ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലെ ഉടമ്പടികൾക്ക് അല്പായുസ്സാണ് വിധിയെന്ന് മ്യാൻമാറിന്റെ ചരിത്രം ഓർമിപ്പിക്കുന്നു. 1948-നുശേഷം ഇത് നാലാം തവണയാണ് രാജ്യത്തെ ഭരണസംവിധാനം പട്ടാള അട്ടിമറിക്ക് വിധേയമാകുന്നത്. അന്താരാഷ്ട്ര തലത്തിലെ കടുത്ത സമ്മർദത്തെത്തുടർന്നാണ് കഴിഞ്ഞതവണ ജനാധിപത്യവാദികളുമായി ചർച്ചനടത്താൻ സൈനികനേതൃത്വം തയ്യാറായത്. അതിനുവേണ്ടി നീണ്ട 15 വർഷം ആങ് സാൻ സ്യൂചിയെന്ന നേതാവിന് വീട്ടുതടങ്കലിൽ കഴിയേണ്ടിവന്നു. 

വിഷമംപിടിച്ച ഒത്തുതീർപ്പു വ്യവസ്ഥകളും കുടിലതകൾ ഒളിപ്പിച്ച ഭരണഘടനയുമായിരുന്നു അന്നത്തെ ചർച്ചകളുടെ ഫലം. അധികാര ശ്രേണിയിലെ ഓരോ കണ്ണിയിലും സൈന്യം അതിന്റെ പിടിത്തമുറപ്പിച്ചാണ് ഒത്തുതീർപ്പിലെത്തിയത്. പാർലമെന്റിലേക്ക് 166 അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരവും പ്രതിരോധം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ നിയന്ത്രണവും സൈനികനേതൃത്വം സ്വന്തംകൈകളിൽ ഭദ്രമാക്കി. നൊബേൽ ജേത്രികൂടിയായ ആങ് സാൻ സ്യൂചി ഭരണതലപ്പത്ത് വരരുതെന്നും അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഭർത്താവും കുട്ടികളും വിദേശപൗരത്വമുള്ളവരാണെന്ന സാങ്കേതികത്വം പറഞ്ഞ് സ്യൂചിയെ പ്രസിഡന്റ് പദത്തിൽനിന്ന് അകറ്റിനിർത്തി. 

സ്യൂചിയും സൈന്യവും
സമ്പൂർണ ജനാധിപത്യത്തിലേക്ക് ക്രമേണയുള്ള ചുവടുവെപ്പ് മുന്നിൽക്കണ്ടാണ് സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി 2015 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്. വലിയ വിജയം നേടാനും അധികാരത്തിലെത്താനും അവർക്ക് സാധിച്ചു. പിന്നെയും ഏറെനാൾ സ്യൂചിയെ അധികാരക്കസേരയിൽനിന്ന് മാറ്റിനിർത്താൻ സൈന്യത്തിന് സാധിച്ചില്ല. 2016 ഏപ്രിലിൽ പ്രധാനമന്ത്രിക്ക് സമാനമായ സ്റ്റേറ്റ് കോൺസലർ എന്ന പുതിയ പദവിയിൽ സ്യൂചി അഭിഷിക്തയായി. പുരോഗമനപരമായ മാറ്റങ്ങളെത്തുടർന്ന് അന്താരാഷ്ട്ര ഉപരോധങ്ങളിൽനിന്ന് മ്യാൻമാറിന് മുക്തിനേടാൻ സാധിച്ചു.
എന്നാൽ, അതിനുശേഷം സ്യൂചിയുടെ നിലപാടുകളിൽ പ്രകടമായ മാറ്റങ്ങൾ, അവർക്ക് ലോകമെമ്പാടുമുള്ള മനുഷ്യാവകാശവാദികളായ ആരാധകരെയും അഭ്യുദയകാംക്ഷികളെയും അമ്പരപ്പിച്ചു. ന്യൂനപക്ഷ റോഹിംഗ്യൻ മുസ്‌ലിങ്ങളെ വംശീയ ഉന്മൂലനം ചെയ്യുന്ന സൈനിക നടപടികളോട് സ്യൂചി സമരസപ്പെട്ടു. വിഷയം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നിലെത്തിയപ്പോൾ, സകല എതിർപ്പുകളെയും അവഗണിച്ച് സ്യൂചിതന്നെ നേരിട്ടെത്തി സൈന്യത്തിനുവേണ്ടി വാദിച്ചു. രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗത്തിനിടയിൽ സ്യൂചിക്ക് സ്വീകാര്യത വർധിപ്പിക്കാനായി. അവരുടെ മനസ്സിൽ ജനകീയ ഭരണത്തോട് ആഴത്തിൽ പതിഞ്ഞ അഭിനിവേശം 2020-ലും സ്യൂചിക്ക് വലിയ വിജയം സമ്മാനിച്ചു. 80 ശതമാനം വോട്ടാണ് എൻ.എൽ.ഡി. നേടിയത്. 

