ചൈനയിൽനിന്ന് പ്രതിവർഷം ഏതാണ്ട് 7032 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതിചെയ്യുന്നത്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയാകട്ടെ, 1675 കോടി ഡോളറിന്റെയും. അതായത്, ഇരുരാജ്യവും തമ്മിലുള്ള വ്യാപാരം 8707 കോടി ഡോളറിന്റേതാണ്. ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക്‌ വ്യാപാരക്കമ്മി 5357 കോടി ഡോളറും. ആർ.സി.ഇ.പി. രാജ്യങ്ങളിൽ ഇന്ത്യക്ക്‌ ഏറ്റവുമധികം വ്യാപാരക്കമ്മിയുള്ള രാജ്യവും ചൈനയാണ്. കരാർ നിലവിൽവന്നാൽ, ചൈനയിൽനിന്നുള്ള കയറ്റുമതി കൂടുകയേയുള്ളൂ. ‘മെയ്‌ക്ക്‌ ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ലോകത്തിന്റെ നിർമാണഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നതാവും കരാർ. 

പിടിച്ചുനിൽക്കില്ല പാൽമേഖല

ഓസ്‌ട്രേലിയയും ന്യൂസീലൻഡും പാലിന്റെയും പാലുത്പന്നങ്ങളുടെയും പ്രധാന കയറ്റുമതിക്കാരാണ്. അവരുടെ പ്രധാന കാർഷികോത്പാദനവും പാൽതന്നെ.ഇന്ത്യയിലേക്കുള്ള പാൽ കയറ്റുമതിയിൽ അഞ്ചുശതമാനം വർധനവരുത്താനാണ് അവർ ലക്ഷ്യമിടുന്നത്. ഇത് യാഥാർഥ്യമായാൽ ഇന്ത്യയുടെ മൊത്തം പാലുത്പാദനത്തെക്കാൾ  മുകളിലെത്തും ഇറക്കുമതി. വിപണി കീഴടക്കുക അവർക്ക് ബുദ്ധിമുട്ടുള്ള കാര്യമാവില്ല. പ്രോട്ടീൻ ഉൾപ്പെട്ട രണ്ടാംതലമുറ പാലാണ് കുറഞ്ഞവിലയ്ക്ക് അവർ കമ്പോളത്തിലെത്തിക്കുക. നമ്മുടെ ഉപഭോഗസംസ്കാരമനുസരിച്ച് ഏതുപാലാകും വിറ്റുപോവുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾത്തന്നെ പാലുത്പന്നങ്ങളുടെ ഇറക്കുമതിയുടെയും അളവിന്റെയും നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ട്. അതോടെ ഇറക്കുമതിചെയ്യുന്ന പാൽപ്പൊടി ക്ഷീരവിപണിയിൽ കടന്നുകയറുകയും ചെയ്തു. നമ്മുടെ അയൽസംസ്ഥാനങ്ങളിലൂടെ ഒന്ന്‌ കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാവും. രാജ്യത്തെ ഗ്രാമീണജനതയുടെ 92 ശതമാനത്തിന്റെയും മുഖ്യവരുമാനം പശുവളർത്തലിലൂടെയാണ്. പാൽ സഹകരണസംഘങ്ങളാണ് ഇപ്പോൾ അവർക്ക് രക്ഷയാകുന്നത്. പുതിയ കരാറിലൂടെ സഹകരണസംഘങ്ങളും പ്രതിസന്ധിയിലാകും. 

റബ്ബർമുതൽ  മീൻവരെ 

പ്രബലശക്തികളാണ് പല ആസിയാൻ രാജ്യങ്ങളും. നമ്മുടെ ഭക്ഷ്യയെണ്ണയിൽ 55 ശതമാനത്തിൽ കൂടുതലും ആസിയാൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്യുന്നതാണ്. ഇതിലൂടെമാത്രം നമ്മുടെ രാജ്യത്തിന്‌ നഷ്ടമായത് 32 ലക്ഷം കാർഷികതൊഴിലവസരങ്ങളും 15 ലക്ഷം സംസ്കരണ തൊഴിലവസരങ്ങളുമായിരുന്നു.

