക്ഷണമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ഫ്യൂഡല്‍ മുഖം മാറ്റിമറിക്കാനുള്ള ശ്രമമായിരുന്നു നക്‌സല്‍ പ്രസ്ഥാനം. നാവില്ലാത്തവരുടെ ശബ്ദമായും കണ്ണില്ലാത്തവരുടെ കണ്ണായും മാറുമെന്ന് കരുതപ്പെട്ട നക്‌സല്‍ പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യം കണ്ട ഏറ്റവും ശക്തമായ പരീക്ഷണങ്ങളിലൊന്നായിരുന്നു. തീവ്രവാദം ഇന്ത്യയുടെ വഴിയല്ല എന്ന യാഥാര്‍ത്ഥ്യമാണ് നക്‌സല്‍ പ്രസ്ഥാനത്തിനെ തളര്‍ത്തിയത്. അക്രമം അക്രമത്തിന് ജന്മം നല്‍കുന്നുവെന്ന ലളിതവും ശ്വാശ്വതവുമായ സത്യമാണ് നക്‌സലിസത്തിന്റെ ബാക്കിപത്രം.

നക്‌സല്‍ബാരിയില്‍നിന്നും മൂന്നാറിലേക്കുള്ള ദൂരം അത്ര ദീര്‍ഘമൊന്നുമല്ല. എം.പി. നാരായണപിള്ളയുടെ പരിണാമം എന്ന നോവലില്‍ പാര്‍ട്ടി സെക്രട്ടറി നടത്തുന്ന ശ്രദ്ധേയമായൊരു നിരീക്ഷണമുണ്ട്. നക്‌സലൈറ്റുകളെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഈ നിരീക്ഷണം വരുന്നത്. ''വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ സഞ്ചരിച്ച വഴിയിലൂടെയാണ് അവരിപ്പോള്‍ നടക്കുന്നത്.'' നക്‌സല്‍പ്രസ്ഥാനമായി പരിണമിക്കാതെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യധാരയുടെ ഭാഗമാവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നത് ചെറിയൊരു സംഗതിയല്ല. 

പരിണാമം എഴുതിയപ്പോള്‍ നാരായണപിള്ള മൂന്നാറാണ് മുഖ്യപശ്ചാത്തലമാക്കിയത് എന്നത് ചിലപ്പോള്‍ യാദൃശ്ചികമാവാം. നാരായണപിള്ള ക്രാന്തദര്‍ശിയായിരുന്നു. ജനാധിപത്യത്തിന്റെ വരപ്രസാദം ആസ്വദിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത കലാപകാരി. മലയാള സാഹിത്യത്തിലെ ആദ്യകാല നക്‌സലൈറ്റായിരുന്നു നാണപ്പന്‍ എന്ന നാരായണപിള്ള. പക്ഷെ, നാണപ്പന്‍ മുന്നോട്ടു പോയി. പരിണാമം പോലെ ജനാധിപത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പൊരുള്‍ തിരയുന്ന ഒരു നോവല്‍ നാണപ്പന്‍ എഴുതുകയും ചെയ്തു. മൂന്നാറിലെ കയ്യേറ്റം നീക്കുന്നതിന്റെ ഭാഗമായി കുരിശു പൊളിച്ചതിനെ നാണപ്പന്‍ എങ്ങിനെ കാണുമായിരുന്നു എന്നത് ആലോചിക്കാവുന്ന വിഷയമാണ്. 

