'ഈ ഭായിമാരൊക്കെ ഇവിടെ വന്നതോടെയാണ് ഇവിടെ ഇത്രേം പ്രശ്നമുണ്ടായത്. കള്ളും കഞ്ചാവുമടിച്ച് ബോധമില്ലാതെ നടക്കും. പകല്‍ അതുമിതും വില്‍ക്കാനെന്ന് പറഞ്ഞ് വന്ന് വീടുകള്‍ നോക്കിവെച്ച് രാത്രി കക്കാനിറങ്ങും. സ്ത്രീകള്‍ക്ക് പകലും വീട്ടില്‍ സമാധാനമായി ഇരിക്കാന്‍ പറ്റാതായി. ഇവന്‍മാരെയൊക്കെ അടിച്ചോടിച്ചാലേ നാട് നന്നാവൂ...'

      ഇത്തരമൊരു ഡയലോഗെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഇതരസംസ്ഥാന തൊഴിലാളികളോട് നമ്മുടെ സമൂഹത്തിന്റെ പൊതുവായ മനോഭാവത്തെ ഈ വാക്കുകളില്‍ വായിച്ചെടുക്കാനാകും. മുഴുവന്‍ സമയവും ലഹരി ഉപയോഗിക്കുന്ന, ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യാനറയ്ക്കാത്ത, വൃത്തി എന്ന വാക്കിന്റെ അര്‍ത്ഥം പോലുമറിയാത്തവര്‍ -പല രീതിയിലും അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ കുടിയേറ്റ തൊഴിലാളികളെ കുറിച്ചുള്ള മലയാളികളുടെ മനോഭാവം ഏറെക്കുറെ ഇങ്ങനെയൊക്കെയാണ്. 

     എന്നാല്‍, ചില കുറ്റകൃത്യങ്ങളുടെയോ അടിസ്ഥാന സൗകര്യങ്ങളുടെ കുറവിന്റെയോ പേരില്‍ അത്തരമൊരു സാമാന്യവല്‍ക്കരണം സാധ്യമാണോ. ആരാണ് ഇവിടെയെത്തുന്ന തൊഴിലാളി സമൂഹം. എന്താണ് അവരുടെ ലക്ഷ്യം. ഇതര സംസ്ഥാനക്കാര്‍ മൂലം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ.നമ്മുടെ സമ്പത്ത് ഊറ്റിക്കൊണ്ടുപോകുന്നവര്‍ മാത്രമാണോ അവര്‍. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് അവരെ ആവശ്യമുണ്ടോ. കുടിയേറ്റ തൊഴിലാളികളോടുള്ള നമ്മുടെ മനോഭാവമെന്താണ്. അതില്‍ മാറ്റം വരേണ്ടതുണ്ടോ.. ഇതരസംസ്ഥാനക്കാര്‍ ഒഴിവാക്കപ്പെടേണ്ടവരോ ചേര്‍ത്തു നിര്‍ത്തേണ്ടവരോ..? മാതൃഭൂമി ഡോട്ട് കോം അന്വേഷിക്കുന്നു..

