• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

പ്രകൃതിദുരന്തങ്ങൾ: നാം ഒരുങ്ങേണ്ടതുണ്ട്

Muralee Thummarukudy
Sep 24, 2017, 11:45 PM IST
A A A

കിഴക്കൻതീരത്ത് മറിയ എന്ന കൊടുങ്കാറ്റ് കരീബിയൻ കടന്നുവരുന്നു. ഇതെന്താണ്? കാലാവസ്ഥാവ്യതിയാനമാണോ? ഇതിൽനിന്ന് നമുക്കെന്ത് പഠിക്കാനുണ്ട്?

# മുരളി തുമ്മാരുകുടി
irma
X

photo courtesy: Reuters

കഴിഞ്ഞയാഴ്ച കേരളത്തിനുകിട്ടിയത് ഒരു മുന്നറിയിപ്പാണ്. ഒന്നോരണ്ടോ ദിവസംകൂടി മഴ നിന്നിരുന്നുവെങ്കിൽ പ്രശ്നം ഏറെ ഗുരുതരമാകുമായിരുന്നു. അതിന് വ്യക്തികളെന്ന നിലയ്ക്കോ സമൂഹമെന്ന നിലയ്ക്കോ നാം തയ്യാറായിരുന്നോ എന്ന് ചിന്തിക്കാനുള്ള അവസരമാണിത്‌

വടക്കേഅമേരിക്കൻ ഭൂഖണ്ഡത്തിന്റെ കിഴക്കും പടിഞ്ഞാറും ദുരന്തങ്ങൾ മാറിമാറി പ്രഹരിക്കുകയാണ്. ഉഗ്രരൂപിയായ ഹാർവിയും ഇർമയും കരീബിയനിലും അമേരിക്കൻ ഐക്യനാടുകളിലും ദുരന്തം വിതച്ചുകഴിയുന്നതിനുമുമ്പേ മെക്സിക്കോയിൽ ഭൂമികുലുക്കത്തിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിനാളുകളാണ് മരിച്ചത്. കിഴക്കൻതീരത്ത് മറിയ എന്ന കൊടുങ്കാറ്റ് കരീബിയൻ കടന്നുവരുന്നു. ഇതെന്താണ്? കാലാവസ്ഥാവ്യതിയാനമാണോ? ഇതിൽനിന്ന് നമുക്കെന്ത് പഠിക്കാനുണ്ട്?

കൊടുങ്കാറ്റും കാലാവസ്ഥാവ്യതിയാനവും 
എല്ലാവർഷവും ലോകത്ത് ഒട്ടേറെ കാറ്റുകൾ  രൂപമെടുക്കാറുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഏപ്രിൽമുതൽ സെപ്റ്റംബർവരെ, പസഫിക്കിൽ നവംബർമുതൽ ഏപ്രിൽവരെ, കരീബിയനിൽ ജൂൺമുതൽ നവംബർവരെ എന്നിങ്ങനെ. ഇതെല്ലം പക്ഷേ, ഉഗ്രരൂപം പ്രാപിക്കാറില്ല. കൊടുങ്കാറ്റായി മാറുന്നവയ്ക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും പസിഫിക്കിൽ ടൈഫൂൺ എന്നും കരീബിയനിൽ ഹരിക്കെയിൻ എന്നുമാണ് പറയുന്നത്. ഇതിന്റെ ശക്തിയനുസരിച്ച് ഒന്നുമുതൽ അഞ്ചുവരെ റേറ്റിങ് ഉണ്ട്. അഞ്ചാണ് ഏറ്റവുംവലുത്. മണിക്കൂറിൽ 250 കിലോമീറ്ററിലും വേഗമുള്ള കാറ്റാണിത്. കാറ്റിനോടനുബന്ധിച്ച് വലിയ മഴയുണ്ടാകുന്നതുകൂടാതെ കടൽ കരയിലേക്ക് തള്ളിക്കയറും.  

