നാട്ടിൽനിന്ന്‌ പുറപ്പെടുമ്പോൾ തോളിലേറ്റിയ പ്രാരബ്ധങ്ങളുടെ കനമേറിയ ഭാണ്ഡക്കെട്ട് എല്ലാ പ്രവാസികളുടെയും കൂടെയുണ്ടാവും. ഒന്നുകഴിയുമ്പോൾ മറ്റൊന്ന് എന്ന മട്ടിൽ ഈ പ്രാരബ്ധങ്ങൾക്ക് അവസാനവുമില്ല. ചിലരൊക്കെ ഭദ്രമായി ജീവിതം കരുപ്പിടിപ്പിക്കുന്നു. എന്നാൽ, ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി അതല്ല. ജീവിതസാഹചര്യങ്ങളും  സമ്മർദങ്ങളും അവനെ പലതരത്തിലുള്ള രോഗങ്ങളിലേക്ക്‌ കൊണ്ടുപോകുന്നു. രക്തസമ്മർദവും പ്രമേഹവും കൊളസ്‌ട്രോളുമൊന്നുമില്ലാത്ത നാൽപ്പതുകഴിഞ്ഞ പ്രവാസികൾ ചുരുക്കമായിരിക്കും.  നാട്ടിൽനിന്ന് കൊണ്ടുവരുന്ന മരുന്നാണ് ഇവരെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നത്. ഗൾഫ് നാടുകളിലെ ചികിത്സച്ചെലവോർത്താണിത്. മൂന്നുമാസംകൂടുമ്പോൾ നാട്ടിൽനിന്ന് മരുന്ന് കൊടുത്തയക്കുന്നതാണ് ശരാശരി പ്രവാസിയുടെ ശീലം. ആ ചങ്ങലയാണ് ഇപ്പോൾ പലയിടത്തായി മുറിഞ്ഞത്. മരുന്നുകൾ കൊറിയർവഴി അയക്കാൻ സംവിധാനമില്ല. ഓരോ ഗൾഫ് നാട്ടിലും മരുന്നുകൊണ്ടുവരാൻ അവരുടേതായ നിയമവ്യവസ്ഥകളുണ്ട്. കാർഗോ വിമാനത്തിൽ കൊണ്ടുവരാനും ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സാങ്കേതികക്കുരുക്കുകളെല്ലാം അഴിച്ചുകഴിയുമ്പോൾ ചെലവ് മരുന്നിന്റെ വിലയെക്കാൾ അധികമായേക്കാം. വിമാനസർവീസ് നിലച്ചതോടെ  പ്രവാസി മലയാളി നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നാണിത്.

ഇതിനെക്കാൾ വലിയ പ്രയാസം അനുഭവിക്കുന്ന ഗുരുതരമായ രോഗികളുമുണ്ട്. കരളിന് അർബുദം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന ഷാർജയിലെ ഒരു സ്ത്രീ അവരിൽ ഒരാളാണ്. തിരുവനന്തപുരം ആർ.സി.സി.
യിലെ ഡോക്ടറുടെ ചികിത്സയിലാണ് അവർ. ജീവിതകാലം മുഴുക്കെ അവർ നിത്യവും മരുന്നുകഴിക്കണം. ഇനി നാമമാത്രമായ മരുന്നുമാത്രമേയുള്ളൂ. ഇതേമരുന്നിന് യു.എ.ഇ.യിൽ 9000 ദിർഹ(1,80,000 രൂപയിലേറെ)ത്തിലേറെയാണ് വില. അവർക്ക് താങ്ങാവുന്നതിലും ഏറെയാണത്. നാട്ടിൽ ബന്ധുക്കൾ അവർക്കുള്ള മരുന്നുവാങ്ങി കാത്തിരിപ്പാണ്. കടൽകടന്ന് മരുന്നെത്തിക്കാനുള്ള വഴിതുറക്കുന്നതും കാത്ത്. മരുന്നെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവർത്തകർ തുടരുന്നു. ഒട്ടേറെപ്പേർ സമാനപ്രശ്നം നേരിടുന്നുണ്ട്. അവർക്കൊക്കെവേണ്ടി റൂട്ട്സ് അവരുൾപ്പെടെയുള്ള സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ട്.
നിത്യവും രണ്ടും മൂന്നും ചരക്കുവിമാനങ്ങൾ ഇന്ത്യയിൽനിന്ന് യു.എ.ഇ.യിൽ എത്തുന്നുണ്ട്. അവിടെയും മരുന്നിന്റെ കാര്യത്തിൽ കസ്റ്റംസ് നിയമങ്ങൾ കർശനം. കൊണ്ടുവരുന്ന രാജ്യത്തെ നിയമങ്ങളും അതുപോലെത്തന്നെ. അതിനുസമാനമായ മരുന്നുകൾ കിട്ടിയേക്കാം. പക്ഷേ, പതിവായി കഴിക്കുന്ന മരുന്നുകൾ മാറിയാൽ പ്രശ്നമുണ്ടാവുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നു.

