ശ്രീ: മൂന്നാർ െെകയേറ്റം രാജ്യമാകെ ചൂടുപിടിക്കുമ്പോഴും ശ്രീ കൂളാണ്. കഴിഞ്ഞയാഴ്ച അപകടത്തിൽ കാലൊടിഞ്ഞ് ബാംഗ്ലൂരിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന ഒരു നായക്കുട്ടിയെ ദത്തെടുക്കാൻ അവിടേക്ക് പോയിരിക്കുകയായിരുന്നു ശ്രീ. കൂട്ടുകാർ മൊബൈലിൽ അയച്ചു കൊടുത്ത ഒരു കറുത്ത ലാബ്രഡോർ നായക്കുട്ടിയാണ് ശ്രീയുടെ മനസ്സിളക്കിയത്. കാലൊടിഞ്ഞപ്പോൾ ഉടമസ്ഥർ അവനെ ഉപേക്ഷിച്ചു പോയി. ബാംഗ്ലൂരിൽ നിന്ന് നായക്കുട്ടിയുമായി ദേവികുളത്തെത്തിയ ശ്രീ അവനുമായി ചങ്ങാത്തത്തിലായിവരുന്നു. ‘റേ’ എന്നാണ് നായക്കുട്ടിയുടെ പേര് ‘കിരണം’ എന്നർഥം.

ശ്രീറാം: അതിവേഗത്തിൽ ബൈക്കോടിച്ച് സാഹസികയാത്ര നടത്തുന്നതാണ് ശ്രീറാമിന്റെ ക്രെയ്‌സ്. സുഹൃത്തുക്കളോടൊത്തുള്ള യാത്രകൾ എന്നും ശ്രീറാമിന്റെ സ്വപ്നമായിരുന്നു. ഐ.എ.എസ്. ട്രെയിനിങ്ങിന്റെ ഭാഗമായുള്ള രണ്ട് മാസത്തെ ഭാരതദർശൻ യാത്ര ശ്രീറാമിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. ഇന്ത്യയെ കണ്ടെത്തിയത് ആ യാത്രയിലാണ്. ഡൽഹിയിൽനിന്ന്‌ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലൂടെ അന്തമാൻ വരെയുള്ള ആ യാത്രയിൽ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ മുഖങ്ങൾ ശ്രീറാമിന്റെ ഉള്ളിൽത്തട്ടി. ഈയിടെ സുഹൃത്തുക്കളുമൊത്ത് ലഡാക്ക് വരെ ഒരു സാഹസികയാത്ര നടത്തി. ബുള്ളറ്റ് വാടകയ്ക്കെടുത്തായിരുന്നു ആ യാത്ര.

ഉടൻ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ശ്രീറാം. ഹിമാചൽപ്രദേശിലെ സ്പിതി താഴ്‌വരയിലൂടെ പത്തുദിവസത്തെ യാത്ര. സ്വന്തമായി ഒരു ബൈക്കിനുവേണ്ടി വീട്ടിൽ നിരാഹാരം കിടന്നതിന്റെ ഓർമകൾ ഇപ്പോഴും ശ്രീറാമിനെ ചിരിപ്പിക്കും. കൊടിെവച്ച കാറുണ്ടെങ്കിലും സമയംകിട്ടിയാൽ തന്റെ റോയൽ എൻഫീൽഡിൽ ഒന്ന് ചുറ്റയടിക്കും.

ഡോക്ടർ ശ്രീറാം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പൂർത്തിയായപ്പോൾ ഡോക്ടർ ശ്രീറാമിന് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട രോഗികൾക്കായി സർക്കാർസർവീസിൽ ജോലി ചെയ്യുക. അതിനായാണ് ജനറൽ മെഡിസിനിൽ പി.ജി. എടുക്കാൻ ഒഡിഷയിലേക്ക് പോയതും. പക്ഷേ, വിധി മറ്റൊന്നായിരുന്നു. സിവിൽ സർവീസിന് അഖിലേന്ത്യാതലത്തിൽ ലഭിച്ച രണ്ടാംറാങ്ക് ഡോക്ടർ ശ്രീറാമിന്റെ കരിയർ മാറ്റി. ഡോക്ടർ എന്ന നിലയിലാണ് സംതൃപ്തി കൂടുതൽ. ചികിത്സയുടെ ഫലം രോഗിയുടെ മുഖത്ത് കാണാം. പക്ഷേ, ഐ.എ.എസ്. ജോലിയിൽ റിസൽട്ട് കിട്ടാൻ വലിയ പ്രയാസമാണ്. എന്നാൽ, ഡോക്ടർ എന്ന നിലയിൽ രോഗികളെ ചികിത്സിക്കാനല്ലേ കഴിയൂ. സിവിൽ സർവീസിലൂടെ ആരോഗ്യസംവിധാനത്തെത്തന്നെ ഉടച്ച് വാർക്കാനുള്ള അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടർ ശ്രീറാം തന്റെ വെള്ളക്കുപ്പായം ഊരിയത്.

ശ്രീറാം വെങ്കിട്ടരാമൻ 2013 ബാച്ചിൽ സിവിൽ സർവീസിൽ പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായിരുന്നു. ശബരിമലയിൽ പ്ലാസ്റ്റിക് കുറയ്ക്കാനുള്ള നീക്കം നടപ്പാക്കാൻ സഹായിച്ചു. കുറച്ച് നാൾ ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ അസി.സെക്രട്ടറിയായിരുന്നു. ഇപ്പോൾ കേരളത്തെയാകെ ഇളക്കിമറിച്ച മൂന്നാർ െെകയേറ്റമൊഴിപ്പിക്കലിലൂടെ ശ്രദ്ധേയനായ ദേവികുളം സബ്ബ് കളക്ടർ. റിട്ട.അധ്യാപകനും കരിയർ ഗൈഡൻസ് വിദഗ്‌ധനുമായ ഡോ. പി.ആർ. വെങ്കിട്ടരാമനാണ് അച്ഛൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലിചെയ്യുന്ന രാജം രാമമൂർത്തിയാണ് അമ്മ. സഹോദരിയായ ഡോക്ടർ ലക്ഷ്മി ബാംഗ്ലൂരിൽ മെഡിസിനിൽ പി.ജി. ചെയ്യുന്നു.

മൂന്നാറിലെ െെകയേറ്റമൊഴിപ്പിക്കലിനെ തുടർന്ന് കൈകാൽ വെട്ടുമെന്നുള്ള ഭീഷണിയിലും വെല്ലുവിളിയിലും അമ്മയ്ക്ക് പേടിയുണ്ടെങ്കിലും ശ്രീറാമിനെ അതൊന്നും ബാധിച്ചിട്ടേയില്ല. ‘After the last war is fought, a butterfly will still be as beautifull...’ എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. മൂന്നാറിനെ കുറിച്ചും ശ്രീറാമിന് പറയാനുള്ളത് ഇത് തന്നെയാണ്. എല്ലാ ക്രൂരമായ െെകയേറ്റങ്ങൾക്കുമൊടുവിൽ മൂന്നാറിൽ ഒരു തുണ്ട് പച്ചപ്പെങ്കിലും അവശേഷിക്കും, അത് അത്രയും മനോഹരമായിരിക്കുകയും ചെയ്യും.