അമേരിക്കയുടെ കിഴക്കൻതീരത്ത് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അസാധാരണമല്ല. ഈവർഷം ഇത്രയധികം കാറ്റുകൾ വൻനാശം വിതച്ചത് കാലാവസ്ഥാവ്യതിയാനമാണോ എന്ന് ചിന്തിക്കുന്നവരുണ്ട്. അതിനുവേണ്ട തെളിവുകളൊന്നും ഇല്ല. പക്ഷേ, കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി പഠിച്ച ശാസ്ത്രജ്ഞരുടെ സംഘം (ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചെയ്‌ഞ്ച്) 2012-ൽ ദുരന്തങ്ങളെപ്പറ്റിമാത്രം ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു (സ്പെഷൽ റിപ്പോർട്ട് ഓൺ എക്‌സ്ട്രീം ഇവന്റ്). അതിൽ പറഞ്ഞിരിക്കുന്നകാര്യങ്ങൾ ലോകം ശ്രദ്ധിക്കേണ്ടതാണ്. കാറ്റുകളുടെ എണ്ണം കൂടും എന്നുമാത്രമല്ല, അവയുടെ തീവ്രതയും കൂടും. പോരാത്തതിന് മുമ്പ് കാറ്റുകൾ ഉണ്ടാകാതിരുന്ന സ്ഥലങ്ങളിൽ കാറ്റുകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവുംവലിയ കാറ്റുണ്ടായത് 1941-ലാണ്. പക്ഷേ, ഇതിനെപ്പറ്റി അധികം വിവരങ്ങൾ ലഭ്യമല്ല. ഇനി വരുന്നകാലത്ത് നാം കാറ്റുകൾക്കുകൂടി തയ്യാറെടുത്തേപറ്റൂ. കാറ്റുംമഴയും മാത്രമല്ല കാലാവസ്ഥാവ്യതിയാനം കൊണ്ടുവരുന്നത്. വരൾച്ചയും ചൂടും അതുണ്ടാക്കുന്ന കാട്ടുതീയുമൊക്കെ ലോകത്ത് കൂടിവരികയാണ്. ഓരോ വർഷവും ഐക്യരാഷ്ട്രസഭ കൈകാര്യംചെയ്യുന്ന ദുരന്തങ്ങളിൽ നാലിൽമൂന്നും കാലാവസ്ഥാബന്ധിതമാണ്.   

കേരളത്തിലെ ദുരന്തസാധ്യതകൾ
ആയിരക്കണക്കിനാളുകൾ ഒറ്റയടിക്ക് കൊല്ലപ്പെട്ട  ദുരന്തങ്ങൾ ലോകത്ത് അസാധാരണമല്ല. ഭാഗ്യത്തിന് കേരളത്തിന്റെ ചരിത്രത്തിൽ അങ്ങനെ ഉണ്ടായതായി രേഖകളില്ല. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നമുക്കുതരുന്ന ഒരു ഭാഗ്യമാണിത്. എന്നാൽ ദുരന്തങ്ങൾ ഉണ്ടാവില്ല എന്ന് പറയാനുംപറ്റില്ല. കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ 1924-ലെ വെള്ളപ്പൊക്കം അന്നത്തെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വൻനാശം വിതച്ചതാണ്. ഇത്തരം വെള്ളപ്പൊക്കവും കാറ്റുകളും ഇനിയും ഉണ്ടാകും എന്നതിൽ സംശയംവേണ്ട. കാലാവസ്ഥാവ്യതിയാനം അതിന്റെ തീവ്രത കൂട്ടുകയുംചെയ്യും.

പ്രകൃതിനാശവും ദുരന്തങ്ങളും 
പ്രകൃതിനാശവും ദുരന്തങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോൾ ശാസ്ത്രജ്ഞർ മനസ്സിലാക്കിക്കഴിഞ്ഞു. മലകളിലെ വനനശീകരണം ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുന്നു. വെള്ളം മലകളിൽ പിടിച്ചുനിൽക്കാതെ അതിവേഗം താഴേക്കൊഴുകുന്നു. ഇടനാട്ടിൽ ആകട്ടെ വെള്ളം കയറിക്കിടന്നിരുന്ന നെൽപ്പാടങ്ങൾ മണ്ണിട്ടുനികത്തി വീടുകളും ഫാക്ടറികളും മറ്റു സ്ഥാപനങ്ങളും ആയി. കടൽത്തീരത്ത് കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചതോടെ ചെറിയ കടലാക്രമണങ്ങൾപോലും കരയെ കാർന്നുതിന്നുതുടങ്ങി. പ്രകൃതിയെ നശിപ്പിച്ചു വിളിച്ചുവരുത്തുന്ന ദുരന്തങ്ങളെ എൻജിനീയറിങ്‌കൊണ്ട് തടയാനാണ് നാം ഇപ്പോഴും ശ്രമിക്കുന്നത്. വലിയ മഴവരുന്ന വർഷങ്ങളിൽ മനുഷ്യനിർമിതമായ സംവിധാനങ്ങൾക്ക് പിടിച്ചു നിൽക്കാനേ പറ്റില്ല.