മറന്നുപോകരുത്, മരിച്ചുപോയവരെ
ജനിച്ച മണ്ണിലെ അന്ത്യനിദ്ര എല്ലാവർക്കും ഒരു ആശ്വാസമാണ്. ബന്ധുക്കൾക്ക് അവസാനമായൊന്ന് കാണാൻ, അന്തിമോപചാരമർപ്പിക്കാൻ മരണപ്പെട്ടവരുടെ ദേഹം അവർ ജനിച്ചമണ്ണിലെത്തിക്കാൻ സാമൂഹികപ്രവർത്തകർ നടത്തിയ കഠിനശ്രമങ്ങൾക്കൊടുവിലാണ് ഇതിനായി ചരക്കുവിമാനങ്ങൾ ഉപയോഗിക്കാനുള്ള വഴിതുറന്നത്. ഇതുവരെ യാത്രാവിമാനങ്ങളിലായിരുന്നു മൃതദേഹങ്ങൾ അയച്ചിരുന്നത്.   കേരളത്തിൽനിന്ന് ഭക്ഷ്യോത്പന്നങ്ങളുമായി ഗൾഫിലെത്തിയ ചരക്കുവിമാനങ്ങളിൽ കോവിഡ് കാലത്ത് വ്യാഴാഴ്ചവരെ 22 മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. നടപടിക്രമങ്ങൾ കുറച്ച് സങ്കീർണമാണെങ്കിലും ഏതാനും പ്രവാസിവ്യവസായികളുടെകൂടി സഹകരണത്തിലാണ് ആ വിമാനങ്ങൾ തരപ്പെട്ടത്. നടപടിക്രമങ്ങളും വിമാനത്തിന്റെ ലഭ്യതയും നോക്കാതെ ഇതിനകം 25 പേർ, നാട്ടിലെ ഉറ്റവർക്ക് ഒരുനോക്ക് കാണാൻപോലുമാകാതെ  ഈ മണ്ണിനോടുചേർന്നു. ഓരോ ഗൾഫ് നാട്ടിലുമുണ്ട് ഇത്തരം കണ്ണീർ തോരാത്ത കഥകൾ.

