അപൂര്‍വം ചിലരില്‍ ഒരാള്‍

# വി. കലാധരന്‍

വലുതും ചെറുതുമായ എത്രയെത്ര കലാകാരന്മാരെ അദ്ദേഹം സഹായിച്ചു. നിസ്വര്‍ക്ക് ജീവിതമാര്‍ഗം നല്‍കി. അവരുടെ  നിസ്സഹായതകളില്‍ കൈത്താങ്ങായി. എം.കെ കെ., പക്ഷേ, താന്‍ തുണച്ചവരില്‍നിന്ന് ഒരു പ്രത്യുപകാരവും പ്രതീക്ഷിച്ചില്ല. 
 
നാടുവാഴികളുടെയും ഭൂവുടമകളായ മേലാളരുടെയും പ്രിയാപ്രിയങ്ങള്‍ക്കു വിധേയമായി പുലര്‍ന്നുപോന്ന മലയാളിയുടെ പാരമ്പര്യകലകള്‍ ആധുനിക ജനാധിപത്യവ്യവസ്ഥ ഒരുക്കിയ പൊതുവിടങ്ങളിലേക്ക് ചുവടു മാറിയപ്പോള്‍ കലാകാരനും കലാകാരിക്കും സ്വാതന്ത്ര്യവും സ്വാഭിമാനവും കൂടി. എന്നാല്‍, അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നിയുക്തരായവരില്‍ ആര്‍ജവവും ഭാവനയും കാര്യനിര്‍വഹണവൈഭവവും ഒത്തുചേര്‍ന്നവര്‍ ദുര്‍ലഭം ചിലര്‍ മാത്രം. അവരില്‍ അദ്വിതീയനെന്ന് സാംസ്‌കാരികകേരളം വിലയിരുത്തിയ വ്യക്തിപ്രഭാവമായിരുന്നു എം.കെ.കെ. നായര്‍.ആത്മകഥയില്‍ തനിക്ക് ശാസ്ത്രീയസംഗീതമാണ് ഏറ്റവും പ്രിയപ്പെട്ടത് എന്നുദ്ഘോഷിക്കുന്നുണ്ടെങ്കിലും കലകളില്‍ എം.കെ.കെ. നായര്‍ക്ക് അടക്കാനാവാത്ത പ്രണയം കഥകളിയോടായിരുന്നു. അതേസമയം, മറ്റു നൃത്യനാട്യകലകളോടും ചിത്രശില്പ കലകളോടും സാഹിത്യത്തോടുമെല്ലാം അദ്ദേഹം സാമാന്യമായ ആഭിമുഖ്യം കാത്തുസൂക്ഷിച്ചു. വ്യവസായശാലകളുടെ തലപ്പത്തിരിക്കുമ്പോഴും അവയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ ചിത്തസംസ്‌കരണത്തിന് കലകളുമായുള്ള മുഖാമുഖം അനിവാര്യമെന്ന് എം.കെ.കെ. വിധിച്ചു. അതിന്റെ ഫലമായിരുന്നു ഉദ്യോഗമണ്ഡല്‍ കഥകളിസ്‌കൂള്‍. ഫാക്ടിന്റെ ഹൈസ്‌കൂളിലും രണ്ട് നൃത്താധ്യാപകരെ അദ്ദേഹം നിയമിച്ചു. ഇതിലെല്ലാം അന്തര്‍ഹിതമായ ന്യായാന്യായങ്ങള്‍ പരിശോധിക്കാനുള്ള അവകാശം എം.കെ.കെ. പൊതുജനത്തിനു വിട്ടു. 

