ന്തസ്സംസ്ഥാന നദീജലക്കൈമാറ്റങ്ങളിൽ കേരളത്തിന് എന്നും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പറയാനുള്ളത്. മുല്ലപ്പെരിയാറിലും പറമ്പിക്കുളം -ആളിയാർ പദ്ധതിയിലും ശിരുവാണിയിലും നെയ്യാറിലുമെല്ലാം അയൽക്കാർക്ക് ജലം ദാനം ചെയ്യുന്നതിന്റെ പുണ്യം (?) മാത്രമായിരിക്കും നമ്മുടെ നേട്ടങ്ങളുടെ പട്ടികയിൽ ഉണ്ടാകുക.

കിഴക്കോട്ടൊഴുകുന്ന കാവേരിയുടെ കൈവഴികളിലും ട്രിബ്യൂണലിൽ ചോദിച്ചതിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം ജലം അനുവദിച്ചുകിട്ടുകയും അതുതന്നെ ഉപയോഗപ്പെടുത്താനാകാതിരിക്കുകയും ചെയ്യുന്ന കഥയാണ് പറയാനുള്ളത്. നമ്മുടെ ശക്തമായ എതിർപ്പുകൾ തുടരുമ്പോഴും പമ്പയിലെയും അച്ചൻകോവിലാറിലെയും വെള്ളം എന്നെങ്കിലും കിട്ടുമെന്നുകരുതി മേക്കരയിൽ വെള്ളമില്ലാത്ത ഹനുമാൻതോടിനു കുറുകെ വലിയൊരു അണകെട്ടി കാത്തിരിക്കുകയാണ് തമിഴ്‌നാട്. സമ്മർദതന്ത്രങ്ങളിൽ അയൽസംസ്ഥാനത്തിനുള്ള മിടുക്കും പുഴയൊഴുക്കിന്റെ ധർമങ്ങൾ അറിയാത്ത ഭരണാധികാരികൾ നമ്മുടെ പുഴകളിൽ അധികജലം ഉണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നതും നമ്മുടെ ന്യായമായ ആവശ്യങ്ങൾ ഉറപ്പുവരുത്താനാകാത്ത ഉദ്യോഗസ്ഥരും ജനങ്ങളുടെ നിസ്സംഗതയും എല്ലാം നമ്മുടെ പരാജയത്തിന്റെ കാരണങ്ങളാണ്.

പി.എ.പി.കരാർ എന്നറിയപ്പെടുന്ന പറമ്പിക്കുളം-ആളിയാർ പദ്ധതി കരാറിന് ഇന്ന് ഷഷ്ട്യബ്ദപൂർത്തിയാണ്. ജലനഷ്ടത്തിന്റെയും നീതിനിഷേധത്തിന്റെയും അറുപത് വർഷങ്ങളാണ് പൂർത്തിയാകുന്നത്. പറമ്പിക്കുളം-ആളിയാർ പദ്ധതി നിർമിക്കുന്നതിന് കേരളസർക്കാരും അന്നത്തെ മദ്രാസ് സർക്കാരും തമ്മിൽ 1958 നവംബർ ഒമ്പതിനാണ് കരാറിലേർപ്പെട്ടത്. ജലം പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉള്ള നിലവിലെ കരാർ 1958 മുതൽ മുൻകാലപ്രാബല്യത്തോടെ 1970 മേയ് 29-നാണ് ഒപ്പുവെച്ചത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ‘പെരിയാർ പാട്ടക്കരാർ’ നമ്മൾ പുതുക്കിക്കൊടുത്തതും 1970 മേയ് 29-ന് തന്നെയാണ്.

