തിരുവനന്തപുരം: തലസ്ഥാനത്ത് ആകെയുള്ള പൊതു ഇടങ്ങളില്‍ ആണിനും പെണ്ണിനും ഒന്നിച്ചിരിക്കാന്‍ പോലീസിന്റെ 'സദാചാര' വിലക്ക്. തിരുവനന്തപുരത്തെ മ്യൂസിയം, കനകക്കുന്ന് എന്നിവിടങ്ങളില്‍ പഠനാവശ്യത്തിനുള്‍പ്പെടെ എത്താറുള്ള ചെറുപ്പക്കാര്‍ക്ക് നേരെയാണ് അതിക്രമം. പൊതുസ്ഥലത്ത് ആണ്‍കുട്ടികള്‍ക്കൊപ്പമിരിക്കാന്‍ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ സമ്മതപത്രം കൊണ്ടുവരണമെന്നാണ് പോലീസ് പറയുന്നത്.

മ്യൂസിയം, ഷാഡോ പോലീസിനെ കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ രൂപീകരിച്ച പിങ്ക് പോലീസ് പട്രോളിന്റെ നേതൃത്വത്തിലും പീഡനമുണ്ടാകാറുണ്ടെന്നാണ് പരാതി. ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ഇരുവരെയും അടുത്തേക്ക് വിളിച്ച് വിരട്ടുകയാണ് പതിവ്. തിരികെ ചോദ്യം ചെയ്താല്‍ 'നിങ്ങള്‍ പത്രമൊക്കെ കാണാറില്ലേ, കനകക്കുന്ന് കൊട്ടാരവളപ്പ് വ്യഭിചാര കേന്ദ്രമാകുന്നെന്നാണ് അവരൊക്കെ പറയുന്നത്്' എന്നാകും ന്യായം. ചോദ്യം ചെയ്യാതിരിക്കാന്‍ 'ആണും പെണ്ണും ഒന്നിച്ചിരിക്കാന്‍ സമ്മതപത്രം വേണമെന്ന് കമ്മീഷണറുടെ ഉത്തരവുണ്ട്' എന്നും പറയും. പരമാവധി ഇവരെ അവിടെ നിന്ന് ഇറക്കിവിട്ടാലേ പോലീസിനെ സമാധാനമാകാറുള്ളൂ.

കനകക്കുന്നില്‍ നടന്നത്

കനകക്കുന്ന് വളപ്പില്‍ പോയതിന് രണ്ടുതവണ പോലീസിന്റെ പീഡനമേല്‍ക്കേണ്ടി വന്നെന്ന് കഴക്കൂട്ടം സ്വദേശിയും കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ ബി.കോം വിദ്യാര്‍ത്ഥിയുമായ അനന്തു പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷക്ക് പഠിക്കാനായി നാലു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമടങ്ങുന്ന സംഘമായി സപ്തംബര്‍ 10ന് സ്ഥലത്തെത്തിയപ്പോഴായിരുന്നു ആദ്യ സംഭവം. രാവിലെ 11 മണിയോടെയാണ് മ്യൂസിയം പോലീസിന്റെ പട്രോള്‍ സംഘം ഇവരെ സമീപിച്ചത്. കൂട്ടമായി കനകക്കുന്നില്‍ ഇരിക്കാന്‍ പറ്റില്ലെന്നായിരുന്നു അടുത്തേക്ക് വിളിച്ചുള്ള ആദ്യ താക്കീത്.

പഠിക്കാനാണെന്നു പറഞ്ഞപ്പോള്‍ വിദ്യാലയങ്ങളില്‍ പൊയ്ക്കൂടെ എന്നായിരുന്നു ചോദ്യം. ശകാരം പിന്നെയും തുടര്‍ന്നു. കമ്മീഷണറുടെ ഉത്തരവുണ്ടെന്നു കേട്ടപ്പോള്‍ സ്‌റ്റേഷനില്‍ ചോദിച്ചോളാമെന്ന് പറഞ്ഞതായി അനന്തു പറയുന്നു. തുടര്‍ന്ന് കമ്മീഷണറുടെ ഉത്തരവ് വിവരാവകാശ നിയമപ്രകാരം സ്ഥിരീകരിക്കാനായി സ്റ്റേഷനിലെത്തിയപ്പോഴാണ് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്കേറെ അപമാനം തോന്നിയത് അനന്തു പറഞ്ഞു.

നിങ്ങളുടെ പെങ്ങളാണ് വന്നിരിക്കുന്നതെങ്കില്‍ നിങ്ങളെങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ഒരു എ.എസ്.ഐയുടെ പ്രതികരണം. സമ്മതപത്രം കഥ അവിടെയും ആവര്‍ത്തിച്ചതായും അനന്തു പറയുന്നു. വിവരാവകാശം നല്‍കുമ്പോള്‍ നിര്‍ബന്ധമായും തിരികെ നല്‍കേണ്ട രസീത് നല്‍കിയില്ല. അതുകൂടാതെ അവിടെയുണ്ടായിരുന്നു പോലീസുകാരല്ലാത്ത ഒരു കൂട്ടത്തിലേക്ക് തങ്ങളെ കൈമാറിയതായും അനന്തു പറയുന്നു.

