പലപ്പോഴും തങ്ങള്‍ ചൂഷണത്തിന് വിധേയരാവുകയാണെന്ന് മനസ്സിലാക്കിയിട്ടും അവര്‍ മിണ്ടാതെ നില്‍ക്കുകയാണ്. അരിവാങ്ങാന്‍ കടയിലെത്തുമ്പോള്‍ മുതല്‍ മാസങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ വരെ. കാരണം ഇവിടെ ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ഭയമാണ്. എന്തിനുമേതിനും പഴിചാരാന്‍ തങ്ങളാണുള്ളതെന്ന് അവര്‍ക്കുതന്നെ അറിയാം. ഇതിലും വലിയ വിവേചനങ്ങള്‍ അനുഭവിച്ചാണ് അവര്‍ ഇങ്ങോട്ട് എത്തുന്നതെന്നതുമാകാം..'

വര്‍ഷങ്ങളായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജിന്റെ വാക്കുകളില്‍ ഇതുപറയുമ്പോള്‍ സങ്കടവും അമര്‍ഷവുമുണ്ടായിരുന്നു. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏതാണ്ടെല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചൂഷണത്തിനും വിവേചനത്തിനും വിധേയരാകുന്നെന്ന് ജോര്‍ജ് ചൂണ്ടിക്കാണിക്കുന്നു. ഒരു ഇതരസംസ്ഥാന തൊഴിലാളി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ അയാള്‍ക്കും ശേഷം വന്ന മലയാളിയ്ക്കാകും ആദ്യം സാധനങ്ങള്‍ നല്‍കുക. എനിക്കും നിങ്ങള്‍ക്കും നല്‍കുന്ന വിലയിലും കൂടുതലാകും അവനില്‍ നിന്നും ഈടാക്കുക. ഇതെല്ലാം അവര്‍ക്കറിയാം. പലരും ഇക്കാര്യങ്ങള്‍ വിഷമത്തോടെ പറയാറുണ്ട്. അവരും വിശേഷബുദ്ധിയുള്ള മനുഷ്യരാണെന്ന് പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു. കടയിലും ബസിലും പൊതുസ്ഥലങ്ങളിലുമുള്ള ഈ വിവേചനം മാത്രമല്ല, മാസങ്ങളോളം ജോലി ചെയ്തിട്ടും ഒരു രൂപ പോലും കിട്ടാത്ത നൂറുകണക്കിന് ആളുകളുണ്ട്. പോലീസിലും മറ്റും പരാതി നല്‍കിയിട്ടും കാര്യമായ ഗുണമുണ്ടാകാറില്ല. പണം നല്‍കാനുള്ള സ്ഥാപനങ്ങളുടെ മുന്നില്‍ ധര്‍ണ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍'. ജോര്‍ജ് പറയുന്നു.

 

വണ്ടിച്ചെക്കുമായി വണ്ടികയറാനാകാതെ ഷജാദ്

Shajad

മുര്‍ഷിദാബാദുകാരനായ ഷജാദുള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് നാട്ടിലേക്ക് പോവുകയാണ്. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. വൈകിട്ടാണ് ട്രെയിന്‍. അവിടെ പ്രായമായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ഷജാദിന്റെ വരവും പ്രതീക്ഷിച്ചിരിപ്പാണ്. പക്ഷേ, ഷജാദ് മൂകനായി തലതാഴ്ത്തി ഇരിപ്പാണ്. നാട്ടിലേക്ക് പോകുന്നതിന്റെ ആവേശമൊന്നുമില്ല. കാരണം, മാസങ്ങളായി ജോലി ചെയ്തിട്ട് കിട്ടേണ്ട പണം ഇതുവരെ കിട്ടിയിട്ടില്ല. പണം കിട്ടുമെന്ന ഉറപ്പിലാണ് നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍, പോകേണ്ട ദിവസമായിട്ടും ഒരു പൈസ പോലും കിട്ടിയില്ല. ഏറെ നാള്‍ പിന്നാലെ നടന്നതിനു ശേഷം ഏജന്റ് 10,000 രൂപയുടെ ഒരു ചെക്ക് നല്‍കിയിരുന്നു. എന്നാല്‍, ബാങ്കില്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

പണം കിട്ടിയില്ലെങ്കിലും സുഹൃത്തുക്കളില്‍ നിന്നും ചെറിയ തുകകള്‍ കടം വാങ്ങിച്ച് ഷജാദ് നാട്ടിലേക്ക് തിരിച്ചു. ഒരു മാസത്തിനു ശേഷം ഷജാദ് വീണ്ടും വരും. ഇരുപത്തിമൂന്നുകാരനായ ഷജാദ് ജോലിയ്ക്കായി കേരളത്തില്‍ എത്തിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അയാള്‍ ജോലിയെടുത്ത് തുടങ്ങിയതും വീട്ടിലേക്ക് പണമയച്ചിരുന്നതും ഇവിടെ നിന്നാണ്. തിരിച്ചുവരാതെ അയാള്‍ മറ്റെങ്ങോട്ട് പോകാന്‍?

