ഡോ. മാനസയെ വെടിവെച്ചു കൊല്ലുംമുമ്പ് രഖിൽ, എൻ.എസ്. മാധവന്റെ ‘ചൂത്’ എന്ന കഥ വായിച്ചിട്ടുണ്ടോ എന്നറിയില്ല. അതിനി അറിയാനും വഴിയില്ല. ഡോ. മാനസയും ആ കഥ വായിച്ചിട്ടുണ്ടാവില്ല. ഉണ്ടെങ്കിലും അതിലെ ഇര താനാവുമെന്ന് ആ പെൺകുട്ടി ഒരിക്കലും കരുതിയിരിക്കില്ല. വിറയലുണ്ടാക്കുന്ന വായനാനുഭവമെന്ന നിലയിൽ വർഷങ്ങൾക്കു മുമ്പേ ശ്രദ്ധിക്കപ്പെട്ട ആ കഥ, ഡോ. മാനസ കൊലക്കേസുമായി അതിനുള്ള യാദൃച്ഛിക സാമ്യങ്ങൾകൊണ്ട് പൊടുന്നനെ സാഹിത്യലോകത്തു ചർച്ചയാവുകയാണ്. 

മലയാളത്തിന്റെ പ്രിയ കഥാകാരൻ വർഷങ്ങൾക്കുമുമ്പ് ഒരോണക്കാലത്ത് എഴുതിയതാണ് ‘ചൂത്’ എന്ന കഥ. ‘നിലവിളി’ എന്ന സമാഹാരത്തിലാണ് ഇതുള്ളത്. ഭാര്യയുടെ നിരാസത്തിനു പകരംവീട്ടാൻ ബിഹാറിൽ പോയി തോക്കുവാങ്ങി വരുന്ന യുവാവാണ് കഥയിലെ നായകൻ, ഹരിനാരായണൻ. അമ്പരപ്പിക്കുംവിധം സമാനമായ രീതിയിൽ, ഡോ. മാനസയാൽ പ്രണയം നിരസിക്കപ്പെട്ട രഖിൽ ചെയ്തതും അതാണ്. കഥയിൽ തോക്കുതേടിയുള്ള ഹരിനാരായണന്റെ യാത്ര അടിമുടി നാടകീയവും സാഹസികവും സംഘർഷഭരിതവുമാണ്. രഖിലിന്റെ സഞ്ചാരത്തോടു സാമ്യമുള്ളതാണോ അതെന്നുറപ്പില്ല. അതുപറയാൻ രഖിൽ അവശേഷിക്കുന്നില്ല. എന്നാൽ, തോക്കിന്റെ ഉറവിടം തേടിപ്പോയ പോലീസ് പറയുന്ന പല അനുഭവങ്ങൾക്കും അതിനോടു സാമ്യമുണ്ട്. അവിടത്തെ അധോലോകവും നേരിടേണ്ടി വന്ന ചെറുത്തുനിൽപ്പുമൊക്കെ. 

തോക്കുവാങ്ങി തിരിച്ചെത്തിയ കഥയിലെ നായകനും രഖിലും ചെയ്യുന്ന കാര്യങ്ങൾക്കുമുണ്ട് സാമ്യം. ജനൽപ്പാളിയിൽ തോക്കുമുന വെച്ച് റോഡിലൂടെ പോകുന്നവരെ പരിശീലനാർഥം കഥാനായകൻ ഉന്നം വെക്കുന്നതും ജനൽതിരശ്ശീലയ്ക്കു തുളയിട്ട് ഡോ. മാനസയെ രഖിൽ നിരീക്ഷിക്കുന്നതും തമ്മിലുള്ള സാദൃശ്യം കഥയുടെ പുനർവായനയിൽ നമ്മെ ഞെട്ടിക്കും. ഉന്നം പരീക്ഷിക്കുന്നതിനായി അജ്ഞാതനായ ഒരു വഴിയാത്രക്കാരനെ ഹരിനാരായണൻ ആദ്യം വെടിവെച്ചുകൊല്ലുന്നു. തുടർന്ന് ഭാര്യയെ വിളിച്ച് അങ്ങോട്ടുവരുന്നുണ്ട് എന്നറിയിക്കുന്നു. എന്നാൽ, അതിനുമുമ്പേ പിടിക്കപ്പെടും എന്നായപ്പോൾ അയാൾ സ്വയം നിറയൊഴിച്ച് മരിക്കുന്നു. രഖിലാകട്ടെ, മാനസയെ തേടിയെത്തി കൊലപ്പെടുത്തിയ ശേഷം അവിടെവെച്ചുതന്നെ സ്വയം വെടിവെച്ചു മരിക്കുന്നു. തലയുടെ പിൻഭാഗം തകർന്നാണ് ഇരുവരുടെയും മരണം.  

ദീർഘകാലം ബിഹാറിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന മാധവൻ, കള്ളത്തോക്കു തേടിയുള്ള നായകന്റെ അപകടം പിടിച്ച ബിഹാർ യാത്ര വളരെ വിശദമായാണ് കഥയിൽ ചിത്രീകരിച്ചിരിക്കുന്നത്. 