നവനവോന്മേഷശാലി

1966 മുതല്‍ അഞ്ചുവര്‍ഷം എം.കെ.കെ. കേരള കലാമണ്ഡലത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചു. വള്ളത്തോള്‍നഗറിലുള്ള വിശാലമായ കാമ്പസില്‍ ഉയര്‍ന്നുവന്ന കെട്ടിടങ്ങളും ബസും കാറുമെല്ലാം അദ്ദേഹത്തിന്റെ പരിശ്രമഫലം. 1967-ല്‍ കലാമണ്ഡലം കഥകളിസംഘം നടത്തിയ സുദീര്‍ഘമായ യൂറോപ്യന്‍യാത്രയ്ക്ക് ഭാരത-രാമായണ കഥകളുടെ രംഗങ്ങളായി വകതിരിച്ചുള്ള ഇംഗ്ലീഷ് സംഗ്രഹം എം.കെ.കെ. ഒറ്റരാത്രികൊണ്ട് പറഞ്ഞുകൊടുത്ത് ടൈപ്പ് ചെയ്യിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അന്താരാഷ്ട്രബന്ധംമൂലം കഥകളിക്കാര്‍ക്ക് അക്കാലയളവില്‍ ധാരാളം വിദേശയാത്രകള്‍ തരമായി. കലാമണ്ഡലത്തില്‍ നടന്ന നിര്‍വാഹകസമിതിയോഗത്തില്‍ എം.കെ.കെ.യ്‌ക്കെതിരേ കടുത്തവിമര്‍ശനങ്ങളുന്നയിച്ചത് വള്ളത്തോളിന്റെ മകന്‍ ബാലകൃഷ്ണക്കുറുപ്പായിരുന്നു. അതിന് പ്രത്യുപകാരമായി വള്ളത്തോള്‍ കുടുംബത്തിലൊരാള്‍ക്ക് ഫെഡോയില്‍ അദ്ദേഹം ജോലികൊടുത്തു. യോഗാനന്തരം മനസ്സ് തണുക്കാന്‍ തിട്ടൂരിലെ കാവുങ്ങല്‍ തറവാട്ടില്‍ പോയി ചാത്തുണ്ണിപ്പണിക്കരുടെ ചൊല്ലിയാട്ടം കണ്ട കാര്യം അന്ന് കലാമണ്ഡലത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കാവുങ്ങല്‍ വിദ്യാസാഗരപ്പണിക്കര്‍ ഹൃദ്യമായി വിവരിച്ചത് ഞാനിപ്പോഴുമോര്‍ക്കുന്നു.

പരസ്പരവിരുദ്ധമായ താത്പര്യങ്ങളുടെ യുദ്ധഭൂമികൂടിയായ കലാസ്ഥാപനങ്ങളുടെ കുറ്റമറ്റ ഭരണനിര്‍വഹണവും അവയുടെ സാംഗത്യം സമകാലികസമൂഹത്തില്‍ അസന്ദിഗ്ധമാക്കലും അല്പവിഭവന്മാര്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല. കലകളോടും കലാകാരസഞ്ചയത്തോടും ആനുകൂല്യം കാണിക്കുകമാത്രമല്ല അവയുടെ നിലനില്‍പ്പിനും വികാസത്തിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും എം.കെ.കെ.നായര്‍ക്കുണ്ടായിരുന്ന ഇച്ഛാശക്തിയും ഭാവനയും പ്രതിസന്ധികളെ മറികടക്കാനുള്ള വൈദഗ്ധ്യവും പില്‍ക്കാലം മറ്റേതൊരു സാംസ്‌കാരികനായകനിലാണ് കേരളം കണ്ടത്. കഥകളിയെ പ്രകീര്‍ത്തിക്കുന്ന 'കേരളത്തിന്റെ ടോട്ടല്‍ തിയേറ്റര്‍' എന്ന അദ്ദേഹത്തിന്റെ ലേഖനം വായിച്ചാലറിയാം സംശയസ്പര്‍ശമുള്ള ഒരു വാക്യംപോലും അതിലില്ല. തന്റെ വ്യക്തിപരമായ ബോധ്യത്തിനപ്പുറം ഒന്നിനെയും സമ്മതിക്കാത്ത ഒരു മനസ്സ് അതിലുടനീളമുണ്ട്. കഥകളിയിലെ തെക്കന്‍ചിട്ട, പിറന്നുവളര്‍ന്ന നാട്ടില്‍, ക്ഷയിച്ചൊടുങ്ങുന്നതുകണ്ട് എം.കെ.കെ. കലാമണ്ഡലത്തില്‍ തെക്കന്‍ചിട്ടയ്‌ക്കൊരു കളരി തുടങ്ങി. ചെങ്ങന്നൂര്‍ രാമന്‍പിള്ള എന്ന കഥകളിയാചാര്യന്റെ ജീവചരിത്രം കെ.പി.എസ്. മേനോനെക്കൊണ്ടെഴുതിച്ച് വടക്കരോട് ദ്വൈധാ പ്രതികാരം ചെയ്തു.