ഇതിൽനിന്നൊക്കെ കരകയറാൻ കാർഷികമേഖല പരിശ്രമിക്കുമ്പോഴാണ് അടുത്ത ആഘാതവുമായി ആർ.സി.ഇ.പി.യുടെ വരവ്. ഈ കരാർ നിലവിൽവന്നാൽ ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള റബ്ബർ, അരി, പാമോയിൽ, തേയില. കാപ്പി, കുരുമുളക്, മീൻ എന്നിവയുടെ അനിയന്ത്രിതമായ ഇറക്കുമതിയുണ്ടാവും. ഇവയ്ക്കുപുറമേയാണ് ചൈന, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതിയും. അതുണ്ടാക്കുന്ന പ്രത്യാഘാതം ഒട്ടും ചെറുതായിരിക്കില്ല.

മരുന്നുവിപണി ജപ്പാൻ കൊണ്ടുപോകും; ബാങ്കിങ്മുതൽ വസ്ത്രമേഖലവരെ താറുമാറാകും 

ഇനി, സേവനമേഖലയുടെ കാര്യമെടുക്കാം. രാജ്യത്തെ ചില്ലറവ്യാപാരം, ബാങ്കിങ്, ഇൻഷുറൻസ് മേഖലകളെ കരാർവ്യവസ്ഥകൾ നേരിട്ട്‌ ബാധിക്കാം. ബൗദ്ധികസ്വത്തവകാശനിയമത്തിൽ ജപ്പാൻ നിർദേശിക്കുന്നതായി കേൾക്കുന്ന മാറ്റങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതാണ്. കരാർ, മരുന്നുവ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് മാത്രമല്ല, അതിന്റെ നിയന്ത്രണം പൂർണമായും ജപ്പാന്റെ കരങ്ങളിലേക്ക് പോകുകയും ചെയ്യും. നിലവിൽ ആഭ്യന്തരവിപണിയിൽ 16 ശതമാനം മരുന്നുകൾ വാങ്ങുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. അതുപോലും അട്ടിമറിക്കപ്പെടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കരാർപ്രകാരം ആർ.സി.ഇ.പി. രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾക്ക് നമ്മുടെ രാജ്യത്തെ കമ്പനികളുടേതിനുതുല്യമായ പരിഗണന നൽകണം. സാങ്കേതികമായും സാമ്പത്തികമായും ഏറെ മുന്നിലുള്ള അവർക്ക് നമ്മുടെ കമ്പനികളെ നിഷ്‌പ്രയാസം മറികടക്കാനാവും. പരമ്പരാഗത വസ്ത്രനിർമാണവ്യവസായങ്ങളും സമാനമായ ഭീഷണി നേരിടുന്നുണ്ട്. ഈ മേഖലകളിൽ സർക്കാരുകളുടെ ഇടപെടൽ പൂർണമായും ഇല്ലാതാവും. മറിച്ചായാൽ അന്താരാഷ്ട്ര തർക്കപരിഹാരകോടതിയിൽ അതിനെ ചോദ്യംചെയ്യാനുള്ള അനുവാദം കരാർ വ്യവസ്ഥകൾ നൽകുന്നുണ്ട്. 

നഷ്ടമാവും കൃഷിഭൂമി

ഏകദേശം 42കോടി  ചെറുകിട കൃഷിയിടങ്ങളാണ് 16 അംഗരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നത്. ഈ രാജ്യങ്ങളിലെ ഭക്ഷണത്തിന്റെ 80 ശതമാനവും ഈ കൃഷിയിടങ്ങളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കരാറിന്റെ പ്രത്യാഘാതം എല്ലായിടത്തെയും ഭക്ഷ്യസംവിധാനം, കർഷകർ, അനുബന്ധ വ്യാപാരമേഖലകൾ എന്നിവയെ ഒരുപോലെ ബാധിക്കും. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് ഈ കരാർ നടപ്പായാൽ കർഷകന് ആദ്യം നഷ്ടമാവുക, കൃഷിഭൂമിയിൽ കൃഷിചെയ്യുന്നതിനുള്ള അവകാശമാകും. കൃഷിയിൽ ഇപ്പോൾത്തന്നെ വിദേശനിക്ഷേപത്തിന് കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുണ്ട്. അവർക്ക് ആവശ്യമുള്ള ഭൂമി പാട്ടത്തിനോ തദ്ദേശീയരുമായി കരാറടിസ്ഥാനത്തിലോ ഏറ്റെടുത്ത് കൃഷിനടത്താമെന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാകും. നിക്ഷേപകർക്ക് കൃഷിഭൂമി സ്വന്തമാക്കാനുള്ള അനുമതിയും കരാറിലൂടെയുണ്ടാകും. 

