മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ തിക്തഫലങ്ങൾ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാൽനൂറ്റാണ്ടുമുമ്പ് ഞാനെഴുതിയ ഗാട്ടും കാണാച്ചരടും എന്ന പുസ്തകത്തിൽ, നാം അഭിമുഖീകരിക്കാൻ പോകുന്ന സാമ്പത്തിക അസ്വാതന്ത്ര്യത്തെയും കാർഷികപ്രതിസന്ധിയെയും കുറിച്ച് പരാമർശിച്ചിരുന്നു. സ്വന്തം കമ്പോളങ്ങൾ സംരക്ഷിക്കുകയും ആഗോളകമ്പോളം കൈപ്പിടിയിലാക്കുകയും ചെയ്ത വികസിതരാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്കായി ഗാട്ടിലൂടെ നൽകിയ സഹായമായിരുന്നു കമ്പോളപ്രവേശമെന്ന് അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമ്പോളപ്രവേശ വ്യവസ്ഥയിലൂടെ, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ നിർബന്ധിതമാകുമെന്ന മുന്നറിയിപ്പും അതിലുണ്ടായിരുന്നു. പിന്നീട് കൺമുന്നിൽ നാമത് കണ്ടതാണ്. നമ്മുടെ ഉത്പന്നങ്ങൾക്കുമേൽ വിദേശവസ്തുക്കൾ ആധിപത്യം സ്ഥാപിക്കുന്നതും നമ്മുടെ ഉത്പന്നങ്ങൾക്ക് വിലയിടിയുന്നതുമെല്ലാം കണ്ടു. 

ആസിയാൻ കരാർ (Association of Southeast Asian Nations Treaty) രാജ്യത്തിന്റെ കാർഷികമേഖലയെ എത്രമാത്രം അപകടപ്പെടുത്തിയിരിക്കുന്നു. അതിന്റെ ദുരന്തഫലമായിരുന്നു കർഷക ആത്മഹത്യകൾ. സ്വതന്ത്രവ്യാപാരക്കരാറുകൾ നമ്മുടെ കാർഷിക, സാമ്പത്തിക മേഖലകളെ തകർക്കുകയും അത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ താറുമാറാക്കുകയും ചെയ്തിട്ടും തിരുത്താതെ വീണ്ടും അത്തരം ഇടപാടുകളിലൂടെ ബാക്കിയുള്ള സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.    റീജണൽ കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്(ആർ.സി.ഇ.പി.) എന്ന സ്വതന്ത്രവ്യാപാരക്കരാർ നടപ്പാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നീക്കത്തെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഈ കരാറിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല. രാജ്യത്തുള്ള ആരുമായും ചർച്ച നടത്തിയിട്ടുമില്ല . പാർലമെന്റിനെപ്പോലും അറിയിച്ചിട്ടില്ല. അടുത്ത നവംബറിൽ കരാറിൽ ഇന്ത്യ ഒപ്പിടുമെന്നാണ് സൂചനകൾ. കരാർവ്യവസ്ഥകൾ സംബന്ധിച്ച് ഇവിടത്തുകാർക്ക് ഒന്നുമറിയില്ലെങ്കിലും മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങൾ അവരുടെ ഭാഗം വിശദമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗാട്ട്, ആസിയാൻ കരാറുകൾ പോലെ ഇന്ത്യൻ കാർഷികമേഖലയെ, പ്രത്യേകിച്ച് കേരളത്തിലെ കർഷകരെ പ്രതികൂലമായി ബാധിക്കുന്നതാണ് ആർ.സി.ഇ.പി. കരാറുമെന്ന് ഈ റിപ്പോർട്ടുകളിൽനിന്ന് മനസ്സിലാക്കാം. 

എന്താണ് ആർ.സി.ഇ.പി. കരാർ? 

