ദേശീയ യുവജന ദിനം ഇന്ന്‌. സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ യുവജനദിനത്തോടനുബന്ധിച്ച്‌  90 മിനിറ്റിലെ വിചിന്തനങ്ങൾ എന്ന പേരിൽ മാതൃഭൂമി വെബിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി. വിവിധവിഷയങ്ങളിലായി നടന്ന വെബിനാറുകളിൽ വ്യത്യസ്ത മേഖലയിൽനിന്നുള്ള യുവതീയുവാക്കൾ ആശയങ്ങൾ പ്രകടിപ്പിച്ചു. വെബിനാറുകളിൽ അവർ പങ്കുവെച്ച കാര്യങ്ങളുടെ  സംക്ഷിപ്തരൂപം  ഇന്നുമുതൽ 

നിറയേണ്ടേ യുവരക്തം

കേരള രാഷ്ട്രീയ നേതൃസ്ഥാനങ്ങളിൽ യുവാക്കൾക്ക്‌  അർഹമായ പങ്കുവേണ്ടേ?-ഡോ. വിനു ജെ. ജോർജ് അസി. പ്രൊഫസർ, പൊളിറ്റിക്കൽ സയൻസ്, കെ.ഇ. കോളേജ് മാന്നാനം

രാഷ്ട്രീയ നേതൃനിരയിൽ യുവതയുടെ പ്രാതിനിധ്യം എത്രമാത്രമുണ്ടെന്ന ആശങ്കകളും ചർച്ചകളും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അതിനുശേഷവും ഉയർന്നുകേട്ടതാണ്. അരാഷ്ട്രീയതയുടെയും കോർപ്പറേറ്റ് ഇടപെടലുകളുടെയും അപകടവും തലമുറമാറ്റവും രാഷ്ട്രീയ ഇടപെടലുകളിൽ പ്രൊഫഷണലിസത്തിന്റെ അനിവാര്യതയും തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പുരോഗമിച്ച ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങൾ നിശ്ചയമായും വർത്തമാന മലയാളത്തിന്റെ പൊതുബോധത്തെ സൂചിപ്പിക്കുക തന്നെയായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

സർഗാത്മക യുവത്വം കേരളത്തിന്റെ ഭാവി-കെ.എസ്. ശബരീനാഥൻ 

അരുവിക്കര എം.എൽ.എ., യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‌പ്രസിഡന്റ്
കേരള ജനസംഖ്യയിലെ 60 ശതമാനവും 40 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേരളമെന്താണെന്നതും നാളെ കേരളത്തിന്റെ ഭാവിയെന്താകുമെന്നതും നിശ്ചയിക്കുന്നതും ഈ യുവാക്കളാണ്. പൂർണമായി രാഷ്ട്രീയം പഠിക്കാതെയാണ് പലപ്പോഴും യുവാക്കൾ അധികാരത്തിലേക്ക് നേരിട്ടെത്തുന്നത്. എന്നാൽ, നാടിന്റെ ആവശ്യങ്ങളും വികസന കാര്യങ്ങളും രാഷ്ട്രീയവിഷയങ്ങളുമൊക്കെ മനസ്സിലാക്കിക്കൊണ്ട് തദ്ദേശതലംമുതൽ സ്ഥായിയായിട്ടുള്ള വളർച്ചയാണ് യുവാക്കൾക്ക് വേണ്ടത്. കൂടുതൽ യുവാക്കളെ മുഖ്യധാരാ പാർട്ടികൾ നേതൃത്വത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെങ്കിലും എല്ലാവർക്കും സീറ്റ് നൽകുകയെന്നല്ല അതിനർഥം. യുവാക്കളിൽ ജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നത്‌  അവർ മറ്റാരുടെയും രാഷ്ട്രീയച്ചട്ടുകങ്ങളാവില്ല എന്ന വിശ്വാസത്തിലാണ്‌. 