parambikulam

പി.എ.പി.-പദ്ധതിയും കരാറും
പെരിയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ വിവിധ കൈവഴികളിൽ പി.എ.പി.യുടെ ഭാഗമായി ഒമ്പത്‌ അണക്കെട്ടുകളും ഒരു ഡൈവേർഷൻ വിയറും നിർമിച്ചു. ഈ നിർമിതികളെ പരസ്പരം ബന്ധിപ്പിച്ച് പെരിയാർ, ചാലക്കുടിപ്പുഴത്തടങ്ങളിൽനിന്നും നല്ലൊരളവ് വെള്ളം കിഴക്കോട്ട് തിരിച്ചുകൊണ്ടുപോയി തമിഴ്‌നാട്ടിൽ ഭാരതപ്പുഴത്തടത്തിലും കാവേരിതടത്തിലും ജലസേചനത്തിന് ഉപയോഗിക്കുന്നു. ആകെയുള്ള നിർമിതികളിൽ കേരളഷോളയാർ മാത്രമാണ് നമ്മൾ നിർമിച്ചിരിക്കുന്നത്. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ പറമ്പിക്കുളത്ത് നിർമിച്ച     മൂന്ന് അണക്കെട്ടുകൾ ഉൾപ്പെടെ മറ്റുള്ളവയെല്ലാം തമിഴ്‌നാട് നിർമിച്ച് കൈവശംവെച്ചിരിക്കുന്നതാണ്.  
നീരാറിലെ വെള്ളം തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളിലെത്തുന്ന വഴിയറിഞ്ഞാൽ പി.എ.പി. നിർമിതിയിലെ സങ്കീർണതകളെക്കുറിച്ച് ഒരു ധാരണ ലഭിക്കും. നീരാറിൽ ഒരു ഡൈവേർഷൻ വിയറും ഒരു അണക്കെട്ടുമാണ് നിർമിച്ചിരിക്കുന്നത്. രണ്ടിടത്തുനിന്നും തമിഴ്‌നാട് ഷോളയാർ ജലസംഭരണിയിലേക്ക് തുറക്കുന്ന ടണലുകൾ നിർമിച്ചിരിക്കുന്നു. തമിഴ്‌നാട് ഷോളയാറിൽനിന്നും ഈ ജലം ആദ്യം പറമ്പിക്കുളത്തേക്കും അവിടെനിന്ന്‌ തൂണക്കടവിലേക്കും കൊണ്ടുപോകുന്നു. അവിടെനിന്ന് കിഴക്കോട്ട് തമിഴ്‌നാട്ടിലെ തിരുമൂർത്തി, ആളിയാർ അണക്കെട്ടുകളിലെത്തിച്ച് അവിടെനിന്ന് ജലസേചനത്തിനായി ഉപയോഗപ്പെടുത്തുന്നു. സമാനമാണ് മറ്റിടങ്ങളിലെ ജലം സഞ്ചരിക്കുന്ന വഴികളും. പദ്ധതിയെക്കാൾ ഒരുപക്ഷേ, സങ്കീർണമാണ് പി.എ.പി. കരാർ. (ഈ സങ്കീർണതകൾ പി.എ.പി. വിഷയം ചർച്ച ചെയ്യുന്നതിൽനിന്ന്‌ പൊതുസമൂഹത്തെയും മാധ്യമങ്ങളെയും പിന്തിരിപ്പിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു).

പി.എ.പി. കരാറിന് ആകെ അഞ്ച് അധ്യായങ്ങൾ (Schedule) ഉണ്ട്. ഒന്നാമത്തേത് നിർമിതികളെക്കുറിച്ചാണ്. രണ്ടാം ഷെഡ്യൂളിലാണ് ജലം പങ്കുവെക്കുന്നതിന്റെ വിശദാംശങ്ങൾ ഉള്ളത്. മൂന്നാമത്തേതിൽ സാമ്പത്തികകാര്യങ്ങളും നാലാമത്തേതിൽ പലവകയുമാണ്. ഷെഡ്യൂൾ അഞ്ചിൽ ജലംപങ്കുവെക്കുന്നത് നിരീക്ഷിക്കുകയും കരാറിലെ വ്യവസ്ഥകൾക്കുള്ളിൽ തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ട, ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ജോയന്റ് വാട്ടർ റെഗുലേഷൻ ബോർഡിനെക്കുറിച്ച് പറയുന്നു.

നാലിടത്തായാണ് കേരളവും തമിഴ്‌നാടും ജലം പങ്കുവെക്കുന്നത്. ഓരോന്നിലും വ്യത്യസ്തമായ മാനദണ്ഡങ്ങളാണ്. അപ്പർ നീരാർ വിയറിൽ ഒഴുകിയെത്തുന്ന വെള്ളത്തിൽ ഫെബ്രുവരി ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ളത് തമിഴ്‌നാടിനും മറ്റു നാലുമാസം കേരളത്തിനും എന്നാണ് വ്യവസ്ഥ. ചാലക്കുടിപ്പുഴയിൽ കേരളാ, തമിഴ്‌നാട് ഷോളയാർ ജലസംഭരണികളിൽ ആകെ ലഭ്യമാകുന്ന ജലത്തിൽ ഓരോ വർഷവും 12.3 ടിഎംസി ഫീറ്റ്‌ (348.23 ദശലക്ഷം ഘനമീറ്റർ) ജലം കേരളഷോളയാറിൽ വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ഉപയോഗിക്കാമെന്നു പറയുന്നു. അതിലധികമുള്ളത് തമിഴ്‌നാടിന് അവകാശപ്പെട്ടതാണ്. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ (പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം) ആകെ നീരൊഴുക്കിൽ 14 ടിഎംസി ഫീറ്റ്‌ തമിഴ്‌നാടിന് തിരിച്ചുകൊണ്ടുപോകാമെന്നും അധികമുള്ളത് കേരളത്തിനെന്നും പറയുന്നു. ഭാരതപ്പുഴത്തടത്തിൽ എല്ലാ വർഷവും മണക്കടവ് വിയറിൽ ചിറ്റൂർ പുഴത്തടത്തിനായി ടിഎംസി ഫീറ്റ്‌ ജലം ലഭ്യമാക്കണം എന്നാണ് വ്യവസ്ഥ.