ബ്രൂെണെ, മ്യാൻമാർ, കംബോഡിയ, ഇൻഡൊനീഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പൂർ, തായ്‌ലാൻഡ്‌, വിയറ്റ്‌നാം എന്നീ പത്ത് ആസിയാൻ രാജ്യങ്ങളും ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേർന്നുള്ള സ്വതന്ത്ര വ്യാപാരക്കരാറാണിത്.  (Regional Comprehensive Economic Partnership) ഈ രാജ്യങ്ങളിലെ കാർഷിക, വ്യാവസായിക, സേവന, എൻജിനിയറിങ് മേഖലകളിലെല്ലാം ഉത്പന്നങ്ങൾ നികുതിയില്ലാതെ കയറ്റി അയക്കുന്നതിനുള്ള കരാർ. ഇത് യാഥാർഥ്യമായാൽ ലോകത്തെ ഏറ്റവും വലിയ കമ്പോളങ്ങളായി ഈ രാജ്യങ്ങൾ മാറുമെന്നാണ് കരാർ അനുകൂലികൾ പറയുന്നത്. ഗാട്ട്, ആസിയാൻ കരാറുകളുടെ വരവിനു മുമ്പും ഇത്തരം വാദങ്ങൾ ഉണ്ടായിരുന്നു. പിന്നീടുണ്ടായത് എന്താണെന്ന് നമുക്കറിയാം. അമേരിക്കയുമായുള്ള വ്യാപാരമത്സരത്തിൽ മേൽക്കൈ നേടുന്നതിന് ചൈന കണ്ടെത്തിയ പല വഴികളിലൊന്നാണ് ആർ.സി.ഇ.പി. കരാറെന്നും പറയാം. 

2012-ൽ കംബോഡിയയിൽ നടന്ന ആസിയാൻ ഉച്ചകോടിയിലാണ് ആർ.സി.ഇ.പി.യുടെ ആശയം അവതരിപ്പിക്കുന്നത്. ഏഴുവർഷമായി അതുസംബന്ധിച്ച ചർച്ചകൾ രാജ്യാന്തരത്തിൽ നടക്കുന്നു. എന്നാൽ, ഇതുവരെ ഇന്ത്യയിൽ പരസ്യ ചർച്ചപോലും കേന്ദ്രസർക്കാർ സംഘടിപ്പിച്ചിട്ടില്ലെന്നത് അദ്‌ഭുതപ്പെടുത്തുന്നതാണ്. കാർഷിക മേഖലയിൽ ഉൾപ്പെടെ വിദേശനിക്ഷേപം നടത്താനുള്ള വ്യവസ്ഥകൾ ഉദാരമാക്കുക, തൊഴിലാളികളുടെ നിയമപരമായ അവകാശം കുറയ്ക്കുക തുടങ്ങിയവ ഈ കരാറിന്റെ ഭാഗമാണ്. ഈ വ്യവസ്ഥകൾ ഇന്ത്യ പാലിച്ചുകഴിഞ്ഞുവെന്നത് പ്രത്യേകം ഓർക്കണം. കരാർ കൊണ്ടുള്ള നേട്ടത്തെക്കുറിച്ച് പറയാൻ സർക്കാരിന് കഴിയുന്നുമില്ല.

കരാറിന്റെ പ്രയോജനം ആര്‍ക്ക് ?

കരാര്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യുക ചൈനയ്ക്കാവും. നികുതി കൂടി ഒഴിവാക്കപ്പെടുന്നതോടെ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് തള്ളിക്കയറും. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ കൊണ്ടുമാത്രം അതിനെ തടയാനാവില്ല. അങ്ങനെ തടയാന്‍ ശ്രമിക്കുന്നതുപോലും ഗുരുതരമായ കുറ്റമായി കാണുന്ന വ്യവസ്ഥകള്‍ ഈ കരാറിലുണ്ട്. 'അര്‍ബന്‍ നക്സലുകള്‍' എന്ന പദപ്രയോഗവും വ്യക്തികളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാമെന്ന എന്‍.ഐ.എ.ഭേദഗതിയുമൊക്കെ വെറുതേയല്ല എന്നര്‍ഥം. കാര്‍ഷിക വിഭവങ്ങളുടെ കയറ്റുമതിക്കാരില്‍ ആറാമത്തെ വലിയ രാജ്യമാണ് ചൈന. ആ സ്ഥാനത്തുനിന്നു ഒന്നാമതെത്തുകയാണ് അവരുടെ ലക്ഷ്യം. ഇതിനായി അവര്‍ പല തന്ത്രങ്ങളും പയറ്റും.  മുമ്പ് മ്യാന്‍മാറില്‍നിന്നു നാം പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവം ഓര്‍ക്കുന്നത് നന്നായിരിക്കും. മ്യാന്‍മാറിലെ പയര്‍വര്‍ഗങ്ങള്‍ അന്ന് ചൈനീസ് കമ്പനികള്‍ മൊത്തമായി വാങ്ങി. എന്നിട്ടത് അവര്‍ ഇവിടേക്ക് കയറ്റി അയക്കുകയായിരുന്നു. ഈ നയത്തിന്റെ അടുത്ത രൂപമാണ് ആര്‍.സി.ഇ.പി. കരാറിന്റെ അന്തസ്സത്ത. കാര്‍ഷികോത്പന്നങ്ങള്‍ മാത്രമല്ല, കൃഷിഭൂമിതന്നെ സ്വന്തമാക്കാം, എതിര്‍ക്കാനുള്ള അവകാശംപോലും കര്‍ഷകനുണ്ടാവില്ലെന്ന് കരാര്‍ ഉറപ്പുവരുത്തുന്നുണ്ട്.

