അഭൂതപൂർവമാംവിധം ലോകത്തെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് വൈറസ്. ജീവിതത്തിന്റെ ചലനവും ജീവിതം തന്നെയും ഓരോ മണിക്കൂറിലും അളക്കാനാകാത്തവിധം മാറിമറിയുന്നു. മരണങ്ങൾ ഇനിമേൽ നമ്മളെ ഞെട്ടിക്കില്ല, സങ്കടങ്ങൾ നമ്മളെ തളർച്ചയിലേക്ക് തള്ളിവിടില്ല. ഇനിമേൽ നാം സന്തോഷം തിരഞ്ഞുപോകില്ല, കാരണം, സന്തോഷം പലർക്കുമിപ്പോൾ കൈയെത്താത്തത്രയും ദൂരത്താണ്. എന്നിട്ടും പുറമേയുള്ള തകർച്ചയും നാശങ്ങളും കണ്ടില്ലെന്നു നടിച്ച് നിലവറകൾക്കുള്ളിലിരുന്ന് പണിയെടുക്കുന്ന സംഘടനകളും ആളുകളും ‘മാറ്റം ഒഴിവാക്കാനാവാത്തതാണ്’ എന്നംഗീകരിക്കാൻ തയ്യാറാവുന്നതേയില്ല.

ഇന്ത്യയിൽ, രാജ്യത്തിന്റെ ആത്മാവിനെത്തന്നെ പിടിച്ചുകുലുക്കുന്ന ഒട്ടേറെ സംഭവങ്ങളുണ്ടായി. ഓക്സിജൻ സിലിൻഡറുകൾക്കും ആശുപത്രിക്കിടക്കകൾക്കും പ്രിയപ്പെട്ടവരെ ദഹിപ്പിക്കാനുള്ള ശ്മശാനങ്ങൾക്കുമായി രാജ്യം നെട്ടോട്ടമോടുന്ന സമയത്ത് നിസ്സംഗതയുടെ കുമിളയ്ക്കുള്ളിൽ പണക്കൊഴുപ്പിന്റെയും പ്രശസ്തിയുടെയും ഗ്ലാമറിന്റെയും ഉത്സവമായ ഐ.പി.എൽ. സംഘടിപ്പിച്ചതും നാം കണ്ടു. 

നവോമിയുടെ അനുഭവം പറയുന്നത്

വീണ്ടും ഇത്തരമൊരു വികാരരഹിതമായ നടപടിയുണ്ടായത് ലോകം ഉറ്റുനോക്കുന്ന മറ്റൊരു കായിക ഫെഡറേഷനായ വുമൻസ് ടെന്നീസ് അസോസിയേഷന്റെ (ഡബ്ല്യു.ടി.എ.) ഭാഗത്തുനിന്നാണ്. ലോക ഒന്നാം നമ്പർ താരം നവോമി ഒസാക്ക മാനസിക-വൈകാരികാരോഗ്യ പ്രശ്നങ്ങളാൽ മത്സരാനന്തര മാധ്യമസമ്മേളനങ്ങളിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടപ്പോൾ. പിന്നീട് സംഭവിച്ച കാര്യങ്ങൾ കായികലോകത്ത് വലിയ ഞെട്ടലും അദ്ഭുതവും സഹാനുഭൂതിയുടെ കണികപോലുമില്ലാത്ത സംഘാടകസമിതിയുടെ നിലപാടിൽ അമർഷവുമുണ്ടാക്കി. സാമ്പത്തിക പ്രതിബദ്ധതയോടുള്ള സമിതിയുടെ കണിശത തുറന്നുകാട്ടിയതായിരുന്നു അത്. അപേക്ഷ നിരസിച്ചതോടെ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽനിന്ന് നവോമി ഒസാക്ക പിന്മാറി.

 തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും കടുത്ത ഉത്കണ്ഠാപ്രശ്നങ്ങളെക്കുറിച്ചുമെല്ലാം ടൂർണമെന്റിന്റെ തുടക്കത്തിൽത്തന്നെ സംഘാടകരുമായി ആശയവിനിമയം നടത്തിയിട്ടുപോലുമായിരുന്നു ഇത്. സംഘാടകരുടെ സ്വേച്ഛാധിപത്യപരവും അപ്രിയവുമായ നിലപാടിനെതിരേ സഹകളിക്കാരും തെളിവുകൾ നൽകി കരുത്തും പിന്തുണയുമേകി.

