എക്സ്‌പ്ലോഷനല്ല, ഇംപ്ലോഷൻ
മരടിലെ അനധികൃത ഫ്ളാറ്റുകൾ നിലംപതിക്കുന്നത് അടുത്ത ശനി, ഞായർ ദിവസങ്ങളിൽ. ഇന്ത്യയിലാദ്യമായാണ് ഇത്രവലിയ റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കുന്നത് എക്സ്‌പ്ലോഷനി(സ്ഫോടനം)ലൂടെയല്ല. പകരം ഇംപ്ലോഷനി(അകത്തേക്കുള്ള പൊട്ടൽ)ലൂടെയാണ്. പുറത്തേക്ക് തെറിക്കുന്നതിനുപകരം അകത്തേക്കായിരിക്കും പൊട്ടൽ. അടിയിലെ നിലകൾ തകരുന്നതോടെ ഗുരുത്വാകർഷണംമൂലം മുകൾനിലകൾ നിലംപതിക്കും. നേരിയ ചരിവോടെ താഴേക്ക്   ഇരുന്നുപോകുമെന്നാണ് സ്ഫോടനവിദഗ്ധർ പറയുന്നത്. അവശിഷ്ടങ്ങൾ  ഭൂമിക്കടിയിലേക്ക് പോകില്ല. ഫ്ളാറ്റുകളുടെ ഭൂമിക്കടിയിലുള്ള ഭാഗത്ത് ഒന്നുംചെയ്യുന്നില്ല.

മുൻകരുതലായി ഇൻഷൂറൻസ്‌
പ്രത്യാഘാതങ്ങളില്ലെന്നാണ്‌ സ്ഫോടനവിദഗ്ധനായ എസ്.ബി. സർവാതെ അടക്കമുള്ളവർ പറയുന്നത്. കരുതൽ എന്നനിലയിൽ സമീപത്തുള്ള വീടുകൾക്ക് 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുമുമ്പുള്ള ജോലികൾ തുടങ്ങിയപ്പോൾത്തന്നെ സമീപത്തെ വീടുകളിൽ വിള്ളലുകൾ വീണിട്ടുണ്ട്. ഇത് സ്ഫോടനത്തിനുശേഷം പൊളിക്കൽക്കമ്പനി നന്നാക്കിക്കൊടുക്കുമെന്നാണ് പറയുന്നത്. സ്ഫോടനത്തിലുണ്ടാകുന്ന കേടുപാടുകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ. തേവര-കുണ്ടന്നൂർ പാലം ഹോളിഫെയ്ത്തിനുമുന്നിലാണ്. ഇതിന് പൂർണ സുരക്ഷയുണ്ടെന്ന് അധികൃതർ. ഹോളിഫെയ്ത്തിനുമുന്നിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ പോകുന്നുണ്ട്. 24 ഇഞ്ചിന്റെ രണ്ട് പൈപ്പുകൾ. ഒന്നിൽ പെട്രോളും മറ്റേതിൽ ഡീസലും. ഇതിലൂടെയുള്ള പമ്പിങ് നിർത്തിയിട്ടുണ്ട്. പകരം കടൽവെള്ളം നിറച്ചിട്ടിരിക്കുകയാണ്. ഫ്ളാറ്റിനുമുന്നിലുള്ള പൈപ്പിന്റെ ഭാഗം മണൽച്ചാക്കുകൊണ്ട് മറച്ചുകഴിഞ്ഞു.

ഒഴിപ്പിക്കൽ
അടുത്തടുത്തുള്ള ആൽഫയും ഹോളിഫെയ്ത്തും ഒറ്റയൂണിറ്റായി ചേർത്താണ് 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കുന്നത്. ആകെ 133 കുടുംബങ്ങൾ. കായലോരത്തിന് സമീപം 61 കുടുംബങ്ങൾ. ജെയിനുസമീപം 96  കുടുംബങ്ങൾ (ചെറിയ വ്യത്യാസങ്ങൾ വരാം). രാവിലെ ഒമ്പതിന് ഒഴിപ്പിക്കൽ തുടങ്ങും. 12-12.30 വരെ മതി. പിറ്റേന്നുരാവിലെ ഒമ്പതുമണിക്കാണ് ജെയിനുസമീപമുള്ളവരെ  ഒഴിപ്പിക്കുന്നത്. 12 മണിക്ക് ഗോൾഡൻ കായലോരം പരിസരത്തുള്ളവരെയും. മൂന്ന്-മൂന്നര മണിക്കൂർ കണക്കാക്കിയാവും ഒഴിപ്പിക്കൽ. തേവര എസ്.എച്ച്. കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിലാണ് താത്‌കാലികവാസം ഒരുക്കിയിരിക്കുന്നത്.
ലെ മെറിഡിയൻ ഹോട്ടൽ ഭാഗികമായി പ്രവർത്തിക്കും. ഹോട്ടലിന്റെ പകുതിഭാഗം എക്സ്‌ക്ലൂഷൻ സോണിലാണ്. 223 മുറികളുള്ള ഇവിടെ നാൽപ്പതോളം മുറികൾ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്.

