ഒരു അപകടം ഉണ്ടായാൽ നാട്ടുകാരെല്ലാം ഓടിയെത്തുന്നതും കിട്ടുന്ന ആദ്യത്തെ വാഹനത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുന്നതും ഒക്കെയാണ് കേരളത്തിലെ രീതി. തെറ്റായ കാര്യമാണ് ഇത്.  ശരിയായ രീതി എന്താണെന്ന് പറയാം. അപകടം നടന്ന സ്ഥലത്ത് മറ്റാരും ഇല്ലെങ്കിൽ അപകടത്തിൽപ്പെട്ടവരുടെ അടുത്ത് എത്തുക. അവർ റോഡിന്റെ നടുക്ക് ഇനി കൂടുതൽ അപകടം വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആണെങ്കിൽ ആ വഴി വരുന്ന ട്രാഫിക്കിന് മുന്നറിയിപ്പുനൽകാനുള്ള നടപടികൾ ചെയ്യുക (നമ്മുടെ കാറിന്റെ ഹസാഡ് ലൈറ്റ് ഇട്ടു​െവക്കുന്നതുൾ​െപ്പടെ). പരിക്കേറ്റ ആളെ സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് മാറ്റാൻ പറ്റുമെങ്കിൽ അത് ചെയ്യുക (പരിക്കേറ്റ ആൾക്ക് എഴുന്നേൽക്കാൻ വയ്യെങ്കിൽ നിർബന്ധിച്ച് എഴുന്നേൽപ്പിക്കുകയോ കൈകൊണ്ട് കോരി എടുക്കുകയോ ഒന്നും ചെയ്യരുത്).  
 ഉടൻ തന്നെ  പോലീസിനെ, ഫയർഫോഴ്‌സിനെ അല്ലെങ്കിൽ ആശുപത്രി/ആംബുലൻസ് ഇവയെ വിളിക്കുക. കേരളത്തിലെ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ രക്ഷാസംവിധാനങ്ങളെ വിളിച്ചറിയിക്കുന്നതാണ് ബുദ്ധി. നമ്മൾ നിൽക്കുന്ന സ്ഥലം, നമ്മുടെ നമ്പർ, എത്ര പേർ അപകടത്തിൽപ്പെട്ടു ഇതൊക്കെ കൃത്യമായി പറയണം.

അപകടത്തിൽപ്പെട്ടവർക്ക് ബോധമുണ്ടെങ്കിൽ അവരോട് സംസാരിക്കണം. ‘‘പേടിക്കേണ്ട, സഹായം വേഗം എത്തും, അതുവരെ നമ്മൾ അവിടെ നിന്നും പോകില്ല’’ എന്ന് ഉറപ്പുനൽകുക.  അവരുടെ പേര്, ബന്ധുക്കളുടെ പേര്, ഫോൺ നമ്പർ ഇതൊക്കെ ചോദിച്ചു മനസ്സിലാക്കണം. അവർക്ക് ഏറെ പരിക്കുപറ്റിയിട്ടുണ്ടെങ്കിൽ ബോധംമറയാതിരിക്കാൻ അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്.
അപകടസ്ഥലത്ത് ആളുകൂടിയാൽ പരിക്കേറ്റവരുടെ ചുറ്റും വെറുതേ കൂടിനിൽക്കുന്നത്, ഫോട്ടോയെടുക്കുന്നത്, അപകടത്തിൽ പെട്ടവരുടെ എന്തെങ്കിലും വസ്തുക്കൾ അടിച്ചുമാറ്റുന്നത് ഇതൊക്കെ തടയാൻ ശ്രമിക്കണം.

