കാവേരിയിലെ വെള്ളത്തെ ചൊല്ലി തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കലഹം സുപ്രീം കോടതി വിധിയോടെ അവസാനിക്കാന്‍ പോവുന്നില്ല. ഇരു സംസ്ഥാനങ്ങള്‍ക്കും കാവേരിയിലെ വെള്ളം സുപ്രധാനമാണ്. കാലവര്‍ഷം കനിയുന്ന വര്‍ഷങ്ങളില്‍ മാത്രമാണ് കാവേരി ഇരു സംസ്ഥാനങ്ങളിലൂടെയും സ്വസ്ഥമായൊഴുകുക. മഴ കുറയുന്ന വര്‍ഷങ്ങളില്‍ തമിഴകത്തും കര്‍ണ്ണാടകയിലും കാവേരി കലങ്ങി മറിഞ്ഞുകൊണ്ടേയിരിക്കും. പക്ഷെ, എടുത്തുപറയേണ്ട ഒരു കാര്യം ഇരു സംസ്ഥാനങ്ങളിലും കാവേരി ഒരിക്കലും ഒരു തിരഞ്ഞെടുപ്പിനെയും നിര്‍ണ്ണായകമായി ബാധിച്ചിട്ടില്ല എന്നതാണ്. കാവേരിയെ ചൊല്ലി കലഹവും കലാപവും പതിവാണെങ്കിലും അതൊന്നും തന്നെ ഒരു തിരഞ്ഞെടുപ്പിലും മുഖ്യ അജണ്ടയായിട്ടില്ല എന്നതാണ് ചരിത്രം.

1993 ല്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിത കാവേരിയെ ചൊല്ലി ഉപവാസമിരുന്നത് കോളിളക്കം സൃഷ്ടിച്ചിരുന്നു. പക്ഷെ, 1996 ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് വന്‍പരാജയമാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക സര്‍ക്കാരിന്റെ പ്രവര്‍ത്തനം തന്നെയാണ്. നന്നായി ഭരിച്ചാല്‍ ജനം കൂടെ നില്‍ക്കും ഇല്ലെങ്കില്‍ കൈയ്യൊഴിയും. 2016 ല്‍ നിരവധി പ്രതികൂല ഘടകങ്ങള്‍ മറികടന്ന് ഭരണം നിലനിര്‍ത്താന്‍ ജയലളിതയ്ക്ക് കഴിഞ്ഞത് ജനക്ഷേമ പദ്ധതികളുടെ പിന്‍ബലത്തിലാണ്. ഒരു രൂപയ്ക്ക് ഇഡ്ഡലി കൊടുക്കുന്ന അമ്മ കാന്റീനുകളും അമ്മ ഉപ്പും അമ്മ സിമന്റുമൊക്കെ തീര്‍ത്ത ജനകീയ അടിത്തറയിലാണ് ജയലളിത ഈ വിജയം കെട്ടിപ്പടുത്തത്. 

കാവേരി തര്‍ക്കം തീര്‍ക്കാന്‍ കാവേരി ട്രൈബ്യൂണല്‍ നിലവില്‍ വന്നത് 1990-ലാണ്. 2007-ലാണ് ട്രൈബ്യൂണലിന്റെ അന്തിമ വിധി വന്നത്. ഈ വിധിക്കെതിരെ കര്‍ണ്ണാടക നല്‍കിയ അപ്പീലിന്മേലാണ് സുപ്രീം കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. 2007-ലെ വിധിയില്‍ മണ്‍സൂണ്‍ കനിയുന്ന വര്‍ഷങ്ങളില്‍ വെള്ളം വീതിക്കേണ്ടതിനെക്കുറിച്ചാണ് ട്രൈബ്യൂണല്‍ തീര്‍പ്പുണ്ടാക്കിയത്. മഴ കുറയുന്ന വര്‍ഷങ്ങളില്‍ എങ്ങിനെയായിരിക്കണം വെള്ളം വീതം വെയ്‌ക്കേണ്ടതെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിരുന്നില്ല. അത്തരമൊരു നിര്‍ദ്ദേശം പ്രായോഗികമായിരുന്നില്ല. ഓരോ വര്‍ഷവും മഴ എത്രമാത്രം കുറയുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നിരിക്കെ ട്രൈബ്യൂണലിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവുമായിരുന്നില്ല. 

ഇതിനൊരു പ്രായോഗിക പരിഹാരമെന്ന നിലയ്ക്കാണ് ട്രൈബ്യൂണല്‍ കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡിന് രൂപം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. വിദഗ്ധരടങ്ങിയ ഈ ബോര്‍ഡാണ് കാവേരി വെള്ളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ട്രൈബ്യൂണലിന്റെ നിലപാട്. ഈ നിര്‍ദ്ദേശം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. കര്‍ണ്ണാടകയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് കേന്ദ്രം ബോര്‍ഡിന്റെ രൂപവത്കരണം നീട്ടിക്കൊണ്ടുപോയത്. ഇനിയിപ്പോള്‍ അതു പറ്റില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. 

