ഇവിടെയാരും അവരെപ്പറ്റി ഓര്‍ക്കാറില്ല, സംസാരിക്കാറില്ല. ചെയ്ത ക്രൂരതയ്ക്കു കിട്ടിയ ശിക്ഷ. ആര്‍.കെ. പുരം സെക്ടര്‍ മൂന്നിനടുത്തുള്ള രവിദാസ് കോളനി പതിവു പോലെ ശാന്തമായിരുന്നു. നിര്‍ഭയ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന കോളനി. രാജ്യം നടുങ്ങിയ അതിക്രൂരമായ ബലാത്സംഗക്കേസില്‍ വധശിക്ഷ നടപ്പായതറിഞ്ഞപ്പോള്‍ ആരും മൂക്കത്തു വിരല്‍വെച്ചില്ല. നാലു പേരെയും ന്യായീകരിക്കാനും ആരുമുണ്ടായിരുന്നില്ല.

മൂവായിരത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്നതാണ് ഈ കോളനി. ആ നാലു ചെറുപ്പക്കാര്‍ നടത്തിയ ക്രൂരതയുടെ മേല്‍വിലാസമുള്ളതിന്റെ നീരസം ഇവിടത്തുകാരുടെ മുഖങ്ങളില്‍ വായിച്ചെടുക്കാം. നാലു പ്രതികള്‍ക്കും തൂക്കുമരം വിധിച്ചതു മുതല്‍ ഇവിടെ മാധ്യമങ്ങളെത്തുന്നു. അതിന്റെ നീരസവും അവര്‍ മറച്ചുവെച്ചില്ല: ''ഇവിടെ എല്ലാം ശാന്തമാണ്. ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. അവര്‍ ചെയ്തതിനുള്ളത് അനുഭവിച്ചു. ഞങ്ങള്‍ക്കൊന്നും പറയാനുമില്ല''  പേരു പോലും വെളിപ്പെടുത്താതെ ഒരു താമസക്കാരി പ്രതികരിച്ചു. പ്രതികളുടെ വീടുകള്‍ ഏതു ഭാഗത്താണെന്നു ചോദിച്ചപ്പോള്‍ മറുപടി പറയാതെ അവര്‍ മുഖം തിരിച്ചു നടന്നുപോയി.

നാലു പേരെക്കുറിച്ച് ഇവിടെയാരും സംസാരിക്കാറില്ല. അവര്‍ ചെയ്ത തെറ്റ് ആര്‍ക്കും ന്യായീകരിക്കാവുന്നതല്ല.  കോളനിയിലെ കച്ചവടക്കാരനായ രാജീവ് രാഘവ് 'മാതൃഭൂമി'യോടു പറഞ്ഞു. വേഗത്തില്‍ വധശിക്ഷ നടപ്പാക്കണമായിരുന്നുവെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളില്‍ ഹൈദരാബാദില്‍ ചെയ്തപോലെ വെടിവെച്ചു കൊന്നാലും തെറ്റില്ല. വധശിക്ഷ വൈകിയതിലെ രോഷം അയാള്‍ പങ്കുവെച്ചു.
തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് പ്രധാന്‍ ബീഹാരി ലാല്‍ പറഞ്ഞത് രവിദാസ് കോളനിക്കാരുടെ മുഴുവന്‍ പൊതുവികാരമായി.

ഇഷ്ടികകളില്‍ ദുര്‍ബലമായി കെട്ടിപ്പൊക്കിയ വീടുകളും അതിനു മുകളിലൂടെ പോവുന്ന വൈദ്യുതി വയറുകളും ഇടുങ്ങിയ വഴികളുമൊക്കെയായി ദാരിദ്ര്യത്തിന്റെ അടയാളം കൂടിയാണ് ഈ കോളനി. ഓരോ വീട്ടിലും ഒട്ടേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്നു. വിശ്രമിക്കാന്‍ റോഡരികില്‍ കട്ടിലിട്ടിരിക്കുന്നവരെയും കാണാം. പുറത്തു നിന്നും അപരിചിതര്‍ എത്തിയാല്‍ എല്ലാ കണ്ണുകളും അവരിലേക്കുനീളും. ചോദ്യം നിര്‍ഭയ സംഭവത്തെക്കുറിച്ചാണെങ്കില്‍ ആരും മിണ്ടില്ല. അവര്‍ക്കതിനു താത്പര്യമില്ല. അത്രമാത്രം ശിരസ്സു കുനിഞ്ഞതിന്റെ അപരാധഭാവം. രാം സിങ്, മുകേഷ് സിങ് എന്നിവരുടെ കുടുംബങ്ങള്‍ സംഭവം നടന്നയുടന്‍ രാജസ്ഥാനിലെ ഗ്രാമങ്ങളിലേക്കു തിരിച്ചുപോയി. പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ കുടുംബം ഇപ്പോഴും കോളനിയില്‍ കഴിയുന്നു. പക്ഷേ, അടച്ചിട്ട മുറിയില്‍ ഇരിപ്പാണ് മിക്കപ്പോഴും.

മാധ്യമങ്ങളടക്കം പുറത്തുനിന്നുള്ളവര്‍ ആരെങ്കിലും  അവരുടെ വീടുകളിലേക്കുള്ള വഴി ചോദിച്ചാല്‍ കോളനിക്കാരാരും പറഞ്ഞുതരില്ല. ഉണ്ടെങ്കില്‍ തന്നെ ആ ഗലിയൊന്നു കാട്ടിത്തരും. വാതില്‍ തുറന്നാല്‍ വിനയ് ശര്‍മയുടെ അച്ഛന്‍ പറയും:  ''ഞങ്ങളെയൊന്നു വെറുതേവിടൂ. വേറൊന്നും പറയാനില്ല'' വധശിക്ഷയുടെ ദിവസം ആ ഗലിയില്‍ മൗനം മൂടിക്കിടന്നു. അതു കോളനിയിലേക്കും പടര്‍ന്നു. ഒപ്പം, ഇനിയെങ്കിലും ഒരു കറുത്ത മേല്‍വിലാസം മാറുമല്ലോ എന്ന നെടുവീര്‍പ്പും.

Content Highlights: Nirbhaya Case Ravidas Camp