Indian Ocean Tsunami
കന്യാകുമാരിയിലെ സുനാമി സ്മാരകം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു 2004ലെ സുനാമി ദുരന്തം

 

വീണ്ടുമൊരു ഡിസംബര്‍ ഇരുപത്തി ആറ് വരികയാണ്. സമീപകാല ചരിത്രത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി 2004ല്‍ ഉണ്ടായത് ഡിസംബര്‍ ഇരുപത്തി ആറിനാണ്. ഇന്‍ഡോനേഷ്യ മുതല്‍ ദക്ഷിണാഫ്രിക്ക വരെ പതിനാറു രാജ്യങ്ങളില്‍ അത് ആഘാതമുണ്ടാക്കി. രണ്ടു ലക്ഷത്തിലെറെ പേര്‍ അതില്‍ മരണമടഞ്ഞു.

കേരളത്തില്‍ ഇരുന്നൂറില്‍ താഴെയായിരുന്നു മരണസംഖ്യയെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തംകൂടിയായിരുന്നു  സുനാമി. അതുകൊണ്ടുതന്നെ ഡിസംബര്‍ ഇരുപത്തി ആറ് കേരളത്തില്‍ ദുരന്തങ്ങളുടെ ഓര്‍മ്മദിവസമായി ആചരിക്കണമെന്ന് ഞാന്‍ പലവട്ടം പലരോടും പറഞ്ഞിട്ടുള്ളതാണ്.

വര്‍ഷാവസാനമായതിനാല്‍ ഈ വര്‍ഷം ലോകത്തുണ്ടായ ദുരന്തങ്ങളെപ്പറ്റി ആലോചിക്കുകയും അതില്‍നിന്ന് കേരളത്തിന് എന്ത് പഠിക്കാമെന്ന് ചിന്തിക്കുകയും ആവാമല്ലോ. ചാണക്യന്‍ പറഞ്ഞതുപോലെ എല്ലാ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍നിന്നു പഠിക്കാന്‍ നോക്കിയാല്‍ നമ്മുടെ ജീവിതത്തിന് അത്ര നീളം കാണില്ല.  അതുകൊണ്ട് കുറേ പാഠങ്ങള്‍ നാം മറ്റുള്ളവരില്‍നിന്നും പഠിക്കണം. തല്‍ക്കാലം ഔദ്യോഗികമായ തിരിഞ്ഞു നോട്ടം ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ദുരന്തങ്ങളെപറ്റിയുള്ള ഒരു അവലോകനവും അതില്‍നിന്ന് കേരളത്തിന് എന്ത് പഠിക്കാം എന്നതുമാണ് ഈ ലേഖനത്തിന്റെ വിഷയം.

ദുരന്തത്തോടെ തുടക്കം

2015 ജനവരി ഒന്നാംതിയതി കേരളം ഉണര്‍ന്നത് തന്നെ കൊല്ലത്തെ ടികെഎം എന്‍ജിനീയറിംഗ് കോളേജിലെ ആറു വിദ്യാര്‍ഥികള്‍ റോഡപകടത്തില്‍ മരിച്ച വാര്‍ത്തയും കേട്ടാണ്. അതിനുശേഷം കാംപസിനകത്തും പുറത്തുമായി നൂറു കണക്കിന് വിദ്യാര്‍ഥികള്‍ വേറെയും മരിച്ചു. ഇവരൊക്കെ ഒറ്റയ്‌ക്കോ ഇരട്ടയ്‌ക്കോ ആയി മരിക്കുന്നതിനാല്‍ പ്രാദേശിക വാര്‍ത്തക്കപ്പുറം ഇത് വരാറില്ല, അതുകൊണ്ട് തന്നെ നാളെയുടെ പ്രതീക്ഷയായ വിദ്യാര്‍ഥികള്‍ നൂറുകണക്കിന് നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും മരിച്ചുവീഴുന്നത് ഒരു ദുരന്തമായി സമൂഹം കാണുന്നുമില്ല.

Road Accidents
ടികെഎം എന്‍ജിനീയറിംഗ് കോളേജിലെ ആറു വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപടകത്തില്‍ തകര്‍ന്ന കാര്‍ 

 

അപകടത്തില്‍ പെട്ട ആളുകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന പറവൂരിലെ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലെസ്സ് എന്ന സംഘടനയുമായി ചേര്‍ന്ന് ഞാന്‍ ദുരന്തനിവാരണത്തിലും ദുരന്തലഘൂകരണത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷം ശരാശരി ആയിരത്തിലേറെ ആളുകള്‍ കേരളത്തില്‍ ബൈക്ക് അപകടങ്ങളില്‍ മരിക്കുന്നുണ്ട്, പതിനായിരത്തില്‍ ഏറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നു. ഇതില്‍ നല്ലൊരു ശതമാനവും വിദ്യാര്‍ഥികളാണ്.   

കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യത്തില്‍ ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം റോഡപകടത്തില്‍പെട്ട്  വിദ്യാര്‍ഥിയായ കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതാണ് കൂടുതല്‍ ദുരന്തം ആകുന്നത്. ഒന്നാമത് വിദ്യാര്‍ഥികള്‍ക്ക് അപകട  ഇന്‍ഷൂറന്‌സ് എന്നത് നാട്ടുനടപ്പല്ല. അതേസമയം ആസ്പത്രി ചിലവുകള്‍ പിടികിട്ടാത്തത്ര വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ ഒരു അപ്പര്‍ മിഡില്‍ ക്ലാസ് കുടുംബത്തെ പോലും ഒറ്റ അപകടം താഴേക്ക് വലിക്കും. രണ്ടാമത്, ഒരാള്‍ക്ക് പരിക്ക് പറ്റി ഒരു വര്‍ഷത്തേക്കെങ്കിലും സ്ഥിരം പരസഹായം വേണ്ടി വരുമ്പോള്‍ വീട്ടില്‍ ആരെങ്കിലും, പ്രത്യേകിച്ച് അമ്മയോ സഹോദരിയോ ഒക്കെ, സ്വന്തം ജോലിയോ പഠനമോ ഉപേക്ഷിച്ചു വീട്ടിലിരിക്കേണ്ടി വരും. മൂന്നാമത്, കുറെ കേസുകളിലെങ്കിലും അപകടം ഉണ്ടാക്കുന്നത് ജീവിതാന്ത്യം വരെയുള്ള പരിക്കാണ്. എഴുന്നേറ്റു നടക്കാനോ എന്തിന് സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ പോലും നടത്താന്‍ പറ്റാത്ത അവസ്ഥ. അപ്പോള്‍ പിന്നെ അവര്‍ക്ക് പഠനം തുടരാനോ പില്‍ക്കാലത്ത് സ്വന്തമായി വരുമാനമോ മറ്റു ജീവിതമോ ഉണ്ടാക്കാനുള്ള ഉള്ള സാധ്യത തീരെയില്ല.

ശരാശരി മലയാളി കുടുംബത്തിന്റെ സേവിങ്ങ്‌സും ഇന്‍ഷുറന്‍സുമെല്ലാം അവരുടെ കുട്ടികളാണ്. അപ്പോള്‍ അവര്‍ ഈ തരത്തിലായാല്‍ പിന്നെ ആ കുടുംബം ഒരു ഭാവി കാണുന്നില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടായ വീടുകളില്‍ ആത്മഹത്യ അസാധാരണം അല്ല.

കഷ്ടമെന്താണെന്ന് വച്ചാല്‍ ബൈക്കിലും കാറിലും ചെത്തി നടക്കുന്ന പയ്യന്മാരോ പ്രായമാകാത്ത കുട്ടികളെ ബൈക്ക് ഓടിക്കാന്‍ അനുവദിക്കുന്ന മാതാപിതാക്കളോ ഒന്നും ഇക്കാര്യം ആലോചിക്കുന്നില്ല എന്നതാണ്. അപകടം ഉണ്ടായിക്കഴിയുമ്പോള്‍ ആ കുടുംബവും അവരുടെ കൂട്ടുകാരുമൊക്കെ സങ്കടപ്പെടുമെങ്കിലും അതിനപ്പുറം ഒരു പാഠവും ആരും പഠിക്കുന്നില്ല. കുട്ടികളുടെ പേരില്‍ എന്തെങ്കിലുമൊക്കെ അവാര്‍ഡ് ഉണ്ടാക്കുന്നതല്ലാതെ അപകടമുണ്ടായ കോളേജുകളില്‍ പോലും ഇതിനെപറ്റി ബോധവല്ക്കരണ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല.

കൊല്ലത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാര്യങ്ങള്‍ നാം നിര്‍ബന്ധമായും ആലോചിക്കേണ്ടതാണ്. ഒന്നാമതായി കേരളത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബാധകമായ ഒരു അപകട ആരോഗ്യ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കണം. അപ്പോള്‍, അപകടം പറ്റിയാല്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ കിട്ടാതിരിക്കുന്നതും കുടുംബം സാമ്പത്തിക ദുരിതത്തിലാകുന്നതും പോലുള്ള സാഹചര്യം ഉണ്ടാവില്ല. എല്ലാ കുട്ടികളേയും ഉള്‍പ്പെടുത്തി ആകുമ്പോള്‍ വളെരെ ചുരുങ്ങിയ ചിലവില്‍ ഇത് സാധിക്കാവുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പ്രീമിയം സര്‍ക്കാരിന് അടക്കവുന്നതുമാണല്ലോ.

