ബദൽ പഠനമല്ല എന്ന് നമ്മൾ ഉറപ്പിച്ചുപറയുന്ന ‘ഫസ്റ്റ് ബെൽ’ പ്രോഗ്രാമിലെ ബോധനശാസ്ത്രക്കുറവ് ചർച്ച ചെയ്യുന്നതിലുപരി കൃത്യമായ എജ്യുക്കേഷണൽ ടെക്‌നോളജി പ്രയോഗം സമഗ്ര പോർട്ടലിന്റെ തുടർച്ചയായി നമ്മുടെ അക്കാദമിക് രംഗത്ത് ഉറപ്പാക്കാൻ കൃത്യമായ ചുവടുകൾ നാം സ്വീകരിക്കേണ്ടതുണ്ട്. സ്കൂളുകൾ എന്നുതുറന്നാലും നാം എങ്ങനെ അക്കാദമികമായി സമീപിക്കണം എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്
ഓൺലൈൻ വിദ്യാഭ്യാസം; സംവാദം തുടരുന്നു
ടെക്നോപെഡഗോജിയിൽ ആഴത്തിലുള്ള പഠനം വേണം
കേരളത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ് ബെൽ’ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കുന്ന ക്ലാസുകളെ ‘ഓൺലൈൻ പഠന രീതി’ എന്ന് വിളിക്കാൻ കഴിയില്ല. ഒരേസമയം ബ്രോഡ്കാസ്റ്റ് മീഡിയയോടൊപ്പം ഓൺലൈൻ, ഓഫ്‌ലൈൻ സംവിധാനങ്ങളും ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകളുടെ വിനിമയത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും സാധാരണ ‘ഓൺലൈൻ ക്ലാസുകൾ’ എന്ന സംജ്ഞ വിവക്ഷിക്കുന്നത് നിലവിലുള്ള ക്ലാസുകൾക്ക് ‘ബദൽ’ എന്ന നിലയിലാണ്. വിദ്യാഭ്യാസരംഗത്ത് നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും (വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങളിലൂടെ! ഇന്ററാക്ടീവ് ക്ലാസുകളായി റിയൽ ടൈമിൽ) നടന്നുവരുന്ന ക്ലാസുകൾ വിമർശിക്കപ്പെടുന്നത് സാങ്കേതികസൗകര്യങ്ങളുടെ പരിമിതിയോടൊപ്പം അവിടെ ബോധനശാസ്ത്രം ഇല്ലാതാകുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് അത്തരം ‘ബദലുകൾ’ വേണ്ട, മറിച്ച് കുട്ടിയെ യഥാർഥക്ലാസുകൾ തുടങ്ങുന്നതുവരെ ഒരു ‘സജ്ജമാക്കൽ’ അഥവാ ‘ഒരുക്കൽ’ പ്രക്രിയയായി മാത്രം ‘കൈറ്റ് വിക്ടേഴ്‌സ്’ ക്ലാസുകളെ കണ്ടാൽ മതി എന്ന് ആദ്യമേതന്നെ സർക്കാർ ഉത്തരവുകളിലും മറ്റും നിഷ്‌കർഷിച്ചിട്ടുള്ളത്.വസ്തുത ഇതായിരിക്കെത്തന്നെ ‘ശിശുകേന്ദ്രിതവും പ്രക്രിയാധിഷ്ഠിതവും ജ്ഞാനനിർമിതി ലക്ഷ്യംവെക്കുന്നതും വിമർശനാവബോധം ഉയർത്തിപ്പിടിക്കുന്നതുമായ ഒരു പാഠ്യപദ്ധതിയാണ് വിനിമയം ചെയ്യുന്നതെന്ന അടിസ്ഥാനവസ്തുത മറന്നുകൊണ്ടുള്ളതായിരുന്നു പല ക്ലാസുകളും എന്നത് ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്’ എന്ന പരാമർശം കൗതുകകരമാണ്.
സാധാരണക്കാർക്കായുള്ള രൂപകല്പന
സ്കൂളുകൾ എന്നാണ് തുറക്കുക എന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ, അധ്യാപകർ കുട്ടിക്ക് പിന്തുണ നൽകുന്നതും (സോഷ്യൽ മീഡിയ വഴി, ടെലിഫോൺ വഴിയോ നേരിട്ടോ) കരിക്കുലം ബന്ധിത പ്രവർത്തനങ്ങൾക്ക് പകരമായിട്ടാവരുത്. മറിച്ച് സംപ്രേഷണം ചെയ്ത ക്ലാസ് കുട്ടി കണ്ടോ എന്നുറപ്പിക്കലും കുട്ടിയിലവശേഷിക്കുന്ന സംശയങ്ങളുടെ ദൂരീകരണവും ഒക്കെയായി പരിമിതപ്പെടുത്തുന്ന സംവിധാനമായിമാത്രം അതിനെ കണ്ടാൽപ്പോരേ?