പൊടി എന്തുചെയ്യും?
സ്ഫോടനം കഴിയുമ്പോൾ വെള്ളം തളിക്കാൻ അഗ്നിശമനസേനയെ നിയോഗിക്കും. റോഡുകൾ കഴുകും. കനത്തപൊടിയുണ്ടാകുമെങ്കിലും പെട്ടെന്ന് ശമിക്കുമെന്നാണ് അധികൃതർ കരുതുന്നത്. വീടുകൾ പൊടികയറാത്ത രീതിയിൽ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. മൃഗങ്ങളെ മാറ്റുകയോ പൊടികയറാത്തവിധം സൂക്ഷിക്കുകയോ ചെയ്യണം. വീടുകളുടെ ശുചീകരണം വെല്ലുവിളിയായേക്കാം.

ശബ്ദം പ്രശ്നമാകുമോ?
ശബ്ദം അളക്കാൻ മലിനീകരണനിയന്ത്രണബോർഡിന്റെ ജില്ലാ ഓഫീസ് ഉപകരണം സ്ഥാപിക്കും. നിലത്തുനിന്ന് ഉയരത്തിൽവേണം ഇതുവെക്കാൻ. സ്ഫോടനസ്ഥലത്ത് 130 ഡെസിബെൽവരെ ശബ്ദമുണ്ടാകാമെന്ന് ചെന്നൈ ഐ.ഐ.ടി. നേരത്തേ  നൽകിയ റിപ്പോർട്ടിലുള്ളത്. തൃശ്ശൂർപൂരം വെടിക്കെട്ട് 125 ഡെസിബൽ വരുന്നതാണ്. മരടിൽ മില്ലിസെക്കൻഡ് ഇടവിട്ടുള്ള വിവിധ സ്ഫോടനങ്ങളായതിനാൽ ശബ്ദം പ്രശ്നമാകില്ലെന്ന് കരുതുന്നു. 250 മീറ്റർ ദൂരെ 80 ഡെസിബെൽ ശബ്ദംവരാമെന്നാണ് ഐ.ഐ.ടി. റിപ്പോർട്ടിലുള്ളത്. ആളുകളുടെ സാധാരണസംസാരം 60 ഡെസിബെലാണ്.

പ്രകമ്പനം
ഫ്ളാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം (വൈബ്രേഷൻ) അളക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം എത്തിയിട്ടുണ്ട്. പത്തിടങ്ങളിൽ ഇതിന് ഉപകരണം സ്ഥാപിക്കും. പ്രകമ്പനം ഉണ്ടാകുമ്പോൾ സ്രോതസ്സിൽനിന്നുണ്ടാകുന്ന തരംഗം ഭൂമിയിലെ കണികകളിലുണ്ടാക്കുന്ന ചലനമാണ് പഠിക്കുന്നത്. ഈ ചലനത്തിന്റെ പരമാവധിവേഗം പീക്ക് പാർട്ടിക്കിൾ വെലോസിറ്റി (പി.പി.വി.) എന്നറിയപ്പെടുന്നു. ഇത് അളക്കുന്നത് മില്ലീമീറ്റർ/സെക്കൻഡിലാണ്. സെക്കൻഡിൽ 25 മില്ലീമീറ്റർ  വരെയുള്ള പ്രകമ്പനം പഴയ വീടുകൾക്കുപോലും പ്രശ്നങ്ങളുണ്ടാക്കില്ല. സെക്കൻഡിൽ 55 മില്ലീമീറ്റർവരെയായാൽ വീടുകൾക്ക് വിള്ളലുണ്ടാകാം. പ്രകമ്പനം കുറയ്ക്കാൻ, സമീപത്ത് കൂടുതൽ വീടുകളുള്ള ഭാഗത്ത് കിടങ്ങുകൾ കുഴിക്കുന്നുണ്ട്.