cross

കുരിശുയുദ്ധം നടത്തിയല്ല കയ്യേറ്റം നീക്കേണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ പിണറായി ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. പിണറായി വിജയന്‍ 2016-ല്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ ഏറ്റവും സെന്‍സിബിള്‍ ആയിട്ടുള്ള അഭിപ്രായമായിരുന്നു കുരിശുപൊളിച്ചതിനെക്കുറിച്ചെന്ന് പറയാതെ വയ്യ. ആ ഒരൊറ്റ പ്രസ്താവനയിലൂടെ പിണറായി ഈ വിഷയത്തിലുണ്ടായേക്കുമായിരുന്ന സകല മുതലെടുപ്പുകളും മുളയിലേ നുള്ളി. കയ്യേറ്റത്തെ അനുകൂലിക്കില്ലെന്നും എന്നാല്‍ കുരിശു പൊളിച്ചത് വിഷമിപ്പിച്ചെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആലഞ്ചേരിയടക്കമുള്ളവര്‍ പിന്നീട് നടത്തിയ പ്രതികരണങ്ങളുടെ മുനയൊടിഞ്ഞത് പിണറായിയുടെ ഈ ആന്റി ബലിസ്റ്റിക് മിസൈലിനു മുന്നിലാണ്.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ നക്‌സലുകളാവുന്നതില്‍ കാര്യമില്ലെന്ന് കൃത്യം പത്തു വര്‍ഷം മുമ്പ് അച്ച്യാതാനന്ദന്‍ തിരിച്ചറിഞ്ഞതാണ്. വി.എസിന്റെ നക്‌സല്‍ സംഘത്തില്‍ അന്നുണ്ടായിരുന്ന സുരേഷ്‌കുമാര്‍ ശനിയാഴ്ച ഉന്നയിച്ച ഒരു ചോദ്യം സി.പി.ഐ. എന്തുകൊണ്ട് കയ്യേറ്റ ഭൂമിയിലുള്ള പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കുന്നില്ലെന്നാണ്. 2007-ല്‍ സുരേഷും സംഘവും നടത്തിയ 'നക്‌സല്‍' ഓപ്പറേഷനും ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ തകര്‍ക്കാനായിരുന്നില്ല.

ഇമേജുകളുടെ കാലമാണിത്. ഓരോ സംഭവവും വിഷ്വലുകളുടെ രൂപത്തില്‍ നമ്മുടെ മനസ്സിലേക്ക് പറിച്ചു നടാന്‍ മാദ്ധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഇത്തരമൊരു പരിസരത്തില്‍ എസ്‌കവേറ്റര്‍ കൊണ്ട് കുരിശ് പൊളിക്കുന്നത് ചിത്രീകരിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവസരമൊരുക്കിയതിലൂടെ റവന്യൂ അധികൃതരും സിപിഐ നേതാക്കളും എന്തു സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കുരിശ് നീക്കിയതിനു ശേഷമുള്ള ഒഴിഞ്ഞ സ്ഥലത്തിന്റെ ചിത്രീകരണവും കയ്യേറ്റത്തിനെതിരെയുള്ള ശക്തമായ സന്ദേശമാവുമായിരുന്നു. അതിനു പകരം ഒഴിപ്പിക്കലുകള്‍ ആഘോഷിക്കുന്നതിനെയാണ് മുഖ്യമന്ത്രി പിണറായി ചോദ്യം ചെയ്തത്. കയ്യേറ്റത്തിനുള്ള മറുമരുന്ന് ഇത്തരം ആഘോഷങ്ങളല്ല എന്നത് ചരിത്രം അറിയുന്നവര്‍ തിരിച്ചറിയുന്ന കാര്യമാണ്.

2004-ല്‍ ദീപാവലിത്തലന്നേ് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അറസ്റ്റ് ചെയ്യപ്പെട്ടത് ഓര്‍ത്തുപോവുകയാണ്. മുഖ്യമന്ത്രി ജയലളിതയുടെ ഈ നടപടിക്കെതിരെ ഹിന്ദു സംഘടനകള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ശങ്കരാചാര്യരോട് പോലീസ് മോശമായി പെരുമാറിയെന്ന ആക്ഷേപമുയര്‍ന്നു. ഇതിനുള്ള മറുപടിയായി ജയലളിത സര്‍ക്കാര്‍ ശങ്കരാചാര്യരുടെ അറസ്റ്റിന്റെ വീഡിയോ പുറത്തുവിട്ടു. പോലീസ് ഉദ്യോഗസ്ഥര്‍ര്‍ ആശ്രമത്തിലേക്ക് കയറും മുമ്പ് പാദരക്ഷകള്‍ അഴിച്ചുമാറ്റുന്നതും ശങ്കരാചാര്യരോട് തങ്ങളുടെ കൂടെ വരണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്. ഇതോടെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പൊടുന്നനെ ശമിച്ചു.

ശങ്കരാചാര്യരുടെ അറസ്റ്റ് ആഘോഷിക്കാന്‍ ജയലളിത തയ്യാറായില്ല. ആഘോഷിക്കേണ്ടതെന്താണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഒരു രാഷ്ട്രീയ നേതാവിനെയും ഭരണാധികാരിയെയും ആള്‍ക്കൂട്ടത്തില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. ഈ തിരിച്ചറിവ് പിണറായി വിജയനുണ്ടായി എന്നത് ജനാധിപത്യ വിശ്വാസികള്‍ കാണാതെ പോവരുത്.