ഗുവാഹട്ടി: കടയില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് ജ്യൂസില്‍ പോലും ലിംഗ അസമത്വം നിലനില്‍ക്കുന്നു എന്ന വിഷയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് മൂന്നാം ക്ലാസ്സുകാരി. ആണ്‍കുട്ടിയെ അഭിസംബോധന ചെയ്തു കൊണ്ട് പാക്കറ്റില്‍ വിവരണം എഴുതിയ ജ്യൂസ് കുടിക്കാന്‍ ഗുവാഹട്ടിയിൽ നിന്നുള്ള ഒമ്പത് വയസ്സുകാരി പെണ്‍കുട്ടി വിസമ്മതിച്ചതോടെയാണ് വിഷയം ദേശീയ ശ്രദ്ധയില്‍ എത്തുന്നത്.

അച്ഛന്‍ കൊണ്ടു വന്ന ദാബറിന്റെ പാക്കറ്റ് ജ്യൂസ് കഴിക്കാനൊരുങ്ങിയപ്പോഴാണ് 'അവന്' എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള പാക്കറ്റ് വിവരണം കുട്ടിയുടെ ശ്രദ്ധയില്‍ പെടുന്നത്.
Something that is good for your child should also make him smile”( നിങ്ങളുടെ കുഞ്ഞിന് ഗുണം നല്‍കുന്ന ജ്യൂസ് അവന്റെ മുഖത്ത് പുഞ്ചിരി പടര്‍ത്തുന്നു) എന്നാണ് പാക്കറ്റിന് പുറത്ത് എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ പ്രതീകാത്മകമായി നല്‍കിയതും ആണ്‍കുട്ടിയുടെ ചിത്രമാണ്.

ജ്യൂസ് കഴിക്കാന്‍ മകള്‍ വിസമ്മതിച്ചതോടെയാണ് അതിലൊളിച്ചിരിക്കുന്ന ലിംഗ അസമത്വം അച്ഛൻ മൃഗംഗ മജുംദാറിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ ദാബര്‍ കമ്പനിക്കെഴുതിയെങ്കിലും കമ്പനി പ്രതികരിച്ചില്ല,. ഇതേത്തുടര്‍ന്നാണ് മജുംദാർ വനിത ശിശു ക്ഷേമ മന്ത്രി മേനകാഗാന്ധിയെ സമീപിക്കുന്നത്.

വിഷയത്തില്‍ ഇടപെടുമെന്ന് മേനക ഗാന്ധി കുട്ടിക്കും പിതാവിന് ഉറപ്പു നല്‍കി. ലിംഗ സമത്വം പുലര്‍ത്താത്ത ഭക്ഷ്യോത്പന്നങ്ങളുടെ പാക്കിങ് ഗൗരവതരമെന്നും മേനകഗാന്ധി അറിയിച്ചു.