മെഡിക്കല്‍ കോളേജില്‍ ചികിത്സകിട്ടാതെ ഒരാഴ്ച

kusumbee
Captionകുസുംബീവിയെ ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു. മകൻ സമീപം

വീട്ടിലേക്കുള്ള സാധനങ്ങളുമായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് കുസുംബീവിയെ വണ്ടിയിടിക്കുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഇവരെ ഇവിടെനിന്ന് മടക്കി. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിയ കുസുംബീവിയെ മുറിവുകളില്‍ മരുന്ന് വെച്ചുകെട്ടി പറഞ്ഞയച്ചു. തോളിലെ എല്ലുകള്‍ ഉള്‍പ്പെടെ ഒടിഞ്ഞിരുന്നതിനാല്‍ ഇവര്‍ വേദന തിന്ന് ദിവസങ്ങളോളം വീട്ടില്‍ കഴിഞ്ഞു. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകരെത്തി കളക്ടറെ അറിയച്ച പ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കളക്ടറുടെ ഇടപെടലില്‍ ആംബുലന്‍സും ലഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുസുംബീവി ചികിത്സ കിട്ടാതെ ഒരാഴ്ച ഇവിടെ കിടന്നു. ഒടുവില്‍ നിവൃത്തിയില്ലാതെ തിരിച്ചുപോന്നു.

kusumbee
കുസുംബീവി

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലില്‍ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭിച്ച കുസുംബീവി ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു. ചികിത്സയ്ക്ക് ഇതുവരെ 65,000 രൂപ ചെലവായി. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ഇതുവരെ നല്‍കിയിട്ടുള്ളത് വെറും അയ്യായിരം രൂപ മാത്രം. ബാക്കി ഇനിയും കൊടുക്കാന്‍ ബാക്കിയാണ്. ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ഇനിയും നടത്താനുണ്ട്.

ആ കല്ല് ചതച്ചരച്ചത് സരണിന്റെ ജീവിതം

ജീവിതം തുടങ്ങിയിട്ടേയുള്ളൂ രാംദേവ് സരണ്‍. പ്രായം 22. ജീവിക്കാനായാണ് അയാള്‍ നാടും വീടും വിട്ട് കേരളത്തിലെത്തിയത്. എന്നാല്‍ ഗ്രാനൈറ്റ് ഫാക്ടറിയില്‍ കൈയില്‍ നിന്ന് വഴുതിയ കല്ല് ചതച്ചരച്ചത് സരണിന്റെ കാല്‍പാദം മാത്രമായിരുന്നില്ല, ജീവിതം കൂടിയായിരുന്നു. ഉപയോഗശൂന്യനായ തൊഴിലാളിയെ ഫാക്ടറി അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള 'സൗമനസ്യം' കാണിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. നഷ്ടപരിഹാരം പോയിട്ട് ഒരു നേരത്തെ മരുന്നിനുള്ള വക പോലും അവിടെ നിന്ന് ലഭിച്ചിട്ടില്ല. സംഭവം കേസാക്കി സരണിന് നഷ്ടപരിഹാരം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍.

saran
സരണ്‍

ഷജാദുളും കുസുംബീവിയും സരണുമെല്ലാം വെറും  ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരത്തില്‍ ചൂഷണത്തിന് വിധേയരായും തിരസ്‌കൃതരായും കഴിയുന്ന നൂറും ആയിരവുമല്ല പതിനായിരക്കണക്കിനാളുകളുണ്ട് ഇവിടെ. ഇവരെ സഹായിക്കാനുള്ളത് വിരലിലെണ്ണാവുന്ന സാമൂഹ്യപ്രവര്‍ത്തകരും. ആരെന്നോ എന്തെന്നോ അറിയാത്ത അസംഘിതരായ ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സാധിക്കുന്നില്ല. സാധിക്കുന്ന അവസരങ്ങളിലും പലപ്പോഴും അധികൃതരുടെ കണ്ണുതുറക്കാറുമില്ല.

