സമൂഹത്തിൽ മാറ്റങ്ങളുണ്ടാകുന്നത് ജനങ്ങളുടെ രാഷ്ട്രീയാവബോധം മാറുമ്പോഴും അവർ തെരുവിലിറങ്ങുമ്പോഴുമാണെന്നാണ് ചരിത്രം നൽകുന്ന  പാഠം. അധികാരക്കസേരയിൽ ആരിരിക്കുന്നു എന്നതിനെക്കാൾ, ജനകീയ പ്രക്ഷോഭങ്ങളാണ് സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെ ചാലകശക്തിയെന്ന് വിവക്ഷ. ഇന്ത്യൻ ദേശീയപ്രസ്ഥാനം ഇതിന്റെ ഏറ്റവും വലിയ തെളിവാണ്.

മൂന്ന് മുന്നേറ്റങ്ങൾ

ഇന്ത്യക്ക്‌ സ്വാതന്ത്ര്യംനേടിത്തരുന്നതിൽ നിർണായകപങ്കുവഹിച്ചത്  മൂന്ന് വലിയ ജനകീയപ്രക്ഷോഭങ്ങളായിരുന്നല്ലോ- നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ക്വിറ്റിന്ത്യാ പ്രസ്ഥാനം.  മൂന്നും  താരതമ്യം ചെയ്താൽ ചില സുപ്രധാനവ്യത്യാസങ്ങൾ കാണാനാവും. ഇതിൽ ഏറ്റവും ശ്രദ്ധേയം, ഇവ ഓരോന്നും പതിറ്റാണ്ടുകളുടെ ഇടവേളയിലാണ് സംഘടിപ്പിക്കപ്പെട്ടത് എന്നതാണ്-യഥാക്രമം, 1920, 1930, 1942. മാത്രമല്ല, അവ സ്വീകരിച്ച തന്ത്രങ്ങളിലും അവയുടെ ദൈർഘ്യത്തിലും ജനപങ്കാളിത്തത്തിലും ഈ വ്യത്യാസം നിഴലിക്കുന്നു.ഓരോ മുന്നേറ്റം കഴിയുംതോറും ബ്രിട്ടീഷ് ഭരണത്തിനോടുള്ള ഇന്ത്യൻ നിലപാട് കൂടുതൽ കാർക്കശ്യമാർജിക്കുകയും തന്ത്രങ്ങളിൽ കാതലായ മാറ്റമുണ്ടാവുകയും ചെയ്തു. ഉദാഹരണമായി, നിസ്സഹകരണപ്രസ്ഥാനത്തിന്റെയും ഉപ്പുസത്യാഗ്രഹത്തിന്റെയും ലക്ഷ്യം ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ഇന്ത്യക്കാർക്ക് കൂടുതൽ അധികാരം ലഭ്യമാക്കാനായിരുന്നെങ്കിൽ, ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റേത് ബ്രിട്ടീഷ് കോയ്മയ്ക്ക് വെളിയിൽ ഇന്ത്യയുടെ സ്വയംഭരണം ഉറപ്പാക്കാനായിരുന്നു.
തന്ത്രങ്ങളിലെ മാറ്റവും ശ്രദ്ധേയമായി. നിസ്സഹകരണത്തിൽനിന്ന് നിയമലംഘനമായും രാജ്യവ്യാപകമായ ജനകീയപ്രതിരോധമായും അവ രൂപപ്പെട്ടു. അതുപോലെത്തന്നെ, നിസ്സഹകരണത്തെയും ഉപ്പുസത്യാഗ്രഹത്തെയും അപേക്ഷിച്ച് കൂടുതൽ ദൈർഘ്യമുള്ളതായിരുന്നു ക്വിറ്റിന്ത്യാ മുന്നേറ്റം-ഏതാണ്ട് മൂന്നുവർഷം. ജനപങ്കാളിത്തത്തിന്റെ കാര്യത്തിലും അത് മറ്റുള്ളവയിൽനിന്ന് വേറിട്ടുനിന്നു.