അപകടത്തിൽപ്പെട്ടവരോട് വെള്ളം കുടിക്കാൻ പറയുക, എണീച്ചുനിൽക്കാൻ പറയുക, സ്വന്തം വണ്ടിയിലോ ആദ്യം വരുന്ന വണ്ടിയിലോ  ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക എന്നിങ്ങനെ പ്രത്യക്ഷത്തിൽ പരോപകാരം ചെയ്യുന്നവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കണം. ആംബുലൻസ് വരാൻ പത്തു മിനിറ്റു വൈകിയാലും പരിക്കേറ്റവരെ തെറ്റായി കൈകാര്യം ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. (ഇക്കാര്യമൊക്കെ പറഞ്ഞാൽ നാട്ടുകാരുടെ െെകയിൽനിന്ന്‌ അടികിട്ടാൻ വഴിയുണ്ട്,  (ദുരന്ത)ശ്രീ  മുരളി തുമ്മാരുകുടി പറഞ്ഞതാണ് എന്നുപറഞ്ഞുനോക്കുക, കുറച്ചു മയം കിട്ടിയേക്കാം. അല്ലെങ്കിലും ശരിയായ കാര്യം ചെയ്യുന്നതിന് രണ്ടു തല്ലുകൊള്ളുന്നത് നല്ലതാണ്.)
ഔദ്യോഗിക രക്ഷാപ്രവർത്തകർ എത്തിയാൽ അവരോട് നമുക്കറിയാവുന്ന കാര്യങ്ങൾ പറയുക, ബാക്കിയുള്ള കാര്യങ്ങൾ  അവർ  കൈകാര്യം ചെയ്യട്ടെ. ബന്ധുക്കളെ നേരിട്ട്  വിളിച്ചറിയിക്കാൻ  പറ്റിയാൽ അത് നല്ലകാര്യം ആണ്. ഇല്ലെങ്കിൽ ആക്കാര്യവും രക്ഷാപ്രവർത്തകരോട് പറയുക.

ഇതിൽ കൂടുതലായി പരിക്കേറ്റവരുടെ കൂടെ ആശുപത്രിയിൽ പോകുന്നതും ബന്ധുക്കൾ വരുന്നതുവരെ കാര്യങ്ങൾ നോക്കുന്നതും എല്ലാം ശരിയായ കാര്യമാണ്, പക്ഷേ, നിർബന്ധമുള്ളതല്ല. സുരക്ഷാസംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ അപകട സ്ഥലത്ത് മറ്റാളുകളുണ്ടെന്നുകണ്ടാൽ നിർത്താതെ പോകുന്നതാണ് ശരി. അതിൽ ഒരു വിഷമം തോന്നേണ്ടതില്ല.
 നമ്മുടെ രാജ്യത്ത് പരിക്കേറ്റവരെ തെറ്റായി കൈകാര്യംചെയ്യാൻ സാധ്യതയുള്ളതിനാൽ മറ്റാളുകളുണ്ടെങ്കിലും നമ്മൾ ഇടപെടുന്നതിൽ തെറ്റില്ല. പക്ഷേ, ശരിയായി ഇടപെടാൻ കഴിവും താത്‌പര്യവുമുണ്ടെങ്കിൽ മാത്രമേ ഓടിക്കൂടേണ്ടതുള്ളൂ. ആ വാഹനത്തിന് ചുറ്റും നിൽക്കുന്നവരും വാഹനത്തിൽ കയറിയിരിക്കുന്നവരും ഒക്കെ അപകടത്തിൽപ്പെട്ടവർക്ക് ദ്രോഹം ചെയ്യുന്നവർ ആണ്. അങ്ങനെയാകരുത്. സീരിയസ് ആയ അപകടം നേരിൽ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കണ്ട അപകടത്തെപ്പറ്റി ഏറ്റവും അടുത്തവരോട് സംസാരിക്കണം, രാത്രി നമുക്ക് പേടി തോന്നുകയോ ദുഃസ്വപ്നം കാണുകയോ ഒക്കെ ചെയ്താൽ പ്രൊഫഷണൽ കൗൺസലിങ് സഹായം തേടണം. നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പർ ഹ്യൂമൻ അല്ല. 

പ്രഥമശുശ്രൂഷ

കേരളത്തിലെ ഔദ്യോഗിക പ്രഥമശുശ്രൂഷാസംവിധാനങ്ങൾ ഇപ്പോഴും അത്ര പുരോഗമിച്ചിട്ടില്ല, അതുകൊണ്ടു തന്നെ റോഡപകടം ഉണ്ടായാൽ അത്യാവശ്യം പ്രഥമശുശ്രൂഷ ഒക്കെ എല്ലാവരും അറിഞ്ഞിരിക്കണം. ഇത് ഡ്രൈവിങ് പരിശീലനത്തിന്റെ ഭാഗമാക്കണം. പ്രൊഫഷണൽ ആയ ഡ്രൈവർമാർക്ക് (ഓട്ടോ, ടാക്സി, ഉബർ, മറ്റു കൊമേഴ്‌സ്യൽ വാഹനങ്ങൾ) ഇത് നിർബന്ധമാക്കുകയും ഓരോ രണ്ടു വർഷത്തിലും റിഫ്രഷർ കോഴ്‌സ് നൽകുകയും വേണം. 