പുറംലോകമറിയാത്ത മരണങ്ങള്‍, അനാഥരാകുന്ന കുടുംബങ്ങള്‍

അനാഥശവങ്ങളാക്കപ്പെട്ട് നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് വര്‍ഷന്തോറും പൊതുശ്മശാനങ്ങളില്‍ അടക്കപ്പെടുന്നത്. കുടുംബവും കുട്ടികളും അവകാശികളുമുള്ളവരാണിവര്‍. ഡിസംബര്‍ 24ന് പെരുമ്പാവൂര്‍ ബസ്റ്റാന്‍ഡ് കെട്ടിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ആളും അതിനുമുമ്പത്തെ ദിവസം കിഴക്കമ്പലത്തെ വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അസം സ്വദേശിനി ഇലിമയുമെല്ലാം ഇതിന് അവസാനത്തെ ഉദാഹരണങ്ങള്‍ മാത്രം.

ഇതുകൂടാതെ മരണം പോലും പുറംലോകമറിയാതെ പോകുന്നവരുടെ കണക്കുകള്‍ വേറെയുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തി യാതൊരു മുന്‍പരിചയവുമില്ലാതെ കടലില്‍ പോകുന്നവരില്‍ ബോട്ടുകളില്‍ വെച്ചുതന്നെ മരണമടയുന്നവരുണ്ട്. ഇവരെയൊക്കെ പുറംകടലില്‍ ഉപേക്ഷിക്കുകയാണ് പതിവ്. കരയിലെത്തിച്ചാല്‍ നിയമത്തിന്റെയും മറ്റും നൂലാമാലകളും നാട്ടിലെത്തിക്കാനുള്ള ചെലവുമെല്ലാം ബോട്ടുടമയ്ക്ക് ബാധ്യതയാകും. കെട്ടിട നിര്‍മാണത്തിനിടെയും വ്യവസായശാലകളില്‍ പണിലെടുക്കുന്നതിനിടെയുമൊക്കെ മരിക്കുന്നവരുടെയും അവസ്ഥ മറ്റൊന്നല്ല.

കുടുംബം പോറ്റാനായി ഇവിടെയെത്തി മരണമടയുന്നവരുടെ കുടുംബങ്ങളുടെ അവസ്ഥയാണ് ഇതിലേറെ കഷ്ടം. ഉറ്റവരുടെ മൃതദേഹം അവസാനമായി ഒരുനോക്കു കാണാനാകുന്നില്ലെന്നത് മാത്രമല്ല പലപ്പോഴും അവര്‍ മരിച്ച വിവരം പോലും അവര്‍ അറിയുന്നില്ല. ഫോണ്‍ വിളികളും ബാങ്കില്‍ വന്നിരുന്ന പണവും ഇല്ലാതാകുമ്പോള്‍ എന്തോ സംഭവിച്ചെ'ന്ന് മനസിലാക്കിയാലും എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന നിരവധി മാതാപിതാക്കളും ഭാര്യമാരും കുട്ടികളും ഗ്രാമങ്ങളിലുണ്ടെന്ന് കുടിയേറ്റ ഗ്രാമങ്ങളില്‍ പലതവണ മൃതദേഹങ്ങളുമായും മറ്റും പോയിട്ടുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ ജോര്‍ജ് സാക്ഷ്യപ്പെടുത്തുന്നു. മരിച്ചെന്നറിഞ്ഞാലും പലരും വിശ്വസിക്കാനും തയാറല്ല. മാത്രമല്ല, കുടുംബത്തിന്റെ അത്താണിയറ്റുപോയ വിധവകള്‍ക്കും അനാഥരായ കുട്ടികള്‍ക്കുമെല്ലാം അര്‍ഹമായ സഹായം ലഭിക്കാതെ പോവുകയും ചെയ്യുന്നു -ജോര്‍ജ് പറയുന്നു.

ഇവിടെവെച്ച് മരിച്ച ഒരാളുടെ മൃതദേഹം 26,000 രൂപയുണ്ടെങ്കില്‍ നാട്ടിലെത്തിക്കാം. സര്‍ക്കാരിന്റെ പദ്ധതികള്‍ ഉണ്ടെങ്കിലും അതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കേ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ. അവര്‍ വളരെ കുറവാണ്. ആവശ്യക്കാരിലേക്ക് പദ്ധതികളുടെ ഗുണം എത്താതെ പോകുന്നു. എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയിലാകണം പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത്. ഇതരസംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനായി പ്രായോഗിക തലത്തില്‍ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. ഒരു നിയമനമോ ഫണ്ട് റിലീസോ ഒന്നും ഉണ്ടായിട്ടില്ല. ഇന്‍ഷുറന്‍സ് സ്‌കീമായ ആവാസിനും ഇതരസംസ്ഥാന തൊഴിലാളി ക്ഷേമ പദ്ധതിയെന്ന നിലയില്‍ ഒട്ടേറെ പരിമിതികളുണ്ട്' -ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ചോരയൂറ്റുന്ന ഏജന്റുമാര്‍