സവിശേഷ വ്യക്തിത്വം 

പിതാവില്‍നിന്ന് രണ്ടുപദേശങ്ങള്‍ താന്‍ ശിരസ്സാവഹിച്ചതായി എം.കെ.കെ. ആത്മകഥയില്‍ പ്രസ്താവിക്കുന്നുണ്ട്. 1. ആളുകളെ ആവുന്നത്ര സഹായിക്കുക. 2. ഏതെങ്കിലും കാര്യം സാധിച്ചുകൊടുക്കാനാവില്ലെങ്കില്‍ ആരോടായാലും തുറന്നുപറയുക. എം.കെ.കെ. തനിക്ക് പല ഘട്ടങ്ങളിലായി നല്‍കിയ നിര്‍ലോപസഹായങ്ങള്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അനുസ്മരിക്കുന്നുണ്ട്. അങ്ങനെ വലുതും ചെറുതുമായ എത്രയെത്ര കലാകാരന്മാരെ അദ്ദേഹം സഹായിച്ചു. നിസ്വര്‍ക്ക് ജീവിതമാര്‍ഗം നല്‍കി. അവരുടെ നിസ്സഹായതകളില്‍ കൈത്താങ്ങായി. എം.കെ കെ., പക്ഷേ, താന്‍ തുണച്ചവരില്‍നിന്ന് ഒരു പ്രത്യുപകാരവും പ്രതീക്ഷിച്ചില്ല. ഏറ്റവുമൊടുവില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണനിര്‍വഹണസമിതിയില്‍ അംഗമായി വന്ന എം.കെ.കെ.യുടെ നിശ്ചയദാര്‍ഢ്യത്തെയും ക്ഷേത്രാഭിവൃദ്ധിക്കായി അദ്ദേഹം ആലോചിച്ച പദ്ധതികളെയും പറ്റി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി പറഞ്ഞപ്പോള്‍ 'അപൂര്‍വവസ്തു നിര്‍മാണക്ഷമതാ പ്രജ്ഞാപ്രതിഭ' എന്ന അഭിനവഗുപ്തന്റെ വാക്യം ഞാന്‍ ഓര്‍ത്തു.

 

നീതി കാണിച്ചോ നമ്മള്‍

# കെ. ചന്ദ്രന്‍പിള്ള

പുതിയ തലമുറയുടെ വികസന ത്വരയ്ക്ക് വലിയ ആവേഗമുണ്ടാക്കാവുന്ന വിധത്തില്‍ ഇപ്പോളുയരുന്ന പുതിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയെന്നതാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയില്‍ ചെയ്യാവുന്ന ന്യായമായ ആദരം

അന്‍പതുകളുടെ ഒടുവിലും അറുപതുകളിലും എഫ്.എ.സി.ടി.യുടെ പ്രതാപങ്ങളിലേക്ക് ആ സ്ഥാപനത്തെ ഉയര്‍ത്തുമ്പോള്‍ വ്യവസായ വികസനത്തില്‍ ഒരു വിശ്വപൗരന്റെ പ്രാഗല്ഭ്യമാണ് എം.കെ.കെ. നായര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ശരിക്കു പറഞ്ഞാല്‍ കേരളത്തിന്റെ വ്യവസായ സംസ്‌കാരത്തിന് വലിയ സംഭാവന നല്‍കിയ വ്യക്തിത്വം

പാദമുദ്രകള്‍

തൊഴിലാളികളുടെ വാസകേന്ദ്രംകൂടിയായി ഒരു കൊച്ചുപട്ടണത്തിന്റെ നിര്‍മാണം എങ്ങനെയായിരിക്കണമെന്നതിന് മികച്ച ഉദാഹരണമാണ് എഫ്.എ.സി.ടി.യുടെ ഉദ്യോഗമണ്ഡല്‍ ടൗണ്‍ഷിപ്പ്. ഭിലായ് സ്റ്റീല്‍ പ്ലാന്റിന്റെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ച വലിയ പരിചയം എം.കെ.കെ.യ്ക്ക് കൈമുതലായുണ്ടായിരുന്നു. ആ പരിചയത്തോടൊപ്പം ആദ്യഘട്ട ഐ.എ.എസ്. കേഡറിലെ ഏറ്റവും മികച്ച വ്യക്തികളിലൊരാള്‍ എന്ന നിലയില്‍ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ അതിപ്രഗല്ഭരായ എല്ലാവരുമായുമുള്ള അടുത്ത ബന്ധവും അദ്ദേഹത്തെ ഇക്കാര്യത്തില്‍ സഹായിച്ചു. സ്വന്തം കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുമെന്നതിലുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും  ശ്രദ്ധേയമായിരുന്നു.

തൊഴിലാളികള്‍ക്കായി

ടൗണ്‍ഷിപ്പില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുകയും അവിടത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ സംരക്ഷിക്കുകയുമാണ് എം.കെ.കെ. ചെയ്തത്. അവിടെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലിസമയം കഴിഞ്ഞാല്‍ വിശ്രമത്തിനും വിനോദത്തിനുമുള്ള ഉപാധികളൊരുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഏറ്റവും താഴേത്തട്ടിലുള്ള തൊഴിലാളികള്‍ക്കുപോലും വാസസ്ഥലം ഉണ്ടാവണമെന്ന നിര്‍ബന്ധത്തില്‍ പുതിയ ക്വാര്‍ട്ടേഴ്സുകള്‍ പണിഞ്ഞു. പണിത കെട്ടിടത്തിന്റെ അസൗകര്യം സംബന്ധിച്ച പരാതികള്‍ വന്നപ്പോള്‍ എം.കെ.കെ. നേരിട്ടുവന്ന് അതെല്ലാംകണ്ട് പരിശോധിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ മുന്നിട്ടിറങ്ങി. 
1966-ല്‍ ലളിതകലാ കേന്ദ്രം ഉണ്ടാക്കുന്നതിന് മുന്‍കൈയെടുത്തതും എം.കെ.കെ. തന്നെയായിരുന്നു. ചലച്ചിത്രതാരം സത്യനാണ് അന്നത് ഉദ്ഘാടനം ചെയ്തത്. ജയലളിത ഉള്‍പ്പെടെയുള്ളവര്‍ അന്ന് അവിടെ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം സിനിമ കാണാനുള്ള അവസരവും അദ്ദേഹം അവിടെ ഒരുക്കി. കുട്ടികള്‍ക്കായി വായനശാല, നെഹ്രു മരിച്ചശേഷം നെഹ്രു ബാലഭവന്‍ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. 