എതിർപ്പുകൾ അവഗണിക്കപ്പെടുന്നു

ആർ.സി.ഇ.പി. കരാറിൽ ഇന്ത്യ ഒപ്പിടുന്നതിനെതിരേ അഭിപ്രായങ്ങളുയർന്നിട്ടുണ്ട്. ഇതിൽ പ്രധാനം നീതി ആയോഗ് തന്നെ. കേന്ദ്രസർക്കാരിലെ പല സെക്രട്ടറിമാരും സാമ്പത്തിക വിദഗ്ധരും കരാറിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചേംബർ ഓഫ് കൊമേഴ്‌സും സംസ്ഥാനങ്ങളിലെ കാർഷിക കൂട്ടായ്മകളും തങ്ങളുടെ ആശങ്കകളും വിയോജിപ്പും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻഡൊനീഷ്യയിൽ നടന്ന ചർച്ചയിൽ കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾക്ക് 80 മുതൽ 86 ശതമാനം വരെ തീരുവരഹിത ഇറക്കുമതി അനുവദിക്കാമെന്ന ഒത്തുതീർപ്പിന് ഇന്ത്യയും അംഗീകാരം നൽകിയിരുന്നു. ഓഗസ്റ്റിൽ നടന്ന യോഗത്തിൽ പക്ഷേ, കേന്ദ്രമന്ത്രി പങ്കെടുത്തില്ല. അവസാനഘട്ട തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അദ്ദേഹം മാറി നിൽക്കുകയാണ് ചെയ്തത്.

ആർ.സി.ഇ.പി.യിൽ 

ഒപ്പുെവക്കുന്ന രാജ്യങ്ങളുടെ ഏതെല്ലാം ഉത്പന്നങ്ങളാണ് സെൻസിറ്റീവ് ഉത്പന്നങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതെന്നത്‌ സംബന്ധിച്ച ചർച്ച മാത്രമാണ് അവശേഷിക്കുന്നത്. കരാറിന്റെ നെഗറ്റീവ് ലിസ്റ്റിൽ കാർഷികമേഖലയെ ഉൾപ്പെടുത്തണമെന്ന കർഷക സംഘടനകളുടെ ആവശ്യം അംഗീകരിക്കുമെന്ന് പറയുമ്പോൾത്തന്നെ അതിനായി ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ന്യൂസീലൻഡിലെ കോമൺവെൽത്ത് ട്രേഡ് ഇന്റഗ്രേഷൻ സ്പെഷ്യൽ ഓഫീസർ ജെർമി ക്ലർക് വാട്‌സന്റെ  പ്രസ്താവന ചൂണ്ടിക്കാട്ടുന്നത്. ന്യൂസീലൻഡിന്റെ സേവനമേഖല തങ്ങളുടെ പ്രൊഫഷണലുകൾക്കായി തുറന്നു നൽകണമെന്ന ഇന്ത്യയുടെ ആവശ്യം അവർ അംഗീകരിച്ചെന്നും പകരം ഇന്ത്യയുടെ കാർഷികമേഖല തുറന്നുനൽകാൻ ധാരണയായതായും അദ്ദേഹം പറയുന്നു. അപ്പോൾ, ഇന്ത്യയിലെ സംഘടനകൾക്ക് നൽകിയ വാഗ്ദാനത്തിന്റെ സ്ഥിതിയെന്താണ്? പാൽ, ആപ്പിൾ, വൈൻ തുടങ്ങിയവയാണ് ന്യൂസീലൻഡിന്റെ പ്രധാന കാർഷികവിഭവങ്ങൾ. ഇന്ത്യൻ മാർക്കറ്റിലേക്ക് ഇവ കടന്നുവരുന്നത് ആരെയാവും ബാധിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കരാറും ഇന്ത്യയും