ദുരന്തംനേരിടാനുള്ള തയ്യാറെടുപ്പ്  
ദുരന്തംവിതച്ച സുനാമിക്കുശേഷം പല മാറ്റങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഒരുവർഷത്തിനകം നമുക്കൊരു ദുരന്തനിവാരണനിയമം ഉണ്ടായി, ദുരന്തനിവാരണ അതോറിറ്റി ഉണ്ടായി. ദുരന്തത്തെപ്പറ്റി പഠിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടായി. ഇതിന്റെയൊക്കെ ചെറിയ പതിപ്പുകൾ കേരളത്തിലുമുണ്ട്. കേരളത്തിലുണ്ടാകുന്ന ദുരന്തങ്ങളെപ്പറ്റി പരിശീലിപ്പിക്കാനും അതിന്റെ തീവ്രതകുറയ്ക്കാനായി ഇടപെടാനും ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനം നമുക്ക് ലഭ്യമാണ്. തിരുവനന്തപുരത്ത് മാത്രമല്ല, ഓരോ ജില്ലയിലും നമുക്കിപ്പോൾ പ്ലാനുകളും കൺട്രോൾറൂമും ഒക്കെയുണ്ട്. മിക്കവാറും ദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പുതരാനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ ഏറെ വളർന്നുകഴിഞ്ഞു. 

പക്ഷേ, ഒരുകാര്യത്തിൽ നാം ഏറെ പിറകിലാണ്. ആന ഇടഞ്ഞാൽപ്പോലും അതുകാണാൻ ഓട്ടോറിക്ഷ വിളിച്ചുപോകുന്ന തരത്തിലാണ് ഇപ്പോൾ ശരാശരി മലയാളിയുടെ സുരക്ഷാബോധം. ഒരു കാറ്റോ വെള്ളപ്പൊക്കമോ വരും എന്നുപറഞ്ഞാൽ എന്തുചെയ്യണമെന്ന് ആർക്കുംതന്നെ അറിവില്ല. നാശത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞാൽ അതനുസരിക്കാൻ ആളുകൾ തയ്യാറാകുമോ, അതിനുള്ള സംവിധാനങ്ങൾ നമുക്കുണ്ടോ എന്നൊന്നും ഇതേവരെ പരിശോധിച്ചിട്ടില്ല.  ലോകത്ത് എല്ലാ ദുരന്തങ്ങളിലും നൂറിൽ 99 പേരെയും രക്ഷപ്പെടുത്തുന്നത്‌ ദുരന്ത നിവാരണസേനയോ ഐക്യരാഷ്ട്രസഭയോ ഒന്നുമല്ല. സ്വന്തം കുടുംബാംഗങ്ങളും അയൽവീട്ടുകാരുമാണ്. അടിസ്ഥാനമായ സുരക്ഷാപരിശീലനംപോയിട്ട് സുരക്ഷാബോധംപോലും ഇല്ലാത്തവരാണ് ഭൂരിപക്ഷമെങ്കിൽ ആരാണ് നമ്മെ രക്ഷപ്പെടുത്താൻ പോകുന്നത്, ഇത് മാറിയേ പറ്റൂ. സുരക്ഷാവിഷയങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. 

ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ
ഓരോ ദുരന്തവും നേരിടുന്നതിന്‌ അവശ്യമായ പ്രധാനസംവിധാനങ്ങളെയാണ് ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ എന്നുപറയുന്നത്. ടെലികമ്യൂണിക്കേഷൻ, ആസ്പത്രികൾ, കൺട്രോൾ റൂമുകൾ, പോലീസ് സ്റ്റേഷനുകൾ, റോഡുകൾ ഇവയൊക്കെയാണ് പ്രധാനം. ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉപയോഗിക്കേണ്ടി വരുന്നതിനാൽ സ്കൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് ദുരന്തം ഉണ്ടെങ്കിലും ഇവ നിലനിന്നാലേ ഔദ്യോഗിക സംവിധാനങ്ങൾക്ക് വേണ്ടതരത്തിൽ പ്രവർത്തിക്കാൻ പറ്റൂ. ഒരു ഭൂമികുലുക്കം ഉണ്ടാകുമ്പോൾ ആദ്യം തകരുന്നത് ആസ്പത്രിയാണെങ്കിൽ ദുരന്തം ഇരട്ടിക്കുമല്ലോ, അതുകൊണ്ടുതന്നെ ആസ്പത്രി എവിടെ ആണെന്നും എങ്ങനെ നിർമിക്കുന്നു എന്നതിലും പതിവിലും ശ്രദ്ധവേണം.