ആർ.സി.ഇ.പി. അംഗരാജ്യങ്ങളിൽമാത്രം 9.6 ദശലക്ഷം ഹെക്ടറിലെ കൃഷി ഇങ്ങനെ കുത്തകകളുടെ കൈവശം ചെന്നുചേർന്നുകഴിഞ്ഞു. ഓസ്‌ട്രേലിയ,  കംബോഡിയ, ലാവോസ്, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലാണ് ഈ ഭൂമികൈമാറ്റം കൂടുതലും നടന്നിട്ടുള്ളത്. സിങ്കപ്പൂർ, ചൈനീസ്, ദക്ഷിണകൊറിയൻ കമ്പനികളാണ് ഇതിൽ നല്ലൊരു പങ്കും സ്വന്തമാക്കിയിരിക്കുന്നത്. ഇതുപോലെ ഇന്ത്യയിലും കൃഷിഭൂമി വാങ്ങാൻ അവർക്ക് അവസരം ലഭിക്കും. ഇല്ലെങ്കിൽ രാജ്യംഭരിക്കുന്ന സർക്കാർ അത് ഒരുക്കിനൽകണമെന്നാണ് വ്യവസ്ഥ. സ്വന്തം ഭൂമിയിൽ എന്ത്‌ കൃഷിചെയ്യണം, ആര് കൃഷിചെയ്യണം എന്ന്‌ തീരുമാനിക്കാനുള്ള അവകാശത്തിനുപോലും പ്രസക്തിയില്ല. കർഷകന്റെ സമ്മതവും എതിർപ്പുമെല്ലാം അപ്രസക്തമാവുകയും ചെയ്യും. 

എന്ത് വിതയ്ക്കണമെന്ന ചോദ്യമുയരുമ്പോൾ ജനിതകമാറ്റം വരുത്തിയ വിത്ത് എന്ന മറുപടിയേ വിദേശനിക്ഷേപകർക്കുണ്ടാവൂ. പരമാവധി ലാഭത്തിൽ കവിഞ്ഞ ആഗ്രഹമൊന്നും അവർക്കുണ്ടാവില്ല. സ്വാഭാവികമായും ഇത് നശിപ്പിക്കുക നമ്മുടെ പരമ്പരാഗത കാർഷികവിളകളെയാവും. അമിതമായ രാസവളപ്രയോഗവുമുണ്ടാവും. കരാറിൽ ഉൾപ്പെടുത്തണമെന്ന് ചൈന നിർബന്ധപൂർവം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ പ്രധാനം വിത്തുകളുടെയും രാസവളങ്ങളുടെയും നിയമങ്ങൾ ശക്തിപ്പെടുത്തണമെന്നതാണ്. ഏഷ്യാ പസഫിക്ക് ഭൂഖണ്ഡത്തിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം ക്രമാതീതമായി വർധിക്കാനും ഇത്‌ വഴിയൊരുക്കും. 

2021 വരെ വർഷം 10000 മുതൽ 12000 കോടിവരെ  ഡോളറിന്റെ വിറ്റുവരവാണ് ഈ മേഖലയിലെ പ്രമുഖ കമ്പനികൾ പ്രതീക്ഷിക്കുന്നത്. വിപണിയിലേക്കുള്ള കൂടുതൽ ഇടപെടലിനായി ചൈന വാദിക്കുന്നതായാണ് സൂചനകൾ. അന്താരാഷ്ട്ര രാസവളവിപണിയിൽ തങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനായി നൈട്രജന്റെയും ഫോസ്‌ഫറസ് വളങ്ങളുടെയും കയറ്റുമതിത്തീരുവ കുറയ്ക്കുമെന്ന് 2017-ൽ ചൈന പ്രഖ്യാപിച്ചിരുന്നു. അതിനെ പിന്തുടർന്നാണ് ഇറക്കുമതിച്ചുങ്കം പൂജ്യമായി കുറയ്ക്കാൻ കരാർ ഒപ്പിടാനൊരുങ്ങുന്ന മറ്റുരാജ്യങ്ങൾ തയ്യാറാവണമെന്ന് അവർ വാശിപിടിക്കുന്നത്.
കരാറിലെ ബൗദ്ധികസ്വത്തവകാശം എന്ന അധ്യായത്തിൽ, അംഗരാജ്യങ്ങൾ 1991-ലെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദി പ്രൊട്ടക്‌ഷൻ ഓഫ് ന്യൂ വെറൈറ്റീസ് ഓഫ് പ്ലാന്റ്‌സ്(യു.പി.ഒ.വി.) ഉടമ്പടി അംഗീകരിക്കണമെന്ന് ജപ്പാനും ദക്ഷിണകൊറിയയും നിർബന്ധംപിടിക്കുന്നതും തള്ളിക്കളയേണ്ടതല്ല. ഈ ഉടമ്പടിപ്രകാരം കർഷകർക്ക് സംരക്ഷണവിഭാഗത്തിൽപ്പെട്ടവയുടെ വിത്തുകൾ കൈവശപ്പെടുത്താനുള്ള അവകാശമില്ല. അഥവാ വിത്തുകൾ കൈവശപ്പെടുത്തുകയാണെങ്കിൽ അതിനുള്ള റോയൽറ്റി കർഷകർ നൽകേണ്ടിവരും. ഇത് ഒരു ആനുകൂല്യമായിട്ടാണ് പ്രതിപാദിച്ചിട്ടുള്ളത്. ഓരോ രാജ്യത്തെയും കൃഷിക്കുവേണ്ടിയുള്ള വാണിജ്യ വിത്തുകളുടെ വിലയുടെ 10-40 ശതമാനമാണ് റോയൽറ്റിയായി കണക്കാക്കുന്നത്. ഇത് കർഷകരിൽനിന്ന് ഈടാക്കാൻ സർക്കാർ സഹായം നൽകണം. 