കേരളത്തിലെ എല്ലാ കോളേജ് കാമ്പസിലും അപകടസുരക്ഷയെ പറ്റിയും പ്രഥമശുശ്രൂഷയെ പറ്റിയുമുള്ള ബോധവല്‍ക്കരണ ക്ലാസ് നിര്‍ബന്ധമാക്കണം. പല എന്‍ജിനീയറിംഗ് കോളേജുകളിലും ഇപ്പോള്‍ തന്നെ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് ഓറിയന്റേഷന്‍ ക്ലാസ്സുകളുണ്ട്. അതില്‍ സുരക്ഷാക്ലാസ്സുകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. നമ്മുടെ കോളേജുകളിലെ എന്‍എസ്എസ് സംവിധാനം ഇതിനായി ഉപയോഗിക്കാം. സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങളുമായി യുവതലമുറയെ ബന്ധിപ്പിക്കാനുള്ള ഒരു അവസരമായും ഇതിനെ പരിഗണിക്കാം.  

നേപ്പാളിലെ ഭൂകമ്പം

ഏപ്രില്‍ മാസത്തിലും മെയ് മാസത്തിലുമായി രണ്ട് വന്‍ഭൂകമ്പങ്ങളാണ് നേപ്പാളില്‍ ദുരിതം വിതച്ചത്. എണ്ണായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു.  പതിനായിരക്കണക്കിന് ആളുകള്‍ക്ക് പരിക്കുപറ്റി, അഞ്ചുലക്ഷം വീടുകള്‍ തകര്‍ന്നു. ആയിരം ആരോഗ്യസംവിധാനങ്ങളും എണ്ണായിരം സ്‌കൂളുകളും ഉപയോഗശൂന്യമായി. ആയിരത്തിലധികം ആളുകള്‍ മരിച്ച ഒരു ദുരന്തവും ഐക്യകേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാലും, പല പാഠങ്ങളും നമുക്ക് നേപ്പാളില്‍ നിന്ന് പഠിക്കാനുണ്ട്.  

Napal erthquake
നേപ്പാളിനെ തകര്‍ത്ത ഭൂകമ്പത്തില്‍ നിന്ന്

 

ഒന്നാമത്തേത് സ്‌കൂളുകളുടെയും ആസ്പത്രികളുടെയും തകര്‍ച്ചയാണ്. ദുരന്തകാലത്ത് ആസ്പത്രികളും സ്‌കൂളുകളും പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നതാണ്. നമ്മുടെ അടുത്ത തലമുറയാണ് സ്‌കൂളിലുള്ളത് എന്നും അപകടം കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവുമാശ്രയിക്കുന്നത് ആസ്പത്രിയെയാണ് എന്നതുമൊക്കെ ആണിതിന് കാരണം. അപ്പോള്‍ ആസ്പത്രിയും സ്‌കൂളുമൊക്കെ തകര്‍ന്നാല്‍ ദുരന്തത്തിന്റെ ആക്കം വര്‍ധിക്കും. ദുരന്തമുണ്ടായത് ഒരു അവധി ദിവസം ആയതിനാല്‍ 8000 സ്‌കൂളുകളുടെ നാശം നേപ്പാളില്‍ വന്‍ദുരന്തമായില്ല. പക്ഷെ, ഏതെങ്കിലും പ്രവര്‍ത്തിദിവസം ആയിരുന്നെങ്കില്‍ ആയിരക്കണക്കിന്, ഒരു പക്ഷെ പതിനായിരക്കണക്കിന് കുട്ടികളുടെ മരണം നേപ്പാളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേനെ.

നമുക്കുമുണ്ട് പതിനായിരത്തോളം സ്‌കൂളുകള്‍. കുന്നിലും പുഴയോരത്തും കടല്‍തീരത്തും ഫാക്ടറികളുടെ അടുത്തുമൊക്കെയായി. അവ സുരക്ഷിതമാണോ എന്ന് മൊത്തത്തില്‍ ഒരു പരിശോധന നടത്താന്‍ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യവും. നമ്മുടെ ആസ്പത്രികള്‍ ദുരന്തത്തെ നേരിടാന്‍ കഴിവുള്ളതാണോ?

