സുന്ദര്‍ലാല്‍ ബഹുഗുണയില്‍ നിന്നും അദ്ദേഹത്തിന്റെ ചിപ്‌കോ പ്രസ്ഥാനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പാണ്ഡുരംഗ ഹെഗ്‌ഡേ അപ്പിക്കോ പ്രസ്ഥാനം രൂപവത്കരിച്ചത്. പരിസ്ഥിതി സംരക്ഷണം ഇദ്ദേഹത്തിന് ഫാഷനല്ല, ജീവിതം തന്നെയാണ്. 

?ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് പ്രകൃതിസംരക്ഷണത്തിലേക്ക്. എങ്ങനെ ആയിരുന്നു ആ യാത്ര  

പ്രകൃതിയോടുള്ള ഇഷ്ടവും ബഹുമാനവും. ഈ ഘടകങ്ങളാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാനുള്ള പ്രധാനകാരണം. പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. വിജയവും പരാജയവും തിരിച്ചടികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു അത്. പക്ഷെ യാത്രയിലെ ഓരോ ചുവടും എന്നെ വളരെയേറെ ആകര്‍ഷിച്ചിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായാണ് സുന്ദര്‍ലാല്‍ ബഹുഗുണയെ പരിചയപ്പെടുന്നത്. 1979-ല്‍ ആയിരുന്നു ആ കൂടിക്കാഴ്ച.

അവിടെ വെച്ച് അദ്ദേഹത്തിന്റെ ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. വ്യക്തികളെ പരിസ്ഥിതി പ്രവര്‍ത്തകരിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കാന്‍ ഉതകുന്ന തരത്തിലുള്ളതായിരുന്നു അവിടുത്തെ പരിശീലനം.

പരിശീലനത്തിനുശേഷം എന്താണ് നിങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം തുടര്‍ന്ന് ചോദിച്ചു. ജോലി എന്നായിരുന്നു എന്റെ മറുപടി. നിങ്ങള്‍ക്ക് ഇവിടേക്ക് തിരികെ വന്നുകൂടെ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ആ ചോദ്യവും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലേക്ക് തിരിയാനുള്ള തീരുമാനത്തിന് ഏറെ നിര്‍ണായകമായിരുന്നു. കശ്മീരില്‍നിന്ന് കൊഹിമയിലേക്ക് അദ്ദേഹം നടത്തിയ പദയാത്രയുടെ ഭാഗമാകാനും സാധിച്ചു.  

?അപ്പിക്കോ പ്രസ്ഥാനത്തിന്റെ പിറവി

1983 ലാണ് അപ്പികോ പ്രസ്ഥാനം ആരംഭിക്കുന്നത്. സുന്ദര്‍ലാല്‍ ബഹുഗുണയുടെ പിന്തുണയും നിര്‍ദേശവും ഇതിനു പിന്നിലുണ്ടായിരുന്നു. ഉത്തര കര്‍ണാടകത്തില്‍, തേക്ക് പ്ലാന്റേഷനുവേണ്ടി സാധാരണമരങ്ങള്‍ വെട്ടുന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അപ്പികോ പ്രസ്ഥാനം രൂപപ്പെട്ടത്.

ചിപ്കോ പ്രസ്ഥാനത്തിലേതിനു സമാനമായി മരത്തെ ആലിംഗനം ചെയ്യുകയാണ് അപ്പിക്കോ( കന്നഡയില്‍ അപ്പിക്കോ എന്ന പദത്തിന്റെ അര്‍ഥം ആലിംഗനം ചെയ്യുക എന്നാണ്.)യിലും ചെയ്യുന്നത്. 1989-ല്‍ പ്രതിഷേധം ആരംഭിച്ചെങ്കിലും ആറു വര്‍ഷങ്ങള്‍ക്കുശേഷം 1989 ലാണ് വിജയം കാണുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നയം മാറ്റാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അതേ സമയത്താണ് യൂക്കാലിപ്റ്റസ് പ്ലാന്റേഷന് എതിരെയുള്ള സമരത്തിന്റെ ഭാഗമായി വയനാട്ടിലും വന്നത്. 

