ദേശീയ യുവജനദിനത്തോടനുബന്ധിച്ച്‌  90 മിനിറ്റിലെ വിചിന്തനങ്ങൾ എന്ന പേരിൽ മാതൃഭൂമി  വെബിനാറുകൾ സംഘടിപ്പിക്കുകയുണ്ടായി. വിവിധവിഷയങ്ങളിലായി നടന്ന വെബിനാറുകളിൽ വ്യത്യസ്ത മേഖലയിൽനിന്നുള്ള യുവതീയുവാക്കൾ ആശയങ്ങൾ പ്രകടിപ്പിച്ചു. വെബിനാറുകളിൽ അവർ പങ്കുവെച്ച കാര്യങ്ങളുടെ സംക്ഷിപ്തരൂപം 

പുതിയ പാഠങ്ങൾ-അനൂപ് സത്യൻ,നവാഗത സംവിധായകൻ

എന്റെ ആദ്യത്തെ സിനിമ പുറത്തിറങ്ങുന്നത് കോവിഡിന് ഒരുമാസംമുമ്പാണ്. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. സിനിമ നൂറാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് കോവിഡ് ഈ മേഖലയെ ബാധിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞത്. ലോക്‌ഡൗൺ എനിക്ക് പുതിയതല്ല. സിനിമയില്ലാത്തപ്പോൾ വീട്ടിലിരിക്കാൻ താത്പര്യപ്പെടുന്നയാളാണ് ഞാൻ. പക്ഷേ, അന്തിക്കാട്ടെ വീട്ടിലിരിക്കുന്നത് തുടക്കത്തിൽ മടുപ്പായിരുന്നു. കല്യാണം കഴിക്കാൻ വീട്ടിൽനിന്നുള്ള സമ്മർദം വേറെ. പിന്നീട് സഹോദരന്മാരും അവരുടെ കുട്ടികളുമൊക്കെ വീട്ടിൽ താമസിക്കാനെത്തിയപ്പോഴാണ് കുടുംബത്തോടൊപ്പം ലോക്‌ഡൗണിൽ കഴിയുന്നതിന്റെ സന്തോഷം മനസ്സിലായത്. സിനിമാമേഖല സ്തംഭിച്ചതോടെ സഹപ്രവർത്തകർ പലരും ബുദ്ധിമുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിനിമയിലെ അണിയറപ്രവർത്തകരൊന്നും അധികം വരുമാനമുള്ളവരൊന്നുമല്ല. ഭക്ഷണം കഴിക്കുന്ന പണം ലാഭിക്കാൻ നാട്ടിലേക്ക് പോകേണ്ടിവന്നവരുണ്ട്.
കോവിഡ് കാലത്ത് മറ്റുള്ളവരൊക്കെ വീട്ടിലിരുന്ന് തിരക്കഥയെഴുതുമ്പോൾ അതൊന്നും സാധിക്കാതെ ഞാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. മാസ്കിട്ട കഥാപാത്രങ്ങളുടെ എക്‌സ്‌പ്രഷൻ എങ്ങനെ ആവിഷ്‌കരിക്കുമെന്ന് ഞാൻ ഇടയ്ക്ക് തമാശയ്ക്ക്‌ ആലോചിക്കാറുണ്ട്. തിയേറ്ററുകൾ തുറന്നാൽ മാത്രമേ സിനിമാമേഖല പഴയതുപോലെയാകൂ. ധാരാളംപേർ ഇന്ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിക്കഴിഞ്ഞു. എന്നാൽ, എല്ലാ സംവിധായകർക്കും ഒ.ടി.ടി. റിലീസ് സാധിക്കണമെന്നില്ല.


 പുതിയ തയ്യാറെടുപ്പുകൾ-സിദ്ധാർഥ് കമല ശശിധരൻ,ചാർട്ടേഡ് അക്കൗണ്ടന്റ്, സാമൂഹിക നിരീക്ഷകൻ-ഡോ. ബി. ഇഫ്തിക്കർ അഹമ്മദ്, കേന്ദ്രസർവകലാശാലാ അധ്യാപകൻ

