നിര്‍ഭയ കേസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്. പല കാരണങ്ങള്‍ കൊണ്ടും കേസന്വേഷണം പോലീസിന് വെല്ലുവിളിയായിരുന്നു.പോലീസ് പാഠപുസ്തകങ്ങളിലെ ഏറ്റവും മാതൃകാപരമായ അന്വേണമാണ് നിര്‍ഭയ കേസ്. ഇത് പോലീസ് അക്കാദമികളില്‍ പഠന വിഷയമാക്കേണ്ടതാണ്-ഡല്‍ഹി ഗ്രീന്‍പാര്‍ക്കിലെ വസതിയിലിരുന്ന് നീരജ് കുമാര്‍ പറഞ്ഞു. പ്രതിഷേധക്കാരും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കടുത്ത വിമര്‍ശനങ്ങളുയര്‍ത്തുന്നതിനിടയിലാണ് ഞങ്ങള്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിച്ചത്. അതും ദിവസങ്ങള്‍ക്കുള്ളില്‍.പോലീസ് പഴി ഏറെ കേട്ടു. എന്റെ രാജിയായിരുന്നു എല്ലാവരുടെയും ആവശ്യം. രാഷ്ട്രീയ സമ്മര്‍ദ്ദം,പണ സമ്മര്‍ദ്ദം എല്ലാം ഉണ്ടായിരുന്നു.അതിനെ എല്ലാം അതിജീവിച്ച് സത്യം തെളിയിക്കാന്‍ കഴിഞ്ഞു.പ്രതികളെ തൂക്കിലേറ്റിക്കഴിഞ്ഞാല്‍ നിര്‍ഭയയുടെ ആത്മാവിന് നീതികിട്ടും.നീതികിട്ടിയെന്ന് നിര്‍ഭയയുടെ കുടുംബവും കരുതും.

നിര്‍ഭയ കേസ് ഡല്‍ഹി പോലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.പോലീസിന്റെ വിശ്വാസ്യത ഇത്രമാത്രം ചോദ്യം ചെയ്യപ്പെട്ട കാലമില്ല.എന്ത് തോന്നുന്നു?

ബലാല്‍സംഗ കേസുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.എന്നാല്‍ നിര്‍ഭയക്കെതിരെ നടന്ന കുറ്റകൃത്യത്തിന്റെ ആഴം, കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തുന്നതിന് പ്രധാന കാരണമായി.പെണ്‍കുട്ടിക്ക് നേരെ ക്രൂരമായ,നിന്ദ്യമായ,പൈശാചികമായ ആക്രമണമാണ് നടന്നതെന്ന കാര്യത്തില്‍ സംശയമില്ല.എന്നാല്‍ കുറ്റകൃത്യത്തില്‍ നടപടി എടുക്കും മുന്നേ,പോലീസ് മേധാവിയുടെ തലയെടുക്കണമെന്നായിരുന്നു പലരുടെയും ആവശ്യം. രണ്ടാം ദിവസം വൈകിട്ടായപ്പോള്‍ വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷന്‍ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ വളഞ്ഞു.മാധ്യമങ്ങളും എത്തി.ഇതിനിടയില്‍ സംഭവം നടന്ന ബസ് പോലീസ് പിടിച്ചെടുക്കുകയും ഒന്നു- രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.മൂന്നാം ദിവസമായപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു.

ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ ഒരു പത്രസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചു.മാധ്യമ ശ്രദ്ധ വസന്തവിഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഡല്‍ഹി പോലീസ് ആസ്ഥാനത്തേക്ക് വഴി തിരിക്കാന്‍ കൂടിയായിരുന്നു ഞങ്ങള്‍ അതിലൂടെ ശ്രമിച്ചത്. പത്രസമ്മേളനം വിളിച്ച് പ്രതികളെ പിടികൂടിയതായി ഞാന്‍ പ്രഖ്യാപിച്ചു.എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒട്ടും തൃപ്തിയുണ്ടായിരുന്നില്ല. ഞാന്‍ എപ്പോള്‍ രാജിവയ്ക്കും എന്നായിരുന്നു അവരുടെ ചോദ്യം.
               