? കൈഗ ആണവനിലയത്തിനെതിരെയും ജലവൈദ്യുത പദ്ധതികള്‍ക്കെതിരെയും നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ് 

കൈഗയുടെ കാര്യത്തില്‍ ആണവനിലയമല്ല, അതു സ്ഥിതിചെയ്യുന്ന പ്രദേശമാണ് പ്രതിഷേധത്തിനു കാരണം. കാലി നദിക്കു സമീപമാണ് കൈഗ ആണവനിലയം സ്ഥിതിചെയ്യുന്നത്. ഇത് ഭൂകമ്പസാധ്യതയുള്ള പ്രദേശമാണ്. ശരിക്കുപറഞ്ഞാല്‍ രണ്ട് ദുരന്തങ്ങളാണ് അവിടെ പതുങ്ങിയിരിക്കുന്നത്.

ആണവനിലയത്തിന്റെതും ഡാം തകരുമോ എന്നുള്ളതിന്റെയും. നിലവിലെ അണക്കെട്ടുകള്‍ക്ക് ആവശ്യമായ വെള്ളം തന്നെ ലഭ്യമല്ലെങ്കില്‍ പിന്നെ വീണ്ടും വീണ്ടും ഡാമുകള്‍ നിര്‍മിച്ചിട്ടെന്തു കാര്യം? വനം വെട്ടി നശിപ്പിച്ചാണ് അണക്കെട്ടുകള്‍ നിര്‍മിക്കുന്നത്. ഇത് ജൈവവൈവിധ്യം വന്‍തോതില്‍ ഇല്ലാതാകാനും കാരണമാകും.

? പരിസ്ഥിതിവാദികളെ വികസന വിരോധികളായി മുദ്ര കുത്താറുണ്ട്. അതിനോട് എങ്ങനെയാണ് താങ്കള്‍ പ്രതികരിക്കുന്നത്

പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവര്‍ വികസന വിരുദ്ധരാണെന്ന് ആരോപിക്കുന്നത് ശരിയല്ല. മനപ്പൂര്‍വം കെട്ടിച്ചമയ്ക്കുന്ന ആരോപണമാണ് ഇത്. യഥാര്‍ഥ വികസനമെന്നു പറയുന്നത് ഭൂമിയോ ജലമോ മണ്ണിനെയോ മലിനപ്പെടുത്തിക്കൊണ്ടുള്ളതല്ല. മനുഷ്യന്റെ ജീവനും നിലനില്‍പ്പിനും ആധാരമായവയാണ് ഇവ. മണ്ണിനെയും ജലത്തെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് നമുക്ക് ആവശ്യം.

ഇവയെല്ലാം മലിനമാക്കി കൊണ്ട് മനുഷ്യന് നിലനില്‍ക്കാനാകില്ല എന്നതാണ് വാസ്തവം. തെഹ്രി അണക്കെട്ട് പരിസ്ഥിതിക്ക് ദോഷകരമാകുമെന്ന് സുന്ദര്‍ ലാല്‍ ബഹുഗുണ നേരത്തെ പറഞ്ഞതാണ്. അത് സത്യമാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ടു.

പരിസ്ഥിതി എന്നത് പാഠ്യവിഷയമായി മാത്രം ഒതുങ്ങേണ്ടതല്ല. അത്  ഓരോരുത്തരുടെയും മനസ്സില്‍ ശക്തി പ്രാപിക്കേണ്ട വികാരമാണ്. സ്വച്ഛ് ഭാരത് തന്നെയെടുക്കാം. അത് ശരിയായ രീതിയിലല്ല നടപ്പാക്കപ്പെടുന്നത്. മാലിന്യം നീക്കം ചെയ്യുക മാത്രമല്ല വേണ്ടത്. മാലിന്യം സൃഷ്ടിക്കപ്പെടാനുള്ള അവസരങ്ങള്‍ ഒഴിവാക്കുക കൂടി വേണം. 