ആർ.സി.ഇ.പി.കരാറിനെക്കുറിച്ച് കേന്ദ്രസർക്കാർ ആകെ പറഞ്ഞിട്ടുള്ളത്, ഇത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ തൊഴിൽ സാധ്യത നൽകുമെന്നു മാത്രമാണ്. ആർ.സി.ഇ.പി.അംഗരാജ്യങ്ങളിലെ സേവനമേഖല ഇതിനായി തുറന്നുകിട്ടുമത്രേ. ഇന്ത്യൻ യുവത്വത്തിന്റെ തൊഴിൽസ്വപ്നത്തെ കൂട്ടുപിടിച്ചുള്ള തന്ത്രപരമായ നീക്കമായേ ഇതിനെ കാണേണ്ടതുള്ളൂ. 2010-ൽ അന്നത്തെ യു.പി.എ. സർക്കാർ ആസിയാൻ കരാറിൽ ഒപ്പിട്ടതും ഇതേ വാദം ഉന്നയിച്ചായിരുന്നു. ഒരു ദശകം പൂർത്തിയാകാറായിട്ടും ഉയർത്തിക്കാട്ടാനാവുന്ന തരത്തിലുള്ള തൊഴിലവസരം നമുക്ക് ലഭിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ഇക്കുറിയും മറിച്ചുചിന്തിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ തൊഴിലവസരം ലഭിച്ചാൽത്തന്നെ തകർന്നടിയുക നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയാവും എന്ന കാര്യം സൗകര്യപൂർവം ഒളിച്ചുെവക്കുന്നുമുണ്ട്. 

പുതിയ കരാർ യാഥാർഥ്യമാകുന്നതോടെ സേവന മേഖലയിലും കാര്യങ്ങൾ സങ്കീർണമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെക്കനൈസേഷൻ, ത്രീ ഡി പ്രിന്റിങ്‌, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളും വിദഗ്‌ധരും ഇവിടേക്കു കടന്നുവരും. അതോടെ നമ്മുടെ പ്രൊഫഷനുകൾക്ക് ഇന്ത്യയിൽപ്പോലും പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാവും വന്നുചേരുക.    എന്നാൽ, ഒരു ഗുണമുണ്ട്, നരേന്ദ്രമോദി സർക്കാരിന്റെ സ്വന്തക്കാരായി അറിയപ്പെടുന്ന അദാനിക്കും അംബാനിക്കും ആർ.സി.ഇ.പി.അംഗ രാജ്യങ്ങളിൽ കൂടുതൽ മൂലധന നിക്ഷേപങ്ങൾ നടത്താനാവും. ഈ കരാർ നിലവിൽ വരുന്നതോടെ നിലവിലുള്ള ഇന്ത്യ-ആസിയാൻ കരാർ ഇല്ലാതാകും. പകരം ആസിയാൻ രാജ്യങ്ങൾക്കു പുറമേ ചൈന, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നും നമ്മുടെ കർഷകർ കടുത്ത മത്സരങ്ങൾ നേരിടേണ്ടി വരും. കാർഷികമേഖലയിൽ നമ്മുടെ രാജ്യത്തെക്കാളും ഉത്പാദനക്ഷമത കൂടുതലാണ് ഈ രാജ്യങ്ങളിൽ. ഉത്പാദനച്ചെലവാകട്ടെ കുറവും. പുതിയ സാങ്കേതികവിദ്യകളുടെ പ്രയോജനം അവർ കൃഷിയിടങ്ങളിൽ ഉപയോഗപ്പെടുത്തുമ്പോൾ നമ്മൾ അതേക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. ഈ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താമെന്ന് കരുതിയാലും അതിന് വേണ്ടിവരുന്ന ചെലവ് താങ്ങാനുമാവില്ല. വ്യവസായ മേഖലയിലും ഈ തിരിച്ചടി നേരിടേണ്ടി വരും.ഇപ്പോൾത്തന്നെ വാഹന നിർമാണ മേഖലയിൽനിന്നു ശുഭവാർത്തകളല്ല വരുന്നത്. വൻ കമ്പനികളായ മഹീന്ദ്രയും എൽ ആൻഡ് ടിയുമൊക്കെ പരസ്യമായി പ്രതികരിച്ചുതുടങ്ങി. 
ചുരുക്കിപ്പറഞ്ഞാൽ പുതിയ കരാറിലൂടെ ഏറ്റവുമധികം തിരിച്ചടി ഉണ്ടാവുക ഇന്ത്യയ്ക്കായിരിക്കും.  (തുടരും)

 Content Highlights: mp veerendrakumar mp writes about rcep deal