നേപ്പാള്‍ദുരന്തം ടൂറിസ്റ്റ് മേഖലയ്ക്കുണ്ടാക്കിയ നാശം കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളംപോലെ ടൂറിസം നേപ്പാളിന്റെയും ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ്. പക്ഷെ, ഭൂകമ്പത്തില്‍ കെട്ടിടം ഇടിഞ്ഞുവീണും മഞ്ഞുമലയുടെ പാച്ചിലില്‍പെട്ടും ഒട്ടേറെ ടൂറിസ്റ്റുകള്‍ മരിച്ചു. വാര്‍ത്താവിനിമയ സംവിധാനങ്ങളും മലയിലേക്കുള്ള റോഡുകളും ഉപയോഗശൂന്യമായതോടെ ടൂറിസ്റ്റുകളുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് സാധിക്കാതെയായി. അപ്പോള്‍, ഇനിയൊരു അപകടമുണ്ടായാല്‍ സുരക്ഷിതമായ സ്ഥലമല്ല നേപ്പാള്‍ എന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായി. പൊതുവില്‍ നേപ്പാളിന്റെ ടൂറിസം വാല്യൂ ഇടിഞ്ഞു. നാല് വിമാന കമ്പനികള്‍ ആയി ദിവസം പതിനാറ് ട്രിപ്പ് നടത്തിയിരുന്ന മൗണ്ടന്‍ ഫ് ളൈറ്റിന് എല്ലാംകൂടി ഒരു വിമാനത്തില്‍ പോകാനുള്ള ആളുപോലും പലപ്പോഴും കിട്ടാതായി. ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലമായിരുന്ന നേപ്പാളിലിപ്പോള്‍ ടൂറിസം തകര്‍ച്ച നേരിടുകയാണ്. ഭൂകമ്പത്തില്‍ വീടു നഷ്ടപ്പെട്ട ഒട്ടേറെപ്പേര്‍ക്ക് ഇപ്പോള്‍ ജീവനോപാധിയും നഷ്ടപ്പെട്ടു.   

ഇതെല്ലാം ഇവടെയും സംഭവിക്കാവുന്ന കാര്യമാണ്. കേരളത്തിലെ ടൂറിസം മേഖലയെ ഏറെ ബാധിക്കാവുന്നത് വന്‍മഴയും അതിനെ തുടര്‍ന്നുണ്ടാകാവുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ്. ഇങ്ങനെ വ്യാപകമായി സംഭവിച്ചാല്‍ മറുനാട്ടില്‍നിന്നും വിദേശത്തുനിന്നും വന്നിട്ടുള്ള ടൂറിസ്റ്റുകളെ കണ്ടുപിടിച്ച് അവര്‍ക്ക് സഹായമെത്തിക്കാനുള്ള എന്തെങ്കിലും പദ്ധതി നമ്മള്‍ക്കുണ്ടോ? കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളെ നമ്മുടെ സുരക്ഷാസംവിധാനവുമായി ബന്ധിപ്പിക്കുന്ന ഒരു ആപ്പ് എങ്കിലും ഉണ്ടാക്കിയാല്‍ അപകടത്തില്‍പെട്ടവര്‍ക്ക് വേഗം സഹായമെത്തിക്കാനും അവരുടെ വേണ്ടപ്പെട്ടവരെ അവരുടെ കാര്യങ്ങള്‍ അറിയിക്കാനും പറ്റുമല്ലോ.

കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല കേരളത്തില്‍നിന്നും പോകുന്ന ടൂറിസ്റ്റുകളുടെ കാര്യത്തിലും നാം ചില പാഠങ്ങള്‍ പഠിക്കണം.  കേരളത്തിലെ രണ്ടു യുവഡോക്ടര്‍മാര്‍ക്ക് നേപ്പാളില്‍ ജീവന്‍ നഷ്ടപ്പെട്ടു. അവരെ കണ്ടുപിടിക്കാന്‍ പോലും കുറെ കഷ്ടപ്പെട്ടു. അപ്പോള്‍ രണ്ടു കാര്യങ്ങള്‍ നമുക്ക് ശ്രമിച്ചുനോക്കാം. ഒന്നാമത് കേരളത്തിന് പുറത്തു പോകുന്ന സഞ്ചാരികള്‍ ഒരു വെബ്‌സൈറ്റില്‍  അവരുടെ യാത്രാപദ്ധതിയും താമസിക്കുന്ന സ്ഥലവും സമയവും  ഒക്കെ രജിസ്റ്റര്‍ ചെയ്താല്‍ ആപത്ഘട്ടത്തില്‍ സഹായമാകും. രണ്ടാമത് ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍ കൃത്യമായും ഇന്‍ഷുറന്‍സ് എടുക്കുന്നത് നിര്‍ബന്ധമാക്കുക.

ഫോര്‍ട്ട് കൊച്ചി ബോട്ടപകടം

കഴിഞ്ഞ ആഗസ്തില്‍ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്ന ഒരു യാത്രാബോട്ടില്‍ മറ്റൊരു ബോട്ട് ഇടിച്ചുണ്ടായ അപകടത്തില്‍ പന്ത്രണ്ടുപേര്‍ മരിച്ചതാണ് ഈ വര്‍ഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ ദുരന്തം.

1950ലെ കണ്ണമാലി ബോട്ടപകടം മുതല്‍ വല്ലാര്‍പാടം, തട്ടേക്കാട്, മലമ്പുഴ, തേക്കടി എന്നിങ്ങനെ പല ബോട്ടപകടങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. ഇതെല്ലാം അപഗ്രഥിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാമത്തെ പാഠം ഈ ദുരന്തങ്ങളില്‍നിന്നും നാം അധികമൊന്നും പഠിക്കുന്നില്ല എന്നതാണ്.