ഡിജിറ്റൽ ഡിവൈഡ് ഒരു യാഥാർഥ്യമാണ് എന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് കുട്ടിക്ക് സ്കൂളുകളിൽവെച്ച് ലഭ്യമാകാത്ത ഒരു സംവിധാനവും ഏർപ്പെടുത്തേണ്ട എന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) തീരുമാനിച്ചത്. അതുകൊണ്ടാണ് മൊബൈൽ ആപ്പിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വേറും സ്കൂൾ വിദ്യാഭ്യാസത്തിൽ വേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളത്. സാധാരണക്കാരിൽ സാധാരണക്കാരെ മുന്നിൽക്കണ്ടുള്ള രൂപകല്പന ചെയ്തതിനാലാണ് ഫസ്റ്റ്‌ബെല്ലിലും പ്രഥമപരിഗണന ബ്രോഡ്കാസ്റ്റ് മാധ്യമത്തിന് നൽകിയത്.
പാഠപുസ്തകങ്ങളിൽ ക്യൂ.ആർ. കോഡ് രേഖപ്പെടുത്തുകയും അത് വായിക്കാൻ സ്മാർട്ട് ഫോണുകൾ ആവശ്യമായി വരുകയും ചെയ്യുന്ന സാഹചര്യത്തിൽപ്പോലും ഇത്തരം ഡിജിറ്റൽ ഡിവൈഡിന്റെ പ്രശ്നങ്ങൾ ഉണ്ടെന്ന് ഓർക്കണം. അതുപോലെ ഒരു കുട്ടിക്കും ‘ഫസ്റ്റ് ബെൽ’ ക്ലാസുകൾ കാണാൻ അവസരം നിഷേധിക്കില്ല എന്ന് സർക്കാർ ഉത്തരവിൽ ആദ്യമേ നൽകിയതും നമ്മുടെ സ്കൂളുകളിൽ ലഭ്യമായിട്ടുള്ള 1.2 ലക്ഷം ലാപ്ടോപ്പുകളും 5000 ടെലിവിഷനും ഉൾപ്പെടെ പൊതുവായി കുട്ടികൾക്ക് പ്രയോജനപ്പെടുത്താം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാൽ, പിന്നീടത് ഓരോ കുട്ടിയുടെയും വീടുകളിലേക്ക് വരുന്ന ഉപകരണങ്ങളെത്തുന്ന തരത്തിൽ കേരള ജനത ഒരുമിച്ചു കൈകോർത്തത് കേരളത്തിന്റെ കൂട്ടായ്മയുടെ പുതുചരിത്രം രചിച്ചുകൊണ്ടായിരുന്നു.
ടെക്‌നോ ഫോബിയ എന്തിന്
ഇന്ത്യയിൽ പൊതുവായും കേരളത്തിൽ പ്രത്യേകമായും കഴിഞ്ഞ രണ്ടു പതിറ്റാണ്ട് സ്കൂൾ ഉന്നത വിദ്യാഭ്യാസ മേഖലകളിലുണ്ടായ പൊതുവായ ഒരു പ്രശ്നമുണ്ട്. ഒരു വശത്ത് അക്കാദമിക് വിദഗ്ധർക്കുള്ള ടെക്‌നോഫോബിയ അല്ലെങ്കിൽ ടെക്‌നോളജിയെ ഫലപ്രദമായി അക്കാദമിക്സുമായി സന്നിവേശിപ്പിക്കുന്നതിലുള്ള ധാരണക്കുറവോ നിലനിൽക്കുമ്പോൾത്തന്നെ, മറുവശത്ത് ടെക്‌നോളജി അധിഷ്ഠിതമായി എന്തുംചെയ്യാം എന്ന അമിതമായ ആത്മവിശ്വാസത്തോടെ കമ്പോളത്തോടൊപ്പം നൃത്തംചെയ്ത് അക്കാദമിക്സ് ബലികഴിച്ച് മറ്റൊരു വിഭാഗം മുന്നോട്ടുവരുന്നു. മക്കളുടെ ഭാവിയിൽ ആധിയുള്ള രക്ഷിതാക്കൾ അത്തരം ഫാൻസി ടെക്‌നോളജിക്കിലുക്കങ്ങളിൽ വീണുപോകുന്നുണ്ട് എന്നത് യാഥാർഥ്യവുമാണ്.
എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ നിലവിലുണ്ടായ ഐ.ടി. പഠനം 2009-ൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്ന സമയത്ത് അക്കാദമിക വിദഗ്ധൻമാരിൽനിന്ന് അനവധി പ്രതിബന്ധങ്ങൾ നേരിട്ടതോർക്കുന്നു. ഇതിന്റെ തുടർച്ചയായി 2011-ൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ എജുടൈൻമെന്റ് രൂപത്തിൽ ഐ.സി.ടി. പുസ്തകങ്ങൾ തയ്യാറാക്കി എല്ലാ കുട്ടികളിലേക്കെത്തിക്കുകയുമുണ്ടായി. എന്നാൽ, 2014-’15 അധ്യയനവർഷം മുതൽ ഒന്നുമുതൽ ഏഴുവരെയുള്ള ഈ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വിതരണംപോലും ചെയ്യാതെ നിശ്ശബ്ദമായി പിൻവലിച്ചപ്പോൾ നമ്മുടെ അക്കാദമിക് സമൂഹത്തിൽനിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. പിന്നീട് 2016-ന് ശേഷമാണ് കളിപ്പെട്ടി, ഇ@വിദ്യ എന്ന പേരിൽ ഈ പുസ്തകങ്ങൾ മെച്ചപ്പെടുത്തി കുട്ടികളിലേക്കെത്തിത്തുടങ്ങിയത്.
ഈ ഒരു പശ്ചാത്തലത്തിലാണ് മുഖ്യമായും വിദ്യാഭ്യാസരംഗത്തെ ഐ.ടി. പ്രവർത്തനങ്ങളിൽ വ്യാപൃതമായിരുന്ന ഐ.ടി.@സ്കൂളിന് അക്കാദമിക് കാര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരുപോലെ സമന്വിതമായി സമീപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനമേഖലകൾ നിശ്ചയിച്ച് കൈറ്റ് എന്ന പുതിയ സംരംഭം 2017-ൽ സർക്കാർ രൂപവത്‌കരിക്കുന്നത്. എസ്.സി.ഇ.ആർ.ടി.യുടെ അക്കാദമിക പിന്തുണയോടെ കൈറ്റ് തയ്യാറാക്കിയ ‘സമഗ്ര’ റിസോഴ്‌സ് പോർട്ടൽ ഫലപ്രദമായ ടെക്‌നോളജി പെഡഗോജി ഇന്റഗ്രേഷനുള്ള പാഠപുസ്തകമായി മാറുന്നതും ഇതുകൊണ്ടാണ്.
വേണം ഇൻസട്രക്‌ഷണൽ ഡിസൈൻ
‘ഇൻസ്ട്രക്ഷണൽ ഡിസൈൻ’ ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽപ്പോലും ഗൗരവമായ പഠനവിഷയമായി ഇതുവരെ മാറിയിട്ടില്ല. നമ്മുടെ പല സർവകലാശാലകളിലും മറ്റുമുള്ള പഠനവിഭാഗങ്ങളും സ്ഥാപനങ്ങളും ‘എജ്യുക്കേഷണൽ ടെക്‌നോളജി’ യുടെ പേരിൽ കേവല വീഡിയോ നിർമാണത്തിൽ ചുരുങ്ങിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഈ രംഗത്തെ പ്രശസ്തമായ അമേരിക്ക ആസ്ഥാനമാക്കിയുള്ള അസോസിയേഷൻ ഓഫ് എജ്യുക്കേഷണൽ കമ്യൂണിക്കഷൻസ് ആൻഡ് ടെക്‌നോളജി (എ.ഇ.സി.ടി.) എന്ന പ്രൊഫഷണൽ സംഘടന കഴിഞ്ഞമാസം ആദ്യമായി ഇന്ത്യയിൽ എജ്യുക്കേഷണൽ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സിംപോസിയം കൈറ്റുമായി ചേർന്ന് നടത്താൻ തീരുമാനിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഈ രംഗത്ത് ഇൻസ്ട്രക്‌ഷണൽ ഡിസൈൻ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂൾ ഉന്നത വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കോവിഡ്-19 കാരണം അത് നടക്കാതെപോയി. ഈ ശ്രമങ്ങൾ തുടരണം.
ചുരുക്കത്തിൽ ബദൽ പഠനമല്ല എന്ന് നമ്മൾ ഉറപ്പിച്ചുപറയുന്ന ‘ഫസ്റ്റ് ബെൽ’ പ്രോഗ്രാമിലെ ബോധനശാസ്ത്രക്കുറവ് ചർച്ച ചെയ്യുന്നതിലുപരി കൃത്യമായ എജ്യുക്കേഷണൽ ടെക്‌നോളജി പ്രയോഗം സമഗ്ര പോർട്ടലിന്റെ തുടർച്ചയായി നമ്മുടെ അക്കാദമിക് രംഗത്ത് ഉറപ്പാക്കാൻ കൃത്യമായ ചുവടുകൾ നാം സ്വീകരിക്കേണ്ടതുണ്ട്. സ്കൂളുകൾ എന്നുതുറന്നാലും നാം എങ്ങനെ അക്കാദമികമായി സമീപിക്കണം എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ബ്രോഡ്കാസ്റ്റ് സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വൈവിധ്യവത്‌കരണം സാധ്യമാക്കാനുമുള്ള ചർച്ചകളുമാവാം എന്നു മാത്രം.
(കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ സി.ഇ.ഒ. ആണ് ലേഖകൻ)