മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍പാസില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടു ഡസനോളം ആളുകള്‍ മരിച്ചു എന്ന വാര്‍ത്ത എന്നെ ഏറെ സങ്കടപ്പെപടുത്തുന്നു. സ്വന്തം ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന മറ്റു മനുഷ്യരാല്‍ ചവിട്ടി മെതിക്കപ്പെട്ട് വാരിയെല്ലെല്ലാം ഒടിഞ്ഞു ശ്വാസകോശം നശിച്ചു ഇഞ്ചിഞ്ചായിട്ടാണ് തിക്കിലും തിരക്കിലും പെടുന്നവര്‍ മരിക്കുന്നത്.

മുംബൈയില്‍ പക്ഷെ തിരക്ക് ഒരു ദൈനം ദിന യാഥാര്‍ത്ഥ്യം ആണ്. ഒരു ദിവസം ഒരു ഡസനോളം ആളുകളാണ് സബര്‍ബന്‍ ട്രെയിനില്‍ നിന്നും വീണു മരിക്കുന്നതെന്നാണ് ഞാന്‍ വായിച്ചിട്ടുള്ള കണക്കുകള്‍. രാവിലെ ഓഫിസില്‍ പോയ ഒരാളെ വൈകീട്ട് വീട്ടില്‍ എത്തിയില്ലെങ്കില്‍ വീട്ടുകാര്‍ ആദ്യം തിരക്കുന്നത് പോലീസ് സ്റ്റേഷനില്‍ അല്ല റെയില്‍വേ സ്റ്റേഷനില്‍ ആണ്. അത്ര ഭീകരം ആണ് അവിടുത്തെ സ്ഥിതി. ഇത് കഷ്ടമാണ്, പക്ഷെ ഇതാണ് സേഫ്റ്റിയുടെ ട്രാജഡി.

മുംബൈയില്‍ അധോലോകം ആണ് ഒരു വര്‍ഷം മൂവായിരം പേരെ പോയിട്ട് മുപ്പത് പേരെ കൊന്നിരുന്നത് എങ്കില്‍ എന്തൊക്ക കോലാഹലം ആയേനെ, പോലീസ് പോയി പട്ടാളം വന്നേനെ. പക്ഷെ കൊല്ലുന്നത് തീവണ്ടിയാകുമ്പോള്‍ മരിച്ച ആളുകളുടെ എണ്ണം എല്ലാം വെറും കണക്ക് മാത്രം (ഇത് മുംബൈയിലെ കാര്യം അല്ല, കേരളത്തില്‍ ഒരു വര്‍ഷം നാലായിരം ആളാണ് റോഡില്‍ മരിക്കുന്നത്. നമ്മുടെ ചിന്തയും ഇതുപോലെ ഒക്കെ തന്നെ). മുംബൈയിലെ ട്രെയിനും കേരളത്തിലെ റോഡും എല്ലാം നമ്മുടെ ഒക്കുപ്പേഷണല്‍ ഹസാര്‍ഡ് ആണ്. അത് കൊണ്ട് മുംബൈയിലെ തിരക്കിന് എന്റെ കയ്യില്‍ തത്കാലം ചികിത്സ ഇല്ല.

ലോകത്തൊരിടത്തും  തിരക്ക് നിയന്ത്രണം എന്നാല്‍ വാസ്തവത്തില്‍ വലിയ ശാസ്ത്രം ഒന്നും ഉളളതല്ല. ലഭ്യമായ സ്ഥലത്തിന്റെ കാരിയിങ് കപ്പാസിറ്റിക്കകത്തുള്ള ആളുകളെ ഒരു തരത്തില്‍ മാനേജ് ചെയ്യാം, അതും അത്യാവശ്യം സുരക്ഷാ ബോധം ഒക്കെ ഉണ്ടെങ്കില്‍.

പക്ഷെ  ഒരുലക്ഷം പേരുടെ മുകളില്‍ ആളുകള്‍ ഒരു സ്ഥലത്തെത്തിയാല്‍ പിന്നെ പോലീസിനും മറ്റുള്ളവര്‍ക്കും വലിയ നിയന്ത്രണം ഒന്നുമില്ല. അതും കേരളം പോലെ നിയമം അനുസരിക്കാന്‍ പൊതുവെ താല്പര്യം ഇല്ലത്തതും ഒട്ടും സുരക്ഷാബോധം ഇല്ലത്തതും ആയ ഒരു സ്ഥലത്ത്.  ഇത് നമ്മള്‍ മനസ്സിലാക്കണം.