തമിഴകത്തിന്റെ ജിവനാഡിയാണ് കാവേരി വെള്ളമെന്ന്  പറഞ്ഞാല്‍ അതിശയോക്തിയില്ല. കാവേരി വെള്ളമൊഴുകുന്ന തിരുച്ചിയിലേക്ക് തമിഴ്‌നാടിന്റെ തലസ്ഥാനം മാറ്റുതിന് ഒരിക്കല്‍ എം ജി ആര്‍ ആലോചിച്ചതായിരുന്നു.തമിഴകത്തിന്റെ നെല്ലറയായ തഞ്ചാവൂര്‍ , തിരുവാരൂര്‍ ബെല്‍റ്റില്‍ കവേരി വെള്ളമെത്തുന്നില്ലെങ്കില്‍ തമിഴകത്തിന്റെ മൊത്തം സാമ്പത്തിക സുസ്ഥിരതയെ അത് ബാധിക്കും. തമിഴ്‌നാട്ടിലെ ഹ്രസ്വകാല നെല്‍കൃഷിയായ കുറുവയും ദീര്‍ഘകാല നെല്‍കൃഷിയായ സംബയും കാവേരി നദീ തടത്തിലാണ് കൃഷി ചെയ്യുന്നത്. 

കാവേരി വെള്ളം ശേഖരിക്കപ്പെടുന്ന പ്രധാന അണകളെല്ലാം കര്‍ണ്ണാടകയിലാണ്. കൃഷ്ണരാജ സാഗര്‍, ഹേമാവതി, കബിനി, ഹരാംഗി എന്നീ അണകളാണിവ. കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡിന്റെ രൂപവത്കരിക്കണമെന്ന്  ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി തമിഴ്‌നാടിന് ആഹ്‌ളാദം പകരുന്നതാണ്.  ബോര്‍ഡില്‍ കേരളത്തിന്റെയും പുതുച്ചേരിയുടെയും തമിഴ്‌നാടിന്റെയും കര്‍ണ്ണാടകയുടെയും അംഗങ്ങളുണ്ടാവുമെങ്കിലും നിയന്ത്രണം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനായിരിക്കും. ഇനിയങ്ങോട്ട് വെള്ളം വിട്ടുകൊടുക്കാതിരിക്കാന്‍ അണക്കെട്ടില്‍ വെള്ളമില്ലെന്ന് കര്‍ണ്ണാടകം പറഞ്ഞാല്‍ മാത്രം മതിയാവില്ലെന്നര്‍ത്ഥം. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് നിജസ്ഥിതി ബോദ്ധ്യപ്പെടേണ്ടി വരും.അണകളുടെ നിയന്ത്രണം ബോര്‍ഡിനായിരിക്കും. മഴ കുറയുന്ന വര്‍ഷങ്ങളിലാണ് തമിഴ്‌നാടിന് ഇതുകൊണ്ട്  ശരിക്കും പ്രയോജനമുണ്ടാവുക.

സുപ്രീം കോടതി വിധിയുണ്ടായാലും കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നാലും ആത്യന്തികമായി മഴ കനിയാതെ കാവേരിയില്‍ വെള്ളമുണ്ടാവില്ല. വെള്ളമില്ലെങ്കില്‍ ഒരു വിധിയും പൂര്‍ണ്ണമായും നടപ്പാക്കാനാവുമില്ല. ഈ യാഥാര്‍ത്ഥ്യം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കറിയാം. കാവേരിയെചൊല്ലിയുള്ള കലഹവും കലാപവും ഏതാനും ദിവസങ്ങള്‍ മാത്രമേ നീണ്ടു നില്‍ക്കുകയുള്ളൂ. സുപ്രീം കോടതി വിധിയിലല്ല പ്രകൃതിയുടെ കൈയ്യിലാണ് കാവേരിയുടെ നിലനില്‍പ്പെന്നത് ഒരു കലാപം കൊണ്ടും  മറക്കാനോ തിരുത്താനോ ആവില്ല. അതുകൊണ്ടുതന്നെ മഴ കനിയണമെന്ന പ്രാര്‍ത്ഥനയായിരിക്കും കാവേരി നദീതടങ്ങളിലെ കര്‍ഷകരുടെ മനസ്സില്‍നിന്ന് ഇപ്പോഴും എപ്പോഴും  ഉയരുന്നത്.