ആദ്യം രണ്ടുദിവസത്തെ ദുഃഖം, പിന്നെ ഒരാഴ്ച ആരെയെങ്കിലും ഒക്കെ കുറ്റവാളിയാക്കി അറസ്റ്റുചെയ്യല്‍, പിന്നെ രണ്ടാഴ്ച ജുഡീഷ്യല്‍ അന്വേഷണത്തിനായി മുറവിളി.  കഴിഞ്ഞു ബോട്ടപകടത്തിന്റെ കഥ. ജുഡീഷ്യല്‍ അന്വേഷണം നടന്നാലും ഇല്ലെങ്കിലും ഫലം ഒന്നുതന്നെയാണ്.

ബോട്ടുകളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണി, ബോട്ടോടിക്കുന്നവരുടെ പരിശീലനം, ബോട്ടിലെ സുരക്ഷാ സംവിധാനങ്ങള്‍ എന്നിങ്ങനെ പലപല കാര്യങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഇനി ഒരു ബോട്ട് ദുരന്തം  ഒഴിവാകൂ. ഇതിന് പുതിയ കമ്മീഷനൊന്നും വേണ്ട.  പഴയ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ എടുത്ത് നടപ്പിലാക്കിയാല്‍ മതി.

Boat Accident
ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന്റെ ദൃശ്യം

 

കേരളത്തിലെ മുങ്ങിമരണത്തെപ്പറ്റി ആധികാരികമായി പഠിച്ച ഒരാള്‍ എന്ന നിലക്ക് ഒരു കാര്യം കൂടി പറയാന്‍ ഈ ദുരന്തം  അവസരം നല്‍കുന്നു. കഴിഞ്ഞ 40 വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോള്‍ അത് ആയിരത്തി അഞ്ഞൂറിലും മുകളിലാണ്. പക്ഷെ, ഈ മരണങ്ങളില്‍ ശരാശരി ഒരു ശതമാനത്തില്‍ താഴെയാണ് ബോട്ട് മുങ്ങിയുള്ള മരണങ്ങള്‍. അപ്പോള്‍ ബോട്ടിന്റെ കാര്യത്തില്‍ നാം നൂറുശതമാനം സുരക്ഷ നേടിയാലും മുങ്ങിമരണത്തില്‍ അത് ഒരു ശതമാനം കുറവേ ഉണ്ടാക്കുകയുള്ളൂ. ഇതിനര്‍ത്ഥം ബോട്ടിന്റെ കാര്യത്തില്‍ ശ്രദ്ധ വേണ്ടെന്നല്ല. പക്ഷെ, കേരളത്തിലെ മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ ഏറെ ശ്രമം നടത്തേണ്ടതുണ്ട്. ഇതിനെപറ്റി ഞാന്‍ പലയിടത്തും പല പ്രാവശ്യം പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല എന്നാലും നമുക്ക് ഒരു ജലസുരക്ഷാ അതോറിട്ടി ഉണ്ടാക്കേണ്ടതാണെന്ന്  മാത്രം ഒന്നുകൂടി പറയാം.    

മക്ക ദുരന്തം

സപ്തംബര്‍ ഇരുപത്തിനാലാം തീയതി മക്കയിലുണ്ടായ തിരക്കില്‍പെട്ട് ആയിരത്തോളം തീര്‍ഥാടകര്‍ മരിച്ചു. ലോകത്തെ തന്നെ ഏറ്റവും വലുതും അതുപോലെതന്നെ നന്നായും നടത്തപ്പെടുന്ന തീര്‍ത്ഥാടനമാണ് മക്കയിലേത്. കേരളത്തിലും, ശബരിമലയില്‍ ഉള്‍പ്പടെ വന്‍ തീര്‍ത്ഥാടനങ്ങള്‍ ഉണ്ട്.  മക്കയില്‍നിന്നും എന്തു പാഠമാണ് നാം പഠിക്കേണ്ടത് ?.

ലോകത്ത് പണത്തിനു വാങ്ങാന്‍ കഴിയുന്ന ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് മക്കയിലെ തീര്‍ത്ഥാടനം നടത്തുന്നത്. ഇതുകൂടാതെ ഓരോ വര്‍ഷവും എത്രപേര്‍ ഏതു സമയത്ത് അവിടെ എത്തുമെന്ന് അധികാരികള്‍ക്ക് കൃത്യമായ കണക്കുമുണ്ട്. ഇതു രണ്ടും ഇല്ലാതെ നടത്തപ്പെടുന്ന ശബരിമല തീര്‍ത്ഥാടനത്തില്‍ അതുകൊണ്ടുതന്നെ ഇതിലും വലിയ ദുരന്തങ്ങള്‍ സാധ്യമാണ്.