വ്യക്തിപരമായി ഞാന്‍ തിരക്കുള്ള സ്ഥലങ്ങളിലേക്ക്, എനിക്ക് വ്യക്തമായി അവിടുത്തെ സുരക്ഷാ സംവിധാനങ്ങളെ പറ്റി അറിവില്ലെങ്കില്‍,  ഏറ്റവും തിരക്കുള്ള ദിവസങ്ങളില്‍ പോകാറില്ല.  പക്ഷെ കേരളത്തിലോ മറ്റു രാജ്യങ്ങളിലോ തിരക്കില്‍ പെടുന്നവര്‍ക്ക് വേണ്ടി കുറച്ചു നിര്‍ദേശങ്ങള്‍ തരാം. 

1. കേരളത്തില്‍ പ്രധാനമായും മതപരമായ ആഘോഷങ്ങള്‍ നടക്കുന്നിടത്താണ് വലിയ തിരക്ക് വരുന്നത്, മകരവിളക്ക്, മണ്ഡലക്കാലത്തെ ചില ദിവസങ്ങള്‍, തൃശൂര്‍ പൂരം, ചോറ്റാനിക്കര മകം, ചില പള്ളിപ്പെരുന്നാളുകള്‍ എന്നിങ്ങനെ. തിരക്കുള്ള സ്ഥലങ്ങളില്‍ ഏറ്റവും തിരക്കുള്ള ദിവസം പോകാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ശബരിമലക്ക് പോകണമെങ്കില്‍ തിരക്കില്ലാത്ത സമയം ഉണ്ടല്ലോ. ഇനി  അഥവാ മകരവിളക്കിന് പോകണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ വീട്ടുകാരെ ഒക്കെ നന്നായി കണ്ടിട്ട് പോവുക, തിരിച്ചു സുരക്ഷിതമായി വരാന്‍ അയ്യപ്പനോട് നന്നായി പ്രാര്‍ത്ഥിക്കുക. മറ്റു ആരാധനാലയങ്ങള്‍ ആയാലും ഇതിലും പറ്റിയ പ്രതിവിധി ഒന്നുമില്ല. 

2. വലിയ തിരക്കുണ്ടാകുമെന്ന് തോന്നുന്ന സ്ഥലങ്ങളില്‍ ഒരു കാരണവശാലും കുട്ടികളെ കൊണ്ട് പോകരുത്. അത് അവരുടെ ജീവന്‍ അപകടത്തില്‍ ആക്കും എന്ന് മാത്രമല്ല, അവരെ രക്ഷിക്കേണ്ടതിനാല്‍ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് പറ്റുകയും ഇല്ല.

3. തിരക്കുള്ള ഒരു സ്ഥലത്ത് എത്തിയാല്‍ ഇനി ഇവിടെ ഒരു വലിയ തള്ളല്‍ വന്നാല്‍ എങ്ങനെ രക്ഷപെടും എന്ന് എപ്പോഴും മനസ്സില്‍ ഒരു പ്ലാന്‍ ഉണ്ടാക്കുക. സ്റ്റേഡിയത്തില്‍ ഒക്കെ ആണെങ്കില്‍ പുറത്തേക്കുള്ള വഴി നോക്കി വക്കുക 

4. തിരക്ക് നിയന്ത്രണാതീതം ആണെന്ന് നിങ്ങള്‍ക്ക് തോന്നുന്ന നിമിഷം നിങ്ങള്‍ എത്ര ദൂരത്തു നിന്ന് വന്നതാണെങ്കിലും എത്ര ആഗ്രഹിച്ചോ ബുദ്ധിമുട്ടിയോ വന്നതാണെങ്കിലും   ഉടന്‍ സ്ഥലം വിടുക. കുറച്ചു കൂടി നിന്നിട്ട് നോക്കാം എന്ന് ചിന്തിക്കുക പോലും അരുത്.

5 . തിരക്ക് വന്നാല്‍ ഒരു കാരണവശാലും താഴെ വീഴാതെ നോക്കണം. ചുറ്റും ഉള്ളവരും ആയി ഒരുമിച്ച് വേണം തള്ളലിനെ നേരിടാന്‍. അതിലൊരാള്‍ വീണാല്‍ ഉടന്‍ വലിച്ചു നേരെ നിറുത്തുക 

6. തിരക്കിനെതിരെ തള്ളരുത്. തിരക്ക് നമ്മളെ എങ്ങോട്ടാണോ തള്ളുന്നത് ആ ദിശയില്‍ തന്നെ മുന്നോട്ടോ പിറകോട്ടോ സൈഡിലേക്കോ നിന്ന് കൊടുക്കുക.  തിരക്ക് മുന്നോട്ടും പിന്നോട്ടും ഓളങ്ങള്‍ ആയിട്ടാണ് വരുന്നത്, അതുകൊണ്ട് എപ്പോഴും മുന്നോട്ടോ പിന്നോട്ടോ ബലം പിടിക്കരുത്, ഓളം അറിഞ്ഞു  പെരുമാറണം.