സ്ഫോടനസമയങ്ങൾ
11-ന് രാവിലെ 11 -ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.(19 നില)
11.05 -ആൽഫ സെറീൻ (16 നിലവീതം രണ്ട് ടവർ)
12-ന് രാവിലെ 11 -ജെയിൻ കോറൽകോവ് (17 നില)
2.00 -ഗോൾഡൻ കായലോരം (17 നില)

ആരാണ് സ്ഫോടനം നടത്തുന്നത്
ആൽഫ സെറീൻ ഫ്ളാറ്റിന്റെ രണ്ടു ടവറുകൾ
-വിജയ് സ്റ്റീൽസ്(ചെന്നൈ)
മറ്റ് മൂന്ന് ഫ്ളാറ്റുകൾ
-എഡിഫിസ് എൻജിനിയറിങ് (മുംബൈ). ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി ഇവർക്ക് പങ്കാളിത്തമുണ്ട്.


 • ഇത്രവലിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത് ഇന്ത്യയിലാദ്യം
 • ആദ്യ സ്ഫോടനം താഴത്തെ നിലകളിൽ. മില്ലി സെക്കൻഡ്‌ വ്യത്യാസത്തിൽ മുകളിലെ  നിലകളിലും പൊട്ടും
 • സ്ഫോടനസ്ഥലത്ത് 130 ഡെസിബെൽവരെ ശബ്ദമുണ്ടാകാമെന്ന് റിപ്പോർട്ട്‌
 • ഫ്ളാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം (വൈബ്രേഷൻ) അളക്കാൻ ഉപകരണം സ്ഥാപിക്കും
 • ഉപയോഗിക്കുന്നത് അമോണിയം നൈട്രേറ്റ് പ്രധാനഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കൾ
 •  സമീപത്തെ വീടുകൾക്ക് 95 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ
 • സ്ഫോടനം കഴിയുമ്പോൾ വെള്ളം തളിക്കാൻ അഗ്നിശമന സേനയെ നിയോഗിക്കും. റോഡുകൾ കഴുകും

എന്തിന് പൊളിക്കുന്നു
തീരപരിപാലനനിയമം(സി.ആർ.ഇസഡ്.) ലംഘിച്ച് പണിതതിനാണ് നാലുഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 138 ദിവസത്തെ ഷെഡ്യൂൾ  സുപ്രീംകോടതിയിൽ സമർപ്പിച്ചാണ് സർക്കാർ പൊളിക്കലിനുള്ള നടപടികൾ സ്വീകരിക്കുന്നത്. ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഇതിന്റെ ചുമതല നൽകുകയുംചെയ്തു. ഫ്ളാറ്റുകളിലെ താമസക്കാർക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നൽകി. ബാക്കി നഷ്ടപരിഹാരത്തിനുള്ള നടപടികൾ നടക്കുകയാണ്. ഫ്ളാറ്റ് നിർമാതാക്കൾക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.


തകർക്കുന്നത്‌ എന്തുപയോഗിച്ച്‌?
അമോണിയം നൈട്രേറ്റ് പ്രധാനഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. സ്ഫോടകവസ്തുക്കൾ നിറച്ചശേഷം ഡെറ്റണേറ്റിങ് വയറുകൾവഴി ബന്ധിപ്പിക്കും. ഇത് 100 മീറ്റർ അകലെയുള്ള എക്സ്‌പ്ലോഡറുകളിലേക്ക് ഘടിപ്പിക്കും. ഇതിൽ ഒരു സ്വിച്ചമർത്തുന്ന ജോലിയാണ് ബ്ലാസ്റ്ററിനുള്ളത്.
ഓരോ ഫ്ളാറ്റിനും ആവശ്യമുള്ള സ്ഫോടകവസ്തു: ആൽഫ സെറീന്റെ രണ്ടുടവറുകൾ -500 കിലോ, ഗോൾഡൻ കായലോരം -15 കിലോ മാത്രം. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. -215 കിലോ, ജെയിൻ കോറൽകോവ് -400 കിലോ.
സ്ഫോടകവസ്തു നിറയ്ക്കുന്നത് ഇവിടെ ജെയിൻ കോറൽകോവ് -ഗ്രൗണ്ട് ഫ്ളോർ, തൊട്ടുമുകളിലുള്ള ചെറിയനില, ഒന്ന്, രണ്ട്, എട്ട്, 14
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. -ലോവർ ഗ്രൗണ്ട് ഫ്ളോർ, അപ്പർ ഗ്രൗണ്ട് ഫ്ളോർ, 2, 4, 10, 15
ഗോൾഡൻ കായലോരം -ഗ്രൗണ്ട് ഫ്ളോർ, 1, 2, 3, 7, 13
ആൽഫ സെറീൻ -ഗ്രൗണ്ട് ഫ്ളോർ, 1, 2, 5, 7, 9, 11, 14
(ജെയിൻ, എച്ച്.ടു.ഒ. എന്നിവിടങ്ങളിൽ പൂർത്തിയായി. ആൽഫയിൽ ബുധനാഴ്ചയും കായലോരത്തിൽ വ്യാഴാഴ്ചയും കഴിയും)