കോവിഡ്കാലം കഴിഞ്ഞാലും നമ്മളാർജിച്ച വൃത്തിയും വ്യക്തിശുചിത്വവും അടക്കമുള്ള ശീലങ്ങൾ നമ്മളോടൊപ്പമുണ്ടാകുമെന്നാണ് തോന്നുന്നത്. സാമ്പത്തികമായ പ്രിവിലേജിൽനിന്നുകൊണ്ടാണ് ഇതുപറയുന്നതെന്ന ബോധ്യമുണ്ട്. കാരണം പാവപ്പെട്ടവന് എല്ലാവരെയുംപോലെ മാസ്ക് ധരിക്കാനോ സാനിറ്റൈസർ ഉപയോഗിക്കാനോ എല്ലാകാലവും കഴിയണമെന്നില്ല. എങ്കിലും ഈ ശീലം നമ്മുടെ ജീവിതത്തിന്റെ ഭാഗമായേക്കുമെന്നത് ഒരു സാധ്യതയാണ്. കോവിഡ്കാലത്ത് വരുമാനം നിലച്ചപ്പോൾ അല്ലെങ്കിൽ കുറഞ്ഞപ്പോഴാണ് നിലവിലെ വരുമാനമാർഗംകൂടാതെ മറ്റെന്തെങ്കിലുംകൂടി വേണ്ടതിന്റെ ആവശ്യകത പലരും മനസ്സിലാക്കിയത്. സ്വന്തമായെന്തെങ്കിലും തുടങ്ങണമെന്ന ആശയവുമായാണ് കൂടുതൽ ചെറുപ്പക്കാരും ഇന്നെത്താറുള്ളത്. ഔട്ട് ഓഫ് ദി ബോക്സ് ആശയങ്ങൾ വികസിപ്പിക്കാൻ ഇപ്പോൾ ചെറുപ്പക്കാർ നിർബന്ധിതരായിരിക്കുകയാണ്. സ്ഥിരമായി ലഭിക്കുന്ന വരുമാനം നിലയ്ക്കുമ്പോൾ ആറുമാസത്തേക്കെങ്കിലും ജീവിക്കാനുതകുന്ന രീതിയിൽ സമ്പാദ്യം കൈയിലുണ്ടാകണമെന്ന്  ചിന്തിച്ചുതുടങ്ങുന്നവർ കൂടിയിട്ടുണ്ട്. ഭാവിക്കുവേണ്ടി തയ്യാറെടുക്കുകയാണവർ.


ന്യൂ നോർമൽ മഹാമാരിക്കാലം പുനർനിർവചിച്ച ജീവീതരീതികൾ

കൊറോണകാരണം ലോകത്ത് ഉടലെടുത്ത നവസാധാരണത്വം (New Normal) തെളിച്ച പാതകളാണ് സാങ്കേതികത്വരണം (Digital Acceleration), ഹോം സ്കൂളിങ്, വർക്ക് ഫ്രം ഹോം, സ്പോർട്‌സ് ഫ്രം ടി.വി., ഹോം തിയേറ്റർ വിത്ത് ഒ.ടി.ടി. പ്ലാറ്റ്‌ഫോം, വാതിൽക്കൽവരെ എത്തിനിൽക്കുകയായിരുന്ന മാർക്കറ്റിങ്ങിനും വിൽപ്പനയ്ക്കും സംഭവിച്ച ഇടിവ്, കൂടാതെ സർക്കാർതന്നെ ഇ-ഗവൺമെന്റായി മാറുക എന്നിവ. പുതിയ ശീലങ്ങളെ എങ്ങനെയൊക്കെയാണ് നാം കാണുന്നതെന്നും അതിലേക്ക് നാം എത്രകണ്ട് ഉൾച്ചേർന്നിരിക്കുന്നു എന്നും വിശകലനം ചെയ്തുകൊണ്ട് മാതൃഭൂമി നടത്തിയ ‘ന്യൂ നോർമൽ’ എന്ന വെബിനാർ സംവാദം, മാനസികപിരിമുറുക്കങ്ങൾ, വീട്ടകങ്ങളിലെ പ്രൊഫഷണൽ സ്പെയ്‌സ് നിർമിതി, ഉല്ലാസാഘോഷങ്ങളിൽനിന്നുള്ള മാറിനിൽക്കൽ, പഠനവും പരീക്ഷകളും തീർത്ത വെല്ലുവിളികൾ എന്നിവ വിശദമായി ചർച്ചചെയ്തു. പ്രതീക്ഷകൾ കൈവിട്ടുപോകും എന്നായിരുന്നെങ്കിലും അതിജീവനത്തിന്റെ പുതിയ വഴികളും ഊർജങ്ങളുംകൂടി സമ്മാനിച്ചിട്ടുണ്ട് കോവിഡ് കവർന്ന ഒരു വർഷം എന്ന് ചർച്ചയുടെ ഒടുവിൽ ഏവർക്കും സമ്മതിക്കാനായത് ബീ പോസിറ്റീവ് എന്ന പ്രതീക്ഷയുടെ തുരുത്ത് ലഭ്യമായതുകൊണ്ടുതന്നെയാണ്.

