PT
പി.ടി. കുരിയാക്കോസ് മാസ്റ്റർ

‘സംസ്കൃത പ്രണയഭാജനം’ പി.ടി. കുരിയാക്കോസ് മാസ്റ്റർ തുടങ്ങിവെച്ച പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിന് ബുധനാഴ്ച 111 വയസ്സ്

1909-ൽ പാവറട്ടിയിലെ സ്വന്തം ഭവനത്തിൽ കത്തോലിക്കനായ ‘സംസ്കൃത പ്രണയഭാജനം’ പി.ടി. കുരിയാക്കോസ് മാസ്റ്റർ തുടങ്ങിവെച്ച പാവറട്ടി സാഹിത്യദീപിക സംസ്കൃത കോളേജിന് നാളെ 111 വയസ്സ്. 
പിറന്നാളാഘോഷിക്കുമ്പോൾ സ്ഥാപകനായ പി.ടി. കുരിയാക്കോസ് മാസ്റ്ററുടെ വ്യക്തിത്വത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ആയുഷ്കാലനേട്ടങ്ങളെപ്പറ്റിയും ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നാവും.  
1889 വിജയദശമിനാളിൽ ഒരു ദരിദ്ര കത്തോലിക്കാഭവനത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ജന്മദിനവും വിദ്യാരംഭദിനമായ വിജയദശമിയും ഒരേ ദിവസമായിത്തീർന്നത് യാദൃച്ഛികമായിരിക്കാം. ഒരു ദരിദ്രകുടുംബാംഗം എന്നനിലയിൽ, കുട്ടിക്കാലം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പിതാവ് നടത്തിയിരുന്ന എണ്ണച്ചക്കിനോടൊപ്പം അധ്വാനിക്കുന്നതിനിടയിലും അദ്ദേഹം സംസ്കൃതപഠനത്തിനുവേണ്ട സമയം കണ്ടെത്തി.
സംസ്കൃതപണ്ഡിതനായിരുന്ന വാഗ്‌ഭടാനന്ദ സ്വാമികളായിരുന്നു ആ കുരുന്നുമനസ്സിൽ ഒളിഞ്ഞുകിടന്നിരുന്ന പ്രതിഭയെ കണ്ടെത്തിയത്. മലബാറിലെ കീർത്തികേട്ട ഈ ഗുരുവിനെ ആദ്യമായിക്കണ്ട സംഭവം കുരിയാക്കോസ് മാസ്റ്ററെ വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും അദ്‌ഭുതലോകത്തിലേക്കു നയിച്ചു. അവിടെയദ്ദേഹം ഭാരതീയ തത്ത്വശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും അന്തസ്സത്ത കണ്ടെത്തി. ഓരോ ഭാരതീയന്റെയും ജീവിതം ധന്യമാക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ ശക്തിസ്രോതസ്സാണ് സംസ്കൃതമെന്ന് അദ്ദേഹത്തിന് ബോധ്യമായി. 
ജാതിമതഭേദ​െമന്യേ പതിനായിരക്കണക്കിനാളുകളെ സംസ്കൃതം പഠിപ്പിക്കാൻ 1909-ൽ തന്റെ വീട്ടിൽ ആരംഭിച്ച സാഹിത്യദീപിക സംസ്കൃതപാഠശാലയിലൂടെ അദ്ദേഹത്തിനു സാധിച്ചു. 1911-ൽ ഒരു വാടകക്കെട്ടിടത്തിലേക്ക് പാഠശാല മാറ്റിസ്ഥാപിച്ചു. 1934-ലാണ് ഈ സ്ഥാപനത്ത മദ്രാസ് സർവകലാശാല ഒരു സംസ്കൃത കോളേജാക്കി ഉയർത്തിയത്. 