അടുത്തിടെ നമ്മുടെ ഉരുളക്കിഴങ്ങുകർഷകർ കോളക്കമ്പനിയുടെ പിടിയിൽ അകപ്പെട്ടത് മറക്കാറായിട്ടില്ലല്ലോ. ഒരു തുടക്കമായതിനാൽ ആ കമ്പനി കടുംപിടിത്തത്തിന് മുതിർന്നില്ല. എന്നാൽ, ഇനിയതുണ്ടാവില്ലെന്ന് കരുതുന്നത് അബദ്ധമാകും. ജി.എം.പരുത്തിയുടെ അവസ്ഥയും മറക്കാറായിട്ടില്ലല്ലോ. വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര കുത്തകകൾക്കായി രാജ്യത്തിന്റെ വിപണി തുറന്നുനൽകുന്നതോടെ അപ്രത്യക്ഷരാവുക നമ്മുടെ പ്രളയകാലത്തെ ഹീറോ നൗഷാദിനെപ്പോലുള്ള ചെറുകിടവ്യാപാരികളും കച്ചവടക്കാരും മറ്റ് വഴിയോരകടക്കാരുമൊക്കെയാകും. ഓൺലൈൻ വ്യാപാരം ഇപ്പോൾത്തന്നെ പിടിമുറുക്കിയിട്ടുണ്ട്. അവർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയെന്തെന്ന് ഈ പ്രളയകാലത്ത് നാം മനസ്സിലാക്കിയതുമാണ്. ഫ്ളിപ്കാർട്ട് ഏറ്റെടുത്താണ് വാൾമാർട്ട് വരുന്നത്. ഇന്ത്യയിൽ 2500 കോടിയുടെ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് ആമസോൺ. ചൈനയിൽനിന്നുള്ള ആലിബാബയും ഉടനെത്തും. ചെറുകിട വ്യാപാരമേഖല തുടച്ചുനീക്കപ്പെടുന്നതോടെ വഴിയാധാരമാവുക വലിയ ജനവിഭാഗമായിരിക്കും.

കാർഷികവിളകൾക്ക് വെല്ലുവിളി

കുരുമുളക്, റബ്ബർ, കശുവണ്ടി, ഏലം തുടങ്ങി കേരളത്തിന്റെ സ്വന്തം കാർഷികവിളകൾ ഇപ്പോൾത്തന്നെ കുറെക്കൂടി കുറഞ്ഞ ചെലവിൽ വിയറ്റ്‌നാം, ഇൻഡൊനീഷ്യ പോലുള്ള രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ കാർഷികവിളകൾക്ക് വെല്ലുവിളിയുയർത്തുന്നതാണിത്. വില വൻതോതിൽ കുറയാൻ ഇത് ഇടയാക്കിയിട്ടുണ്ടെന്ന് മാത്രമല്ല, ഇന്ത്യയുടെ കാർഷികവിളകൾ കയറ്റുമതിവിപണിയിൽ മത്സരക്ഷമമല്ലാതെയാക്കുകയും ചെയ്തു. പുതിയ വ്യാപാരക്കരാർ നടപ്പായാൽ ഈ രാജ്യങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതെ അവരുടെ കാർഷികവിളകൾ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാം. കുറഞ്ഞ വിലയ്ക്ക് ഇവയെത്തുന്നതോടെ കേരളത്തിലെ കാർഷികമേഖല ഏതാണ്ട് പൂർണമായി തകരുന്ന അവസ്ഥ സംജാതമാകും. 

കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങൾ മറികടന്ന് ശ്രീലങ്കവഴി കുരുമുളക് വൻതോതിൽ എത്തിയത് കേരളത്തിലെ കാർഷികമേഖലയുടെ നടുവൊടിച്ചത് ഇവിടെ പരാമർശിക്കാതിരിക്കാനാവില്ല. കഴിഞ്ഞ വർഷം വിയറ്റ്‌നാമിൽനിന്നുള്ള കുരുമുളക് ശ്രീലങ്കയിലൂടെ വൻതോതിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ശ്രീലങ്കയുമായുള്ള വ്യാപാരക്കരാർ ചൂഷണംചെയ്തുകൊണ്ടായിരുന്നു ഇത്. ഇവിടെ ഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 800 രൂപ വിലയുണ്ടായിരുന്നത് ഇതോടെ 300 രൂപയിലേക്ക്‌ കൂപ്പുകുത്തി. ഇപ്പോൾ വില ഏതാണ്ട് 350 രൂപയ്ക്കടുത്താണ്. വിദേശത്തുനിന്നുള്ള കുരുമുളക് ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കിലോയ്ക്ക് 500 രൂപ കുറഞ്ഞവില നിശ്ചയിച്ചിരിക്കുന്നതിനിടയിലാണ് ഇതെന്ന് ഓർക്കണം. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കാതെ കരാർ നടപ്പാക്കിയാൽ അത് ഇന്ത്യയുടെ വളർച്ചാലക്ഷ്യങ്ങൾ തല്ലിക്കെടുത്തുകതന്നെ ചെയ്യും. കരാറിനെക്കുറിച്ചൊന്നും കേന്ദ്രസർക്കാർ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ  ഇരുട്ടിൽത്തപ്പുന്നത് തുടരണമോ എന്ന് നാമൊരുമിച്ച് തീരുമാനിക്കേണ്ടിയിരിക്കുന്നു. കേന്ദ്രസർക്കാരിനെ വിശ്വസിച്ച്, കരാർ ഒപ്പിട്ടില്ലല്ലോയെന്നുപറഞ്ഞ് കാത്തിരുന്നാൽ പിന്നീട് ചോദിക്കാനുള്ള അവസരം ലഭിച്ചെന്നുവരില്ല. അതുകൊണ്ട് കഴിയുന്ന വേദികളിലൊക്കെ നമുക്ക് ചോദിക്കാം, ഒറ്റയ്ക്കും കൂട്ടമായും. 

ഒരു സമരത്തിന്റെ ഓർമ; പെരുമാട്ടി പോരാട്ടങ്ങള്‍ ഇനി ഉണ്ടാവില്ല

ലോകംതന്നെ അതിശയത്തോടെ നോക്കിക്കണ്ട പോരാട്ടമാണ് കോളക്കമ്പനിക്കെതിരായ പെരുമാട്ടി പഞ്ചായത്തിന്റെ പോരാട്ടം. കോളക്കമ്പനിയുടെ ജലചൂഷണം ഒരു പ്രദേശത്തെത്തന്നെ നശിപ്പിക്കുന്ന ഘട്ടമെത്തിയപ്പോഴായിരുന്നു പഞ്ചായത്തിന്റെയും പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെയും  ഇടപെടലുണ്ടായത്. മാതൃഭൂമി അതിൽ നേതൃപരമായ പങ്കുവഹിച്ചു എന്നുപറയുന്നതിൽ അഭിമാനമുണ്ട്. 
കോളഭീമന്റെ വശീകരണങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ ആ സമരം മുന്നോട്ടുപോയി. ലോകമെമ്പാടുമുള്ള പരിസ്ഥിതിപ്രവർത്തകരും  സന്നദ്ധപ്രവർത്തകരും അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പലരും നേരിട്ടുവന്നു. സമരത്തിന്റെ ഭാഗമായി 2004 ജനുവരിയിൽ പ്ലാച്ചിമടയിൽ ലോകജലസമ്മേളനം നടന്നു. വിശ്വപ്രശസ്ത പരിസ്ഥിതിപ്രവർത്തകനും ഫ്രഞ്ച് കർഷക നേതാവുമായ ഹോസെ ബുവെയാണ് ആ ഐതിഹാസിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. കനേഡിയൻ എഴുത്തുകാരിയും ‘ബ്ലു ഗോൾഡ്: ദ ഫൈറ്റ് ടു സ്റ്റോപ് ദ കോർപ്പറേറ്റ് തെഫ്റ്റ് ഓഫ് വേൾഡ്‌സ് വാട്ടർ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ മോഡ് ബാർലൊ ആയിരുന്നു മുഖ്യപ്രഭാഷണം നടത്തിയത്. അമേരിക്കയിൽനിന്നുള്ള വാർഡ് മോർ ഹൗസ്, കാനഡയിൽനിന്നുള്ള കാൾ ഫ്ളെക്കർ, അഫ്ളാത്തൂൺ എന്നിവരും ആ വേദിയെ സമ്പന്നമാക്കി. 30-ഓളം വിദേശ പ്രതിനിധികൾ അന്ന് പ്ലാച്ചിമടയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.  