സ്യൂചിയുടെ സർക്കാരിന് ജനങ്ങളിൽ സ്വാധീനം വർധിക്കുന്നതുതന്നെയാണ് സൈനിക നേതൃത്വത്തിന് പന്തികേടായി തോന്നിയതും. ഇങ്ങനെപോയാൽ ഭരണത്തിലുള്ള കടിഞ്ഞാൺ കൈവിട്ടുപോകുമെന്ന് അവർ കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്നാണ് സൈന്യം അട്ടിമറിയെ ന്യായീകരിക്കുന്നത്. പക്ഷേ, വിശ്വസനീയമായ തെളിവുകൾ നൽകാൻ സാധിച്ചിട്ടില്ല. രാജ്യത്ത് ഒരുവർഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോടകം ആങ് സാൻ സ്യൂചിയടക്കം ഒട്ടേറെ നേതാക്കളെ തടവിലാക്കിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ അധികാരം കേന്ദ്രീകരിക്കാനാകും സൈന്യത്തിന്റെ ശ്രമം. കാര്യങ്ങൾ നിയന്ത്രണവിധേയമായി എന്നു ഉറപ്പിച്ചശേഷം ചിലപ്പോൾ നേതാക്കളെ മോചിപ്പിച്ചേക്കാം. പക്ഷേ, അതിനുള്ളിൽ ഭരണഘടനയിൽ തങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകും. ഉടനെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൈന്യം പറയുന്നുണ്ട്. എന്നാൽ, ഈ ഘട്ടത്തിൽ ഏകാധിപത്യത്തിന്റെ വാഗ്ദാനങ്ങളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. 

ഇന്ത്യ എന്തുചെയ്യണം
പുതിയ സംഭവവികാസങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കുന്നുണ്ട്. ചൈനയാണ് മ്യാൻമാറിന്മേൽ ഏറ്റവും സ്വാധീനമുള്ള രാജ്യം. രാഷ്ട്രീയ അനിശ്ചിതാവസ്ഥ ആഭ്യന്തരമായി പരിഹരിക്കണമെന്നും ഭരണസ്ഥിരത കൈവരിക്കണമെന്നുമാണ് ബെയ്ജിങ്ങിൽ നിന്നുള്ള പ്രതികരണം. യു.എൻ. സുരക്ഷാസമിതിയിൽ പട്ടാള അട്ടിമറിയെ അപലപിച്ചുകൊണ്ട് യു.കെ. അവതരിപ്പിച്ച പ്രമേയത്തെ ചൈനയും റഷ്യയും എതിർത്തു. വിഷയം പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഇരുരാജ്യവും നിലപാടെടുത്തത്. ഇന്ത്യയെ സംബന്ധിച്ച് വളരെ കരുതലോടെ നീങ്ങേണ്ട സാഹചര്യമാണിത്. മ്യാൻമാർ കൂടുതൽ ചൈനീസ് വിധേയത്വത്തിലേക്ക് പോകാതെ ശ്രദ്ധിക്കണം.
എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ എന്തെങ്കിലും അഭിപ്രായം പറയുക എന്നത് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് വിഷമംപിടിച്ച സംഗതിയാണ്. സ്വന്തം ജനങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് പഴികേൾക്കുന്ന അവസ്ഥയിൽ മ്യാൻമാറിന്റെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കേണ്ടിവരും. ലോകമെമ്പാടുമുള്ള ജനാധിപത്യവാദികൾക്ക് ഉറക്കെക്കരയാം. ഇത് ഏകാധിപതികളുടെയും സൈനിക ഭരണാധികാരികളുടെയും അധികാരകേന്ദ്രീകരണത്തിന്റെയും നല്ലനാളുകളാണ്!

എഴുത്തുകാരനും നയതന്ത്രജ്ഞനുമായ ലേഖകൻ നെതർലൻഡ്‌സ്‌ അംബാസഡറായിരുന്നു

Content Highlight;  Myanmar military coup