മരണമടയുന്നവര്‍ക്ക് മാത്രമല്ല പരിക്കേല്‍ക്കുന്നവര്‍ക്കും തൊഴിലുടമയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ എന്തെങ്കിലും സഹായം ലഭിക്കാറില്ല. സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെയാണ് ഇവര്‍ക്ക് നാട്ടിലെത്താനും നഷ്ടപരിഹാരം നേടാനുമെല്ലാം തുണയാകാറ്. പരിക്കേല്‍ക്കുന്ന കുസുംബീവിയെയും രാംദേവ് സരണിനെയും പോലെ മിക്കവാറും പേര്‍ ചികിത്സ നടത്താന്‍ പോലുമാകാനാകാത്ത അവസ്ഥയിലാണുള്ളത്. 

ഇതിനൊക്കെ അപ്പുറമാണ് ഷജാദുളിനെ പോലുള്ളവര്‍ നേരിടുന്ന തൊഴില്‍ ചൂഷണം. ഇതരസംസ്ഥാനക്കാരെ പണിയെടുപ്പിച്ച ശേഷം പണം വാങ്ങി മുങ്ങുന്ന 'ഏജന്റുമാര്‍' എന്നൊരു വിഭാഗം തന്നെയുണ്ട്. ഇടനിലക്കാരനായി ഇതരസംസ്ഥാനക്കാരെ പലയിടത്തും പണിക്കെത്തിക്കുകയും അതിനുശേഷം പണം നല്‍കാതെയോ ശല്യപ്പെടുത്തിയാല്‍ വണ്ടിച്ചെക്ക് നല്‍കിയോ ഒഴിവാക്കുന്ന സംഭവങ്ങള്‍ നിരവധി. ഇത്തരം ഏജന്റുമാര്‍ എപ്പോഴെങ്കിലും നല്‍കുന്ന കൂലിയാകട്ടെ യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടതിന്റെ പകുതിപോലുമുണ്ടാകില്ല. നിര്‍മാണ മേഖലയിലാണ് ഈ ചൂഷണം രൂക്ഷം. ദിവസം 900-1000 രൂപ കൂലി ലഭിക്കുന്ന ജോലിയ്ക്ക് തൊഴിലാളിക്ക് ലഭിക്കുന്നത് 400-500 രൂപയാകും. ബാക്കി ഏജന്റിന്റെ പോക്കറ്റിലേക്ക് പോകും. എറണാകുളത്തെ ഇപ്പോള്‍ ഏറെ പ്രശസ്തമായ മാള്‍ നിര്‍മാണത്തിനായി ഇതരസംസ്ഥാനക്കാരെ സപ്ലൈ ചെയ്ത് മാത്രം സമ്പന്നരായവരുണ്ട്. പണിയെടുക്കുന്നത് കുടിയേറ്റ തൊഴിലാളികളും പണം വാങ്ങുന്നത് മലായാളി മന്നനും!

ഇക്കാര്യങ്ങളെ കുറിച്ച് പരാതിപ്പെടാന്‍ പോയിട്ട് ഏജന്റിനോട് കടുപ്പിച്ച് രണ്ടുവാക്ക് പറയാന്‍ പോലും കുടിയേറ്റ തൊഴിലാളികള്‍ക്ക് സാധിക്കാറില്ല. ലഭിക്കാന്‍ പതിനായിരങ്ങള്‍ ഉണ്ടായിട്ടും ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചാല്‍ കാര്യങ്ങള്‍ പറയാന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്. ക്യാമറയ്ക്ക് മുന്നില്‍ വിവരങ്ങള്‍ പറയാന്‍ തയാറായതാകട്ടെ ഒന്നോ രണ്ടോ പേര്‍ മാത്രവും. ഇവരുടെ ഈ ഭയം ഇടനിലക്കാര്‍ക്ക് കൂടുതല്‍ വളമാകുന്നു.