ഉത്‌കണ്ഠകൾക്ക് കല്പിക്കുന്ന വില

ഒസാക്കയുടെ അപേക്ഷ സംഘാടകർ തള്ളിയെന്നു മാത്രമല്ല കരാർ ലംഘിച്ചതിന് പതിനയ്യായിരം ഡോളർ പിഴ വിധിക്കുകയും ചെയ്തു. ഈ പിഴത്തുക ഒസാക്കയ്ക്ക് താങ്ങാനാകുമായിരിക്കും. പക്ഷേ, തങ്ങളുടെ മാനസികാരോഗ്യത്തിനും സമാധാനത്തിനും വേണ്ടി ഇത്രയും തുക പിഴയൊടുക്കാൻ കഴിയാത്ത മറ്റു കളിക്കാരുടെ കാര്യമോ? ഏകാധിപതികളായ ഇത്തരം ഫെഡറേഷനുകൾക്ക് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ അത് ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറുന്നതിനുമുമ്പ്‌ നവോമി ഒസാക്ക പറഞ്ഞ വാക്കുകളുടെ സൗന്ദര്യത്തിൽനിന്നാണ്. ‘‘എന്നെ അറിയാവുന്നവർക്കെല്ലാമറിയാം ഞാനൊരു അന്തർമുഖിയാണെന്ന്. എന്നെ ടൂർണമെന്റുകളിൽ കാണുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും ഉത്കണ്ഠാപ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഞാൻ മിക്കവാറും സമയവും ഹെഡ്ഫോൺ ധരിക്കുന്നത്. ആളുകളോട്‌ സംസാരിക്കാനുള്ള സ്വാഭാവികമായ കഴിവുള്ളയാൾ അല്ല ഞാൻ. ലോകമാധ്യമങ്ങളോടു സംസാരിക്കേണ്ടി വരുമ്പോഴെല്ലാം അതിനുമുമ്പ്‌ വലിയ ഉത്കണ്ഠയിലൂടെ ഞാൻ കടന്നുപോകാറുണ്ട്’’ എന്നാണ് അവർ പറഞ്ഞത്. ഈ വിവാദം തുടരുന്നതിലൂടെ സഹകളിക്കാരുടെ ശ്രദ്ധതിരിക്കാനും താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

ഫെഡറേഷൻ അവളുടെ ആവശ്യത്തിനൊപ്പം നിന്ന് പൂർണപിന്തുണ നൽകുകയും ‘മറ്റെന്തിനെക്കാളും ഞങ്ങൾ വിലമതിക്കുന്നത് കളിക്കാരുടെ മാനസിക-വൈകാരിക-ശാരീരികാരോഗ്യത്തിനാണ്. ആ ക്ഷേമത്തിനെതിരേ ചോദ്യചിഹ്നമുയർത്തുന്ന, അതിന് തടസ്സമാകുന്ന എല്ലാ കാരണങ്ങളെയും ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും പരിഗണിക്കും’ എന്നൊരു പൊതുപ്രസ്താവനയിറക്കുകയും ചെയ്യുന്നുവെന്ന് സങ്കല്പിച്ചുനോക്കൂ. ഫ്രഞ്ച് ഓപ്പൺ ഫെഡറേഷനും ഗ്രാൻഡ്‌സ്ലാമും സംയുക്തമായിറക്കിയ നിർവികാരവും ഉദാസീനവുമായ പ്രസ്താവനയ്ക്കുപകരം ഇങ്ങനെ ചില വരികൾ വായിക്കാനായിരുന്നുവെങ്കിലെന്ന് ചിന്തിക്കുന്ന അനേകർക്കൊപ്പമാണ് ഞാനും. സഹാനുഭൂതിയുടെയും മാനസികാരോഗ്യ സംരക്ഷണത്തിന്റെയും വിഷയങ്ങളിൽ ഇത്തരം അധികാരകേന്ദ്രങ്ങൾ മാതൃകകൾ സൃഷ്ടിക്കുമെന്ന് നമുക്കെങ്ങനെയാണ് പ്രതീക്ഷിക്കാനാകുക.