മാലിന്യംനീക്കാൻ  30 ദിവസം

 • കോൺക്രീറ്റ് മാലിന്യം എം. സാൻഡാക്കി മാറ്റും
 • ഇതിനായി ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിക്കും
 • സർക്കാർ അനുവദിച്ചിരിക്കുന്നത് 70 ദിവസം
 • കരാർ എടുത്തിരിക്കുന്നത് 35.16 ലക്ഷത്തിന്
 • മാലിന്യം നീക്കംചെയ്യുന്നത് നാല് യാർഡിലേക്ക്
 • ഓരോ സൈറ്റിലും ഉപയോഗിക്കുന്നത് അഞ്ച് ടോറസ് വീതം

മരടിലെ നാല് ഫ്ലാറ്റുകൾ തകർക്കുമ്പോഴുണ്ടാകുന്ന മാലിന്യം 30 ദിവസംകൊണ്ട് നീക്കം ചെയ്യുമെന്നാണ് കരാർ ഏറ്റെടുത്തിരിക്കുന്ന പ്രോംപ്റ്റ് എന്റർപ്രൈസസ് ഉടമകൾ പറയുന്നത്. 35.16 ലക്ഷത്തിനാണ് ഇതിനായുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. 70 ദിവസമാണ് മാലിന്യം നീക്കം ചെയ്യാൻ അനുവദിച്ചിരിക്കുന്നത്.
 മരടിൽനിന്ന് നാല് യാർഡുകളിലേക്കാണ് മാലിന്യം നീക്കംചെയ്യുക. ഓരോ സൈറ്റിലും മാലിന്യം നീക്കംചെയ്യാൻ അഞ്ച് ടോറസ് ലോറികൾ ഉപയോഗിക്കും. അവിടെ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിച്ച് കോൺക്രീറ്റ് മാലിന്യം എം.സാൻഡായി മാറ്റും. ഈ യന്ത്രം ഇപ്പോൾ ചെന്നൈയിൽ എത്തിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ യാർഡിൽ എത്തിക്കും.
 ഒരുമണിക്കൂറിൽ 150 ടൺ കോൺക്രീറ്റ് മാലിന്യം എം.സാൻഡായി മാറ്റാൻ ശേഷിയുള്ളതാണ് ഈ ക്രഷർ. കോൺക്രീറ്റിലെ ഇരുമ്പുകമ്പികൾ യന്ത്രം തന്നെ നീക്കംചെയ്യും.
 എം.സാൻഡിന് ഇപ്പോൾത്തന്നെ ഒട്ടേറെയാണ് ആവശ്യക്കാർ. മുറ്റത്തും മറ്റും ടൈലുകൾ വിരിക്കുമ്പോൾ അടിയിൽ ഇടാനായി ഇത് ഉപയോഗിക്കാം. ഇത്രവലിയ പ്രവൃത്തി ആദ്യമായിട്ടാണ് ഏറ്റെടുക്കുന്നതെന്നും പ്രോംപ്റ്റ് എന്റർപ്രൈസസിന്റെ പാർട്‌ണറിൽ ഒരാളായ ഇർഷാദ് പറഞ്ഞു.


ആശങ്കകളുടെ പൊടിപടലങ്ങൾ

 • പൊടിപ്പേടിയിൽ കൊച്ചി

ഫ്ളാറ്റുകൾ വീഴുമ്പോൾ പൊടിയുടെ വലിയ വലയം ഉണ്ടാകുമെന്നുറപ്പ്. പൊളിഞ്ഞുവീണാലുടൻ വെള്ളം തളിച്ച് പൊടിയടക്കാൻ പരമാവധി ശ്രമിക്കും. സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനാൽ ഇവ പൊട്ടിക്കുന്നതിന് മുമ്പ് വെള്ളം ഉപയോഗിക്കാൻ കഴിയില്ല.
മനുഷ്യനിർമിത പ്രകൃതിദുരന്തമെന്ന നിലയിലുള്ള തയ്യാറെടുപ്പുകളാണ് മലിനീകരണനിയന്ത്രണ ബോർഡും ഫയർ ആൻഡ് റെസ്ക്യൂവും ചേർന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമുള്ളത് വലിയ നേട്ടമാണ്. ഫ്ളാറ്റുകൾക്ക് ചുറ്റും പത്തുമീറ്റർ ഉയരത്തിൽ വലിയ മറ ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ തൊട്ടടുത്ത വീടുകൾ പരമാവധി മൂടാനുള്ള ശ്രമങ്ങളും നടക്കുന്നു. ചുരുങ്ങിയത് 15 അടിയെങ്കിലും പൊടികൾ ഉയരുമെന്നാണ്
പ്രതീക്ഷ.