ക്വിറ്റിന്ത്യാപ്രസ്ഥാനവും ഗാന്ധിജിയും

ക്വിറ്റിന്ത്യാപ്രസ്ഥാനം ആരംഭിക്കുന്നതിന്  മുൻകൈയെടുത്തത്  ഗാന്ധിജിയായിരുന്നല്ലോ. ഒരുവേള  ഇക്കാര്യത്തിൽ അദ്ദേഹത്തിന് വലിയ വാശിതന്നെയുണ്ടായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകൻ ലൂയി ഫിഷറിന് നൽകിയ അഭിമുഖം ഇതിലേക്ക് വിരൽചൂണ്ടുന്നു:   ‘‘പ്രക്ഷോഭത്തിന്റെ കാര്യത്തിൽ ഞാൻ അക്ഷമനാണ്. ഇത് കോൺഗ്രസുകാരെ ബോധ്യപ്പെടുത്താൻ എനിക്ക്  കഴിഞ്ഞില്ലെങ്കിൽ, ഞാൻ ജനങ്ങളോട് നേരിട്ട് കാര്യങ്ങൾ വിശദീകരിക്കും.’’ എന്നാൽ, കോൺഗ്രസ്  അദ്ദേഹത്തിന്റെ നിർദേശത്തെ സ്വാഗതംചെയ്യുകയാണുണ്ടായത്.  സി. രാജഗോപാലാചാരിമാത്രമാണ് തീരുമാനത്തെ എതിർത്തതും പാർട്ടിവിട്ടുപോയതും.രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതുമുതൽ ഇത്തരമൊരു പ്രക്ഷോഭത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗാന്ധിജിക്ക് ബോധ്യമുണ്ടായിരുന്നു എന്നതാണ് വാസ്തവം. ബ്രിട്ടീഷ് ഭരണകൂടം  ഇന്ത്യയെ ഏകപക്ഷീയമായി യുദ്ധത്തിൽ പങ്കാളിയാക്കിയതായിരുന്നില്ല ഇതിന്റെ മൂലകാരണം. അത് ഗാന്ധിജിയെ ചൊടിപ്പിച്ചിരുന്നെങ്കിലും മറ്റുചില ഘടകങ്ങളാണ് ഇത്തരമൊരു തീരുമാനത്തിൽ അദ്ദേഹത്തെ പ്രധാനമായും കൊണ്ടെത്തിച്ചത്.

യുദ്ധത്തിന്റെ ആദ്യനാളുകളിൽ സഖ്യശക്തികൾക്കേറ്റ തിരിച്ചടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആയുസ്സിനെക്കുറിച്ച്  ജനങ്ങളിൽ സംശയമുളവാക്കിയ കാര്യം ഓർക്കുക. ഇതോടെ രാജ്യത്തിന്റെ പല ഭാഗത്തും ബാങ്ക്-പോേസ്റ്റാഫീസ്  നിക്ഷേപങ്ങൾ പിൻവലിക്കാൻ ജനങ്ങൾ വലിയതോതിൽ ഒത്തുകൂടുകയുണ്ടായി.  ഇതോടൊപ്പം, വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ക്ഷാമവും സർക്കാർവിരുദ്ധവികാരം ജനങ്ങളിൽ ആളിക്കത്തിച്ചു.ഇതെല്ലാംചേർന്ന് ഒരു വലിയ ജനകീയ മുന്നേറ്റത്തിന് സമയമായെന്ന നിഗമനത്തിൽ ഗാന്ധിജി എത്തിച്ചേർന്നപ്പോഴാണ് ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ എത്തുന്നതും അത് പരാജയപ്പെടുന്നതും. മിഷന്റെ ശുപാർശകൾ ഒന്നുംതന്നെ കോൺഗ്രസിനെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. പ്രത്യേകിച്ച്, ഇന്ത്യാവിഭജനത്തെക്കുറിച്ചുള്ളത്. ഇതോടെ  ഗാന്ധിജിയുടെ നിലപാട് അംഗീകരിക്കാൻ കോൺഗ്രസിനും ബുദ്ധിമുട്ടുണ്ടായില്ല.

പൂർണസ്വാതന്ത്ര്യം

1942 ഓഗസ്റ്റ് എട്ടിന് ബോംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽനടന്ന പൊതുയോഗത്തിലാണ് പൂർണസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള  പ്രഖ്യാപനം ഗാന്ധിജി നടത്തുന്നത്. ‘‘പൂർണസ്വാതന്ത്ര്യത്തിൽ കുറഞ്ഞതൊന്നും എന്നെ തൃപ്തിപ്പെടുത്തില്ല. നിങ്ങൾക്ക് ഞാനൊരു മന്ത്രംതരാം: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’’ -അദ്ദേഹം പറഞ്ഞു.എന്നാൽ, ‘ക്വിറ്റിന്ത്യ’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് അദ്ദേഹമായിരുന്നില്ല. അത് ബോംബെ മേയറും  ട്രെയ്ഡ് യൂണിയൻ നേതാവുമായിരുന്ന യൂസഫ് മെഹ്‌റലിയായിരുന്നു. 1928-ലെ ‘സൈമൺ ഗോ ബാക്ക്’ എന്ന മുദ്രാവാക്യത്തിന്റെ അതേ ഉപജ്ഞാതാവ്.
പ്രക്ഷോഭം ആരംഭിക്കുന്നത് ഓഗസ്റ്റ് ഒൻപതിനാണ്. കോൺഗ്രസിന്റെ പ്രധാന നേതാക്കളെയെല്ലാം ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റുചെയ്തതിനാൽ, സമരത്തിന്റെ മുന്നോടിയായി പതാകയുയർത്തിയത് അരുണ അസിഫലിയായിരുന്നു. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറ്റവുമധികം നീണ്ടുനിന്നതും അടിച്ചമർത്തപ്പെട്ടതുമായ സമരവും മറ്റൊന്നല്ല. കസ്തൂർബയും മഹാദേവ് ദേശായിയും  ജയിലിൽവെച്ച്  അന്തരിച്ചതും ഈ സമരത്തിനിടയിലാണ്.   