ശബരിമലയില്‍ ഓരോ സമയത്തും എത്തുന്നവരുടെ എണ്ണം മുന്‍കൂട്ടി ക്രമപ്പെടുത്തുക എന്നതാണ് ദുരന്തമൊഴിവാക്കാനുള്ള ആദ്യത്തെ നടപടി. ശബരിമലയില്‍ ഒരു സമയത്ത് എത്ര തീര്‍ത്ഥാടകര്‍വരെ ആകാമെന്നതിന് ഭൗതികമായ പല പരിമിതികളും ഉണ്ട്. തീര്‍ത്ഥാടനം സുരക്ഷിതമാകണമെന്ന് അധികാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ആഗ്രഹവും ഉണ്ടല്ലോ.

അപ്പോള്‍ ഓരോ ദിവസവും മലകയറുന്ന ആളുകളുടെ എണ്ണം അന്നത്തെ കാലാവസ്ഥ അനുസരിച്ച് നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍വഴിയോ ഓണ്‍ലൈന്‍വഴിയോ ഒക്കെത്തന്നെ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കണം. തീര്‍ത്ഥാടകരുടെ മൊബൈല്‍ ഫോണിലേക്ക് സമയാസമയം ക്യൂവിന്റെ നീളവും കാലാവസ്ഥയുമൊക്കെ അയക്കുന്നതും നല്ലതാണ്. ഇങ്ങനെ മലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുമ്പോള്‍ ശരണപാതയില്‍ അവര്‍ക്ക് വിശ്രമിക്കാനും സമയം ചിലവാക്കാനുമുള്ള സംവിധാനങ്ങളും ഉണ്ടാക്കണം.

മലയില്‍വച്ച് വലിയ അപകടങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഓരോ വര്‍ഷവും ഹൃദയാഘാതം മൂലവും റോഡപകടം മൂലവും ശബരിമല യാത്രക്കിടെ മരിക്കുന്നവരുടെ എണ്ണം നൂറുകണക്കിനാണ്. അതുകൊണ്ടുതന്നെ ശബരിമലയില്‍ വരുന്നവര്‍ക്ക് വേണ്ടി ഒരു ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉണ്ടാകുന്നത് നന്നായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കുമാത്രമേ ഈ സൗകര്യം കിട്ടൂ എന്നൊക്കെ പറയുന്നത് രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം സാരമായി വര്‍ദ്ധിപ്പിക്കും. അതുപോലെ തന്നെ കേരളത്തിലേക്ക് അയ്യപ്പന്മാരുമായി പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷയെ സംബന്ധിച്ചും അപകടമുണ്ടായാല്‍ ബന്ധപ്പെടേണ്ട ഹെല്‍പ്പ്‌ലൈനിനെ സംബന്ധിച്ചും വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ തമിള്‍, തെലുങ്ക്, കന്നഡ ഭാഷകളില്‍ അടിച്ചു വിതരണം ചെയ്യണം.

ചെന്നൈയിലെ വെള്ളപ്പൊക്കം

ഡിസംബര്‍ ആദ്യവാരത്തില്‍ ഇന്ത്യയിലെ നാലാമത്തെ വന്‍നഗരമായ ചെന്നൈ വെള്ളത്തിനടിയിലായി.  റോഡും റെയിലും വിമാനത്താവളവും മുങ്ങിയതോടെ ചെന്നൈ മറ്റു സ്ഥലങ്ങളില്‍നിന്നും ഒറ്റപ്പെട്ടു. ടെലഫോണും മൊബൈലും തകരാറിലാവുകയും വൈദ്യുതി നിലക്കുകയും ചെയ്തതോടെ ദുരന്തത്തിന്റെ ആഘാതം പൂര്‍ണ്ണമായി.

ചെന്നൈയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയതിലേറ്റവും വലിയ മഴയാണ് അവിടെ ഉണ്ടായത്. മുമ്പെങ്ങും വെള്ളം കയറാത്ത ഇടമെല്ലാം വെള്ളത്തിനടിയിലായി.  സുരക്ഷിതമെന്ന രീതിയില്‍ മധ്യവര്‍ഗ്ഗവും മറ്റുള്ളവരും വിചാരിച്ചിരുന്ന പ്രദേശങ്ങളെല്ലാം മുങ്ങി. അത്യാവശ്യവസ്തുക്കള്‍ക്കു പോലും ആളുകള്‍ കഷ്ടപ്പെട്ടു. അഭൂതപൂര്‍വമായ സഹായമാണ് കേരളത്തില്‍നിന്ന് ചെന്നൈയിലേക്ക് ഒഴുകിയത്. പണമായും തുണിയായും സൗജന്യയാത്രാ സൗകര്യമായും ഭക്ഷണപ്പൊതിയായും മലയാളികള്‍ ചെന്നൈയുടെ ദുരന്തത്തില്‍ പങ്കുചേര്‍ന്നു.

