state terror'മതഗ്രന്ഥങ്ങളെപ്പോലെയല്ല ഭരണഘടന. അത്‌, അതിൽ വിശ്വാസിക്കാത്തവർക്കുകൂടി വേണ്ടിയുള്ളതാണ്‌'--കെ.ജി. കണ്ണബിരാൻ

പാലക്കാട്ട്‌ വനാന്തരങ്ങളിൽ മാവോവാദികളെ തണ്ടർബോൾട്ടുകാർ വെടിവെച്ചിട്ടപ്പോൾ ഒരു സമൂഹമെന്ന നിലയിൽ നാം നൂറ്റാണ്ടുകൾക്ക്‌ പിറകിലേക്ക്‌ പോയി. മുമ്പ്‌ നിലമ്പൂരിൽ മാവോവാദികളെ വെടിവെച്ചുകൊന്നപ്പോൾ, അതിന്‌ ഏറ്റുമുട്ടലിന്റെ വ്യാജപരിവേഷം നൽകിയപ്പോൾ മൗനത്തിലാണ്ട ഒരു ജനത ഭരണകൂടഹിംസയുടെ തനിയാവർത്തനങ്ങളെ ക്ഷണിച്ചുവരുത്തുകയായിരുന്നു.

തികച്ചും തെറ്റും അപ്രായോഗികവും ദിശതെറ്റിയതുമായ ഒരു പ്രത്യയശാസ്ത്ര പ്രയോഗമാണ്‌ ഇന്ത്യയിൽ മാവോവാദികൾ നടത്തുന്നത്‌ എന്നതിൽ സംശയമില്ല. എന്നാൽ, അതിന്റെ പേരിൽ രാജ്യത്തെ നിയമസംവിധാനങ്ങളെയും തത്ത്വങ്ങളെയും അട്ടിമറിച്ചുകൊണ്ട്‌, പോലീസിന്‌ ആരെയും എപ്പോഴും വെടിവെച്ചുകൊല്ലാം എന്ന അവസ്ഥയുണ്ടാകരുത്‌. ഏതുവിധത്തിലുള്ള ബലപ്രയോഗവും ഒടുവിലത്തെ ആയുധമെന്നനിലയിൽമാത്രമേ ഉണ്ടാകാൻപാടുള്ളൂ. മാവോവാദികളുടെ ഭാഗത്തുനിന്ന്‌ ആക്രമണവും വെടിവെപ്പുമുണ്ടായി എന്നുകാണിക്കാൻ പോലീസ്‌ പുറത്തുവിട്ട ദൃശ്യങ്ങൾ ഏതായാലും അത്തരമൊരു സൂചനപോലും നൽകുന്നേയില്ല. പ്രഥമദൃഷ്ട്യാ, തണ്ടർബോൾട്ട്‌ സംവിധാനത്തിലെ ബന്ധപ്പെട്ടവർ നടത്തിയ കൊലപാതകം എന്നനിലയിലാണ്‌ പാലക്കാട്‌ സംഭവം വീക്ഷിക്കപ്പെടുന്നത്‌. തികച്ചും അനാവശ്യമായ, അനവസരത്തിലുള്ള, ഏകപക്ഷീയമായ വെടിവെപ്പ്‌ എന്നനിലയിലുള്ള ചിത്രമാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്നത്‌. ഇക്കാര്യത്തിൽ നിയമപ്രകാരമുള്ള തുടർനടപടികൾ വേണം.

വഴിതെറ്റിയവരും ദുർബലരും ഏതോ വിഭ്രമാത്മകലോകത്ത്‌ ജീവിക്കുന്നവരുമായ മാവോവാദികളെ ശരിയായി രാഷ്ട്രീയവിദ്യാഭ്യാസം ചെയ്യിക്കുകയും ഭരണഘടനാ ജനാധിപത്യത്തിലേക്ക്‌ നയിക്കുകയും ചെയ്യുക എന്നത്‌ വലിയ വെല്ലുവിളിയാണ്‌. പക്ഷേ, ആ വെല്ലുവിളി ഏറ്റെടുക്കാൻ കേരളത്തിനുമാത്രമേ കഴിയൂ. അങ്ങനെ, മറ്റൊരു രാഷ്ട്രീയവും ഭരണക്രമവും ജീവിതാവസ്ഥയും സാധ്യമാണെന്ന്‌ കേന്ദ്രത്തോട്‌ വിളിച്ചുപറയാനും നമുക്കുമാത്രമേ കഴിയൂ. എന്നാൽ, ഇക്കാര്യത്തിലെ ഭരണകൂടസമീപനം നിരാശാജനകമാണ്‌. സി.പി. ഐ.യും എം.എ. ബേബിയെപ്പോലുള്ളവരും ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുമാത്രമാണ്‌ ജനാധിപത്യ സംസ്കാരത്തിന്റെ കേരളമാതൃക ഇന്നും നിലനിൽക്കുന്നതായി ഓർമിപ്പിച്ചത്‌.