മുന്നറിയിപ്പുകൾ ഉപയോഗിക്കുക
കഴിഞ്ഞയാഴ്ച കേരളത്തിനുകിട്ടിയത് ഒരു മുന്നറിയിപ്പാണ്. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾ വേണ്ടപോലെ പ്രവർത്തിച്ചു. എന്നാൽ ഒന്നോരണ്ടോ ദിവസംകൂടി മഴ നിന്നിരുന്നുവെങ്കിൽ പ്രശ്നം ഏറെ ഗുരുതരമാകുമായിരുന്നു. അതിന് വ്യക്തികളെന്ന നിലയ്ക്കോ സമൂഹമെന്ന നിലയ്ക്കോ നാം തയ്യാറായിരുന്നോ എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. സമാധാനകാലത്ത് അല്പം വിയർത്താൽ യുദ്ധകാലത്ത് ചോരപോകുന്നത് കുറയ്ക്കാം എന്ന് ആർമി ട്രെയിനിങ് ക്യാമ്പുകളിൽ ബോർഡുകൾ കണ്ടിട്ടുണ്ട്. അതുപോലെ ദുരന്തമില്ലാത്ത കാലത്ത് ഈ വിഷയങ്ങൾ ശ്രദ്ധിച്ചാൽ ദുരന്തം വരാതിരിക്കും. വന്നാലും നമുക്ക് നാശനഷ്ടങ്ങൾ കുറയ്ക്കുകയുംചെയ്യാം.

തയ്യാറെടുപ്പിന്റെ നല്ല മാതൃകകൾ  
അമേരിക്കയിലെ ദുരന്തത്തിൽ നാം ശ്രദ്ധിക്കേണ്ടകാര്യം ഇത്രവലിയ കാറ്റുണ്ടായിട്ടും അപൂർവമായിമാത്രമേ മരണങ്ങളുണ്ടായുള്ളൂ എന്നതാണ്. ഇതേ കാറ്റ് മറ്റുരാജ്യങ്ങളിൽ വീശിയിരുന്നെങ്കിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചേനേ. കാറ്റിന്റെഗതിയും ശക്തിയും മുൻകൂട്ടി കണ്ടുപിടിക്കാനും മോഡൽ ചെയ്യാനുമുള്ള ശാസ്ത്രത്തിന്റെ കഴിവ്, അങ്ങനെകിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങൾ, സർക്കാരിന്റെ മുന്നറിയിപ്പ് കിട്ടിയാലുടൻ വീടുവിട്ടുപോകുന്നതുൾപ്പെടെ വേണ്ടത്ര മുൻകരുതലുകൾ എടുക്കാനായി ആളുകൾക്ക് ലഭിച്ചിരിക്കുന്ന പരിശീലനം ഇതെല്ലാമാണ് ആൾനാശം കുറയ്ക്കാൻ കാരണം.

ഇതൊന്നും കാറ്റുവരുന്നതിന്റെ നാലുദിവസം മുമ്പ് ഉണ്ടാക്കിയെടുക്കുന്നതല്ല. ദുരന്തങ്ങളില്ലാത്ത വർഷങ്ങളിൽ ചെറുപ്രായംതൊട്ടേ കുട്ടികളെയും മുതിർന്നവരെയും പരിശീലിപ്പിച്ചും ദുരന്തനിവാരണ സജ്ജീകരണങ്ങൾ പരീക്ഷിച്ചുമൊക്കെയാണ് ഇത്തരത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നത്. അമേരിക്കയും ജപ്പാനും പോലുള്ള സമ്പന്ന വികസിതരാജ്യങ്ങൾ മാത്രമല്ല ക്യൂബയും ബംഗ്ലാദേശുംപോലെ എപ്പോഴും ദുരന്തങ്ങൾ ഉണ്ടാകുന്ന വികസ്വരരാജ്യങ്ങളും തയ്യാറെടുപ്പിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ്.