Chennai floods
ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍നിന്ന് 

 

പക്ഷെ എല്ലാക്കാലത്തും ദുരന്തം മറു നാടുകളില്‍ തന്നെ ആവില്ല, ചിലപ്പോള്‍ അത് നമുക്കും വരാം. അത് കൊണ്ടുതന്നെ ചെന്നൈയില്‍ നിന്ന് നാം എന്തു പഠിക്കണം?

ചെന്നൈയിലെ ദുരന്തത്തിന്റെ അടിസ്ഥാനകാരണം ദുരന്താഘാതപഠനങ്ങള്‍ നടത്താതെയുള്ള നഗരവികസനം ആണെന്നത് വ്യക്തമാണ്. നദീതടങ്ങളും ജലാശയങ്ങളും കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ പ്രളയകാലത്ത് പുഴയ്ക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവക്കാന്‍ ആരും തയ്യാറായില്ല.

നദിക്കരയില്‍ വീടുവക്കുക എന്നത് ഇപ്പോള്‍ മലയാളികളുടേയും ശീലമാണ്. കേരളത്തിലെ പല വികസനപ്രവര്‍ത്തനങ്ങളും പണ്ടുണ്ടായിട്ടുള്ള വെള്ളപ്പൊക്ക നിരപ്പിന്റെ താഴെയാണ്. അടുത്ത വന്‍ വെള്ളപ്പൊക്ക കാലത്ത് ഇത് വെള്ളത്തിനടിയിലാകുമെന്നത് ഉറപ്പാണ്. ഇതുപക്ഷെ വെള്ളപ്പൊക്കത്തിന്റെ മാത്രം കാര്യമല്ല. ഉരുള്‍പൊട്ടല്‍ തൊട്ട് ഫാക്ടറികളില്‍ നിന്നുള്ള വാതകച്ചോര്‍ച്ച വരെയുള്ള ദുരന്തസാധ്യതകള്‍ പരിഗണിച്ചുള്ള ഒരു സ്ഥലവിനിയോഗ പദ്ധതി കേരളത്തില്‍ മൊത്തം ഉണ്ടാക്കേണ്ട കാലം എന്നേ കഴിഞ്ഞു.

നവംബര്‍ മുതല്‍ നിലനിന്നിരുന്ന വെള്ളപ്പൊക്കം ഏറ്റവും വഷളാവാനുള്ള ഒരു കാരണം പുഴയില്‍ ചെന്നൈക്ക് മുന്‍പേ ഉള്ള അണകെട്ടുകളില്‍ വെള്ളം നിറഞ്ഞപ്പോള്‍ അത് സുരക്ഷക്ക് വേണ്ടി തുറന്നു വിടേണ്ടി വന്നതാണ്. തായ്‌ലന്‍ഡിലും പാകിസ്താനിലും ഉള്‍പ്പടെ മുന്‍പ് പലയിടത്തും ഉണ്ടായിട്ടുള്ള പ്രശ്‌നം ആണിത്. അപ്പോള്‍ അതിവൃഷ്ടിയുള്ള വര്‍ഷങ്ങളില്‍ അണക്കെട്ടുകളിലെ ജലാശയങ്ങളെ സംയോജിപ്പിച്ചുള്ള മാനേജ്‌മെന്റ്  വെള്ളപ്പൊക്കം ഒഴിവാക്കാന്‍ അത്യാവശ്യമാണെന്ന് വരുന്നു. നമ്മുടെ അണക്കെട്ടുകളെ എല്ലാം സംയോജിപ്പിച്ച് (coordinated) മുന്‍കരുതലോടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ടി വന്നാല്‍ വെള്ളം ഒഴുക്കി കളയാനുമുള്ള ഒരു സംവിധാനം ഇപ്പോഴുണ്ടോ. ഇല്ലെങ്കില്‍ ഉണ്ടാക്കണ്ടേ?

ചെന്നൈ ദുരന്തത്തിലെ എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മിന്നിനിന്നത് ഉത്സാഹികളായ പുതിയ തലമുറയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ്. ഗവണ്മെന്റ് സ്തബ്ധര്‍ ആയപ്പോള്‍, മുതിര്‍ന്നവര്‍ സങ്കടപ്പെടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ വിദഗ്ദ്ധരെല്ലാം 'പ്ലാനിംഗിന്റെ കുറ്റമാണ്' എന്നൊക്കെ ഗീര്‍വാണം അടിച്ചപ്പോള്‍ സ്വന്തം കാര്യവും ചുറ്റുമുള്ളവരുടെ കാര്യവും നോക്കിയത് പുതിയ തലമുറയാണ്. ഇത് ഏറെ പ്രതീക്ഷ പകരുന്നു. ഇതില്‍നിന്ന് നാം പലതും പഠിക്കാനുണ്ട്. ഒന്നാമത് പുതിയ തലമുറക്ക് പഴയതരം പാര്‍ട്ടി പൊളിറ്റിക്‌സോ, ജാതിമത ചിന്തകളോ ഒന്നുമല്ല പ്രധാനം. ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ അതെങ്ങനെ പരിഹരിക്കാം എന്നതാണ്. സോഷ്യല്‍ മീഡിയ എല്ലാം ഫലപ്രദമായി ഉപയോഗിച്ച് അവര്‍ മുന്നോട്ടിറങ്ങി.