അപാകങ്ങൾ നിറഞ്ഞ കരാർ
1958-ൽ പി.എ.പി.ക്ക് അനുമതി കൊടുക്കുന്നതിനെതിരേ പനമ്പിള്ളി ഗോവിന്ദമേനോൻ ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പല ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകിയിരുന്നുവത്രേ. എന്നാൽ, കേന്ദ്രസർക്കാരിൽനിന്നുൾപ്പെടെയുള്ള സമ്മർദങ്ങൾ കൊണ്ടുകൂടിയാണ് കേരളം ഇതിന് അനുമതി നൽകിയത് എന്നുപറയപ്പെടുന്നു. പക്ഷേ, 1970-ൽ പി.എ.പി. കരാർ ഒപ്പുവെക്കുമ്പോൾ നമ്മുടെ ന്യായമായ അവകാശങ്ങൾ അടിയറവെച്ചതിന് ഒരു ന്യായവും പറഞ്ഞുകേട്ടിട്ടില്ല.

 രണ്ടോ അതിലധികമോ പേർ ചേർന്ന് ഒരു കരാറിൽ ഏർപ്പെടുമ്പോൾ അത് ബന്ധപ്പെട്ടവർക്ക് ഏകദേശം സമാനമൂല്യമുള്ള നേട്ടങ്ങൾ ഉണ്ടാക്കണം എന്നാണ് സങ്കല്പം. എന്നാൽ, പി.എ.പി. കരാറിൽ നേട്ടങ്ങൾ മുഴുവൻ ഒരു പക്ഷത്താണ്. കീഴ്‌നദീതടസംസ്ഥാനം എന്ന നിലയിലുള്ള കേരളത്തിന്റെ അവകാശങ്ങൾ കണക്കാക്കിയതേയില്ല. കരാർ നിലവിൽ വരുന്നതിനുമുമ്പ് നമ്മൾ ഉപയോഗിച്ചിരുന്ന വെള്ളം കൃത്യമായി കണക്കാക്കാനോ ആ ജലത്തിനുള്ള അവകാശം (Prior Appropriation Right) ഉറപ്പാക്കാനോ കേരളത്തിന് കഴിഞ്ഞില്ല. ഫലത്തിൽ പി.എ.പി. വരുന്നതിനു മുമ്പ്‌ പെരിയാർ, ചാലക്കുടിപ്പുഴ എന്നിവയുടെ ബന്ധപ്പെട്ട കൈവഴികളിൽ തമിഴ്‌നാട്ടിൽനിന്നുള്ള നീരൊഴുക്ക് പൂർണമായും ഭാരതപ്പുഴത്തടത്തിൽ 90 ശതമാനത്തോളവും കേരളത്തിലേക്കൊഴുകിയിരുന്ന സ്ഥാനത്ത് ഇന്ന് സിംഹഭാഗവും തമിഴ്‌നാടിനായി.

പെരിയാർ, ചാലക്കുടി പുഴത്തടങ്ങളിൽ അന്നും ഇന്നും തമിഴ്‌നാടിന് ജലസേചന ആവശ്യങ്ങളില്ല. എന്നാൽ, കരാറിൽ ഈ രണ്ട് പുഴത്തടങ്ങളിലും തമിഴ്‌നാട്ടിലെ വൃഷ്ടിപ്രദേശങ്ങളിൽ നിന്നുള്ള ആകെ നീരൊഴുക്കിനെക്കാൾ അധികം ജലമാണ് തമിഴ്‌നാടിന് അനുവദിച്ചത്. അതും Inter-basin Transfer-ലൂടെ മറ്റ് പുഴത്തടങ്ങളിലേക്ക് കൊണ്ടുപോകാനായി. പെരിയാർതടത്തിൽ നിന്നും പ്രതിവർഷം ശരാശരി 10 ടിഎംസി ഫീറ്റിനടുത്തും ചാലക്കുടിപ്പുഴത്തടത്തിൽ നിന്ന് 15 ടിഎംസി ഫീറ്റിലധികവും വെള്ളം തിരിച്ചുകൊണ്ടുപോകുന്നുണ്ട്. ചാലക്കുടിപ്പുഴത്തടത്തിലെ കൃഷിഭൂമിയുടെ വിസ്തൃതി കുറയുന്നതിന് ഈ ജലനഷ്ടവും കാരണമായിട്ടുണ്ട്.  