മൃതദേഹം മറവുചെയ്യുന്നതിനും ദഹിപ്പിക്കുന്നതിനും ഓരോ നാട്ടിലും പ്രത്യേക നിയമങ്ങളാണ്.  യു.എ.ഇ.യെ സംബന്ധിച്ചിടത്തോളം ഇവിടെ താമസവിസയുള്ളവർക്കുമാത്രമേ മൃതദേഹം അവിടെ മറവുചെയ്യാൻ അനുമതിയുള്ളൂ. സന്ദർശകവിസക്കാരുടെ മൃതദേഹം മറവുചെയ്യാൻ അനുമതിയില്ല. നേരത്തേ ഷാർജ ഇക്കാര്യത്തിൽ  ഇളവുവരുത്തിയെങ്കിലും ഇപ്പോഴത് പിൻവലിച്ചു. ഒരുദിവസം ഒരു ശ്മശാനത്തിൽ ഒരു മൃതദേഹംമാത്രമേ ദഹിപ്പിക്കാൻ അനുമതിയുള്ളൂവെന്നത് മറ്റൊരു കടമ്പ. കേരളത്തിൽ നെടുമ്പാശ്ശേരി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള അനുമതി. കോവിഡ് കാലത്ത് മൃതദേഹങ്ങൾ സ്വീകരിക്കുന്നതിൽ കേരളത്തിലെ ഉദ്യോഗസ്ഥരും ആദ്യം വൈമനസ്യം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും ജനപ്രതിനിധികളുമെല്ലാം ഇടപെട്ടാണ് ആ പ്രശ്നം പരിഹരിച്ചത്. എന്നാൽ, ഡൽഹി ഉൾപ്പെടെ പല ഉത്തരേന്ത്യൻ വിമാനത്താവളങ്ങളും ചരക്കുവിമാനത്തിലെത്തുന്ന  മൃതദേഹം സ്വീകരിക്കുന്നില്ല. അനുമതികാത്ത് ആറ് ഉത്തരേന്ത്യക്കാരുടെ മൃതദേഹം മോർച്ചറിയിൽ കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. കേരളത്തിലേക്കുള്ള യാത്രകാത്ത് നാലുമലയാളികളുടെ മൃതദേഹങ്ങളും മോർച്ചറിയിലുണ്ട്. മൃതദേഹം കൊണ്ടുപോകാൻ ദുബായിലെ  ഇന്ത്യൻ കോൺസുലേറ്റിന്റെ ഔട്ട്പാസ് നിർബന്ധമാണ്. നേരത്തേ നേരിട്ടുകൊടുത്തിരുന്ന ഈ അനുമതിപത്രം നൽകാൻപോലും ആരും അവിടെയില്ല. സേവനമെല്ലാം ഓൺലൈനിലാണ്. രേഖകളെല്ലാം സമർപ്പിച്ച് പൊതുപ്രവർത്തകർ ഓൺലൈനായിവരുന്ന അനുമതിപത്രത്തിനായി കാത്തിരിക്കുന്നു.

സന്ദർശകവിസയിലെത്തി പെട്ടുപോയവർ
എൺപതുവയസ്സുപിന്നിട്ടവർവരെ സന്ദർശകവിസയിലെത്തി ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. പലരും മക്കൾക്കൊപ്പമാണ് താമസം; അപൂർവം ചിലർ ഹോട്ടലുകളിലും. മരുന്നിനായുള്ള പ്രയാസങ്ങൾ എല്ലാവരെയും കുഴക്കുന്നു. അത്തരക്കാരെയെങ്കിലും നാട്ടിലെത്തിക്കാൻ ആകാശം തുറക്കുമോ എന്ന കാത്തിരിപ്പിലാണ് പ്രവാസികൾ. കുവൈത്തും ബഹ്‌റൈനും നിയമലംഘകർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ സ്വന്തം നാട്ടിലേക്ക് പോകാൻ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. യാത്രാച്ചെലവ്  വഹിക്കാമെന്നും കുവൈത്ത് ഏറ്റിട്ടുണ്ട്. ഫിലിപ്പൈൻസും ഈജിപ്തുമെല്ലാം അവരുടെ പൗരന്മാരെ കൊണ്ടുപോയിത്തുടങ്ങി. ഇന്ത്യയിലേക്കുപക്ഷേ, വിമാനമില്ല. എന്നുവരും? കാത്തിരിപ്പ് തുടരുന്നു..
 (തുടരും)

ചരക്കുവിമാനങ്ങളിൽ മരുന്നയക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള ശ്രമം സർക്കാർ തുടരുന്നു. കൊറിയർവഴി കൊണ്ടുപോകാനാവുമോ എന്നും അന്വേഷിക്കുന്നു. ഓരോ രാജ്യത്തെയും നിയമങ്ങൾക്ക് അനുസരിച്ചേ ഇതിന് അനുമതി കിട്ടൂ. വിഷയം സങ്കീർണമാണ്
-ഹരികൃഷ്ണൻ നമ്പൂതിരി
സി.ഇ.ഒ., നോർക്ക റൂട്‌സ്

പൊതുമാപ്പ് പ്രഖ്യാപിച്ച കുവൈത്തിലെ ഇന്ത്യക്കാരെയും ജോലിയും വേതനവുമില്ലാതെ മറ്റു ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്നവരെയും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം
-സഫീർ പി. ഹാരിസ്
പ്രസിഡന്റ്, ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ്‌ കമ്മിറ്റി

Content Highlights: NRI issue on covid 19