പണ്ഡിതശ്രേഷ്ഠന്മാരായ പ്രൊഫ. കെ.പി. നാരായണപിഷാരടി, ഡോ. ഇ.ആർ.  ശ്രീകൃഷ്ണശർമ, ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷനായിരുന്ന മൃഢാനന്ദസ്വാമികൾ, പ്രൊഫ. എം.പി. ശങ്കുണ്ണി നായർ, ചെറുകാട്, പ്രൊഫ. പി.സി. വാസുദേവൻ ഇളയത് എന്നിവർ കുരിയാക്കോസ് മാസ്റ്ററോടൊപ്പം പാവറട്ടി കോളേജിൽ അധ്യാപകരായിരുന്നു. പ്രൊഫ. എം.എസ്. മേനോനും കോവിലനും അവിടെ വിദ്യാർഥികളായിരുന്നു.
കുരിയാക്കോസ് മാസ്റ്ററുടെ സംസ്കൃതപ്രേമം, തന്നിൽമാത്രമൊതുക്കാതെ കുടുംബത്തിന്റെ എല്ലാസ്രോതസ്സുകളിലേക്കും അദ്ദേഹം പടർത്തി. അദ്ദേഹം സ്വന്തം മക്കളെയും സഹോദരിയുടെ മക്കളെയുമെല്ലാം സംസ്കൃതവിദ്യാലയത്തിൽ ചേർത്ത് പഠിപ്പിച്ചു.  മൂത്തമകൻ പ്രൊഫ. പി.കെ. ഫ്രാൻസിസ് (ഉണ്ണി മാസ്റ്റർ) അവിടെ പഠിക്കുകയും കോളേജ് പ്രിൻസിപ്പലായി ജോലിനോക്കുകയും ചെയ്തു. ‘അഭിജ്ഞാനശാകുന്തളം’ മലയാളത്തിലേക്ക് വിവർത്തനംചെയ്ത വ്യക്തിയാണ് അദ്ദേഹം. രണ്ടാമത്തെ മകൻ പ്രൊഫ. പി.കെ. ജോസ് (പാപ്പു മാസ്റ്റർ) അവിടെത്തന്നെ പഠിച്ച് അതേ കോളേജിൽ അധ്യാപകനായി. സംസ്കൃതകവിയായിരുന്നു. പെൺമക്കളായ ത്രേസ്യയും ഫിലോമിനയും ഈ കോളേജിൽനിന്ന്‌ സംസ്കൃതത്തിൽ ബിരുദമെടുത്തിട്ടുള്ളവരാണ്. 
1923-ൽ പട്ടാമ്പി സംസ്കൃത കോളേജിന്റെ സ്ഥാപകൻ പുന്നശ്ശേരി നീലകണ്ഠശർമയിൽ നിന്ന് ‘സംസ്കൃതപ്രണയഭാജനം’ എന്ന ബഹുമതി കുരിയാക്കോസ് മാസ്റ്റർക്കു ലഭിച്ചു. ആദ്യമായാണ് ഇത്തരമൊരുപദവി  ഒരു അഹിന്ദുവിന് ലഭിക്കുന്നത്. 
62 വർഷം താൻ പിതൃനിർവിശേഷമായ വാത്സല്യത്തോടെ കഷ്ടപ്പെട്ടുസംരക്ഷിച്ച ആ സംസ്കൃത വിദ്യാനികേതനത്തെ, 1973 ജനുവരിയിൽ യാതൊരു പ്രതിഫലവും വാങ്ങാതെ അദ്ദേഹം കേന്ദ്രസർക്കാരിന് കൈമാറി. അടുത്തമാസത്തിൽത്തന്നെ 1973 ഫെബ്രുവരി 23-ന് ആ സംസ്കൃതഭാഷാസ്നേഹി ലോകത്തോട് യാത്രപറഞ്ഞു. ദാനപത്രത്തിൽ കുരിയാക്കോസ് മാസ്റ്റർ എഴുതിയ ഒരു വാചകം ഇതായിരുന്നു, ‘ഞാൻ കൈമാറുന്ന എന്റെ സ്ഥാപനം എന്നും സംസ്കൃതശ്ലോകങ്ങളാൽ മുഖരിതമാകണം’. 
കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ സെന്റർ എന്നാണ് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഈ കോളേജിന്റെ ഇപ്പോഴത്തെ പേര്‌. പാവറട്ടിയിലും പുറനാട്ടുകരയിലുമായി രണ്ട് കാമ്പസുകൾ. ആസ്ഥാനമന്ദിരം പുറനാട്ടുകര. ന്യൂഡൽഹി ആസ്ഥാനമായുള്ള സംസ്കൃത സർവകലാശാലയുടെ കീഴിൽ ഭാരതത്തിൽ 12 കോളേജുകളാണുള്ളത്. ഒഡിഷയിലെ പുരി സംസ്കൃത കോളേജാണ് ഇതിൽ ഏറ്റവും പഴയത്. 

 

 (സംസ്കൃതവിദ്യാപീഠം സംരക്ഷണസമിതി 
പ്രസിഡന്റും ടോംയാസ് അഡ്വർടൈസിങ്‌ മാനേജിങ്‌ ഡയറക്ടറുമാണ്‌ ലേഖകൻ)