ലക്കില്ലാത്ത ഭൂവിനിയോഗം
ലോകത്തെവിടെയും ദുരന്തസാധ്യത ഇരട്ടിപ്പിക്കുന്നത് ദുരന്തങ്ങളെ അറിയാതെ നടത്തുന്ന ഭൂവിനിയോഗമാണ്. സുനാമി ഉണ്ടായിട്ടുള്ള കടൽത്തീരങ്ങളിൽ വീടുവെച്ചവർ ജപ്പാനിലും വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള പുഴയോരത്ത് ലോഡ്ജുണ്ടാക്കിയവർ ഉത്തരാഖണ്ഡിലും ഒക്കെ പ്രകൃതിക്ക് കീഴടങ്ങിയത് നാം കണ്ടതാണ്. ഇപ്പോൾ കേരളത്തിലെ ഭൂവിനിയോഗം ദുരന്തസാധ്യതകളെ തീരെ കണക്കിലെടുക്കുന്നില്ല. പുഴയോരത്ത് വീടുവയ്ക്കാൻ മത്സരമാണ്. കരഭൂമി ചെലവുള്ളതായതിനാൽ പാടംനികത്തിയാണ് വിമാനത്താവളംവരെ പണിയുന്നത്. നമ്മുടെ ഫാക്ടറികൾമുതൽ ബസ് സ്റ്റാൻഡുകൾവരെ നിർമിച്ചിരിക്കുന്നത് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ്. 

ഭൂവിനിയോഗത്തിൽ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നത് നമ്മുടെ ജനാധിപത്യ അവകാശത്തിന്റെ ലംഘനമായാണ് നാം കരുതുന്നത്. എല്ലാ വികസിതരാജ്യങ്ങളിലും ഭൂവിനിയോഗത്തിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. ദുരന്തലഘൂകരണത്തിന്റെ ഏറ്റവും ചെലവുകുറഞ്ഞതും ദീർഘവീക്ഷണവുമുള്ള പ്രതിവിധി ദുരന്തപ്രദേശത്ത് വീടും മറ്റു സംവിധാനങ്ങളും ഉണ്ടാക്കാതിരിക്കലാണ്. ഇക്കാര്യത്തിൽ നമുക്ക് സാമൂഹികസമവായം ഉണ്ടായേപറ്റൂ. അതിനുമുമ്പുതന്നെ കേരളത്തിൽ എവിടെയും ഒരു സ്ഥലംവാങ്ങുമ്പോൾ അവിടെ എന്തൊക്ക ദുരന്തസാധ്യത ഉണ്ടെന്ന് ആളുകൾക്ക് അറിയാനുള്ള സംവിധാനം ഉണ്ടാകണം. ഇത്തവണത്തെ ചെറിയ മഴയ്ക്കുപോലും കേരളത്തിലെ പല ഫ്ലാറ്റുകളുടെയും സ്ഥാപങ്ങളുടെയും ഉള്ളിലും തൊട്ടടുത്തും വെള്ളം എത്തിയത് നാം ഒരു മുന്നറിയിപ്പായി എടുക്കണം. പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനും സ്ഥലംമേടിക്കുന്നതിനുംമുൻപ് ചുരുങ്ങിയത് പഴയ ഗൂഗിൾ ഇമേജെങ്കിലും എടുത്തൊന്നു പരിശോധിക്കണം. 

(ഐക്യരാഷ്ട്രസഭാ പരിസ്ഥിതിപദ്ധതിയിൽ ദുരന്ത-അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ലേഖകൻ)

PRINT
EMAIL
COMMENT
Next Story

മറഞ്ഞിരുന്ന് ആക്രമിക്കുന്നവർ മുഖമില്ലാത്തവർ ഞാൻ ഒരു സാധാരണ വീട്ടമ്മ

‘‘സാമൂഹികമാധ്യമങ്ങളിൽ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. .. 

Read More
 

Related Articles

തിന്നു മരിക്കുന്ന മലയാളി!
Food |
Videos |
മുങ്ങിമരണങ്ങള്‍ തടയുന്നതില്‍ കേരളം പരാജയപ്പെട്ടോ?
News |
ആ സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകള്‍ പത്തു മിനിറ്റുകൊണ്ട് തകര്‍ത്തു കളഞ്ഞത്: തുമ്മാരുകുടി
News |
പ്രതിദിന കൊറോണമരണം 25 ലേക്ക് ഉയരും, രോഗം വീട്ടിലെത്തുമോ എന്ന ചോദ്യം ഇനി വേണ്ട: മുരളി തുമ്മാരുകുടി
 
More from this section
laya
മറഞ്ഞിരുന്ന് ആക്രമിക്കുന്നവർ മുഖമില്ലാത്തവർ ഞാൻ ഒരു സാധാരണ വീട്ടമ്മ
teacher
മാറുന്ന കാലത്തെ അധ്യാപക നിയമനം
Thozhilurappu padhathi
തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ഇന്ത്യയുടെ ജീവനാഡി
Myanmar
സർവരാജ്യ ജനാധിപത്യവാദികളേ ഉറക്കെക്കരയൂ...
barbara demick
നിലവിളിക്കുന്ന ബുദ്ധൻ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.