ചിറ്റൂർ പുഴത്തടത്തെ കേരളത്തിൽ ഏറ്റവും വരൾച്ചയുള്ള മേഖലകളിലൊന്നാക്കിയതിന്റെ പ്രധാന ഉത്തരവാദിത്വം പി.എ.പി. കരാറിനാണെന്ന് നിസ്സംശയം പറയാം. ഇവിടെ പദ്ധതി നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന ജലആവശ്യങ്ങൾ (പാലക്കാട് പട്ടണത്തിലുൾപ്പെടെ) കണക്കാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. അന്ന് ചിറ്റൂർ ഭാഗത്ത് ഉണ്ടായിരുന്ന 20,000 ഏക്കർ കൃഷിക്ക് വേണ്ട വെള്ളം മാത്രമാണ് കേരളത്തിൽ അനുവദിക്കപ്പെട്ടത്. ഇവിടെ കൃഷി വർധിപ്പിക്കുന്നതിനോ പുഴത്തടത്തിലെ മറ്റ് ആവശ്യങ്ങൾക്ക് ജലം ലഭ്യമാക്കുന്നതിനോ ഉള്ള സാധ്യതകൾ കരാർ ഒപ്പുവെച്ചതോടെ പൂർണമായി ഇല്ലാതായി.

മുല്ലപ്പെരിയാറിൽ 999 വർഷത്തേക്കാണ് കരാർ. പി.എ.പി. കരാറിന് കാലാവധിയേ ഇല്ല. അനന്തകാലത്തേക്ക് ഇത് നിലനിൽക്കുമെന്ന് സാരം. 30 വർഷത്തിലൊരിക്കൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ കരാർ വ്യവസ്ഥകൾ പുനഃപരിശോധിക്കാവുന്നതാണ് എന്നുമാത്രമാണ് കരാർ പറയുന്നത്. അതും ഇരുസംസ്ഥാനങ്ങളും യോജിക്കുകയാണെങ്കിൽ മാത്രം. കരാറിന്റെ ആദ്യപുനരവലോകനം 1988-ൽ നടത്തേണ്ടിയിരുന്നതാണ്. ഇപ്പോൾ വീണ്ടും പുനരവലോകനം നടത്തേണ്ട സമയമായി. എന്നാൽ, ഒന്നാമത്തെ പുനരവലോകനം പോലും നടന്നിട്ടില്ല. അതിനായി ഒട്ടേറെ യോഗങ്ങൾ ചേർന്നിട്ടുണ്ടെങ്കിലും തമിഴ്‌നാടിന്റെ നിഷേധാത്മകനിലപാടുകൾ മൂലം മാറ്റം വരുത്താനായിട്ടില്ല. മാറ്റങ്ങൾ അത്യാവശ്യമായ പല വ്യവസ്ഥകളും നമ്മുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിട്ടുമില്ല.

തുടർച്ചയാകുന്ന കരാർലംഘനങ്ങൾ
കരാർലംഘനങ്ങളുടെ ഒരു നീണ്ട ചരിത്രമുണ്ട് പി.എ.പി.ക്ക്. കരാറിനു പുറത്ത്, കേരളത്തെ അറിയിക്കുക പോലും ചെയ്യാതെ ഒട്ടേറെ നിർമാണങ്ങൾ നടത്തിയിട്ടുണ്ട് തമിഴ്‌നാട്. കാടംപാറയിൽ അണകെട്ടിയതും അക്കാമലയിലും ദേവിയാറിലും വിയറുകൾ കെട്ടിയതും കരാർലംഘനങ്ങളാണ്. തമിഴ്‌നാട് ഷോളയാറിൽ അധിക സാഡിൽ സ്പിൽവേ നിർമിച്ചതും കരാറിന് വിരുദ്ധമായാണ്. പറമ്പിക്കുളം മേഖലയിൽ പദ്ധതിനിർമാണത്തിന്റെ ആവശ്യങ്ങൾക്കായി നിർമിച്ച പല കെട്ടിടങ്ങളും നിർമാണം പൂർത്തിയായി അരനൂറ്റാണ്ടിനടുത്തായിട്ടും നമുക്ക് കൈമാറിയിട്ടില്ല.