കേരളം, ലോകം, ഇന്ത്യ

തൊഴില്‍ കുടിയേറ്റത്തിന്റെ ഫലമായി ചുരുങ്ങിയ സമയം കൊണ്ട്  പുരോഗതി കൈവരിച്ച സംസ്ഥാനമാണ് കേരളം. ആദ്യകാലത്ത് കുടിയേറ്റം ഗള്‍ഫ് നാടുകളിലേക്ക് ഒതുങ്ങിയിരുന്നെങ്കില്‍ പിന്നീടത് അമേരിക്കയും യൂറോപ്പും എന്തിന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വരെ വ്യാപിച്ചു. തൊഴിലിന് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും മലയാളി യുവാക്കള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറുന്നു. പിന്നീട് അവിടെതന്നെ സ്ഥിരതാമസമാക്കുന്നു. ബന്ധുക്കളെയും സുഹൃത്തുക്കളെയും അങ്ങാട്ടെത്തിക്കുന്നു. കേരളത്തില്‍ ജനിച്ച് കൗമാരത്തിന് ശേഷം  വിദേശത്ത് വാസമുറപ്പിക്കുന്നവരുടെ എണ്ണം ഇന്ന് അത്ര ചെറുതല്ല. അവര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന സംഭാവനകളും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം ഒരുതരത്തില്‍ ആശങ്കയുണര്‍ത്തും വിധം അധികമാണ്. തൊഴിലും വിദ്യാഭ്യാസവുമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി മറ്റു നാടുകളിലേക്കുള്ള കുടിയേറ്റത്തില്‍ കുറവൊന്നും കാണാത്ത മലയാളിക്ക് പക്ഷേ, കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളോടുള്ള മലയാളിയുടെ മനോഭാവം ഒട്ടും തന്നെ ആശാസ്യമല്ല എന്നതാണ് വസ്തുത. അതേസമയം, കുടിയേറ്റക്കാരോടുള്ള മലയാളിയുടെ മനോഭാവം ഒറ്റപ്പെട്ടതല്ലെന്ന് സാമൂഹ്യശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യക്കകത്തും പുറത്തും മുമ്പും ഇപ്പോഴും പ്രാദേശികവാദം നിലനില്‍ക്കുന്നുണ്ട് എന്നതാണ് വസ്തുത. അറുപതുകളില്‍ ശിവ് സേന എന്ന പാര്‍ട്ടിയ്ക്ക് ബാല്‍ താക്കറെ ജന്‍മം നല്‍കിയതു തന്നെ ദക്ഷിണേന്ത്യക്കാരെ മഹാരാഷ്ട്രയില്‍ നിന്ന് തുരത്താനായിരുന്നു. തമിഴ്നാടും മണ്ണിന്റെ മക്കള്‍ വാദം മലയാളികള്‍ക്ക് എതിരെ ഉള്‍പ്പെടെ പല ഘട്ടങ്ങളിലും ഉയര്‍ത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ക്ക് എതിരായ വംശീയാക്രമണങ്ങളും ഗള്‍ഫ് നാടുകളിലെ നിതാഖതും ട്രംപിന്റെ വിസാ നിയന്ത്രണവും ബ്രക്സിറ്റുമെല്ലാം പ്രാദേശിക വാദത്തിന്റെ വിവിധ രൂപങ്ങളാണ്. സിറിയയും പലസ്തീനും നേപ്പാളും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യുന്നവരുടെ അവസ്ഥയാണെങ്കില്‍ പറയാനുമില്ല. 

      യുഎന്‍ 2017ല്‍ പുറത്തിറക്കിയ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം ലോക ജനസംഖ്യയുടെ 3.3% ആളുകളാണ് കുടിയേറ്റക്കാരായുള്ളത്. നിലവില്‍ 24.4 കോടി ആളുകളാണ് കുടിയേറ്റക്കാരായുള്ളത്. റിപ്പോര്‍ട്ട പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന രാജ്യമാണ് ഇന്ത്യ. കുടിയേറ്റക്കാരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ 12-ാം സ്ഥാനത്തുമുണ്ട് രാജ്യം. ലോകത്തെ കുടിയേറ്റക്കാരില്‍ പകുതിയും ഇന്ത്യ, ചൈന, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര കുടിയേറ്റവും ദക്ഷിണേഷ്യല്‍ രാജ്യങ്ങളില്‍ വന്‍തോതില്‍ കൂടിയിട്ടുണ്ടെന്നും ഇന്ത്യ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കുടിയേറ്റം ആവശ്യമാണെന്നും എന്നാല്‍, പലപ്പോഴും സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ വിഭാഗമായാണ് ഇവര്‍ കാണപ്പെടുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

