രാജ്യം സ്വതന്ത്രമായതിനുശേഷം ആദ്യമായി നാലുപ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയത്. നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരാണ് തൂക്കിലേറ്റപ്പെട്ടവർ. സ്വാതന്ത്ര്യത്തിനുശേഷം ഒട്ടേറെ വധശിക്ഷകൾ നടന്നെങ്കിലും ഇവയുടെ എണ്ണം ഇപ്പോഴും ഒരു തർക്കവിഷയമാണ്. സർക്കാരിന്റെ ഔദ്യോഗിക രേഖകൾപ്രകാരം 52 പേരെയാണ് തൂക്കിലേറ്റിയത്. എന്നാൽ, 755 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഡൽഹി നാഷണൽ ലോ സർവകലാശാലയുടെ കണക്കുകൾ പറയുന്നു. തൂക്കിലേറ്റപ്പെട്ടവരിൽ പകുതിയോളംപേർ ഉത്തർപ്രദേശിൽനിന്നുള്ളവരാണ്. ഹരിയാണയിൽനിന്നുള്ള 90 പേരെയും മധ്യപ്രദേശിൽനിന്നുള്ള 73 പേരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 

godseനാഥുറാം വിനായക് ഗോഡ്‌സെ
മഹാത്മാഗാന്ധിയുടെ ഘാതകൻ. 1949 നവംബർ 15-ന് അംബാല ജയിലിൽവെച്ച് തൂക്കിലേറ്റി. ഗോഡ്‌സെയുടെ ശിക്ഷ കുറയ്ക്കാൻ ഗാന്ധിജിയുടെ രണ്ടുമക്കളായ മണിലാൽ, രാംദാസ് എന്നിവർ നീക്കംനടത്തിയെങ്കിലും അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു, ഉപപ്രധാനന്ത്രി സർദാർ വല്ലഭ്‌ ഭായ്‌ പട്ടേൽ, ഗവർണർ ജനറൽ സി. രാജഗോപാലാചാരി എന്നിവർ എതിർത്തു.

 

ranga, billaരംഗ, ബില്ല
1978 ഓഗസ്റ്റിൽ ന്യൂഡൽഹിയിൽവെച്ച് നാവികസേനാ ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മദൻമോഹൻ ചോപ്രയുടെ മക്കളായ ഗീത, സഞ്ജയ് എന്നീ കൗമാരക്കാരെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് രംഗ (കുൽജീത് സിങ്), ബില്ല (ജസ്ബീർ സിങ്) എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചത്. മുംബൈ സ്വദേശികളായ രംഗയും ബില്ലയും മറ്റൊരു കേസിലെ ശിക്ഷകഴിഞ്ഞ് ആർതർ റോഡ് ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ കുറ്റകൃത്യം നടത്തിയത്. 1982 ജനുവരി 31-ന് തിഹാർ ജയിലിൽവെച്ച് ഇവരെ തൂക്കിലേറ്റി.

sankarഓട്ടോ ശങ്കർ
തമിഴ്‌നാട്ടിലെ വെല്ലൂരിലെ കുപ്രസിദ്ധ പരമ്പര കൊലയാളി. യഥാർഥ പേര് ഗൗരി ശങ്കർ. രണ്ടുവർഷത്തിനിടെ കൂട്ടാളികളുടെ സഹായത്തോടെ ആറുപേരെ കൊലപ്പെടുത്തി. 1995 ഏപ്രിൽ 27-ന് സേലം ജയിലിൽവെച്ച് തൂക്കിക്കൊന്നു.