പി.എം. 10, പി.എം. 2.5

സാധാരണ മണ്ണിൽനിന്നുയരുന്ന പൊടിയും കോൺക്രീറ്റ് പൊടിയുമുണ്ടാകുമെങ്കിലും ഇതിന്റെ സ്വഭാവം ഏകദേശം ഒരേപോലെയാണെന്നാണ് മലിനീകരണ നിയന്ത്രണബോർഡിന്റെ ചീഫ് എൻവയൺമെന്റൽ എൻജിനിയർ എം.എ. ബൈജു പറയുന്നത്. പർട്ടിക്കുലേറ്റ് മാറ്റർ (പി.എം.) അടിസ്ഥാനത്തിലാണ് പൊടിയുടെ സ്വഭാവം നിർണയിക്കുന്നത്. 10 പി.എം. അതായത് പത്ത് മൈക്രോമീറ്ററും അതിൽതാഴെയും വ്യാസമുള്ള പൊടിയും രണ്ടരമൈക്രോമീറ്ററും അതിൽത്താഴെയുമുള്ള പൊടിയും വ്യത്യസ്തമായാണ് നിരീക്ഷിക്കുക. ഇതിൽ രണ്ടാമത്തെ വിഭാഗമാണ് കൂടുതൽ അപകടകാരി, മനുഷ്യനെ സംബന്ധിച്ച്. ഇവ ശ്വാസകോശത്തിലേക്ക് കടക്കാൻ സാധ്യതയേറെയാണ്. രണ്ടുവിഭാഗത്തിന്റെയും അളവും സ്വഭാവവും വിശദമായി പഠിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും ആയിട്ടുണ്ട്. എട്ടുമണിക്കൂർവരെയാണ് പഠനം നടക്കുക. ഇതിനുശേഷം ഈ റിപ്പോർട്ട് പൊതുജനങ്ങൾക്ക് നൽകും.


കാറ്റിന്റെ ഗതി പ്രധാനം

പ്രദേശത്തെ കാറ്റിന്റെ ഗതി സുരക്ഷയ്ക്ക് അതി പ്രധാനമാണ്. കാലാവസ്ഥാപ്രവചനം അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നത്. വടക്കുനിന്ന് തെക്കോട്ടേക്ക് കാറ്റുവീശാനാണ് സാധ്യത.

അവശിഷ്ടങ്ങൾ ഏഴുനിലവരെ ഉയരത്തിൽ

മരടിലെ അനധികൃത ഫ്ളാറ്റുകൾ തകർക്കുമ്പോൾ ഏഴുനിലയുടെ ഉയരത്തിൽവരെ കോൺക്രീറ്റ് അവശിഷ്ടം ഉണ്ടാകും. ഏറ്റവും വലിയ ഫ്ളാറ്റായ ജെയിനിലാണ് ഇത്രയധികം പ്രതീക്ഷിക്കുന്നത്.

 • ഒരുനില വീഴുമ്പോൾ ശരാശരി ഒരുമീറ്റർ ഉയരത്തിൽ അവശിഷ്ടമെന്നാണ് കണക്ക്. 20 നിലയുള്ള ഫ്ളാറ്റാണെങ്കിൽ 20 മീറ്റർ ഉയരത്തിൽ (ആറു നിലയോളം) അവശിഷ്ടം. ഇടഭിത്തികൾ നീക്കിയതിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മാറ്റംവരാം.
 • ആൽഫ സെറീനിന്റെ പരിസരത്ത് കൂടുതൽ വീടുകളുള്ളതിനാൽ എട്ടുനിലകളിൽ സ്ഫോടനം നടത്തി അവശിഷ്ടങ്ങൾ പരമാവധി പൊടിച്ചാണ് വീഴ്ത്തുക. ഇതിനാൽ അഞ്ചുനില ഉയരത്തിലേ ഉണ്ടാകൂവെന്ന് പ്രതീക്ഷിക്കുന്നു.
 • ഹോളിഫെയ്‌ത്തിൽ ആറുനില ഉയരം വന്നേക്കാം.
 • ഗോൾഡൻ കായലോരത്തിൽ മൂന്നുനില.