table

   'കുടിയേറ്റക്കാരെ എല്ലാക്കാലത്തും അതത് നാടുകളിലുള്ളവര്‍ രണ്ടാംതരക്കാരായാണ് കാണുന്നത്. സമ്പദ് വ്യവസ്ഥ ശക്തമായിരിക്കുമ്പോള്‍ കുറ്റകൃത്യങ്ങളും മറ്റുമായിരിക്കും ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെടുക. സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുമ്പോള്‍ കുടിയേറ്റക്കാര്‍ തൊഴിലവസരങ്ങള്‍ കവര്‍ന്നെടുക്കുന്നവരാകുന്നു' -മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന യുഎന്‍ ദുരന്ത ലഘൂകര വിഭാഗം മേധാവിയായ മുരളി തുമ്മാരുകുടി പറയുന്നു. 'എന്നാല്‍ ഇത് ശരിയല്ലെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കുടിയേറ്റം കുടിയേറുന്നവര്‍ക്കും കുടിയേറപ്പെടുന്ന നാടുകള്‍ക്കും ഒരുപോലെ ഗുണകരമാണെന്നതാണ് വാസ്തവം. കുടിയേറ്റത്തിന് തടയിടാന്‍ ശ്രമിച്ചിട്ടുള്ള രാജ്യങ്ങള്‍ക്കൊക്കെ അത് പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ അതിന് ശ്രമിക്കുന്നവര്‍ക്കും ഭാവിയില്‍ തങ്ങളുടെ നയം പിന്‍വലിക്കേണ്ടിവരും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലേക്കുള്ള കുടിയേറ്റം 2013ലെ കേരള സര്‍ക്കാരിന്റെ പഠനമനുസരിച്ച് സംസ്ഥാനത്ത് 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ 35 മുതല്‍ 50 ലക്ഷം വരെ ഇതരസംസ്ഥാനക്കാര്‍ ഉണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. അതായത് കേരളത്തിലെ ജനസംഖ്യയുടെ 10 മുതല്‍ 14 ശതമാനം വരെ! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള കുടിയേറ്റത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള കാരണങ്ങളുണ്ട്. കേരളത്തിലെ മികച്ച തൊഴില്‍-സാമൂഹിക അന്തരീക്ഷങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പിന്നോക്കാവസ്ഥയും കുടിയേറ്റത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 
മെച്ചപ്പെട്ട വേതനം, നല്ല തൊഴില്‍ സാഹചര്യം, കൂടുതല്‍ തൊഴിലവസരങ്ങള്‍, സമാധാനപരമയ സാമൂഹ്യാന്തരീക്ഷം എന്നിവയാണ് കേരളത്തിലേക്ക് ഇതരസംസ്ഥാനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങള്‍. കാര്‍ഷികവൃത്തിയുടെ തകര്‍ച്ച, വേതനക്കുറവ്, തൊഴിലില്ലായ്മ, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി വര്‍ഗീയ കലാപങ്ങള്‍ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ കേരളത്തിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. കേരളത്തില്‍ എത്തുന്നവര്‍ കൂടുതല്‍ പേരെ ഇങ്ങോട്ടെത്തിക്കുന്നു. സ്‌കൂളില്‍ തോറ്റതിന്റെ പേരില്‍ നാട്ടില്‍ നില്‍ക്കാന്‍ മടിയായതിനാല്‍ വന്നവരും കൂടുതല്‍ പണം സമ്പാദിച്ച് ഇഷ്ടാനുസരണം ജീവിക്കാമെന്ന ആഗ്രഹത്താല്‍ എത്തിയവരെയൃം മാതൃഭൂമി ഡോട്ട് കോം നടത്തിയ അന്വേഷണത്തില്‍ കാണാന്‍ കഴിഞ്ഞു. എന്നാല്‍, മറ്റുള്ളവരെ അപേക്ഷിച്ച് ഒഴുക്കിനൊപ്പം എത്തുന്ന ഇക്കൂട്ടര്‍ തുലോം തുച്ഛമാണ്.
അവിദഗ്ധരും അതിവിദഗ്ധരും പ്രധാനമായും ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബെംഗാള്‍, അസം, ഛാര്‍ഖണ്ഡ്, ഒഡിഷ, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തുന്നത്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് കാര്യമായ തൊഴില്‍ കുടിയേറ്റം നടക്കുന്നുണ്ട്. ഇവര്‍ കെട്ടിടനിര്‍മാണം, തോട്ടപ്പണി, പ്ലൈവുഡ്, ക്വാറി, സ്റ്റീല്‍, ഹോട്ടല്‍ മേഖലകള്‍, മത്സ്യബന്ധനം, മത്സ്യ സംസ്‌കരണം, ഫര്‍ണിച്ചര്‍ നിര്‍മാണം തുടങ്ങി ബ്യൂട്ടീപാര്‍ലറുകളില്‍ വരെ തൊഴിലെടുക്കുന്നു. എന്നാല്‍, കെട്ടിടനിര്‍മാണവും മത്സ്യബന്ധനവും തോട്ടപ്പണിയും ഫാക്ടറികളിലെ േജാലികളും ഉള്‍പ്പെടെ  അവിദഗ്ധ മേഖലകളിലെ തൊഴിലുകളാണ് ഭൂരിപക്ഷം പേരും ചെയ്യുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ളതും  ഈ മേഖലകളില്‍ തന്നെ.