അപ്പോഴേക്കും പ്രക്ഷോഭം വിപുലമായി.ഇന്ത്യാ ഗേറ്റ് കേന്ദ്രീകരിച്ച് പ്രക്ഷോഭകര്‍ നിലയുറപ്പിച്ചു.ഞാന്‍ സി.ബി.ഐയില്‍ ജോലി ചെയ്യുമ്പോള്‍ കൈക്കൊണ്ട ചില നടപടികളുടെ പേരില്‍ എനിക്ക് ഒട്ടേറെ ശത്രുക്കളുണ്ടായിരുന്നു.അവരും എനിക്കെതിരെ പ്രചരണം തുടങ്ങി.എന്നാല്‍,ഇതിനിടയിലും ഞങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും ചെയ്തു എന്നതാണ് ഈ സംഭവങ്ങളുടെ ഏക പ്രസാദാത്മകമായ വശം.ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ടീം ലീഡര്‍ എന്ന നിലയില്‍ എനിക്ക് അറിയാമായിരുന്നു.എനിക്കും ഡല്‍ഹി പോലീസിനുമെതിരെ നടന്ന ആരോപണങ്ങള്‍ ആസൂത്രിതമായിരുന്നു.പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും പ്രതിരോധത്തില്‍ വീണു പോയിട്ടില്ല.പക്ഷെ,ഞങ്ങള്‍ കേസില്‍ ഒന്നും ചെയ്തില്ലെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല എന്ന കാര്യം ഉറപ്പ്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ പിടികൂടാന്‍ എവിടെ നിന്നാണ് അവരെക്കുറിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചത്?

സംഭവങ്ങള്‍ക്ക് ഭാഗ്യവശാല്‍ ഒരു ദൃക്സാക്ഷിയുണ്ടായിരുന്നു.നിര്‍ഭയയുടെ സുഹൃത്ത്.ഒരു ബസില്‍ വച്ചാണ് സംഭവം നടന്നതെന്ന് അവന്‍ ഞങ്ങളോട് പറഞ്ഞു.വെളുത്ത നിറമുള്ള ബസിന്റെ വശങ്ങളില്‍ യാദവ് എന്ന് പേരെഴുതിയിട്ടുണ്ടായിരുന്നു,ഒരു ചക്രത്തിന്റെ വീല്‍കപ്പ് നഷ്ടപ്പെട്ടിരുന്നു തുടങ്ങിയ അടയാളങ്ങളും പറഞ്ഞു.ഈ ലക്ഷണങ്ങള്‍ വച്ച് ഞങ്ങള്‍ അന്വേഷണം തുടങ്ങി.ബസ് സഞ്ചരിച്ച വഴികള്‍ പരിശോധിച്ചു.മഹിപാല്‍പൂര്‍ എന്ന സ്ഥലം സ്വകാര്യ ഗസ്റ്റ് ഹൗസുകളുടെയും ഫാം ഹൗസുകളുടെയും മേഖലയാണ്.അതിലൂടെ ബസ് പോയിട്ടുണ്ട്.അവിടെയുള്ള ഗസ്റ്റ് ഹൗസുകളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചു.മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍,ഒരു ബസ് മാത്രം പത്ത് മിനുട്ട് ഇടവേളയില്‍ രണ്ട് വട്ടം സി.സി.ടി.വി.ക്യാമറയില്‍ കണ്ടു.ഒരു ദിശയില്‍ പോകുന്ന ബസ് രണ്ട് വട്ടം ഒരേ സി.സി.ടി.വിയില്‍ വരേണ്ട കാര്യമില്ല.ബസ് പരിശോധിച്ചപ്പോള്‍ യാദവ് എന്ന പേര് കണ്ടു.ബസ് അതു തന്നെ എന്നുറപ്പിച്ചു.പിന്നെ ഡല്‍ഹിയിലെ മുഴുവന്‍ ബസുടമകളെയും ചോദ്യം ചെയ്തു. 

