ഒരു റോഡപകടത്തിൽ പരിക്കേറ്റവരെയും ബന്ധുക്കളെയുമായിപ്പോയ ആംബുലൻസും മീൻകയറ്റിവന്ന വണ്ടിയും കൂട്ടിയിടിച്ച് പാലക്കാട് തണ്ണിശ്ശേരിയിൽ എട്ടുപേരാണ് മരിച്ചത്. എങ്ങനെയാണ് അപകടമുണ്ടായത്, എന്തുകൊണ്ടാണ് ഒരാംബുലൻസിൽ എട്ടുപേരുണ്ടായിരുന്നത് എന്നുള്ളതിനൊന്നും തത്‌കാലം മറുപടിയില്ല. ഇത്തരം ചോദ്യങ്ങളൊക്കെ അന്വേഷിക്കണം, ഉത്തരങ്ങൾ അറിയണം, പാഠങ്ങൾ പഠിക്കണം. പക്ഷേ, ഒരു കാര്യം നമുക്ക് ഇപ്പോഴേ അറിയാം ഒരപകടത്തിൽ അഞ്ചോ അതിലധികമോ പേർ മരിക്കുന്നത് കേരളത്തിൽ അത്ര സാധാരണം അല്ലെങ്കിലും ഓരോ ദിവസവും പത്തിലധികം പേർ കേരളത്തിൽ റോഡപകടത്തിൽ മരിക്കുന്നുണ്ട്. കേരള പോലീസിന്റെ കണക്കനുസരിച്ച് 2018-ൽ നാല്പത്തിയയ്യായിരം റോഡപകടങ്ങളാണ് കേരളത്തിലുണ്ടായത്, അതായത് ഒരുദിവസം നൂറിന് മുകളിൽ. അതിൽ നാലായിരത്തിമുന്നൂറ്റിമൂന്നുപേരാണ് മരിച്ചത്, അതായത് ശരാശരി ദിവസം പതിനൊന്നുപേർ. ഇതിലും എത്രയോ ഇരട്ടിപ്പേർ നടുവൊടിഞ്ഞും തലപൊട്ടിയും ആജീവനാന്തം ജീവച്ഛവങ്ങളായിക്കഴിയുന്നു. 
 

ഇച്ഛാശക്തിവേണം, തീരുമാനങ്ങളും

ഒരുവർഷത്തിൽ ഒരുലക്ഷത്തിൽ നാലുപേരിൽ കുറവ് ആളുകൾ മരിക്കുന്ന ഒട്ടേറെ നാടുകൾ ലോകത്തുണ്ട്. അതായത് ഇന്ന് നമുക്ക് ലഭ്യമായ സംവിധാനങ്ങൾവെച്ച് തന്നെ നമ്മുടെ മരണസംഖ്യ ഇപ്പോഴത്തേതിൽ പകുതിയിലും താഴെയാക്കാം. ഒരു വർഷത്തിൽ റോഡിൽ നടക്കുന്ന മരണങ്ങൾ നാലായിരത്തിൽ നിന്നും രണ്ടായിരത്തിൽ താഴെ ആക്കാം. ഒരു വർഷം രണ്ടായിരം മരണങ്ങൾ നമുക്ക് ഒഴിവാക്കാം, അതായത് ഏതൊരു മന്ത്രിസഭയുടെയും ഭരണകാലത്ത് പതിനായിരം മലയാളികളുടെ ജീവൻ നമുക്ക് രക്ഷിച്ചെടുക്കാം. ഇതിനൊെക്ക പണം വേണം, നല്ല റോഡ് വേണം, ആംബുലൻസ് വേണം നല്ല ആശുപത്രി വേണം  എന്നൊക്ക ചിന്തിക്കുന്നവരാണ് അധികവും. ഇത് സത്യമല്ല. പണത്തിന് ക്ഷാമമില്ലാത്തതും നല്ല റോഡുകളുള്ളതുമായ എത്രയോ രാജ്യങ്ങളിൽ മരണനിരക്ക് നമ്മുടേതിലും കൂടുതലാണ്. റോഡ് സുരക്ഷ പണം കൊണ്ടല്ല നേടേണ്ടത്. 