തോക്കുകച്ചവടമൊന്നും ബിഹാറിൽ വലിയ സംഭവമല്ലെന്ന് മാധവൻ പറയുന്നു. അവിടത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായും ചീഫ് ഇലക്ടറൽ ഓഫീസറായുമൊക്കെ പ്രവർത്തിച്ചശേഷമാണ് അദ്ദേഹം വിരമിച്ചത്. ബിഹാറിൽ, പ്രത്യേകിച്ച് നേപ്പാൾ അതിർത്തിയിലുള്ള ചില ജില്ലകളിൽ, കള്ളത്തോക്കു കച്ചവടം വ്യാപകമായിരുന്നു. എന്നാൽ, കള്ളത്തോക്കുനിർമാണത്തിനു കുപ്രസിദ്ധി ആർജിച്ചിട്ടുള്ളത്‌ മധ്യബിഹാറിലെ മോംഗീർ  ജില്ലയാണ്. (അവിടന്നാണ് രഖിൽ തോക്ക് വാങ്ങിയത്). തോക്കുണ്ടാക്കുന്നതിൽ വിദഗ്ധരായ, ഒരു പ്രത്യേകസമുദായത്തിൽ​െപ്പട്ട കുറെ ഗ്രാമീണരും അവരുടെ ആലകളും അവിടെയുണ്ട്. അവർ പ്രകൃത്യാ ക്രിമിനലുകളല്ല. ഇടനിലക്കാരായിനിന്ന് അവരെക്കൊണ്ടു തോക്കുണ്ടാക്കിച്ചു വിൽക്കുന്നവരാണ് വലിയ കുറ്റവാളികൾ. അവരുടേതൊരു ഭീകരവലയമാണ്. മറികടക്കുക എളുപ്പമല്ല. അതിനാൽത്തന്നെ കേരളാ പോലീസ് ഏറ്റെടുത്തുവിജയിപ്പിച്ചത് ചെറിയ ദൗത്യമല്ലെന്ന് ബിഹാറിനെ കൈവെള്ളയിലെന്നപോലെ അറിയുന്ന കഥാകാരൻ സാക്ഷ്യപ്പെടുത്തുന്നു. ബിഹാർ വിട്ടിട്ട്‌ വർഷങ്ങളായതിനാൽ ഇപ്പോഴത്തെ അവിടത്തെ അവസ്ഥയെക്കുറിച്ച് മാധവന് ഏറെയൊന്നും അറിയില്ല. വിലക്കുറവും ഗുണമേന്മയുമുള്ള ചൈനീസ് തോക്കുകൾ നേപ്പാൾ അതിർത്തിയിലൂടെ ധാരാളമായി കടത്തുന്നുണ്ടെന്നാണ് കേട്ടത്. അതോടെ ഇതുണ്ടാക്കി ജീവിച്ചിരുന്ന ഗ്രാമീണരായ കൊല്ലന്മാർ തൊഴിൽരഹിതരാവുകയും ഇടനിലക്കാർ കൂടുതൽ കരുത്താർജിക്കുകയും ചെയ്തു. 

ഏതായാലും വർഷങ്ങൾക്കുശേഷം തന്റെ കഥയ്ക്കുണ്ടായ യാദൃച്ഛികപരിണതിയിൽ ഖിന്നനാണ് എഴുത്തുകാരൻ. അതു തീർത്തും വേദനാജനകമായിപ്പോയെന്ന് മാധവൻ കരുതുന്നു. കഥാകാരന്മാരുടെ വിചിത്ര ഭാവനകൾ യാഥാർഥ്യമാവുന്നത് പുതിയ കാര്യമല്ല. ഈയിടെ, കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ച സമയത്ത്, ഓക്സിജൻ സിലിൻഡറുകൾക്കുവേണ്ടി അലയുന്ന ഒരു കുടുംബനാഥന്റെ കഥ ചർച്ചയായിരുന്നു. അംബികാസുതൻ മാങ്ങാട് അഞ്ചുവർഷംമുമ്പ് മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ പ്രാണവായു എന്ന കഥയാണ് അതിലെ അമ്പരപ്പിക്കുന്ന പ്രവചനാത്മകതകൊണ്ട് ചർച്ചയായത്. 

ചില കഥകൾ അങ്ങനെയാണ്. ദുഃസ്വപ്നം പോലെയാണ് അതു മുളപൊട്ടുക. പിന്നീട് സത്യമാവാൻ വിധിക്കപ്പെട്ട ദുഃസ്വപ്നങ്ങൾ. ഒരു കഥാകൃത്തും ആഗ്രഹിക്കാത്തവിധം വർഷങ്ങൾക്കപ്പുറം അത്‌ യാഥാർഥ്യമാവുമ്പോൾ വായനക്കാരനെപ്പോലെ എഴുത്തുകാരനും അമ്പരപ്പാർന്ന ഒരു വേദനയിൽ ആണ്ടുപോകുന്നു