ആംബുലൻസ് സംവിധാനം

കേരളത്തിലെ ആംബുലൻസ് സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആർക്കും ഏതു വാഹനവും ആംബുലൻസാക്കി, ഒരു പരിചയവും ഇല്ലെങ്കിലും സർവീസ് നടത്താമെന്നുമുള്ള രീതിയുണ്ട്. ഇതനുവദിക്കരുത്. ആംബുലൻസ് ഓടിക്കുന്നവരും റോഡിന്റെ അടിസ്ഥാന നിയമങ്ങൾക്കുള്ളിൽ മാത്രമേ വാഹനങ്ങളോടിക്കാൻ പാടുള്ളൂ. വാഹനത്തിൽ രോഗിയുള്ളതുകൊണ്ട് ട്രാഫിക്നിയമങ്ങൾ ബാധകമല്ല എന്നൊരു തോന്നൽ ആളുകൾക്കും ഡ്രൈവർമാർക്കുമുണ്ട്. തെറ്റാണത്‌. ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ എല്ലാ മുൻകരുതലുകളും ആംബുലൻസുകാർ വേണം.

രാത്രി യാത്ര ഒഴിവാക്കണം

രാത്രി പത്തുമണി മുതൽ രാവിലെ ആറു മണിവരെ ഉള്ള യാത്രകൾ ഒഴിവാക്കണം. നമ്മൾ എത്ര ശ്രദ്ധയോടെ ഓടിച്ചാലും റോഡിലെ മറ്റു യാത്രക്കാരുടെ പെരുമാറ്റം എങ്ങനെയാണെന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ല. ഉറക്കംവരുന്നത്, മദ്യപിക്കുന്നത്, വഴി തെറ്റുന്നത്, ഇതൊക്കെ രാത്രിയിലാണ് കൂടുതൽ പറ്റുന്നത്. അതുകൊണ്ട് തന്നെയാണ് രാത്രിയിൽ ശരാശരി അപകടങ്ങൾ കൂടുന്നതും.സുരക്ഷിതരായിരിക്കുക .

കൗൺസലിങ്‌ നിർബന്ധം

നമ്മുടെ പ്രശാന്ത് ബ്രോ (മുൻ കളക്ടർ) ആഭ്യന്തരമന്ത്രാലയത്തിൽ ഇരുന്ന കാലത്ത് ഒരു നിർദേശംെവച്ചിരുന്നു. ലൈസൻസ് കിട്ടുന്നതിനുമുമ്പ്‌ ഒരുദിവസം ഡ്രൈവിങ്‌ ലൈസൻസിന് അപേക്ഷിച്ചവരെ ആക്സിഡന്റ് എമർജൻസി വാർഡുകളിലും ന്യൂറോ റീഹാബിലിറ്റേഷൻ സെന്ററിലും പരിചയപ്പെ
ടുത്തലിനായി കൊണ്ടുപോകണം എന്ന്. ‘ഇന്നുഞാൻ നാളെ നീ’ എന്ന് അപകടത്തിൽപ്പെട്ടവർ അവരോട് പറയാതെ പറയുമല്ലോ. സത്യത്തിൽ ചെയ്യേണ്ട കാര്യമാണത്‌. ലൈസൻസ് കിട്ടുന്നതിനു മുമ്പും അപകടമുണ്ടായാലും ലൈസൻസ് കാൻസൽ ചെയ്തു തിരിച്ചുകിട്ടുന്നതിന് മുമ്പും ഒക്കെ പ്രൊഫഷണൽ കൗൺസലിങ്‌ നടത്തണം.

(അവസാനിച്ചു)

(ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതിയിൽ ദുരന്ത-അപകട സാധ്യതാ ലഘൂകരണ വിഭാഗം തലവനാണ്‌ ലേഖകൻ)

Content Highlights: Muralee Thummarukudy Writes About Road Accidents in Kerala