ദീര്‍ഘദര്‍ശി

ഏത് സങ്കീര്‍ണ യന്ത്രങ്ങളുടെയും ഉത്പാദനത്തിന് ആവശ്യമായ അടിസ്ഥാന മാനുഫാക്ചറിങ് ഡിസൈനിനും ഉത്പാദനക്ഷമതയ്ക്കാവശ്യമായ കാര്യങ്ങള്‍ക്കും ആവശ്യമായ എന്‍ജിനിയര്‍മാരുടെ നിരതന്നെ നിരത്തി അദ്ദേഹം സ്ഥാപിച്ച ഫെഡോ തുടക്കത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സ്ഥാപനമാണ്. പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ രൂപവത്കരണം, മാനേജ്മെന്റ് അസോസിയേഷന്‍ രൂപവത്കരണം തുടങ്ങിയവയും അദ്ദേഹം തുടങ്ങിവെച്ചതാണ്. എഫ്.എ.സി.ടി.യുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫാബ്രിക്കേഷന്‍ യൂണിറ്റ് സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു. 
ഇതിനൊക്കെ ഉപരിയായി, അമ്പലമേട് എഫ്.എ.സി.ടി.യുടെ പ്രധാന വികസനമേഖലയാക്കി മാറ്റി. ആ പ്രദേശത്താകെ വ്യവസായ വികസനം വന്നു. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയെടുത്ത് അവിടത്തെ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുനടത്തിയ ആ വ്യവസായവത്കരണത്തിന്റെ മികവ് ആ നാടുംകടന്നു മുന്നേറി. ജലസംരക്ഷണത്തിനായി എറണാകുളത്തെ ഏറ്റവും വലിയ കൃത്രിമത്തടാകം അമ്പലമേടില്‍ നിലവില്‍വന്നു. ഇന്നും ആകര്‍ഷണകേന്ദ്രമായ അമ്പലമേട് ഹൗസും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള സി.എസ്.ആര്‍. പോലും 75 കൊല്ലം മുമ്പുതന്നെ പ്രാബല്യത്തില്‍ വരുത്തിയ ആളാണ് എം.കെ.കെ.

ആരോടും പരിഭവം ഇല്ലാത്തൊരാള്‍

എഫ്.എ.സി.ടി.യുമായി ബന്ധപ്പെട്ട്, മലയാള ഭാഷയുമായി ബന്ധപ്പെട്ട്, എം.കെ.കെ.യുടെ സംഭാവനകള്‍ വലുതാണ്. ലോക മലയാളി സമ്മേളനം നടത്താന്‍ അദ്ദേഹം നേരിട്ടിറങ്ങി വിജയിപ്പിച്ചു.  
1973-ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിക്കുമ്പോള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായി പിരിയാന്‍ കഴിയുമായിരുന്ന അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. അവസാനഘട്ടത്തില്‍ വല്ലാതെ വിഷമിക്കുകയും നരകിക്കുകയും ചെയ്യേണ്ടിവന്നു അദ്ദേഹത്തിന്. അപ്പോഴും നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമായിരുന്നു എം.കെ.കെ.യെ മുന്നോട്ടുനയിച്ചത്. സി.ബി.ഐ. കോടതി കള്ളക്കേസുണ്ടാക്കിയതാണെന്ന് ജഡ്ജി തന്നെ സമ്മതിക്കുന്ന തരത്തിലേക്ക് ഒടുവില്‍ കാര്യങ്ങളെത്തിച്ചേരുകയായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ നാലാംഘട്ടത്തിലാണ് ഇന്ന് നാം. കേരളം വ്യവസായക്കുതിപ്പിലേക്ക് പോവുകയാണ്. 
പുതിയ തലമുറയുടെ വികസന ത്വരയ്ക്ക് വലിയ ആവേഗമുണ്ടാക്കാവുന്ന വിധത്തില്‍ ഈ പുതിയ അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തുകയെന്നതാണ് എം.കെ.കെ.യോട് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയില്‍ ചെയ്യാവുന്ന ന്യായമായ ആദരം.