കരിനിയമംതന്നെ

എല്ലാ അർഥത്തിലും യു.എ.പി.എ. ഒരു കരിനിയമമാണ്‌. ഭരണകൂടത്തിന്‌ എതിരാളികളെ ഉന്മൂലനംചെയ്യാൻ പാകത്തിൽ രൂപകല്പനചെയ്യപ്പെട്ടതാണ്‌ ഇതിലെ പല വ്യവസ്ഥകളും. നിയമത്തിലെ മൂന്നാംവകുപ്പനുസരിച്ച്‌ ഏതൊരു സംഘടനയെയും ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ അധികാരികൾക്ക്‌ കഴിയും. വ്യക്തികളിലേക്കുകൂടി ഈ അമിതാധികാരം ഇപ്പോൾ വ്യാപിപ്പിക്കപ്പെട്ടിരിക്കുന്നു. ആ നിലയിലുള്ള നിയമഭേദഗതി ഉണ്ടായിരിക്കുന്നു.

നിയമത്തിലെ 10-ാം വകുപ്പാകട്ടെ, കുറ്റകൃത്യത്തെയും ശിക്ഷാവിധികളെയുംകുറിച്ച്‌ പറയുന്നു. വധശിക്ഷവരെ നൽകാവുന്ന കുറ്റകൃത്യങ്ങളാണ്‌ നിയമത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ളത്‌. ആയുധങ്ങളും  സ്ഫോടനവസ്തുക്കളും മറ്റും കൈവശംവെക്കുന്നതിനെ കുറ്റകരമാക്കുന്ന 10(ബി) വകുപ്പിന്റെ പരിധിയിൽ ലഘുലേഖകളെയും പുസ്തകങ്ങളെയുംകൂടി ഉൾപ്പെടുത്തുന്ന പോലീസ്‌ ഭാവന അതിഭീകരമാണ്‌. സാഹിത്യരചനകളും പ്രത്യയശാസ്ത്ര പഠനങ്ങളും ലഘുലേഖകളും മറ്റും കൈവശംവെക്കുന്നത്‌ യു.എ.പി.എ. പ്രകാരം അറസ്റ്റുചെയ്യാവുന്ന കുറ്റകൃത്യമാണെന്നുവന്നാൽ അതിനർഥം, നാം ഭരണകൂടഭീകരതയ്ക്ക്‌ കീഴെയാണെന്നതുതന്നെ. മാവോവാദി ഭീകരതയല്ല, ഭരണകൂടഭീകരതയാണ്‌ ഇവിടത്തെ യഥാർഥഭീഷണി എന്നർഥം.

കേസിൽ പ്രതികളാക്കപ്പെട്ട ചെറുപ്പക്കാർ, തങ്ങൾ ലഘുലേഖകൾ കൈവശംവെച്ചിട്ടില്ല, തങ്ങളിൽനിന്ന്‌ ഒന്നും പോലീസ്‌ പിടിച്ചെടുത്തിട്ടില്ല എന്ന നിലപാട്‌ സ്വീകരിച്ചതായിക്കണ്ടു. കേസിൽ അവർ യുക്തമായ രീതിയിൽ സ്വയം പ്രതിരോധിക്കട്ടെ. എന്നാൽ, പ്രത്യയശാസ്ത്രസംവാദങ്ങളുടെയും പഠനങ്ങളുടെയും വിമർശനങ്ങളുടെയും വലിയ പാരമ്പര്യമുള്ള സംസ്ഥാനമാണ്‌ കേരളം. മാവോവാദം മാത്രമല്ല മാർക്സിസവും ലെനിനിസവും ട്രോട്‌സ്കിസവും സ്റ്റാലിനിസവും തൊട്ട്‌ ഗ്രാംഷി, ലൂക്കാച്ച്‌, ആൾത്തുസർ വരെയുള്ള നവമാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്ര വിചാരങ്ങളും കേരളത്തിന്റെ ധൈഷണിക, രാഷ്ട്രീയമണ്ഡലങ്ങളെ പ്രോജ്ജ്വലമാക്കിയിരുന്നു. അത്തരം ഒരു സമൂഹം, ലഘുലേഖ കൈവശം വെച്ചതിന്റെ പേരിൽ യു. എ.പി.എ. വ്യവസ്ഥകൾ പ്രയോഗിക്കുന്ന ധാർഷ്ട്യത്തെത്തന്നെയാണ്‌ എതിരിടേണ്ടതും തോൽപ്പിക്കേണ്ടതും.