കരാർ പൊളിച്ചെഴുതണം
രണ്ടുവട്ടം പുനരവലോകനം ചെയ്യേണ്ട കാലമായിട്ടും നമുക്ക് കരാറിലെ ദോഷകരമായ ഒരു വ്യവസ്ഥയും മാറ്റാനായിട്ടില്ല. തുടരുന്ന കരാർ ലംഘനങ്ങൾ തടയാനുമാകുന്നില്ല. അടിയന്തരമായി കരാർ പുനരവലോകനം നടത്തുകയും നമ്മുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാകുമെന്ന് ഉറപ്പുവരുത്തുകയും വേണം. ഇതിന് കഴിയുന്നില്ലെങ്കിൽ കരാറിലെ അടിസ്ഥാനപരമായ അപാകങ്ങളും തുടർച്ചയായ കരാർലംഘനങ്ങളും ചൂണ്ടിക്കാണിച്ച് നിയമപരമായി നമ്മൾ കരാറിൽനിന്ന് പിൻവാങ്ങണം. എന്നിട്ട് കൂടുതൽ നീതിയുക്തമായ പുതിയ കരാറിന് ശ്രമമാരംഭിക്കണം. പുതിയ കരാർ വരുന്നതുവരെ നീതിപീഠത്തിന്റെ മേൽനോട്ടത്തിൽ താത്‌കാലികസംവിധാനം ഒരുക്കണം.

ഈ പദ്ധതി നിലവിൽ വന്ന ശേഷം പറമ്പിക്കുളത്തെ മൂന്ന് അണക്കെട്ടുകൾക്ക് താഴെ പുഴയില്ല. മറ്റു ചിലയിടങ്ങളിൽ നാലുമാസം മുതൽ എട്ടുമാസം വരെ പുഴയൊഴുകുന്നില്ല. ഓരോ അണക്കെട്ടിനു താഴെയും ശാസ്ത്രീയമായി കണക്കാക്കപ്പെടുന്ന പാരിസ്ഥിതിക നീരൊഴുക്ക് ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരനടപടി കൈക്കൊള്ളണം. കേരളജനതയുടെയും ബന്ധപ്പെട്ട പുഴകളുടെയും അവകാശങ്ങൾ ഉറപ്പുവരുത്താൻ അധികൃതർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം.

നേട്ടം ആർക്ക്‌ ?

തമിഴ്‌നാട്
കൃഷിഭൂമിയുടെ വിസ്തൃതി 6400 ഏക്കറിൽനിന്ന് 2,47,000 ഏക്കറായി വർധിച്ചു. (ഇത് പിന്നീട് 4,25,000 ഏക്കറായി വർധിച്ചു. എന്നാൽ, അത് ജലവിതരണം ഒന്നിടവിട്ട വർഷങ്ങളിലേക്ക് പരിമിതപ്പെടുത്തിക്കൊണ്ടായിരുന്നു). പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട് 185 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നു. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി അപ്പർ ആളിയാറിനുമുകളിൽ കാടാംപാറയിൽ 400 മെഗാവാട്ടിന്റെ പമ്പ്‌ഡ്‌ സ്റ്റോറേജ്‌ പദ്ധതിയും അവർ സ്ഥാപിച്ചു.

കേരളം
ചാലക്കുടി നദീതടജലസേചനപദ്ധതിയിൽ 1970-കൾ ജലലഭ്യത കുറയാൻ തുടങ്ങി. ചിറ്റൂർ മേഖലയിൽ നേരത്തേ 20,000 ഏക്കർ കൃഷിയുണ്ടായിരുന്നത് 35,000 ഏക്കറിനടുത്തായി. അന്നത്തേതിലും ജലലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. പി.എ.പി.യുടെ ഭാഗമേ ആകേണ്ടതില്ലാത്ത കേരളഷോളയാറിലെ 54 മെഗാവാട്ട് വൈദ്യുതി മാത്രമാണ് കേരളത്തിനുള്ളത്. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിൽനിന്ന് കഴിഞ്ഞ 48 വർഷത്തിനിടെ ചാലക്കുടിപ്പുഴയുടെ ആവശ്യങ്ങൾക്കായി ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഉൾപ്പെടെ പലപ്പോഴും പുഴത്തടത്തിലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിക്കുന്ന വിധം തമിഴ്‌നാട്‌ പ്രളയജലം തുറന്നുവിട്ടിട്ടുമുണ്ട്.

(തൃശ്ശൂർ റിവർ റിസർച്ച്‌ സെന്റർ ഡയറക്ടറാണ്‌ ലേഖകൻ)