നമുക്കു വേണ്ടത് ആദ്യമായി നമ്മുടെ റോഡുകൾ കൊലക്കളങ്ങളായി എന്നംഗീകരിക്കുകയാണ്. രണ്ടാമത് അതിനെപ്പറ്റി നമുക്കെന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് വിശ്വസിക്കുകയാണ്. അടുത്ത അഞ്ചുവർഷത്തിനകം മരണനിരക്ക് ഇപ്പോഴത്തേതിന്റെ പകുതിയാക്കും എന്ന് സർക്കാർ ശക്തമായ തീരുമാനമെടുക്കുകയാണ്, അതിനുവേണ്ടി ഒരു കർമപദ്ധതിയുണ്ടാക്കുകയാണ്. ആ കർമ പദ്ധതി സാക്ഷരതാപദ്ധതി പോലെ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ്. ഇത്രയും ആദ്യമേ ചെയ്തു കഴിഞ്ഞാൽ പിന്നെയുള്ള കാര്യങ്ങൾ എളുപ്പമാണ്.

മോശം പഠനം

ഡ്രൈവിങ് പഠനത്തിൽനിന്ന് തുടങ്ങാം. തൊണ്ണൂറ്റിയഞ്ചു ശതമാനം അപകടങ്ങളും ഉണ്ടാക്കുന്നത് ഡ്രൈവർമാരാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പഠനത്തിൽനിന്നാണ് റോഡ് സുരക്ഷാപദ്ധതികൾ തുടങ്ങേണ്ടത്. കേരളത്തിലെ ഡ്രൈവിങ് സ്കൂളുകൾ പണ്ടത്തേതിൽനിന്ന്‌ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്, മറ്റു സംസ്ഥാനങ്ങളെക്കാൾ നല്ലതുമാണ്. എന്നാലും തികച്ചും ആധുനികമായതും പ്രൊഫഷണലായതുമായ ഡ്രൈവിങ് സ്കൂളുകൾ ഇന്നും നമുക്കില്ല. ഒന്നോ രണ്ടോ വാഹനങ്ങളും ഒരു മൂത്താശാനും കുറച്ചു സഹായികളും ഒക്കെയുള്ള ചെറുകിട വ്യവസായം തന്നെയാണ് ഇപ്പോഴും കേരളത്തിലെ ബഹുഭൂരിപക്ഷം ഡ്രൈവിങ് സ്കൂളുകളും. ഡ്രൈവിങ് പഠിക്കാൻ വരുന്നവർക്ക് ഏറ്റവും വേഗത്തിൽ ഡ്രൈവിങ്‌ ലൈസൻസ് എടുത്തുകൊടുക്കുകയെന്നതാണ് അവർ അവരുടെ ഉത്തരവാദിത്വമായി കാണുന്നത്, പഠിക്കാൻ വരുന്നവർക്കും അതു തന്നെയാണ് ഇഷ്ടം. അതുകൊണ്ടുതന്നെ ഡ്രൈവിങ് പരീക്ഷ പാസാകാൻവേണ്ട മിനിമം മണിക്കൂറുകൾ ഓടിക്കുകയും മിനിമം ടെക്‌നിക്കുകൾ പഠിപ്പിക്കുകയും ആണ് അവർ ചെയ്യുന്നത്. സാധാരണ റോഡുകളിൽ പകൽ വണ്ടിയോടിച്ചാണ് ഡ്രൈവിങ് പഠിപ്പിക്കുന്നതും പരീക്ഷിക്കുന്നതും. രാത്രിയിൽ, മഴ പെയ്യുമ്പോൾ, ചെളിയുള്ള വഴിയിൽ, ഹൈറേഞ്ചിൽ ഒക്കെ ഒന്ന് വണ്ടിയോടിച്ചു നോക്കിയിട്ടുവേണം പരീക്ഷയ്ക്കുപോകാൻ എന്ന് ഡ്രൈവിങ് സ്കൂളുകൾ ചിന്തിക്കാറുണ്ടോ? അതേസമയംതന്നെ ഡ്രൈവിങ്‌ ലൈസൻസ് കിട്ടിയാൽ പിറ്റേന്നു മുതൽ പകലോ രാത്രിയിലോ ബീച്ചുമുതൽ ഹൈറേഞ്ചുവരെ എവിടെയും ഓടിക്കാനുള്ള അവകാശം ലൈസൻസ് കിട്ടിയവർക്കുണ്ട്. അതുകൊണ്ട് ഇത്തരം ഡ്രൈവിങ് സ്കൂളുകളൊക്കെ മാറ്റി ആധുനിക ഡ്രൈവിങ് സ്കൂളുകളുണ്ടാക്കണം, തിയറിയും സിമുലേറ്ററുമൊക്കെ കൊണ്ടുവരണം. 