ജനകീയസമരം

ബഹുജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു ക്വിറ്റിന്ത്യാ സമരം. സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യംതന്നെ എടുത്താൽ, ഏഷ്യയിലും ആഫ്രിക്കയിലുംനടന്ന മറ്റേതൊരു കൊളോണിയൽവിരുദ്ധ പോരാട്ടത്തെക്കാൾ  സമ്പന്നമായിരുന്നു അത്. നഗരങ്ങളിൽ തുടങ്ങി ക്രമേണ ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.   നേതാക്കളെ ജയിലിലടച്ചതോടെ സാധാരണ ജനങ്ങൾ അത് സ്വന്തം നെഞ്ചിലേറ്റി മുന്നോട്ടുകൊണ്ടുപോയി.ആയിരക്കണക്കിന് സമരക്കാരെ പൊതുസ്ഥലങ്ങളിൽ ചാട്ടവാറടിക്ക് വിധേയരാക്കി, ലക്ഷക്കണക്കിനാളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു, പതിനായിരങ്ങൾക്ക് പോലീസ് വെടിവെപ്പിലും ലാത്തിച്ചാർജിലും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തു. ഗാന്ധിജി ഉൾപ്പെടെയുള്ള  നേതാക്കളെ ഇന്ത്യക്കുവെളിയിലേക്ക് കൊണ്ടുപോകാൻ സർക്കാർ പദ്ധതിയിട്ടിരുന്നതായും അക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. രാംമനോഹർ ലോഹ്യ അന്നത്തെ  വൈസ്രോയി ലോർഡ് ലിൻലിത്ത്ഗൗന് അയച്ച കത്തിലെ കണക്ക് വിശ്വസിക്കാമെങ്കിൽ, കൊല്ലപ്പെട്ടവരുടെ സംഖ്യ അമ്പതിനായിരത്തോളവും സമരത്തിൽ പങ്കെടുത്തവരുടെ സംഖ്യ ആകെ ജനസംഖ്യയുടെ 20 ശതമാനവുംവരും!

ക്വിറ്റിന്ത്യാസമരത്തിന് അതുന്നയിച്ച  അടിസ്ഥാനാവശ്യം നേടിയെടുക്കാനായില്ലെന്നത് വാസ്തവമാണ്. എന്നാൽ, പൂർണസ്വാതന്ത്ര്യമെന്ന ആശയത്തെ ദേശീയപ്രസ്ഥാനത്തിന്റെ ആത്യന്തികലക്ഷ്യമായി അവരോധിക്കുന്നതിലും അധികനാൾ ഇന്ത്യയെ അടക്കിഭരിക്കാൻ തങ്ങൾക്കാവില്ലെന്ന ബോധം ബ്രിട്ടീഷുകാരിൽ ഉളവാക്കുന്നതിലും അത് വിജയിച്ചു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ബ്രിട്ടീഷ് ഭരണത്തെ അത് ഡീലെജിറ്റിമൈസ് (delegitimise) ചെയ്തു. സമരം അവസാനിച്ച് മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്രമായത് ഇതിന്റെ ഫലമായാണ് . മറ്റൊരു വസ്തുതയും അവശേഷിക്കുന്നു. 
ക്വിറ്റിന്ത്യാപ്രസ്ഥാനത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യം മാത്രമായിരുന്നില്ല, ജനാധിപത്യംകൂടിയായിരുന്നു. കാരണം, സ്വാതന്ത്ര്യം പഴയ ഭരണക്രമത്തിന്റെ പിഴുതെറിയൽ മാത്രമല്ലല്ലോ; പുതിയൊരു ക്രമത്തിന്റെ  സ്ഥാപനംകൂടിയാണല്ലോ. ഇത് ജനാധിപത്യമല്ലെങ്കിൽ മറ്റെന്താണ്? ഇത് എത്രത്തോളം കൈവരിക്കാൻ  നമുക്കായി എന്നതാണ് ചരിത്രത്തെ തിരുത്താൻ  ശ്രമിക്കുന്നവരുൾപ്പെടെയുള്ള ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയസമൂഹവും ഉന്നയിക്കേണ്ട ചോദ്യം.

Content Highlights: on that day against colonialism, india freedom fight