 

 

dananjoy chatterjeeധനഞ്‌ജോയ്‌ ചാറ്റർജി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനാണ് ബംഗാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ധനഞ്‌ജോയ്‌ ചാറ്റർജിയെ തൂക്കിലേറ്റിയത്. 1990 മാർച്ചിൽ, 14 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. നീണ്ട 14 വർഷത്തിനുശേഷം കൊൽക്കത്തയിലെ അലിപോർ സെൻട്രൽ ജയിലിൽവെച്ച് 2004 ഓഗസ്റ്റ് 14-ന് ശിക്ഷ നടപ്പാക്കി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ബലാത്സംഗക്കുറ്റത്തിന് തൂക്കിലേറ്റിയത് ധനഞ്‌ജോയിയെ മാത്രമാണ്.

kasabഅജ്മൽ കസബ്
രാജ്യം നടുങ്ങിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവനോടെ പിടികൂടപ്പെട്ട ഏക പാകിസ്താൻ ഭീകരൻ. കൊലപാതകം, ഗൂഢാലോചന, യുദ്ധക്കുറ്റം തുടങ്ങിയ കുറ്റങ്ങളാണ് കസബിനെതിരേ ചുമത്തിയത്. 11,000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. വിചാരണയ്ക്കിടെ പലതവണ മൊഴി മാറ്റിപ്പറഞ്ഞ കസബ് രാഷ്ട്രപതിക്ക് ദയാഹർജിവരെ നൽകിയിരുന്നു. നാലുവർഷത്തിനുശേഷം പുണെ യെർവാദ ജയിലിൽവെച്ച് 2012 നവംബർ 21-ന് വധശിക്ഷ നടപ്പാക്കി. രാജ്യമെമ്പാടുമുള്ള മാധ്യമങ്ങൾ കൃത്യമായി പിന്തുടർന്ന കേസായിരുന്നു ഇത്. കേസ് നടപടികൾ വേഗത്തിലാക്കാൻ ഇക്കാര്യം തുണച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് കസബിന്റെ ദയാഹർജി തള്ളിയത്.

Eight PDP MLAs demand return of Afzal Guru's mortal remainsഅഫ്‌സൽ ഗുരു
2001 ഡിസംബർ 13-ന് നടന്ന പാർലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയായ കശ്മീരി ഭീകരൻ. നീണ്ട 11 വർഷത്തെ കേസ് നടപടികൾക്കൊടുവിലാണ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. 2013 ഫെബ്രുവരി ഒമ്പതിന് ഡൽഹിയിലെ തിഹാർ ജയിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. പ്രത്യേക കോടതി സ്ഥാപിച്ചായിരുന്നു വിചാരണനടപടികൾ. മാധ്യമങ്ങൾക്കുമുന്നിൽ കുറ്റസമ്മതം നടത്തിയ ഇയാൾ പിന്നീട് പോലീസിന്റെ സമ്മർദംകാരണമാണ് കുറ്റമേറ്റതെന്ന്‌ വാദിച്ചു. 2002-ൽ വധശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടെങ്കിലും വിവിധ ഹർജികളും പ്രതിഷേധങ്ങളും കാരണം നീണ്ടുപോവുകയായിരുന്നു. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയശേഷം തിഹാർ ജയിലിൽ ഇതുവരെ മറ്റൊരു വധശിക്ഷ നടന്നിട്ടില്ല.

yakub memomയാക്കൂബ് മേമൻ
1993-ൽ മുംബൈയിൽ അരങ്ങേറിയ ബോംബ് സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതി. 13 സ്‌ഫോടനമാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ നടന്നത്. സഹോദരൻ ടൈഗർ മേമൻ, അധോലോക നേതാവ് ദാവൂദ്‌ ഇബ്രാഹിം എന്നിവർക്കും പങ്കുള്ളതാണ് 257 പേർക്ക് ജീവൻ നഷ്ടമായ മുംബൈ സ്‌ഫോടനം. ഒന്നിനുപിറകെ ഒന്നായി നൽകിയ രണ്ടു ദയാഹർജികൾ രാത്രിമുഴുവൻ നീണ്ടുനിന്ന കോടതി നടപടികളിലൂടെ തള്ളി. ഏറ്റവുമധികംകാലം ജയിലിൽ കഴിഞ്ഞശേഷം തൂക്കിലേറ്റപ്പെട്ട കുറ്റവാളി. നീണ്ട 22 വർഷമാണ് മേമൻ ജയിലിൽക്കഴിഞ്ഞത്. 2015 ജൂലായ് 30-ന് നാഗ്പുർ സെൻട്രൽ ജയിലിൽവെച്ച് ശിക്ഷ നടപ്പാക്കി.

Content Highlights: History of the death penalty in Independent India