നമ്മുടെ ഓരോ ജില്ലയിലും പൂട്ടിപ്പോകുന്ന ഒരു എൻജിനീയറിങ് കോളേജെങ്കിലും ഇപ്പോഴുണ്ട്. ഇവയെ നമുക്ക് അധുനിക ഡ്രൈവിങ്‌സ്കൂളാക്കി മാറ്റാം. ലൈസൻസ് എടുക്കുക മാത്രമല്ല ‘യന്ത്രങ്ങളുടെ പ്രവർത്തനം’ ഒക്കെ ആളുകൾ പഠിക്കട്ടെ.  പുതിയതരം ഡ്രൈവിങ്ങിന്റെ അടിസ്ഥാനപരമായ പാഠം ‘പ്രതിരോധപരമായ ഡ്രൈവിങ്‌’ (defensive driving) ആണ്. അതായത്, റോഡിന്റെയോ കാലാവസ്ഥയുടെയോ റോഡുപയോഗിക്കുന്ന മറ്റാളുകളുടെ പെരുമാറ്റം നമുക്ക് നിയന്ത്രിക്കാൻ പറ്റുന്നതല്ല എന്നും അതുകൊണ്ടുതന്നെ അവ അപകടമുണ്ടാക്കാനുള്ള സാധ്യത നമ്മൾ മുൻകൂട്ടിക്കണ്ട് സുരക്ഷിതമായി ഡ്രൈവ് ചെയ്തു പഠിക്കണം എന്നതുമാണ് ആ ശാസ്ത്രം. മുമ്പിൽ പോകുന്ന വാഹനത്തിൽ നിന്നും നമ്മുടെ വേഗമനുസരിച്ചു രണ്ടു സെക്കൻഡ് സമയത്തിന്റെ ദൂരം പാലിക്കുന്നത്, മഴ പെയ്താൽ സ്വയം വേഗം കുറയ്ക്കുന്നത്, പകൽ പോലും വാഹനത്തിന്റെ ലൈറ്റ് ഓൺ ചെയ്തിടുന്നത് (അത് നിയമവിരുദ്ധം അല്ലാത്ത നാടുകളിൽ) എല്ലാം ഇത്തരം പ്രതിരോധ ഡ്രൈവിങ്ങിന്റെ ഭാഗമാണ്. 

വേണ്ടത് നിബന്ധനകൾ

‘ഗ്രേഡഡ് വേ ഇൻ ഗ്രേഡഡ് വേ ഔട്ട്’ എന്നതാണ് ആധുനിക ഡ്രൈവിങ് ലൈസൻസിങ്ങിന്റെ തത്ത്വശാസ്ത്രം. പുതിയതായി ലൈസൻസ് കൊടുക്കുമ്പോൾ ഒന്നോ രണ്ടോ വർഷം പ്രൊബേഷൻ കൊടുക്കുന്നതുപോലെ തന്നെ വണ്ടി ഓടിക്കുന്നവർ തെറ്റ് കാണിച്ചാൽ ലൈസൻസ് പതുക്കെ നഷ്ടപ്പെടുന്ന സംവിധാനവും ഉണ്ടാകും. ഡ്രൈവിങ് ലൈസൻസ് കൊടുക്കുമ്പോൾ ആദ്യത്തെ രണ്ടു വർഷത്തേക്ക് ചില നിബന്ധനകൾ െവക്കുന്നത് പല രാജ്യങ്ങളിലും പതിവാണ്. ഉദാഹരണത്തിന് ലൈസൻസ് കിട്ടി ആദ്യത്തെ ഒരു വർഷം  സ്പീഡ് ലിമിറ്റിന്റെ എൺപത് ശതമാനത്തിലേ പോകാവൂ, രാത്രി ഡ്രൈവ് ചെയ്യരുത്,  ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ളവർ ആണെങ്കിൽ സമപ്രായക്കാർ മാത്രമായി വാഹനം ഓടിക്കരുത്, ഹൈറേഞ്ചിലേക്ക് വാഹനം ഓടിക്കരുത് എന്നൊക്കെ കേരളത്തിൽ നിബന്ധനകൾ െവക്കാവുന്നതാണ്.