പോലീസ് പറയുന്നതു കേട്ടു ജീവിച്ചാല്‍ പൊന്നുമോനേ നിനക്കിവിടെ ജീവിക്കാം എന്ന് കൂട്ടത്തിലുണ്ടായിരുന്ന ഒരു സംഘടനയുടെ സെക്രട്ടറി തന്നോടു പറഞ്ഞതായും അനന്തു ആരോപിക്കുന്നു.

സ്‌കൂളില്‍ ഒപ്പം പഠിച്ചവര്‍ ഒത്തുകൂടിയപ്പോഴാണ് രണ്ടാമത് ദുരനുഭവം. ഹോളിവുഡ് സിനിമ സ്‌റ്റൈലില്‍ വന്നിറങ്ങിയ പിങ്ക് പോലീസായിരുന്നു ഇത്തവണ സദാചാര പോലീസ് വേഷമണിഞ്ഞത്. കുറ്റവാളികളെപ്പോലെയായിരുന്നു ചോദ്യം ചെയ്യല്‍. ഇനിയും നിങ്ങള്‍ ഇവിടെയെത്തിയാല്‍ വീട്ടുകാരെ വിവരമറിയിക്കുമെന്നും വിരട്ടല്‍ നീണ്ടു.

(കനകക്കുന്നില്‍ പെണ്‍കുട്ടിയ്‌ക്കൊപ്പമിരുന്നതിന് അതിക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റ യുവാവിന്റെ അനുഭവവും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. സംഭവം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് ഭയന്ന് പോലീസില്‍ പരാതിപ്പെടാതിരിക്കുകയാണ് 21കാരന്‍. കനകക്കുന്നില്‍ നിന്ന് പിടികൂടി നഗരത്തിലെ ഒരു സ്റ്റേഷനിലെത്തിച്ച് മൂന്നാംമുറ പ്രയോഗിക്കുകയായിരുന്നു. കുനിച്ചുനിര്‍ത്തി മുതുകില്‍ ക്രൂരമായി മര്‍ദ്ദിച്ചശേഷം, അടിയന്തരാവസ്ഥ കാലത്തുമാത്രം കേട്ടിട്ടുള്ള വിധം കാല്‍വെള്ളയില്‍ ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു.) 

പോലീസ് പറയുന്നത്

രണ്ടിടങ്ങളിലും സ്ഥിരമായി പോലീസിന്റെ പട്രോളുണ്ടെന്ന് മ്യൂസിയം എസ്.ഐ സുനില്‍ പറഞ്ഞു. ആണും പെണ്ണും ഒപ്പമിരിക്കുമ്പോള്‍ 'അരോചക'മായി തോന്നുന്ന കേസുകളില്‍ ഇടപെടാറുണ്ട്. അങ്ങനെ പരാതി കിട്ടാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ 'കാണുമ്പോള്‍ അങ്ങനെ തോന്നിയാല്‍ താക്കീത് ചെയ്യാറുണ്ടെ'ന്നായിരുന്നു മറുപടി. സമ്മതപത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായവരുടെ കാര്യത്തില്‍ അങ്ങനൊരു അവകാശം പോലീസിനില്ലെന്നും പറഞ്ഞു. മോശമായി ഇടപെട്ടതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന സിവില്‍ പോലീസ് ഓഫീസര്‍ സംഭവം നടന്ന ദിവസം ലീവായിരുന്നെന്നും എസ്.ഐ സുനില്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ ഏറെനേരം കനകക്കുന്നിലോ മ്യൂസിയത്തിലോ നില്‍ക്കുന്നതായി ആരെങ്കിലും അറിയിക്കുമ്പോള്‍ മാത്രമാണ് പരിശോധന നടത്താറുള്ളതെന്ന് പിങ്ക് പോലീസ് പട്രോളിന്റെ ഭാഗമായ പോലീസ് കോണ്‍സ്റ്റബിള്‍ മീര പ്രതികരിച്ചു. ഇന്ന് പഠിക്കാന്‍ പോയില്ലേ എന്നോ മറ്റോ ചോദിക്കാറേ ഉള്ളൂ എന്നും മോശമായി പെരുമാറാറില്ലെന്നും ഇവര്‍ പറയുന്നു. പലപ്പോഴും പെണ്‍കുട്ടികളാണ് തിരികെ പരുക്കനായി ഇടപെടാറ്. 'വശപ്പിശകായി' കാണുന്നവരുടെ കാര്യത്തില്‍ ഇടപെടാറുണ്ടെന്നും മീര പറയുന്നു.

സേവ് കനകക്കുന്ന്, എഗെന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്

കനകക്കുന്നില്‍ ഒന്നിച്ചിരുന്നതിന്റെ പേരില്‍ പോലീസ് അതിക്രമമേല്‍ക്കേണ്ടി വന്നവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് സേവ് കനകക്കുന്ന്, എഗെന്‍സ്റ്റ് പോലീസ് ഹരാസ്‌മെന്റ്(ave Kanakakunn,against Police harassment). മുമ്പും ഇത്തരത്തില്‍ ദുരനുഭവമുണ്ടായവരെ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുകയാണ് ലക്ഷ്യം. പരാതികള്‍ ശേഖരിച്ച് ഡി.ജി.പിയുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രേഖാമൂലം വിവരം ധരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.