കേരളത്തിലെ പുതിയ തലമുറ ഇതു നോക്കിക്കാണണം. മാത്രമല്ല ഔദ്യോഗിക സംവിധാനങ്ങള്‍ എങ്ങനെ ഈ യുവാക്കളെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് മുന്‍കൂട്ടി ആലോചിക്കുകയും വേണം. പുതിയ തലമുറക്ക് നേതൃത്വത്തിനും നിര്‍വഹണത്തിനും അവസരം കൊടുക്കാന്‍ നാം ഒരു ദുരന്തം നോക്കിയിരിക്കേണ്ടതില്ല. കാമ്പസുകളിലെ എന്‍എസ്എസ് സംവിധാനത്തെ ദുരന്ത നിവാരണത്തിലും ലഘൂകരണത്തിലും പരിശീലിപ്പിക്കുന്നത് ദുരന്തകാലത്ത് ഏറെ ഗുണം ചെയ്യും.

ചെന്നൈയില്‍ വെള്ളം പൊങ്ങുന്ന സമയത്ത് കേരളത്തിലേയും ഡല്‍ഹിയിലേയും മാധ്യമങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങളും പറഞ്ഞിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു സത്യം. വെള്ളം മുറിയില്‍ കയറി ചെന്നൈക്കാര്‍ സഹായത്തിനു വിളിച്ചിട്ടും ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വീണ്ടും സമയമെടുത്തു. എല്ലാ ദേശീയ പത്രക്കാര്‍ക്കും, ടിവി ചാനലുകാര്‍ക്കും സ്വന്തം ബ്യൂറോ ഓഫീസുള്ള ചെന്നൈയുടെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാധ്യമശ്രദ്ധ നേടിയാല്‍ മാത്രമേ ആവശ്യത്തിനുള്ള സഹായം ഉടനും പില്‍ക്കാലത്തും കിട്ടുകയുള്ളൂ.

നമ്മുടെ ദുരന്തം മറ്റുള്ളവരെ ഏറ്റവും വേഗത്തില്‍ അറിയിക്കാന്‍ നാം എന്തു ചെയ്യണം? സാധാരണ ഒരു ദുരന്തം ഉണ്ടാകുമ്പോള്‍, അതു പ്രത്യേകിച്ച് വെള്ളപ്പൊക്കം പോലെ പതുക്കെ വഷളാകുന്ന ദുരന്തം ആകുമ്പോള്‍, എല്ലാം ശരിയാകും എന്നു വിചാരിച്ചിരിക്കലാണ് വ്യക്തികളുടേയും ഔദ്യോഗിക സംവിധാനങ്ങളുടേയും പൊതുരീതി. പക്ഷെ, അപകടം ഉണ്ടാകുന്ന മുറക്ക് തന്നെ ആവുന്നത്ര സഹായം തേടണമെന്നും പിന്നെ അത് ആവശ്യമില്ലെങ്കില്‍ തിരിച്ചയക്കുന്നതാണ് ബുദ്ധി എന്നുമാണ് അസംഖ്യം ദുരന്തങ്ങളുടെ അനുഭവത്തിലൂടെ ഐക്യരാഷ്ട്രസഭ പഠിച്ചത്. ഈ പാഠങ്ങള്‍ നമ്മളും മനസ്സില്‍ വെയ്ക്കണം.

കൂടുതല്‍ സുരക്ഷിതമായ കേരളം എന്നതാണ് നമ്മുടെ ദുരന്തനിവാരണ വകുപ്പിന്റെ മുദ്രാവാക്യം. ഈ വര്‍ഷത്തെ അപകടങ്ങളില്‍ നിന്നും പാഠം പഠിച്ച് വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്താല്‍ അത് തീര്‍ച്ചയായും നടപ്പിലാക്കാം.    

(ഐക്യരാഷ്ട്ര പരിസ്ഥിതിപ്രോഗ്രാമിന്റെ ദുരന്തലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളി തുമ്മാരുകുടി. സുരക്ഷാ വിഷയങ്ങളെ പറ്റി സ്ഥിരമായി എഴുതുന്നു. താല്പര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ ഫെയ്‌സ്ബുക്കില്‍ ഫോളോ ചെയ്യാവുന്നതാണ്. https://www.facebook.com/thummarukudy. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്, ഐക്യരാഷ്ട്രസഭയുടേത് ആകണമെന്നില്ല)