May Dayതൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ മേയ്ദിനം കടന്നുവരുന്നത് കേട്ടുകേൾവിയില്ലാത്തവിധം കൊടിയ ദുരന്തങ്ങൾ പേറിക്കൊണ്ടാണ്. നവലിബറലിസവും ഡിജിറ്റൽ സാങ്കേതികവിദ്യയും ചേർന്ന് ഇതിനോടകം ഉഴുതുമറിച്ച ‘തൊഴിൽ മണ്ണിൽ’ ഇപ്പോൾ മഹാമാരിയും വിളവെടുപ്പ് തുടങ്ങിയിരിക്കുന്നു. തൊഴിലുകൾ ഇല്ലാതാകുന്നു. ഇല്ലാതാക്കുന്നു എന്നുപറയുന്നതാവും കൂടുതൽ വസ്തുനിഷ്ഠം. തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതുന്നു. തൊഴിലാളിസംഘടനകൾ ആനയെക്കാളും മെലിഞ്ഞ് തൊഴുത്തിൽ തളച്ചിടപ്പെട്ടിരിക്കുന്നു.
 ഡിജിറ്റൽ സാേങ്കതികവിദ്യയും തൊഴിലും

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വികാസപരിണാമങ്ങൾ തൊഴിലാളികളെ വെറും അലങ്കാരവസ്തുവാക്കിത്തീർത്തിരിക്കുന്നു എന്നതാണ് വാസ്തവം. തൊഴിൽശാലകളിൽനിന്ന് വെള്ളക്കോളർ, നീലക്കോളർ തൊഴിലാളികൾ നാം ഉദ്ദേശിക്കുന്നതിനെക്കാൾ വേഗത്തിൽ അപ്രത്യക്ഷമാവുകയും ‘കോളർ ഇല്ലാത്ത’ മറ്റൊരു വർഗം അവരുടെ തൊഴിലിടങ്ങൾ കൈയേറിക്കൊണ്ടിരിക്കുകയുംചെയ്യുന്നു.
ജോലിസമയത്തിന്റെ ക്ലിപ്തത, മതിയായ വേതനം, ജോലിസ്ഥിരത എന്നതൊക്കെ അവയുടെ അഭാവംകൊണ്ടാണ് ഇന്ന് ശ്രദ്ധിക്കപ്പെടുന്നത്. പലതൊഴിൽമേഖലകളിലും ഒമ്പതുമണിമുതൽ അഞ്ചുമണിവരെ ജോലി എന്നതിൽനിന്ന് ഏൽപ്പിക്കുന്ന കൃത്യം നിറവേറ്റുമ്പോൾ പോകാം എന്നതിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഐ.ടി. വ്യവസായം. ഓരോ കമ്പനിയും തൊഴിലാളിയിൽനിന്ന് പ്രതീക്ഷിക്കുന്നത് പരിപൂർണമായ സമർപ്പണമാണ്. ജപ്പാനിൽ തൊഴിലാളികൾ കമ്പനിയുടെ ലാഭത്തിനുവേണ്ടി ദിവസവും രാവിലെ കാന്റീനിൽ മുട്ടുകുത്തി പ്രാർഥിക്കുന്ന ഏർപ്പാട്തുടങ്ങിക്കഴിഞ്ഞു. തൊഴിൽ ഒരു കൾട്ടായി മാറിയിരിക്കുന്നു എന്നാണ് ഇതുനൽകുന്ന സൂചന. തൊഴിൽ കൾട്ടാവുമ്പോൾ പേശിബലം ഭയത്തിനും ഭക്തിക്കും വഴിമാറുന്നത് സ്വാഭാവികംമാത്രം. മുഷ്ടിചുരുട്ടി മുകളിലേക്ക് ഉയർത്തുന്നതിനുപകരം മുഷ്ടിനിവർത്തി ഭൂമിക്കു സമാന്തരമായിപിടിക്കുന്നു, യാചനാരൂപത്തിൽ. 
 ‘മഹാമാരിക്കാലത്തെ തൊഴിലവസ്ഥ 

തൊഴിൽമേഖലയിലെ പ്രശ്നങ്ങളെ കോവിഡ് വീണ്ടും വഷളാക്കി. വീട്ടിലിരുന്ന് ജോലിചെയ്യാൻ കഴിഞ്ഞ ഒരു ചെറുപക്ഷം വെള്ളക്കോളർജോലിക്കാർമാത്രമാണ് ഇതിൽനിന്ന് സുരക്ഷിതമായി മാറിനിന്നത്. എന്നാൽ, ഭൂരിപക്ഷംവരുന്ന സാധാരണ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നേരെ വിപരീതമായിരുന്നു അനുഭവം. തൊഴിലിടങ്ങൾ പൂട്ടിയതും കാർഷികമേഖല നിശ്ചലമായതും ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾ അകാലചരമമടഞ്ഞതും അവരുടെ ഉപജീവനത്തെ അവതാളത്തിലാക്കി. മഹാമാരിയുടെ മറവിൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള മുതലാളിത്തതന്ത്രങ്ങളും നിർബാധം തുടരുന്നു. ഫലമോ, തൊഴിലില്ലായ്മ ക്രമാതീതമായി വർധിച്ചു. കഷ്ടിച്ച് തൊഴിൽ നിലനിർത്താൻ കഴിഞ്ഞവർക്കാവട്ടെ വേതനം ഗണ്യമായി ഇടിഞ്ഞു. തൊഴിൽ നഷ്ടപ്പെടുകയോ വേതനം കുറയുകയോ ചെയ്തതോടെ ആരോഗ്യപ്രതിസന്ധി ജീവസന്ധാരണത്തിന്റെ പ്രതിസന്ധികൂടിയായി.   
 ‘ശ്രമം ഏവ ജയതേ?’