7 . ഏതു തിരക്കിനിടയിലും നൂഴ്ന്നു പോകാനുള്ള അവസരം ഉണ്ടാകും, അത് മുന്നോട്ടോ പിറകോട്ടോ ആയിരിക്കില്ല, മറിച്ച് സൈഡിലേക്ക് ആയിരിക്കും, ഒരുമാതിരി പാമ്പ് മുന്നോട്ടു പോലെ ഇടത്തോട്ടും വലത്തോട്ടും മാറിമാറി പോകേണ്ടി വരും. പക്ഷെ തിരക്കിന്റെ എപ്പി സെന്ററില്‍ നിന്നും പുറത്തു കടക്കുക എന്നതാണ് പ്രധാനം.

8. തിരക്കുള്ള സ്ഥലത്ത് കൂട്ടമായി  പോവുകയാണെങ്കില്‍ തിരക്കില്‍ പെട്ട് ഒറ്റപ്പെട്ടു പോയാല്‍ എവിടെ കാണാം എന്നതിന് ഒരു മീറ്റിംഗ് പോയന്റ് മുന്‍കൂട്ടി പറഞ്ഞു വക്കണം. അല്ലാതെ തിരക്കില്‍ ആളെ നോക്കി നില്‍ക്കരുത്, നോക്കാന്‍ പോവുകയും അരുത്. ഇപ്പോള്‍ നിങ്ങളുടെ ഒക്കെ കയ്യില്‍ സെല്‍ഫി സ്റ്റിക്ക് ഉണ്ടല്ലോ, അതിന് മുകളില്‍ മുന്‍പേ പറഞ്ഞ പ്രകാരം ഒരു തൂവാല കെട്ടിയാല്‍ ദൂരെ നിന്നേ കാണാവുന്ന അടയാളം ആയി പൊക്കി പിടിക്കാം. 

9. സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും (ഹൃദ്രോഗം, ആസ്തമ, എപിലെപ്‌സി), സുഖമില്ലാതിരിക്കുന്നവരും, ഭിന്നശേഷി ഉള്ളവരും ഒക്കെ തിരക്കുള്ള സ്ഥലത്തേക്ക് പോകുന്നത് പ്രത്യേകം ആലോചിച്ച് വേണം. പറ്റിയാല്‍ ഒഴിവാക്കണം. തിരക്ക് വന്നാല്‍ പിന്നെ സര്‍വൈവല്‍ ഓഫ് ഫിറ്റസ്റ്റ് ആണ്, ആരും ആരെയും രക്ഷിക്കില്ല, ആരെ ചവിട്ടി വീഴ്ത്തിയാണെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള  മനുഷ്യന്റെ അടിസ്ഥാന വികാരം ആണ് പുറത്തു വരുന്നത്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

10. ആളുകളുടെ എണ്ണം കൂടി ഉണ്ടാകുന്ന തിരക്കിന് പുറമെ  കേരളത്തില്‍ ആന ഇടയുക എന്ന പ്രവോക്കേഷന്‍ (സത്യമാണെങ്കിലും നുണയാണെങ്കിലും) ഉണ്ട്. പാശ്ചാത്യ  രാജ്യങ്ങളില്‍ സംഗീതോത്സവങ്ങള്‍, ഫുട്ബാള്‍ മത്സരം ഇവയൊക്കെയാണ് തിരക്കുണ്ടാക്കുന്നത്, അതിനിടയില്‍ ഇപ്പോള്‍ ബോംബോ സൂയിസൈഡ് അറ്റാക്കറോ ഒക്കെ (സത്യമോ, നുണയോ) ആണ് തള്ളല്‍ ഉണ്ടാക്കുന്ന ഭീഷണികള്‍. ഇങ്ങനെ ഉള്ള കരക്കമ്പി വന്നാല്‍ അത് ശരിയാണോ എന്നന്വേഷിക്കാന്‍ പോകരുത്, അതെ സമയം ശരിയാണെന്നറിയാതെ മറ്റൊരാളോട് പറയുകയും ചെയ്യരുത്. ആന എഴുന്നള്ളിപ്പുള്ള അമ്പലത്തില്‍ പോകുമ്പോള്‍ ഒരു മൃത്യുഞ്ജയ ഹോമം നടത്തുന്നത് നല്ലതാണ്..