 2019 മുതൽ 2023 വരെ ഡബ്ല്യു.എച്ച്.ഒ. സ്പെഷ്യൽ ഇനിഷ്യേറ്റീവ് ഫോർ മെന്റൽ ഹെൽത്ത്' ആയി ആചരിക്കുന്നതിന് നടുവിലാണ് ഈ പരമ്പരകളെല്ലാം അരങ്ങേറിയത്. മാനസികാരോഗ്യവും അതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കുന്ന ഭാരം ലോകശ്രദ്ധയിലെത്തിക്കുകയെന്നതാണ് ഈ ഇനിഷ്യേറ്റീവിന്റെ പ്രധാനലക്ഷ്യം. ഒരുവശത്ത്, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം സാമൂഹികവിലക്കുകൾ മറികടക്കാനും നിലവിലെ സ്ഥിതിയെ വെല്ലുവിളിക്കാനുമുള്ള പദ്ധതികളുമായി ആഗോള സംഘടനകൾ മുന്നോട്ടുപോകുമ്പോൾ, മറുവശത്ത് മത്സരാധിഷ്ഠിത ലോകത്തെ സംഘടനകൾ അധഃപതനത്തിലേക്ക് പോകുന്നു.

നിശ്ശബ്ദമായ പകർച്ചവ്യാധിയെ തടയേണ്ടതല്ലേ

ഇതൊരു നിശ്ശബ്ദ പകർച്ചവ്യാധിയായി പരിണമിക്കുംമുമ്പ്‌ എങ്ങനെയാണ് ഞങ്ങൾ മെച്ചപ്പെട്ട ക്ഷേമവും മാനസികാരോഗ്യവും വളർത്തുകയും അതിനായി വാദിക്കുകയും ചെയ്യുക? ശാരീരിക അസുഖങ്ങളും മാരകവ്യാധികളുമുള്ളവരെ അനുകമ്പയോടും സഹാനുഭൂതിയോടും കാണുകയും പിന്തുണ നൽകുകയും ചെയ്യുമ്പോൾ മാനസിക പ്രശ്നങ്ങളുള്ളവരെ അതേരീതിയിൽ പരിഗണിക്കുന്നത് അപൂർവമായേ നാം കാണാറുള്ളൂ. മാനസിക-വൈകാരിക പ്രക്ഷുബ്ധതയാൽ അവർ പലപ്പോഴും ഭ്രഷ്ടരാക്കപ്പെടുന്നു. അതോടെ സാമൂഹിക ഉത്തരവാദിത്വങ്ങളിൽനിന്ന്‌ അവർ സ്വയം പിൻവലിയാൻ തുടങ്ങും. അതുകൊണ്ടുതന്നെ, മാനസികബുദ്ധിമുട്ടുകളനുഭവിക്കുന്നവർ അവരുടെ മാനസികനിലയെക്കുറിച്ച് തുറന്നുപറയാൻ കൂടുതൽ വിമുഖത കാണിക്കുന്നു.

പ്രശ്നങ്ങൾ ഉള്ളിൽ അടക്കിവെക്കാതെ തുറന്നുപങ്കുവെക്കാൻ കഴിയുന്ന രീതിയിലാകണം മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളും ധാരണകളും സംഭാഷണങ്ങളുമെല്ലാം നയിക്കേണ്ടത്. കുറ്റപ്പെടുത്തലുകളിൽ മനസ്സുമുറിയാതെ തങ്ങളുടെ മാനസിക-വൈകാരിക പ്രക്ഷുബ്ധത തുറന്നുപറയാനാകണം. അക്കാര്യത്തിലുള്ള പിന്തുണയും പ്രോത്സാഹനവും ലഭിക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനും ഇക്കാര്യങ്ങളിൽ പൊതുചർച്ച ഉയരാനും ഫ്രഞ്ച് ഓപ്പൺ സംഭവം വഴി​യൊരുക്കട്ടെ.

സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന സോഷ്യോ സംഘടനയുടെ സ്ഥാപകയാണ്‌ ലേഖിക.    
aparna@zocio.net