സാമൂഹിക ബോധം വളർത്തണം- ശ്യാം ശങ്കർ എ.ബി.വി.പി. കോഴിക്കോട് ജില്ലാസെക്രട്ടറി

സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി രാജ്യം ആചരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ ആശയങ്ങൾക്ക്‌ വലിയ കാലിക പ്രസക്തിയുണ്ട്. പ്രതിസന്ധിഘട്ടങ്ങളിലാണ് പ്രധാനമായും യുവാക്കൾ സാമൂഹിക ഇടപെടലുകൾ നടത്താറുള്ളത്. കേഡർ സംഘടനകളായ ബി.ജെ.പി.യിലും സി.പി.എമ്മിലും സ്വാഭാവികമായ അധികാരക്കൈമാറ്റം നടക്കുകയും യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, കോൺഗ്രസും മുസ്‌ലിംലീഗും പോലുള്ള സംഘടനകളിൽ ഇത് പലപ്പോഴും ചോദിച്ചുവാങ്ങേണ്ടതായി വരാറുണ്ട്. യുവാക്കൾക്ക്‌ കൂടുതൽ അവസരങ്ങൾ കൊടുത്ത് അവരെ കൂടെനിർത്തുകയും സാമൂഹിക ബോധമുള്ളവർ ആക്കിത്തീർക്കുകയുമാണ്‌ യുവജന സംഘടനകളുടെ ഉത്തരവാദിത്വം.

അധികാരം മാത്രമാവരുത്‌ ലക്ഷ്യം- എസ്.കെ. സജീഷ് ,ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ

ജനാധിപത്യ വേദികളിലെ അധികാരം മാത്രമാണ് യുവജന പ്രാതിനിധ്യമെന്ന് കരുതാനാവില്ല. സമൂഹത്തിൽ യുവാക്കൾക്ക് എത്രമാത്രം ഇടമുണ്ട് എന്നതാണ് പ്രധാനം. യുവത്വം ഏറ്റവും ഊർജസ്വലമായ കാലമാണ്. ചരിത്രപരമായ എല്ലാ വിപ്ലവങ്ങളുടെയും ചുവടുമാറ്റങ്ങളുടെയും പിന്നിൽ യുവാക്കളായിരുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയത്തിലും സ്ഥിതി വ്യത്യസ്തമല്ല. രാഷ്ട്രീയവത്കരിക്കപ്പെടുന്ന യുവത്വമാണ് ജനാധിപത്യ വേദികളിലേക്ക് കടന്നുവരേണ്ടത്. അധികാരംമാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രവർത്തനങ്ങളല്ല യുവാക്കളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. യുവത്വത്തിന്റെ ഊർജം വളരെ പ്രധാനപ്പെട്ടതാണ്. അത് വർഗീയവത്കരിക്കപ്പെടുമ്പോഴും അരാഷ്ട്രീയവത്കരിക്കപ്പെടുമ്പോഴുമാണ് അപകടമാകുന്നത്.

അർഹമായ സ്ഥാനങ്ങൾ വേണം- ടി.പി. അഷ്‌റഫലി ,എം.എസ്.എഫ്. ദേശീയ പ്രസിഡന്റ്

രാഷ്ട്രീയത്തിൽ യുവാക്കൾക്ക് എത്രയൊക്കെ പ്രാതിനിധ്യം ഉറപ്പുവരുത്തിയാലും അവർ നേതൃനിരയിലെത്തുന്നത് ഒരുപരിധിവരെയേ സാധ്യമാകൂ. കാരണം, പ്രായമായവരെ പൂർണമായി ഒഴിവാക്കാൻ നമുക്കാകില്ല. യുവാക്കൾ എല്ലാകാലവും അഭിപ്രായമുള്ളവരാണ്. അതു പറയാനുള്ള വേദിയില്ലാതിരുന്നപ്പോൾ അവർ അരാഷ്ട്രീയവാദികളെന്ന് വിളിക്കപ്പെട്ട് മാറിനിന്നിട്ടുണ്ട്. എന്നാൽ, ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അവർ തങ്ങളുടെ അഭിപ്രായങ്ങളും രാഷ്ട്രീയവും പ്രകടിപ്പിക്കുന്നത്. സമരം ചെയ്യുന്നതും ഖദറണിയുന്നതും മാത്രമല്ല രാഷ്ട്രീയം; അഭിപ്രായമുള്ളവനാകുക, രാഷ്ട്രനിർമാണത്തിൽ പങ്കാളിയാകുക എന്നൊക്കെക്കൂടി അതിനർഥമുണ്ട്.  യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യമുന്നയിക്കുന്നതിൽ തെറ്റൊന്നുമില്ല.