ലൈസൻസ് പോകുന്നതും  എളുപ്പമാകണം

വണ്ടി ഓടിക്കുന്നവർ തെറ്റ് കാണിച്ചാൽ ലൈസൻസ് പതുക്കെ നഷ്ടപ്പെടുന്ന സംവിധാനവും ഉണ്ടാകും.  റോഡിലെ ഓരോ പിഴവിനും (പത്തുശതമാനം ഓവർ സ്പീഡിൽ പോവുക, റെഡ് ലൈറ്റ് ലംഘിക്കുക, അശ്രദ്ധയോടെ ലൈൻ കട്ട് ചെയ്യുക, ഡിം ചെയ്യാതെ രാത്രി വണ്ടി ഓടിക്കുക) ഡ്രൈവറുടെ മേൽ രണ്ടോ മൂന്നോ പെനാൽറ്റി പോയന്റുകൾ വരും. പത്തുവർഷത്തിൽ പത്തു പോയന്റിൽ കൂടുതൽ കിട്ടിയാൽ ലൈസൻസ് ഗോപി!. വികസിത രാജ്യങ്ങളിൽ അല്പം റീട്രെയ്‌നിങ്ങും കുറച്ചു കൗൺസലിങ്ങും നടത്തിയാൽ ലൈസൻസ് തിരിച്ചുകിട്ടും കേരളത്തിലെ സാഹചര്യത്തിൽ ഇങ്ങനെ ലൈസൻസ് പോയാൽ പുതിയ സംവിധാനം അനുസരിച്ചുള്ള ടെസ്റ്റിങ്‌ നടത്തണം എന്ന് പറയണം. സത്യത്തിൽ കേരളത്തിൽ ഇപ്പോൾ നൽകിയിട്ടുള്ള എല്ലാ ലൈസൻസും അടുത്ത അഞ്ചു വർഷത്തിനകം കാൻസൽ ആക്കി എല്ലാവരെയും പുതിയ സംവിധാനത്തിൽ ടെസ്റ്റ് ചെയ്ത് ലൈസൻസ് രണ്ടാമതെടുക്കുകയാണ് വേണ്ടത്, അതിന് പ്രായോഗികബുദ്ധിമുട്ടുകളുള്ളതിനാൽ പറ്റുന്ന അത്രയും പേരെ രണ്ടാമത് ലൈസൻസ് എടുപ്പിക്കണം. ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ട് ഒരു കാര്യവും ഇല്ല. 

ഇരുചക്രവാഹനം കുട്ടിക്കളിയല്ല. 

കേരളത്തിൽ കാറിന്റെ ലൈസൻസ് കിട്ടുന്നതിലും എളുപ്പമാണ് ഇരുചക്ര വാഹനങ്ങൾക്ക് ലൈസൻസ് കിട്ടാൻ. ബഹുഭൂരിപക്ഷം കുട്ടികളും കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ ബൈക്കിൽ ആണ് ഡ്രൈവിങ് പഠിക്കുന്നതും. കേരളത്തിലെ റോഡുകളിൽ ബൈക്കുകാർക്ക് ഒരുസ്ഥാനവും അതിലും വലിയ വാഹനങ്ങളോടിക്കുന്നവർ നൽകിയിട്ടില്ല, അതുകൊണ്ടുതന്നെ കേരളത്തിൽ റോഡപകടത്തിൽപ്പെടുന്നത് കൂടുതലും ബൈക്ക് യാത്രികരാണ്, അതിൽ  മരിക്കുന്നതിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരും ആണ്. വികസിതരാജ്യങ്ങളിൽ കാറിന്റെ ലൈസൻസ് കിട്ടുന്നതിലുമേറെ ബുദ്ധിമുട്ടാണ് ബൈക്ക് ലൈസൻസ് കിട്ടാൻ. നമ്മുടെ ബൈക്ക് ലൈസൻസിങ്ങും കൂടുതൽ പ്രൊഫഷണൽ ആക്കണം.