ഒഴുക്ക് പുറത്തേക്ക്

പെരുമ്പാവൂരില്‍ ജിഷ വധത്തില്‍ അസം സ്വദേശി അമീറുള്‍ ഇസ്ലാം പിടിയിലായ സംഭവം ഇവിടെ മാത്രമല്ല കേരളത്തിലെ തന്നെ കുടിയേറ്റ തൊഴിലാളികളെ വലിയ തോതില്‍ ബാധിച്ച സംഭവമാണ്. കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെയുള്ള മലയാളികളുടെ മനോഭാവത്തെ സംഭവം ആളിക്കത്തിക്കുകയും ചെയ്തു. അമീറുള്‍ ഇസ്ലാം പിടിയിലായതിനു ശേഷം ഇവര്‍ക്കെതിരെയുള്ള ആക്രമസംഭവങ്ങള്‍ പലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമൂഹത്തിലെ ഒരു ഭാഗമെന്ന നിലയില്‍ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടിരുന്ന കുടിയേറ്റ തൊഴിലാളികളെ ആളുകള്‍ വീണ്ടും സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ തുടങ്ങി. ഇത് ഇതര സംസ്ഥാന തൊഴിലാളികളില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥ വലുതാണ്. 

ജിഎസ്ടിയും നോട്ട്നിരോധാവും മൂലം തൊഴില്‍ കുറഞ്ഞതും കാരണമായിട്ടുണ്ടെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കാതെ ഇതര സംസ്ഥാനക്കാര്‍ വന്‍തോതില്‍ ഒഴിഞ്ഞുപോകാന്‍ ഈ അരക്ഷിതാവസ്ഥയും കാരണമായി. ചിലര്‍ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ നല്ലൊരു ശതമാനം പേരും ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. ഒന്നര ലക്ഷത്തിലേറെ ഇതരസംസ്ഥാനക്കാരുണ്ടായിരുന്ന പെരുമ്പാവൂരില്‍ ഇപ്പോഴുള്ളത് അതിന്റെ പകുതി കുടിയേറ്റ തൊഴിലാളികള്‍ മാത്രമാണെന്നാണ് കണക്ക്.

കോട്ടയത്ത് ഒരു മോഷണത്തിന്റെ പേരില്‍ ഇതരസംസ്ഥാനക്കാരുടെ ക്യാമ്പ് തല്ലിത്തകര്‍ക്കുകയും തൊഴിലാളികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിട്ട് അധിക കാലമായിട്ടില്ല. നാദാപുരത്ത് ഇതരസംസ്ഥാനക്കാര്‍ക്ക് കോണ്‍ട്രാക്ട് കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ മാസമാണ്. തൃപ്പൂണിത്തുറയില്‍ നടന്ന വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ എറണാകുളത്തും പരിസരത്തും ഇതര സംസ്ഥാനക്കാരെ ആക്രമിക്കുന്നതും ഒന്നിച്ചു കാണുന്നവരെ പിടിച്ച് പോലീസില്‍ ഏല്‍പിക്കുന്ന അവസ്ഥയും ഉണ്ടായി.

അടുത്തിടെ കേരളത്തില്‍ ഇതര സംസ്ഥാനക്കാരെ ആക്രമിച്ച് കൊലപ്പെടുത്തുന്നു എത്രയും വേഗം രക്ഷപ്പെടുക എന്ന് കാണിച്ച് ഒരു കൊലപാതക ദൃശ്യമടക്കം വാട്സ്ആപ്പില്‍ പ്രചരിച്ച വ്യാജസന്ദേശം കണ്ടുപോലും കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. ഒടുവില്‍ കോഴിക്കോട്ടെ ഹോട്ടലുടമകള്‍ ഇതര സംസ്ഥാനക്കാര്‍ ഒഴിഞ്ഞുപോകുന്നത് തങ്ങളെ ബാധിക്കുന്നെന്നും വ്യാജ പ്രചാരണങ്ങള്‍ക്ക് തടയിടണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തുന്നത് വരെയെത്തി കാര്യങ്ങള്‍. 

ഓരോ ദിവസവും ഇങ്ങോട്ട് എത്തുന്നവരേക്കാള്‍, കൂടുതല്‍ പേര്‍ ഒറ്റയ്ക്കും കൂട്ടായും ഒഴിഞ്ഞുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിര്‍മാണ മേഖലയുടെയും ചെറുകിട സംരംഭങ്ങളുടെയും തകര്‍ച്ചയ്‌ക്കൊപ്പം ഇതര സംസ്ഥാനക്കാര്‍ക്കെതിരെ ഉണ്ടാകുന്ന ഓരോ അക്രമസംഭവങ്ങളും കൂടുതല്‍ പേരെ കേരളത്തിന് പുറത്തെത്തിച്ചുകൊണ്ടിരിയ്ക്കുന്നു.

തുടരും

ഭാഗം ഒന്ന്‌-ഭാരം ചുമക്കും ഭായിമാര്‍