ശ്രമം ഏവ ജയതേ’ (തൊഴിലാളികൾ വിജയിക്കട്ടെ) എന്നു പറഞ്ഞുനടക്കുന്ന നരേന്ദ്രമോദി സർക്കാർ തൊഴിൽനിയമങ്ങളുടെ അഴിച്ചുപണിയിലൂടെ തൊഴിലാളിവർഗത്തിന്റെ അവസാനത്തെ അവകാശവും കവർന്നുകൊണ്ടിരിക്കുന്നു. തൊഴിലാളിയുടെ ക്ഷേമത്തെക്കാൾ മുതലാളിയുടെ ബാലൻസ്ഷീറ്റാണ് അതിനു പ്രശ്നം.
നാഷണൽ സംപിൾ സർവേയുടെ കണക്കനുസരിച്ച് 79 ശതമാനം തൊഴിലാളികളും  ഉടമ്പടിയൊന്നുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമേയാണ് സംഘടിതമേഖലയിൽ പ്രവർത്തിക്കുന്ന അസംഘടിതരായ തൊഴിലാളികളുടെ എണ്ണത്തിലെ വർധന. അർജുൻ സെൻഗുപ്ത കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് 1999-2004 വരെയുള്ള  അഞ്ചുവർഷം ഇവരുടെ സംഖ്യ 32.8 ശതമാനത്തിൽനിന്ന് 44.6 ശതമാനംകണ്ട് വർധിച്ചതായി കാണാം. ഇപ്പോളത് 55 ശതമാനമാണ്. തന്നെയുമല്ല, 2000-2010 കാലയളവിൽ നിയമിതരായവരിൽ 75 ശതമാനവും ഈ ഗണത്തിൽപ്പെടുന്നവരാണ്. ഇവരിൽ ഗണ്യമായ വിഭാഗത്തിന്റെ വേതനം ദാരിദ്ര്യരേഖയ്ക്കുമുകളിലെത്താൻ പര്യാപ്തമല്ലെന്ന സത്യവും അവശേഷിക്കുന്നു. ഇവരും കോർപ്പറേറ്റ് എക്സിക്യുട്ടീവ്‌സും തമ്മിലുള്ള വേതനത്തിലെ അന്തരം 1:1000 ആണെന്ന് ഓർക്കുക.

മറുവശത്ത് തൊഴിലാളിസംഘടനകളുടെ വിലപേശൽ ശക്തി ഗണ്യമായി ഇടിഞ്ഞുകൊണ്ടുമിരിക്കുന്നു. ഇതിന്റെ സുപ്രധാന കാരണം, സംഘടിതമേഖലയിലെ സംഘടിതരായ തൊഴിലാളികളുടെ എണ്ണം വല്ലാതെ കുറഞ്ഞുവരുന്നതാണ്. എഴുപതുകളിൽ ഇത് 45 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് കേവലം 18 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.  ഇതിൽ അദ്‌ഭുതത്തിന് അവകാശമില്ല. തൊഴിലാളിവർഗത്തെ വെറും ഇത്തിൾക്കണ്ണിയായി വീക്ഷിക്കുന്നത്‌ തൊഴിലിന്റെ മഹത്വത്തെയും ഉത്‌പാദനപ്രകിയയിൽ അതിനുള്ള പ്രാധാന്യത്തെയും ഇല്ലാതാക്കി, 
സങ്കുചിതമായ രാഷ്ട്രീയപക്ഷപാതങ്ങൾക്കപ്പുറം കൂട്ടായി പ്രവർത്തിക്കാൻ തൊഴിലാളികളും അവർക്ക് നേതൃത്വംനൽകുന്ന സംഘടനകളും ശ്രമിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഒപ്പം, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അവരുടെമാത്രം ബാധ്യതയല്ലെന്നും മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നുമുള്ള തിരിച്ചറിവ് പൊതുസമൂഹത്തിനും ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം മേയ്ദിനാഘോഷത്തിന് വെറും 24 മണിക്കൂറിന്റെ ആയുസ്സേകാണൂ. 


രാഷ്ട്രീയ നിരീക്ഷകനും കേരള സർവകലാശാല രാഷ്ട്രതന്ത്രവിഭാഗം 
മുൻ പ്രൊഫസറുമാണ്‌ ലേഖകൻ