ഫിൻലൻഡ് മുൻ പരിസ്ഥിതിവകുപ്പ് മന്ത്രി സാട്ടു ഹാസ്സി, എം.ടി. വാസുദേവൻ നായർ, പ്രശസ്ത പരിസ്ഥിതിപ്രവർത്തക ഡോ. വന്ദന ശിവ, മഗ്‌സസെ ജേതാവ് ഡോ. രാജേന്ദ്ര സിങ്,  മേധാപട്കർ, സുകുമാർ അഴീക്കോട്, കെ. കൃഷ്ണൻകുട്ടി,  അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, സമരമുഖത്തെ മുന്നണിപ്പോരാളി മയിലമ്മ എന്നിവരുടെ പങ്കാളിത്തവും പേരുകളും വിസ്മരിക്കാനാവില്ല. കൊക്കകോളയുടെ കോടികൾ വരുന്ന കോഴ നിരസിച്ച്, സമ്മർദങ്ങളെ അതിജീവിച്ച് അവരുടെ ജലചൂഷണത്തിനെതിരേ പൊരുതിയ പെരുമാട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് എ. കൃഷ്ണനെ ലോകജലസമ്മേളനത്തിലെത്തിയ പ്രതിനിധികൾ ആരാധനയോടെ പൊതിഞ്ഞതും അഭിനന്ദിച്ചതും യാത്രചോദിച്ചതും ഇപ്പോഴും ഓർമയിലുണ്ട്. 

ആ സമരം വിജയിച്ചപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഒരു പ്രദേശംകൂടിയായിരുന്നു. അത്തരം പോരാട്ടങ്ങൾ ഇനി ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയാണ് ആർ.സി.ഇ.പി. കരാർ. ഒരു കമ്പനിക്ക് പ്രവർത്തനാനുമതി നൽകിക്കഴിഞ്ഞാൽ പിന്നെ അവരെ നിലയ്ക്കുനിർത്താൻ പഞ്ചായത്തിന് പോയിട്ട് കേന്ദ്രസർക്കാരിനുപോലും അനുവാദമില്ലെന്ന് ഈ കരാർ ഉറപ്പാക്കുന്നു. രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായി ആ കമ്പനികൾ പ്രവർത്തിച്ചാൽപോലും നടപടിയെടുക്കാൻ ആവില്ല. ദക്ഷിണകൊറിയ എതിർത്തതുകൊണ്ടുമാത്രമാണ് ഈ വ്യവസ്ഥയെക്കുറിച്ച് പുറംലോകം അറിയുന്നത്. കരാറിന്റെ അവസാനവട്ട മന്ത്രിതലചർച്ച സെപ്‌റ്റംബർ എട്ടിന് ബാങ്കോക്കിൽ നടക്കാൻ പോകുകയാണ്. മറ്റ് രാജ്യങ്ങളിലൊക്കെ കരാറിനെതിരേ വിവിധ സംഘടനകൾ പ്രക്ഷോഭരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. 10 പ്രമുഖ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധറാലിയാണ് ഇൻഡൊനീഷ്യയിൽ അടുത്തിടെ നടന്നത്. അപ്പോഴും ഇന്ത്യയിൽ ഇതൊന്നും ആരും അറിയുന്നില്ല. നാം ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.

(അവസാനിച്ചു)

Content Highlights: mp veerendrakumar mp writes about rcep deal