ഒരാള്‍ തന്റെ ബസാണതെന്ന് സമ്മതിച്ചു.ഡ്രൈവര്‍ നിത്യവും വൈകിട്ട് ബസുമായി അയാളുടെ വീട്ടിലേക്ക് പോകുകയാണ് പതിവെന്ന് ഉടമ പറഞ്ഞു.അത് ആര്‍.കെ.പുരത്തെ രബിദാസ് കോളനി എന്ന ചേരിയായിരുന്നു.അവിടെ പോലീസ് സംഘമെത്തിയപ്പോള്‍ ബസ്  കണ്ടു.കഴുകി വൃത്തിയാക്കിയിട്ടിരിക്കുന്നു. ഉടനെ ഡ്രൈവറെ ചേരിക്കുള്ളില്‍ നിന്ന് പിടികൂടി. പേര് രാം സിംഗ്.അയാള്‍ ആദ്യം കുറ്റം നിഷേധിച്ചു.തന്റെ സഹോദരനാണ് ബസുമായി പോയതെന്നും അവന്‍ എന്തെങ്കിലും കുഴപ്പം കാട്ടിയോ എന്നറിയില്ലെന്നുമായിരുന്നു മറുപടി.രാം സിംഗ് നല്‍കിയ വിവരമനുസരിച്ച് സഹോദരനെ  അന്ന് രാത്രിയില്‍ രാജസ്ഥാനില്‍ നിന്ന് പിടികൂടി.തുടര്‍ന്ന് ഇരുവരും തന്ന വിവരങ്ങള്‍ അനുസരിച്ച് മറ്റുള്ളവരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തത് ബിഹാറിലെ നക്സല്‍ ബാധിത ഗ്രാമത്തില്‍ നിന്നാണ്.ലോക്കല്‍ പോലീസ് പോലും സന്ധ്യയായാല്‍ പുറത്തിറങ്ങാത്ത മേഖലയില്‍ നിന്ന് ഡല്‍ഹി പോലീസ് ഇയാളെ പിടികൂടി കൊണ്ടു പോന്നു.

ഇവരില്‍ ആരെ  പിടികൂടാനാണ് ഏറ്റവും പ്രയാസപ്പെട്ടത്?

പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയെ പിടുകൂടലായിരുന്നു ഏറ്റവും ശ്രമകരം.അവനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല.ഒരു ഫോട്ടോപോലും കയ്യിലില്ല.ആദ്യം പിടിയിലായവര്‍ തന്ന ചില വിവരണങ്ങളാണ് ആകെ ഉണ്ടായിരുന്നത്.എന്നാല്‍ അവന്റെ ചില പ്രത്യേകതകളാണ് അറസ്റ്റിലേക്ക് വഴി നടത്തിയത്.അവന്‍ ബസിലേക്ക് ആളെ വിളിച്ചു കയറ്റുന്നത് ഒരു പ്രത്യേക ശബ്ദത്തിലും താളത്തിലുമായിരുന്നു.ഇക്കാര്യം പലരോടും ചോദിച്ചും ചോദ്യം ചെയ്തും ബസ് സ്റ്റാന്‍ഡുകള്‍ മുഴുവന്‍ പരതി നടന്നു.ഒടുവില്‍ മറ്റൊരു ബസിലെ ഒരു തൊഴിലാളി തന്നെ ഇവനെ കാട്ടിത്തന്നു.ഡല്‍ഹിയിലെ ആനന്ദ വിഹാറില്‍ നിന്ന് അവനെ പിടികൂടി.
       
രാജസ്ഥാനില്‍ നിന്ന് രാം സിംഗിന്റെ സഹോദരനെ പിടിക്കാനും വളരെ പ്രയാസമായിരുന്നു.രാജസ്ഥാനിലെ  ഗ്രാമത്തിലെത്തിയപ്പോള്‍ ആ ഗ്രാമത്തെ പകുത്ത് ഒരു നദി.ആ നദി കടക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല.തോണിയില്ല.പാലമില്ല.രാത്രിയില്‍ ഡല്‍ഹി പോലീസ് സംഘം നദി നീന്തി.തോക്കും മറ്റായുധങ്ങളും കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് നദി കടന്നു.അക്കരെ എത്തി കുറ്റവാളിയെ പിടികൂടി.എന്നാല്‍ അവനെയും കൊണ്ട് ഇക്കരെ എത്തിയപ്പോള്‍ അവന്‍ കുതറിയോടി വീണ്ടും നദിയില്‍ ചാടി.പോലീസും പുറകെ ചാടി.അവനെ വീണ്ടും പിടികൂടി.ഇത്തരം ഘട്ടങ്ങളില്‍ ലോക്കല്‍ പോലീസ് ഒരു സഹായവും നല്‍കിയിട്ടില്ല.എന്നാല്‍ സഹായം കാത്ത് സമയം കളയാന്‍ ഡല്‍ഹി സംഘം തയ്യാറായതുമില്ല.

പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയാണ് നിര്‍ഭയയെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചത് എന്ന് കേട്ടിരുന്നു.അത് ശരിയാണോ?