ചെയ്യുന്ന ജോലിയില്‍ അഗ്രഗണ്യരായവരും ഗതികേടുകൊണ്ട് എന്തുജോലിയും ചെയ്യാന്‍ തയാറായവരെയും കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കാണാം. ഉദാഹരണത്തിന് മത്സ്യബന്ധന മേഖലയില്‍ ഇന്ന് കേരളത്തില്‍ തൊഴിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്. തമിഴ്നാട്ടിലെ കന്യാകുമാരി, രാമേശ്വരം, തൂത്തുക്കുടി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് കേരളത്തില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ കടലില്‍ കുടുങ്ങിയവരിലേറെയും തമിഴ്നാട്ടുകാരായത് ഇതുകൊണ്ടുതന്നെ. എറണാകുളത്തെ തോപ്പുംപടി ഹാര്‍ബറില്‍ നിന്നുമാത്രം രണ്ടായിരത്തിലേറെ പേരാണ് ചുഴലിക്കാറ്റുണ്ടായപ്പോള്‍ കടലിലുണ്ടായിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും തമിഴ്നാട്ടുകാരായിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇവര്‍ക്കൊപ്പം അസം പോലെ കടലുമായി യാതൊരു ബന്ധവുമില്ലാത്ത മലയോര മേഖലയില്‍ നിന്നുള്ളവരും കടലില്‍ പോകുന്നു എന്നത് വിരോധാഭാസമായി തോന്നാം.