 

പുതിയ അനുഭവങ്ങൾ-ഡോ. സൗമ്യ സരിൻ,സാമൂഹിക നിരീക്ഷക,  പീഡിയാട്രീഷൻ

ഒരുവർഷത്തോളം നമ്മൾ കോവിഡിനൊപ്പം ജീവിച്ചു. ഇനി ഇതിനെ ന്യൂ നോർമൽ എന്നുവിളിക്കേണ്ടതില്ല. ഇതുതന്നെയാണ് ഇനി നോർമൽ എന്നാണ് എനിക്കുതോന്നുന്നത്. സമ്മർദത്തെ മറികടക്കാനുള്ള അവസരങ്ങളാണ് ഇനി എല്ലാവർക്കും നൽകേണ്ടത്. തൊഴിൽദായകർ തങ്ങളുടെ ജോലിക്കാർക്ക് ഇതിനുള്ള മനഃശാസ്ത്രപരമായ സഹായവും നിർദേശങ്ങളും നൽകേണ്ടതുണ്ട്. കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും വർക്ക് ഫ്രം ഹോം നമുക്ക് കൂടുതൽ സമ്മർദമാണ് നൽകിയത്. കുട്ടികളെ സംബന്ധിച്ച് ഓൺലൈൻ ക്ലാസുകളും പൊരുത്തപ്പെടാൻപോലും സമയംനൽകാതെ സമ്മർദത്തിലാഴ്ത്തി. പ്രത്യേകിച്ച് സമയപരിധിയില്ലാത്ത ജോലി, വീട് എന്ന ആശ്വാസകരമായ അന്തരീക്ഷം അവരിൽനിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. വീട് പൂർണമായും നഷ്ടപ്പെട്ടത് ഞാനുൾപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കാണെന്നു പറയാം. വർക്ക് ഫ്രം ഹോം എന്ന സാധ്യതപോലും ഇല്ലാത്തവിധം വീട്ടിൽനിന്ന് ഞങ്ങൾ തീർത്തും മാറ്റപ്പെട്ടതും മഹാമാരിക്കാലത്തുതന്നെയാണ്. ആരോഗ്യരംഗത്തും വലിയ മാറ്റങ്ങളുണ്ടായി. ഓൺലൈൻ കൺസൾട്ടേഷനിലൂടെ രോഗി ഡോക്ടറെ കണ്ടാൽമതിയെന്നായി.


പുതിയ സമ്മർദങ്ങൾ-എയ്ഡ ജോസ്,പി.ജി. വിദ്യാർഥിനി

കേന്ദ്രസർവകലാശാലയിൽ ചേർന്നതുതന്നെ കോളേജ് നൽകുന്ന അനുഭവങ്ങളും രസകരമായ നിമിഷങ്ങളുമൊക്കെ ഓർത്താണ്.  ലോക്‌ഡൗൺ തുടങ്ങിയപ്പോൾ കുറച്ചുനാൾ വീട്ടിലിരിക്കുന്നതിന്റെ കൗതുകമൊക്കെ തോന്നിയിരുന്നു. ഇത്രയധികം നീളുമെന്ന് ഒരിക്കലും ആരും കരുതിയിരുന്നില്ലല്ലോ. ജൂൺ, ജൂലായ്‌ മാസങ്ങളിൽ കോളേജിലേക്ക് തിരികെപ്പോയാൽ മതിയെന്നുതോന്നി. പിന്നെ പതിയെ ക്ലാസുകൾ തുടങ്ങി. പ്രസന്റേഷനുകളും അസൈന്മെന്റുകളുമൊക്കെ ഓൺലൈൻ ആയി നടന്നെങ്കിലും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരിമിതികളും ഇക്കാലത്തുതന്നെയാണ് മനസ്സിലായത്. അധ്യാപകരും സഹപാഠികളുമൊക്കെ പുതിയ രീതിയുമായി പലപ്പോഴും സമരസപ്പെടാൻ ബുദ്ധിമുട്ടിയിരുന്നു. ഒക്ടോബറൊക്കെ ആയപ്പോഴേക്കും മനസ്സ് ആകെ സമ്മർദത്തിലായിക്കഴിഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും പലപ്പോഴും എന്റെ അവസ്ഥ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. സൈക്കോളജിസ്റ്റിനെ കണ്ടാലോ എന്നുവരെ ആലോചിച്ചിരുന്നു. വീട്ടിൽ പറയാൻ സാധിക്കാത്തതുകൊണ്ട് ഒരു സുഹൃത്തിനെ ഓൺലൈനായി കൺസൾട്ട് ചെയ്യേണ്ടിവന്നിരുന്നു. അതിനിടെ ഓൺലൈൻ പരീക്ഷകളും നടപടികളുമൊക്കെ വീണ്ടും സമ്മർദത്തിലാക്കി. കോവിഡ്കാലത്തെ സമ്മർദത്തെ ബുദ്ധിമുട്ടിയാണ് നേരിട്ടത്. ഇപ്പോൾ ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന സുഹൃത്തുക്കളെയും സഹായിക്കാറുണ്ട്.