അത് ശരിയല്ല.അത് തെറ്റായ പ്രചരണമാണ്.അയാളും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.പ്രായപൂര്‍ത്തിയാകാത്തവന്‍ ആണ് ഏറ്റവും പൈശാചികത കാട്ടിയതെന്നത് അന്ന് മുതലുള്ള പ്രചരണമാണ്.പ്രായപൂര്‍ത്തിയായില്ല എന്ന ആനുകൂല്യത്തില്‍, ശിക്ഷയില്‍ നിന്ന് അയാള്‍ ഒഴിവായേക്കുമെന്ന് സംശയിച്ച് ആരോ പ്രചരിപ്പിച്ചതാണ്.ശിക്ഷയിളവ് ഉണ്ടാകുമോ എന്ന് ചിലര്‍ സംശയിച്ചിരുന്നു.അത് പലരും ആവര്‍ത്തിക്കുകയായിരുന്നു.യഥാര്‍ഥത്തില്‍ രാം സിംഗായിരുന്നു ഏറ്റവും ക്രൂരത കാട്ടിയത്.ഇയാളാണ് പിന്നീട് തിഹാറില്‍ ആത്മഹത്യ ചെയ്തത്.

ഈ പ്രതികള്‍ താമസിച്ചിരുന്ന രബിദാസ് കോളനിയെക്കുറിച്ചും പ്രചരണങ്ങളുണ്ടായിരുന്നു. കുറ്റവാളികളുടെ കോളനി എന്നായിരുന്നു പിന്നീട് പലരും ഇതിന് പേരിട്ടത്.ഇതില്‍ വാസ്തവമുണ്ടോ?

ചേരിയില്‍ താമസിക്കുന്നവര്‍ എല്ലാവരും കുറ്റവാളികളാണെന്ന് കരുതുന്നത് ശരിയല്ല.ചേരികളില്‍ കുറ്റവാളികളും ഉണ്ടാകും.അവരുടെ സാന്നിധ്യം ചിലപ്പോള്‍ ചേരികളില്‍ കൂടുതലായിരിക്കാം.രബിദാസ് കോളനിയും അത്തരത്തില്‍ ഒന്ന് മാത്രം.അറസ്റ്റിലായവര്‍ ജന്മനാ കുറ്റവാളികളാണെന്ന് പറയാന്‍ കഴിയില്ല.പോലീസ് റെക്കോര്‍ഡ് പ്രകാരം അവര്‍ക്കെതിരെ ഇതിന് മുമ്പ് കേസൊന്നും ഇല്ല.സ്ഥിരം കുറ്റവാളികളല്ല എന്ന് അര്‍ഥം.പുറത്തു പോകാം,തമാശ ഒപ്പിക്കാം എന്ന് പറഞ്ഞ് ഇറങ്ങിയ സംഘം മദ്യപിച്ച് നടത്തിയ അക്രമമാണിത്.പക്ഷെ,അതിഹീനമായ കുറ്റകൃത്യം.

നിര്‍ഭയയെ താങ്കള്‍ നേരിട്ട് കണ്ടിരുന്നോ? എന്തായിരുന്നു കാണുമ്പോള്‍ അവസ്ഥ?

നിര്‍ഭയയെ ഞാന്‍ കണ്ടിട്ടില്ല.ഞാന്‍ കാണേണ്ട കാര്യമുണ്ടായിരുന്നില്ല.ഡി.സി.പി,ജോയിന്റ് സി.പി.തുടങ്ങിയവര്‍ കാണുകയും തെളിവ് ശേഖരിക്കുകയും ചെയ്യുകയാണ് പതിവ്.ഞാന്‍ പോലീസ് ആസ്ഥാനത്ത് ഇരുന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുകയും യുക്തമായ തീരുമാനങ്ങളെടുക്കുകയുമായിരുന്നു.

പോലീസ് യൂണിഫോം മാറ്റിവച്ചാല്‍,മനുഷ്യന്‍ എന്ന നിലയില്‍,ഒരു അച്ഛന്‍ എന്ന നിലയില്‍ നിര്‍ഭയ സംഭവം നടന്ന ഈ ദിവസങ്ങളെ താങ്കള്‍ എങ്ങനെയാണ് അതിജീവിച്ചത്?

അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ തകര്‍ന്നു പോയി.വളരെ അസ്വസ്ഥത നിറഞ്ഞ ദിവസങ്ങളായിരുന്നു,എല്ലാ വഴിക്കും.നിര്‍ഭയ കടന്നു പോയ ഘട്ടങ്ങള്‍ ചിന്തിക്കാനാവാത്തതും ആലോചിക്കാന്‍ കഴിയാത്തതുമാണ്.എന്നാല്‍ പോലീസ് ഉദ്യോസ്ഥന്‍ എന്ന നിലയില്‍ എനിക്ക് ഇത്തരം വ്യക്തിപരമായ വികാരങ്ങള്‍ ഒതുക്കി വച്ചേ മതിയാകൂ.ജോലി ചെയ്യുക.അത് ഞങ്ങള്‍ ചെയ്തു.

വധശിക്ഷയെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ചകള്‍ സജീവമാണ്. വേണ്ടെന്നും വേണമെന്നും വാദങ്ങളുണ്ട്.ഈ പ്രതികളെ തൂക്കിലേറ്റുന്നതിലൂടെ ഭാവിയില്‍ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുമോ?

പഴയ വിവാദമാണിത്.നിലവിലുള്ള നിയമത്തില്‍ തൂക്കിക്കൊല എന്ന ശിക്ഷയുണ്ട്.അത് നടപ്പാകുന്നു.അത് കുറ്റവാളികള്‍ക്ക് ഒരു സന്ദേശം കൂടിയാണ് എന്ന നിലയിലേ കാണാന്‍ കഴിയൂ.ചര്‍ച്ചകള്‍ നടക്കട്ടെ.അവരെ പിടികൂടിയ ഉടനെ കൊന്നു കളയണം,പരസ്യമായി തൂക്കിലേറ്റണമെന്നൊക്കെ അന്ന് വാദിച്ചവരുണ്ട്.അതൊന്നും പരിഗണിക്കാനാവില്ല.നിയമത്തിന്റെ വഴിയേയാണ് കാര്യങ്ങള്‍ നീങ്ങേണ്ടത്.നിര്‍ഭയയുടെ മാതാപിതാക്കളോട് തൂക്കിക്കൊലയെക്കുറിച്ച് ചോദിച്ചാല്‍ അവരുടെ മറുപടി എന്തായിരിക്കും?

നിര്‍ഭയ സംഭവം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടക്കം ഗതിമാറ്റങ്ങള്‍ക്ക് കാരണമായി.രാഷ്ട്രീയം,ഭരണസംവിധാനം,നിയമങ്ങള്‍,സ്ത്രീ സുരക്ഷ എന്നിവയിലൊക്കെ സ്വാധീനമുണ്ടാക്കി.എന്നിട്ടും പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമോ?

ഡല്‍ഹി ബലാല്‍സംഗ തലസ്ഥാനമാണെന്നും ഇന്ത്യ ബലാല്‍സംഗ കേന്ദ്രമാണെന്നുമായിരുന്നു അന്നുയര്‍ന്ന പ്രചരണം.എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ യാതൊരു തരത്തിലുമുള്ള പൊരുത്തമില്ല.എന്നാല്‍ വീടു മുറികളിലാണ് ഏറ്റവും കൂടുതല്‍ ബലാല്‍സംഗങ്ങള്‍ നടക്കുന്നത്.ഏറ്റവും അടുത്ത ബന്ധുക്കളാണ് ബലാല്‍സംഗം ചെയ്യുന്നത്.കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാക്രമണം നടക്കുന്നതും വീടുകളിലാണ്.ഇതാരും പുറത്തറിയുന്നില്ല.ഡല്‍ഹിയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന തോന്നല്‍ പൊതുവെ ഉണ്ട്.എന്നാല്‍ മുംബൈയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന മനോഭാവമാണുള്ളത്.എത്ര രാത്രി വൈകിയാലും മുംബൈയില്‍ പെണ്‍കുട്ടികള്‍ക്ക് തനിച്ച് യാത്ര ചെയ്യാം.അവര്‍ സുരക്ഷിതരാണ്.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ മേധാവിത്വം നല്‍കുന്ന സമൂഹമാണുള്ളത്.അവിടെ സ്ത്രീകള്‍ സുരക്ഷിതരാണ്.പെണ്‍കുട്ടികളുടെ സുരക്ഷയില്‍ സമൂഹത്തിന്റെ മനോഭാവം മാറണം.

 

Content Highlights: Minor culprit was not the most cruel to Nirbhaya says police chief Neeraj Kumar