യുപിയിലെ സഹാരണ്‍പുരില്‍ നിന്നെത്തിയ മരപ്പണിക്കാരും സമാനമായ അവസ്ഥയിലാണ്. മരഉരുപ്പടികള്‍ക്ക് ഇന്ത്യയില്‍ തന്നെ പേരുകേട്ട സ്ഥലമാണ് സഹാരണ്‍പുര്‍. മുഗള്‍ കാലഘട്ടത്തില്‍ തന്നെ സഹാരണ്‍പുരിലെ മരപ്പണിക്കാര്‍ കൊത്തുപണികള്‍ക്ക് പ്രസിദ്ധരായിരുന്നു. അവരുടെ പിന്‍തലമുറക്കാര്‍ ഇന്ന് ഉപജീവനത്തിനായി കൂട്ടത്തോടെ കേരളത്തിലെത്തുന്നു. എറണാകുളത്ത് കോതമംഗലത്തിനടുത്തെ നെല്ലിക്കുഴി എന്ന സ്ഥലം ഇന്നൊരു കൊച്ചു സഹാരണ്‍പുരായി രൂപപ്പെട്ടിരിക്കുന്നു. ഇവിടത്തെ ഫര്‍ണിച്ചറുകള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളത്. മൂന്നോ നാലോ കിലോമീറ്ററുകള്‍ക്കുള്ളില്‍ ഇവിടെ മുപ്പതോ നാല്‍പതോ ഫര്‍ണിച്ചര്‍ നിര്‍മാണ-വില്‍പനശാലകളാണുള്ളത്. ഇവിടത്തെ ഒരു നിര്‍മാണശാലയില്‍ കണ്ട 12 തൊഴിലാളികളില്‍ ഏഴു പേരും സഹാരണ്‍പുര്‍ സ്വദേശികളായിരുന്നു. തങ്ങളുടെ പൂര്‍വികരും ഇതേ ജോലി ചെയ്തിരുന്നവരാണെന്ന് അവരില്‍ പലരും സാക്ഷ്യപ്പെടുത്തുന്നു. മരത്തില്‍ സങ്കീര്‍ണമായ കൊത്തുപണികള്‍ ചെയ്യുന്ന തങ്ങള്‍ക്ക് ഇവിടത്തെ ഫര്‍ണിച്ചര്‍ നിര്‍മാണം കുട്ടിക്കളിയാണെന്ന് പറയുന്നു നാലു വര്‍ഷമായി നെല്ലിക്കുഴിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അക്രം.

ഭൂരിഭാഗവും പിന്നാക്കക്കാര്‍

ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മേഖലകളില്‍ നിന്നാണ് കേരളത്തിലേക്ക് വന്‍തോതില്‍ കുടിയേറ്റമുണ്ടാകുന്നതെന്ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെന്റ് (CMID) അടുത്തിടെ പുറത്തുവിട്ട പഠനം പറയുന്നു. കുടിയേറ്റക്കാരില്‍ വലിയൊരു ശതമാനം പട്ടിക ജാതി, പട്ടിക വര്‍ഗക്കാരാണെന്നാണ് പഠനത്തില്‍ വെളിവായിരിക്കുന്നത്. 

list 1

'ഇന്ത്യയിലെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 194 ജില്ലകളില്‍ നിന്ന് കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തിയിട്ടുണ്ട്. ഇതില്‍ ആദിവാസികളും പട്ടികജാതിയില്‍ പെട്ടവരുമാണ് വലിയൊരു വിഭാഗവും. പിന്നാക്ക സമുദായക്കാരായ മുസ്ലിംകളും കുറവല്ല' - പഠനം നടത്തിയ ഡിഎംഐജി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബിനോയ് പീറ്റര്‍ പറയുന്നു. ഡോ. ബിനോയിയും ഡോ. വിഷ്ണു നരേന്ദ്രനും ചേര്‍ന്നാണ് പഠനം നടത്തിയത്.

list 2

'കേരളത്തിലേക്ക് ആളുകള്‍ എത്തുന്ന 194 ജില്ലകളില്‍ 33 എണ്ണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഷെഡ്യൂള്‍ഡ് ട്രൈബ് (Scheduled Tribes) ഉള്ള 100 ജില്ലകളില്‍ പെടുന്നതാണ്. ഇതില്‍ 21 എണ്ണത്തില്‍ ഇവരുടെ അനുപാതം 50 മുതല്‍ 98 ശതമാനം വരെയാണ്. കൂടാതെ, 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്  ഉള്ള അഞ്ച് ജില്ലകളില്‍ നാലെണ്ണത്തില്‍ നിന്നും കേരളത്തിലേക്ക് കുടിയേറ്റ ഇടനാഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായത്'-ഡോ. ബിനോയ് പീറ്റര്‍ വ്യക്തമാക്കി.

തുടരും...