ലഹരിക്കെതിരെ സീറോ ടോളറൻസ് 

മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരേ കർശനനിയമങ്ങളും നടപടികളുമുള്ള ലോകത്തുപോലും ഏതാണ്ട് മൂന്നിലൊന്നു അപകടങ്ങളിലും വില്ലൻ മദ്യമോ മയക്കുമരുന്നോ ആണ്‌. പക്ഷേ, ഇക്കാര്യത്തിൽ കേരളത്തിന് ലോക റെക്കോഡുണ്ട്‌. നാല്പതിനായിരം അപകടങ്ങളെടുത്താൽ അതിൽ ഒരു ശതമാനം പോലും മദ്യം കൊണ്ടോ മയക്കുമരുന്നുകൊണ്ടോ ആണെന്ന് പോലീസ് റെക്കോഡുകളിൽ കാണില്ല. ഇതുകൊണ്ട് മലയാളികൾ ഡീസന്റ് ആണെന്ന് കരുതേണ്ട കേട്ടോ. അപകടം ഉണ്ടായാൽ അതിൽ മദ്യം ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള പരിശോധന നമുക്ക് അത്ര കർക്കശമല്ല. ഇനി അഥവാ അങ്ങനെയുള്ള ആളാണ് അപകടം ഉണ്ടാക്കി മരിച്ചതെന്നോ ആളുകളോ കൊന്നതെന്നോ ആണെങ്കിലും പോലീസ് അവിടെ കണ്ണടയ്ക്കും. കാരണം മദ്യപിച്ചതാണെങ്കിൽ ചത്ത ആൾക്കും കൊല്ലപ്പെട്ടവർക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചേക്കില്ല. ഇങ്ങനെ തല മണ്ണിൽ പൂഴ്ത്തിയിരിക്കുന്നതുകൊണ്ടാണ് കേരളത്തിലെ കണക്കുകൾ കള്ളം പറയുന്നത്.  മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരേ ശക്തമായ നടപടികൾ വേണം. ഓടിക്കുന്ന സമയത്ത് രക്തത്തിൽ മദ്യം ഉണ്ടെന്ന് കണ്ടാൽ ലൈസൻസ് ഉടൻ റദ്ദാക്കണം, മൂന്നു വർഷം കഴിഞ്ഞ്‌ പുതിയ ടെസ്റ്റും മദ്യത്തിനെതിരേ പത്തുദിവസം കൗൺസലിങ്ങും നടത്തിയിട്ടേ ലൈസൻസ് കൊടുക്കാവൂ. മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ നരഹത്യ ശ്രമത്തിന് കേസെടുക്കണം, മദ്യപനോടിച്ച വണ്ടിയിടിച്ച് ആരെങ്കിലും മരിച്ചാൽ വണ്ടി ഓടിച്ചയാൾക്കെതിരേ കൊലക്കുറ്റം ചാർജ് ചെയ്യണം. ഇതൊക്കെ അല്പം ഓവറല്ലേ എന്നുതോന്നാം, വിഷമിക്കേണ്ട, നിങ്ങളുടെ തൊട്ടടുത്തുള്ള ആരെങ്കിലും മരിക്കുന്നതു വരെ മാത്രമേ ആ തോന്നൽ ബാക്കിയുണ്ടാകൂ.                                 

വിധിയിൽ പഴിച്ചുനാം

ഇതെന്തൊരു ദുരന്തമാണ്? വാസ്തവത്തിൽ കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം ഇതാണ്. കഴിഞ്ഞ വർഷത്തെ ദുരന്തകാലത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും കൂടി  നമുക്ക് 483 പേരെയാണ് നഷ്ടപ്പെട്ടത്. കേരളം കണ്ട ഏറ്റവും വലിയ ഒറ്റദിവസത്തെ ദുരന്തമായ സുനാമിയിൽ നൂറ്റി എഴുപത്തിരണ്ടു പേരാണ് മരിച്ചത്. അതിനെപ്പറ്റിയൊക്കെ നാം എത്രയോ ചർച്ച ചെയ്തു, ദുരന്തം ഒഴിവാക്കാൻ എന്തൊക്കെ ശ്രമങ്ങൾ നടത്തി. പക്ഷേ, അതിന്റെയൊക്കെ പതിന്മടങ്ങുള്ള റോഡപകടം മലയാളിസമൂഹം ഇപ്പോൾ ഏതാണ്ട് അംഗീകരിച്ച മട്ടായി. തൊട്ടടുത്തുള്ള ആരെങ്കിലും ഒക്കെ റോഡപകടത്തിൽ മരിക്കാത്ത ഒരു മലയാളി ഇപ്പോൾ കേരളത്തിൽ ഇല്ല. എന്നാൽപോലും ‘റോഡായാൽ അപകടമുണ്ടാകും’, ‘വിധിയാണ്’ എന്നൊക്കെ പറഞ്ഞു നാം ജീവിതം തുടരുകയാണ്.
ഇതിന്റെ ഒരാവശ്യവുമില്ല. റോഡുണ്ടായതുകൊണ്ടോ ആളുകൾ വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതു കൊണ്ടോ റോഡപകടങ്ങളോ അപകടമരണമോ കൂടേണ്ട ഒരാവശ്യവുമില്ല.  ജനസംഖ്യാനുപാതികമായി നോക്കിയാൽ  പക്ഷേ, കേരളത്തിൽ ഒരുലക്ഷത്തിപതിനൊന്നു പേർ ആണ് റോഡപകടങ്ങളിൽ മരിക്കുന്നത്. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയും കേരളത്തെക്കാൾ പതിന്മടങ്ങ് വാഹനങ്ങളുമുള്ള ബ്രിട്ടനിൽ ഇവിടെ മരിക്കുന്നതിന്റെ പകുതിയാളുകളാണ് അപകടത്തിൽ മരിക്കുന്നത്. (തുടരും)

Content Highlights: Muralee Thummarukudy Writes About Road Accidents in Kerala