മറക്കുന്നുവോ ജനാധിപത്യതത്ത്വങ്ങൾ

ശ്യാം ബാലകൃഷ്ണന്റെ കേസിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌ പുറപ്പെടുവിച്ച വിധി യഥാർഥത്തിൽ സർക്കാരിനുള്ള ഒരു തുടർവിദ്യാഭ്യാസ പാഠമാകേണ്ടതായിരുന്നു. (റിട്ട്‌പെറ്റിഷൻ നമ്പർ 24902/2014 വിധി. തീയതി: 22.5.2015) മാവോവാദി എന്ന സംശയത്തിൽ, ശ്യാം ബാലകൃഷ്ണൻ എന്ന പ്രകൃതിജീവനത്തിന്റെയും ജൈവകൃഷിയുടെയും മറ്റും പ്രയോക്താവായ, ആദർശനിഷ്ഠനായ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച വിധിയായിരുന്നു, അത്‌. പിന്നീട്‌ സർക്കാർ അതിനെതിരേ അപ്പീൽ പോയി. എന്നാൽ, ചീഫ്‌ജസ്റ്റിസ്‌ ഋഷികേശ്‌റോയും ജസ്റ്റിസ്‌ ജയശങ്കർ നമ്പ്യാരും അടങ്ങുന്ന ഡിവിഷൻ െബഞ്ച്‌ സിംഗിൾെബഞ്ച്‌ വിധിയെ ശരിവെച്ചു.

മറ്റുപല ഹൈക്കോടതികൾക്കും കഴിയാത്തവിധത്തിൽ ജനാധിപത്യപരമായ ഇടപെടലാണ്‌ ഇക്കാര്യത്തിൽ കേരള ഹൈക്കോടതി നടത്തിയത്‌. ഇത്തരം ഹർജികളെ എതിർക്കാതിരിക്കുകയായിരുന്നു സർക്കാർ യഥാർഥത്തിൽ ചെയ്യേണ്ടിയിരുന്നത്‌. അങ്ങനെയെങ്കിൽ പൗരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടി ശബ്ദമുയർത്താൻ ഭരണകൂടത്തിലിരുന്നുകൊണ്ടുതന്നെ കഴിയും എന്ന ഉജ്ജ്വലമായ രാഷ്ട്രീയസന്ദേശം ലോകത്തിനുതന്നെ നൽകാൻ നമുക്ക്‌ കഴിയുമായിരുന്നു.

നിർഭാഗ്യകരമെന്നു പറയട്ടെ, ഡിവിഷൻെബഞ്ച്‌ വിധിക്കെതിരേ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോവുകയാണുണ്ടായത്‌. അതിനെക്കാൾ നിർഭാഗ്യകരമെന്നു പറയണം 6.9.2019ന്‌ സുപ്രീംകോടതി ഡിവിഷൻെബഞ്ച്‌ വിധി സ്റ്റേചെയ്യുകയുണ്ടായി. എന്നാൽപ്പോലും സംസ്ഥാനത്തെ ഭരണസംവിധാനത്തിന്‌ കോടതിവിധികളുടെ സാരാംശം ഉൾക്കൊള്ളാമായിരുന്നു.

കോടതിവിധികളിൽനിന്ന്‌ ജനാധിപത്യതത്ത്വങ്ങൾ പഠിച്ച ജനതയല്ല ഇന്ത്യയിലേത്‌. മറിച്ച്‌ സാതന്ത്ര്യത്തിന്റെ വിലയെന്തെന്ന്‌ കോടതികളെ പഠിപ്പിച്ച പ്രസ്ഥാനങ്ങൾ വളർന്നുവികസിച്ച രാജ്യമാണിത്‌. ഈ ചരിത്രത്തെ നിലനിർത്താൻ കേരളം മുന്നോട്ടുവന്നില്ലെങ്കിൽ മറ്റാരെയാണ്‌ ഈ ഇരുണ്ട കാലത്ത്‌ നമുക്ക്‌ പ്രതീക്ഷിക്കാനാവുക.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)

Content Highlights: Not only terrorism, but also state terror is danger to Society