? ജനിതക പരിവര്‍ത്തനം വരുത്തിയ വിത്തുകളും അവയുടെ ഉപയോഗവും എത്രത്തോളം ദോഷകരമാണ്

ജനിതക പരിവര്‍ത്തനം വരുത്തിയ വിത്തുകളുടെ ഉപയോഗം വലിയ ദുരന്തത്തിലേക്കാണ് വഴി വെയ്ക്കുന്നത്. 1992 ലാണ് ബി.ടി. കോട്ടന് അനുമതി നല്‍കുന്നത്. 99 ശതമാനം തദ്ദേശീയ കോട്ടന്‍ വിത്തിനങ്ങളാണ് ബി.ടി. കോട്ടന്റെ വരവോടെ അപ്രത്യക്ഷമായത്. ഇത് വിപണിയില്‍ അവതരിപ്പിച്ച അന്താരാഷ്ട്ര കമ്പനിക്ക് മികച്ച ലാഭം ഉണ്ടാക്കാനായി.

പക്ഷെ പാവപ്പെട്ട കര്‍ഷകന്റെ ജീവിതമാണ് ഇത് തകര്‍ത്തത്. ഇനി ഭക്ഷ്യവിളകളുടെ ഉത്പാദനത്തിലും ജനിതക പരിവര്‍ത്തനം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുകയാണെന്നിരിക്കട്ടെ, ഇത് ഭക്ഷ്യോത്പാദനത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തതയെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

രാജ്യത്തെ ഇത് പരാശ്രയത്വത്തിലേക്ക് നയിക്കും. ജനിതക പരിവര്‍ത്തനം വരുത്തിയ വിത്തുകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര കമ്പനികള്‍ സര്‍ക്കാരിനു മുകളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. 

? പരിസ്ഥിതി സംരക്ഷണത്തിനോടുള്ള സര്‍ക്കാരിന്റെ സമീപനം

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ പല നിയമങ്ങളും പാലിക്കപ്പെടുന്നില്ല എന്നു മാത്രം. പലതും നിയമപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാറാണ് പതിവ്. 

? പശ്ചിമഘട്ട സംരക്ഷണം എങ്ങനെ സാധ്യമാക്കാം

പശ്ചിമ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ട് സമിതികള്‍ രൂപവത്കരിക്കപ്പെട്ടു. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും. സമഗ്രവും ശക്തവുമായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. അത് അധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അംഗീകരിക്കാന്‍  കഴിഞ്ഞില്ല.

ഇനി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തന്നെ എടുക്കാം. വളരെ ഡൈല്യൂട്ടഡ് ആയ റിപ്പോര്‍ട്ട് ആണ് അത്. എന്നാല്‍ അതും ഇതുവരെ നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്ര മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ജൈവമേഖലയാണ് പശ്ചിമഘട്ടം. ഇവിടെ ജീവിക്കുന്ന ആനയ്‌ക്കോ കടുവയ്‌ക്കോ സംസ്ഥാനങ്ങളുടെ അതിര്‍ത്തി അറിയണമെന്നില്ല.

അവയുടെ ആവാസവ്യവസ്ഥയ്ക്ക് എന്തെങ്കിലും പ്രതികൂലമായി ബാധിക്കുമ്പോഴാണ് അവ കാടിറങ്ങുന്നത്. അപ്പോഴാണ് അവ മനുഷ്യന് ഭീഷണിയാകുന്നത്. എല്ലാവരും പരിസ്ഥിതി പ്രവര്‍ത്തകരാകണമെന്നല്ല. പകരം പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ചെറുചുവടുകളുടെ ഭാഗമായാല്‍ മതി. പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുമ്പോഴും ഓരോ തുള്ളി വെള്ളം സംരക്ഷിക്കുമ്പോഴും നിങ്ങള്‍ പരിസ്ഥിതിയെ കരുതലോടെ കാക്കുന്നവരുടെ പട്ടികയിലാണ്.